പെണ്ണഴകിനും വ്യായാമം
ജിമ്മില്‍ പോകുന്ന സ്ത്രീകളെ സംശയത്തോടെ നോക്കുന്ന നാട്ടുകാരുടെ കാലമൊക്കെ കഴിഞ്ഞു. എങ്കിലും, ജിമ്മില്‍ പോയാല്‍ മസിലൊക്കെ പെരുത്ത് സ്ത്രീസഹജമായ താരുണ്യം നഷ്ടപ്പെടുമെന്നും ആണുങ്ങളെപ്പോലെയാകുമെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകള്‍ ഇപ്പോഴും സമൂഹത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.
ജിമ്മില്‍ ചെയ്യുന്ന എല്ലാ എക്‌സര്‍സൈസുകളും മസില്‍ പെരുപ്പിക്കാനുള്ളതല്ല എന്ന ലളിതമായ തിരിച്ചറിവ് മാത്രം മതി ഈ തെറ്റിദ്ധാരണ മാറാന്‍. മസില്‍ ബില്‍ഡിങ്ങിനു മാത്രമല്ല, ഫാറ്റ് ബേണിങ്ങിനും ബോഡി ടോണിങ്ങിനുമൊക്കെ പ്രത്യേകം പ്രത്യേകം വ്യായാമങ്ങളാണ് ഇപ്പോള്‍ നിര്‍ദേശിക്കുന്നത്. ഇതിലെല്ലാം വെയ്റ്റ് ട്രെയ്‌നിങ് ഉള്‍പ്പെടുന്നില്ല. ഉള്ളതു തന്നെ നിയന്ത്രിതവുമായിരിക്കും.
പിന്നെ, എത്ര കടുത്ത വെയ്റ്റ് ട്രെയ്‌നിങ് ചെയ്താലും പുരുഷന്‍മാരുടേതു പോലെയുള്ള മസില്‍ പെരുപ്പിക്കല്‍ സ്ത്രീകള്‍ക്ക് സാധാരണഗതിയില്‍ സാധിക്കുകയുമില്ല. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണും സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനും തമ്മിലുള്ള വ്യത്യാസം തന്നെയാണ് ഇതിനു കാരണം. എന്നാല്‍, പേശികള്‍ക്കു കരുത്തും സൗന്ദര്യവും വര്‍ധിക്കാന്‍ സ്ത്രീകള്‍ വ്യായാമം ചെയ്യുന്നതിലൂടെ സാധിക്കുകയും ചെയ്യും.
ഒരുപാടൊന്നും മെലിയാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ ആഴ്ചയില്‍ മൂന്നു ദിവസം നടത്തവും മൂന്നു ദിവസം അര-മുക്കാല്‍ മണിക്കൂര്‍ നേരത്തേക്കുള്ള വ്യായാമങ്ങളും മതിയാവും സ്ത്രീകള്‍ക്ക് ഫിറ്റ്‌നസ് നിലനിര്‍ത്താന്‍. വയര്‍, നിതംബം, തുട, തോള്‍ തുടങ്ങിയ ഇടങ്ങളില്‍ കൊഴുപ്പ് അടിയുന്നതും മാറിടത്തിന്റെ ആകൃതി നഷ്ടമാകുന്നതും മറ്റുമാണ് മുപ്പതു കടക്കുന്ന സ്ത്രീകളെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ജിമ്മില്‍ ഒരുപാടൊന്നും കഷ്ടപ്പെടാതെ ഇതൊക്കെ പരിഹരിക്കാനും കഴിയും.