ഇനിയുള്ള ജീവിതം അവളുടെ ഓർമകൾക്കു മുന്നിൽ !

ഗായത്രി

സണ്ണി പവാറും ആരതി മഖ്‍വാനയും

പ്രണയദിനത്തിൽ, നെഞ്ചിൽ തട്ടുന്ന ഒരു പ്രണയകഥ വായിക്കുക എന്നതു സുഖമുള്ള കാര്യമാണ്, എന്നാൽ ആ കഥയുടെ അവസാനം ശുഭപര്യവസായി അല്ലെങ്കിലോ? കാമുകീ - കാമുകന്മാർ പിരിയുന്നിടത്ത് പ്രണയം അവസാനിച്ചു എന്നു കരുതുന്നവർ അറിയുക മരണത്തിനു പോലും വേർപിരിക്കാൻ കഴിയാത്ത പ്രണയത്തിന്റെ ഓർമ്മകൾ ഇന്നുമുണ്ട്. അതും, നമുക്കിടയിൽ തന്നെ.

മഹാരാഷ്ട്ര സ്വദേശിയായ സണ്ണി പവാറിന്റെയും പ്രണയിനി ആരതി മഖ്‌വാനയുടെയും കഥയാണത്. 2008 ൽ പത്രത്താളുകളിൽ ഇടം പിടിച്ച പ്രണയിതാക്കളാണ് ഇരുവരും. 19ാം വയസിലാണ് ആരതിയും സണ്ണിയും തമ്മിൽ ഇഷ്ടത്തിലാകുന്നത്. വീട്ടുകാരുടെ സമ്മതത്തോടെ പഠനശേഷം ആരതിയെ വിവാഹം കഴിക്കണം എന്നു മാത്രമായിരുന്നു ആ യുവാവിന്റെ ആഗ്രഹം. ആരതിക്കും അങ്ങനെ തന്നെ. എന്നാൽ വളരെ അവിചാരിതമായാണ് വിധി ഇരുവരെയും കടന്നാക്രമിച്ചത്.

ഒരു ദിവസം തീർത്തും അവിചാരിതമായി ഉണ്ടായ അപകടത്തെ തുടർന്ന് ആരതി ശരീരം തളർന്നു കോമയിലായി. ചികിത്സകൾക്കൊടുവിൽ ആരതി ഇനി ജീവിതത്തിലേക്കു മടങ്ങിയെത്താൻ സാധ്യതകൾ കുറവാണ് എന്നു ഡോക്ടർമാർ വിധിയെഴുതി എങ്കിലും പ്രിയതമയെ മരണത്തിനു വിട്ടു കൊടുക്കാൻ സണ്ണി തയ്യാറല്ലായിരുന്നു. ആരതിയുടെ വീട്ടുകാരുടെ സമ്മതത്തോടെ തന്നെ ആ യുവാവ്, ആരതിയെ പരിചരിച്ചു.

കൃത്യമായ മരുന്ന്, ഭക്ഷണം, അരികത്തിരുന്നുള്ള പരിചരണം തുടങ്ങിയവയിലൂടെ ആരതി ജീവിതത്തിലേക്കു മടങ്ങിയെത്തും എന്ന് ആ യുവാവ് വിശ്വസിച്ചു. കുറച്ചു നാളത്തെ പരിചരണത്തിനൊടുവിൽ ആരതി ജീവിതത്തിലേക്ക് മടങ്ങിയെത്തുന്ന ലക്ഷണങ്ങൾ കാണിച്ചു എങ്കിലും, അത് അണയും മുൻപുള്ള അഗ്നിനാളത്തിന്റെ ആളിക്കത്തൽ മാത്രമായിരുന്നു.

