ഇതാണ് പ്രണയം, സൗന്ദര്യമല്ല മനസാണിവരുടെ മഹത്വം

ലക്ഷ്മിയും ഭർത്താവ് അലോക് ദീക്ഷിതും

എന്തെങ്കിലുമൊന്നു തീവ്രമായി മനസിൽ തട്ടി മോഹിക്കുകയാണെങ്കിൽ അതു നടക്കാതെ വരില്ല. കാരണം സ്വന്തം വിധിയാണ് മനസിൽ ആ മോഹത്തിന്റെ വിത്തുകൾ പാകുന്നത്. പ്രപഞ്ചം മുഴുവൻ ആ ഒരു കാര്യസാധ്യത്തിനായി കൂടെ നിൽക്കും-പൗലോ കൊയ് ലോയുടെ ദി ആൽക്കെമിസ്റ്റ് എന്ന നോവലിലെ പ്രശസ്തമായ വരികളാണിവ. ഈ വരികളുടെ അർഥ തലങ്ങൾക്ക് ഏറ്റവും നല്ല ഉദാഹരണമാണ് ലക്ഷ്മിയു‌ടെ ജീവിതം. ലക്ഷ്മിയെ ഓർമയില്ലേ? ആസിഡ് ആക്രമണത്തിന്റെ കരിമ്പടത്തിനുള്ളിൽ നിന്നും ധീരതയോടെ പുറത്തുവന്ന പെൺകൊടി. ഇരുപത്തിയാറാം വയസിൽ ഭർത്താവ് അലോക് ദീക്ഷിതിനൊപ്പം സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവയായി നിൽക്കുന്ന ലക്ഷ്മി ഇന്ന് ഒരമ്മ കൂടിയാണ്. കുഞ്ഞു പിഹുവിന്റെ എല്ലാമെല്ലാമായ അമ്മ. ബാഹ്യസൗന്ദര്യത്തെ നോക്കി പ്രണയിക്കുന്ന ഭൂരിഭാഗത്തിനിടയിൽ മനസിന്റെ നന്മ മാത്രം കണ്ട് ഒന്നിക്കാൻ തീരുമാനിച്ച ഇരുവരുടെയും ജീവിതം വാലന്റൈൻസ് ദിനത്തിൽ മാത്രമല്ല എന്നും പ്രസക്തി അർഹിക്കുന്നതാണ്. ലക്ഷ്മിയുടെ ജീവിതത്തിലേക്ക് .

ലക്ഷ്മിക്ക് പേടിയായിരുന്നു ഗർഭം ധരിക്കാൻ. തന്റെ മുഖം കണ്ടു കുഞ്ഞ് പേടിച്ചുകരയുമെന്ന ആശങ്ക. അമ്മയെ ഓർത്ത് മകൾ അഭിമാനിക്കുമെന്നു പറഞ്ഞ് അലോക്, ലക്ഷ്മിക്കു ധൈര്യം കൊടുത്തു. അമ്മയെ കണ്ടു ‘പിഹു’ കരഞ്ഞില്ല. പകരം അമ്മയുടെ മുഖത്തുനോക്കി കിളിനാദം പോലെ പുഞ്ചിരിച്ചു! ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മിയുടെയും അവളുടെ ഹൃദയത്തിന്റെ വെളിച്ചം കണ്ടറിഞ്ഞു പ്രണയിച്ച അലോക് ദീക്ഷിത് എന്ന പത്രപ്രവർത്തകന്റെയും മകളാണ് ഒരു വയസുകാരി പിഹു. ആ വാക്കിനർഥം കിളിനാദം.

ഡൽഹിയിലെ ഒരു നിർധന കുടുംബത്തിലാണു ലക്ഷ്മി മുന്നാലാൽ ജനിച്ചത്. നന്നായി പാട്ടുപാടുന്ന, നൃത്തം ചെയ്യുന്ന, ചിത്രംവരയ്ക്കുന്ന, കവിതയെഴുതുന്ന കൊച്ചുമിടുക്കി. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, കൂട്ടുകാരിയുടെ സഹോദരന്റെ പ്രണയാഭ്യർഥന നിരസിച്ചതിനാണ് അയാൾ ലക്ഷ്മിയുടെ മുഖത്തേക്ക് ആസിഡൊഴിച്ചത്. ആസിഡ് വീണ് മുഖം ഉരുകിയൊലിച്ചു. ആശുപത്രിയിൽ മാസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം കണ്ണാടിയിൽ നോക്കുമ്പോൾ അവൾ ആദ്യം ചോദിച്ചത് തന്റെ മുഖമെവിടെ എന്നായിരുന്നു. തനിക്കിനി ഒരു മുഖമില്ലെന്ന യാഥാർഥ്യം അവൾ തിരിച്ചറിഞ്ഞു. ആരും അവളെ നോക്കാതായി. നോക്കിയവർ മുഖംതിരിച്ചു. പേടിച്ചുനിലവിളിച്ചു. വീട്ടിലെ ഇരുട്ടുമറിയിൽ അവൾ തന്റെ മുഖം ഒളിപ്പിച്ചു. എന്നാൽ തളരാൻ ലക്ഷ്മി തയാറായിരുന്നില്ല. അവൾ പോരാടി.