പെട്ടന്നുണ്ടായ പനിയെ തുടർന്ന് മസ്തിഷ്കത്തിൽ അണുബാധ ഉണ്ടാകുകയും തുടർന്ന് ആരതി മരണപ്പെടുകയും ചെയ്തു. തീർത്തും ദുരന്ത പര്യവസായിയായ ഒരു പ്രണയകഥ. 2008 ൽ അവസാനമായ ഈ പ്രണയകഥക്ക് എന്താണ് പ്രസക്തി എന്നാണെങ്കിൽ അതിനുള്ള ഉത്തരം ആരതി മരിച്ചിട്ടും മരിക്കാതെ സൂക്ഷിക്കുന്ന സണ്ണിയുടെ പ്രണയമാണ്.

ആരതിയുടെ മരണശേഷം ആരതിയുടെ മാതാപിതാക്കൾക്ക് ആശ്വാസമായി ആ 23 കാരനുണ്ടായിരുന്നു. ഒടുവിൽ, സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കണം എന്നുള്ള ആരതിയുടെ മാതാപിതാക്കളുടെ സ്നേഹശകാരത്തിനു മുന്നിൽ സണ്ണി ഒരു തീരുമാനം എടുത്തു. ശേഷിച്ച ജീവിതം ആരതിക്കൊപ്പം ജീവിക്കാനാവില്ല എങ്കിലും, ആരതിയുടെ ഓർമകളിൽ ജീവിക്കുക.

ഇതിനായി സണ്ണി തെരെഞ്ഞെടുത്ത മാർഗം സാമൂഹിക പ്രവർത്തനമായിരുന്നു. ആരോരുമില്ലാത്ത അനാഥരായ ആളുകളെ സംരക്ഷിക്കുകയും തന്നാൽ കഴിയുന്ന വിധത്തിലുള്ള പുനരധിവാസ പ്രവർത്തനങ്ങൾ ചെയ്യുകയുമാണ് ഈ യുവാവിപ്പോൾ. മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളിലും സണ്ണിയുടെ സജീവപ്രവർത്തനം നമുക്ക് കാണാനാകും.

രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘടനയുടെ പിൻബലമോ, അക്കമിട്ടു നിരത്തിയ അംഗസംഖ്യയോ ഒന്നും ഇല്ല സണ്ണിയുടെ പ്രവർത്തങ്ങൾക്ക് പിൻബലമായി, എന്നാൽ മറ്റൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ, പാറക്കമുറ്റും മുൻപേ ദൈവം തന്നിൽ നിന്നും അകറ്റിയ പ്രണയത്തിന്റെ ഓർമയിൽ ജീവിക്കുകയാണ് ഈ യുവാവ്...

ജീവിതത്തിൽ പലപ്പോഴും പ്രണയം ഒരു ടൈം പാസ് മാത്രമായി കാണുന്ന ആളുകൾ അറിഞ്ഞിരിക്കണം, ഇങ്ങനെയും ചില പ്രണയങ്ങൾ ഉണ്ടെന്ന്. ആരോരും അറിയാതെ പ്രണയത്തിൽ ജീവിച്ച, പ്രണയത്തിൽ തന്നെ മരിക്കുന്ന ചിലരുണ്ടെന്ന്....

Related Articles
ഇതാ ഒരു മാതൃകാപ്രണയം, സൗന്ദര്യമല്ല മനസാണിവരുടെ മഹത്വം
യുവത്വത്തിന്റെ പ്രണയം ദാ ഇങ്ങനെയാണ്
ബോളിവുഡിലെ 'കില്ലാഡി' പ്രണയ കഥ
''അദ്ദേഹത്തിന്റെ തണുത്ത ശരീരത്തോടൊപ്പം എത്രനേരം ചേർന്നു കിടന്നു, എന്നിട്ടും അറിഞ്ഞില്ല''
എന്റെ വാലന്റൈന് ഞാൻ ഏതു നിറത്തിലുള്ള പൂക്കൾ നൽകും
ആ പനിനീർപ്പൂക്കൾക്കായി ഇനിയവൾ വരില്ല
© Copyright 2017 Manoramaonline. All rights reserved.