ആസിഡ് വിൽപന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. ആസിഡ് ആക്രമണത്തിനെതിരെ ഒരുദിവസം കൊണ്ടുമാത്രം സോഷ്യൽ മീഡിയയിൽ നിന്നു സമ്പാദിച്ച 27,000 പരാതികളുമായി ലക്ഷ്മി നിയമയുദ്ധം നടത്തി. ലക്ഷ്മിയെ ആക്രമിച്ചയാൾക്കു പത്തുവർഷം ശിക്ഷ ലഭിച്ചു. തന്നെപ്പോലെ മുഖം നഷ്ടപ്പെട്ടവർക്കു തണലേകാൻ ‘കഫേ ഹാങ് ഔട്ട്’ എന്ന പേരിൽ സ്വയം തൊഴിൽ സംരംഭം തുടങ്ങി.

സൗന്ദര്യമല്ല സ്നേഹത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാന ഘടകമെന്നു മനസിലാക്കി അലോക് ജീവിതത്തിലെത്തിയതോടെയാണ് ലക്ഷ്മിയും മാറിത്തുടങ്ങിയത്. ലക്ഷ്മിയോടുള്ള പ്രണയം അലോകിന് ഒരിക്കലും ഒരു പുണ്യപ്രവൃത്തിയായി തോന്നിയിട്ടില്ല. പാട്ടുപാടുന്ന, കവിതയെഴുതുന്ന, ഡ്രസ് ഡിസൈൻ ചെയ്യുന്ന ലക്ഷ്മിയോട് അലോകിന് എന്നും പ്രണയം മാത്രം. ലിവിങ്ടുഗെദർ മതിയെന്നു തീരുമാനിച്ചതുപോലെ തന്നെ മകളെ ജനിച്ചയുടൻ മാധ്യമങ്ങൾക്കു മുന്നിലേക്കെത്തിക്കില്ലെന്നും ഇരുവരും കൂടി ഒന്നിച്ചെടുത്ത തീരുമാനിച്ചിരുന്നു. പിഹു പിറന്ന് ആറേഴു മാസത്തോളം അവളെ മാധ്യമങ്ങൾക്കു മുന്നിൽ കാണിച്ചിരുന്നില്ല.

വിവാഹം എന്ന സങ്കൽപ്പത്തിൽ വിശ്വാസമില്ല‌െന്നും അലോക് പറഞ്ഞു. സമൂഹത്തിൽ രണ്ടു വ്യക്തികൾ ഒന്നിച്ചു കഴിയാൻ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ വിവാഹം കഴിക്കില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നു. മകൾ ജനിച്ചപ്പോൾ അവൾ ഭാവിയിൽ തന്നെക്കാണുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നും ലക്ഷ്മി ഭയന്നിരുന്നു, എന്നാൽ അപ്പോഴൊക്കെ സാന്ത്വനം നൽകിയത് അലോകാണ്. രണ്ടുപേരുടെയും സ്റ്റോപ് ആസിഡ് അറ്റാക്ക് പ്രവർത്തനങ്ങൾക്ക് ഭാവിയിൽ പിഹുവിന്റെയും പിന്തുണയുണ്ടാകും എന്ന പ്രതീക്ഷയിലാണ് അലോക്.

Related Articles
യുവത്വത്തിന്റെ പ്രണയം ദാ ഇങ്ങനെയാണ്
ബോളിവുഡിലെ 'കില്ലാഡി' പ്രണയ കഥ
''അദ്ദേഹത്തിന്റെ തണുത്ത ശരീരത്തോടൊപ്പം എത്രനേരം ചേർന്നു കിടന്നു, എന്നിട്ടും അറിഞ്ഞില്ല''
ഇനിയുള്ള ജീവിതം അവളുടെ ഓർമകൾക്ക് മുന്നിൽ !
എന്റെ വാലന്റൈന് ഞാൻ ഏതു നിറത്തിലുള്ള പൂക്കൾ നൽകും
ആ പനിനീർപ്പൂക്കൾക്കായി ഇനിയവൾ വരില്ല
© Copyright 2017 Manoramaonline. All rights reserved.