ബോളിവുഡിലെ 'കില്ലാഡി' പ്രണയ കഥ

ദിപിൻ ദാമോദരൻ

അക്ഷയ് കുമാറും ഭാര്യ ട്വിങ്കിൾ ഖന്നയും

പ്രണയാര്‍ദ്രമാണ് എന്നും ബോളിവുഡ്. അവിടുത്തെ പ്രണയങ്ങള്‍ക്ക് എപ്പോഴും ആയുസ് കുറവാണെന്നാണ് പൊതുവെയുള്ള പരാതി. പ്രണയത്തിലെ മടുപ്പും പൊരുത്തക്കേടുകളുമെല്ലാമായി ആരാകും തന്റെ പ്രിയതാരത്തിന്റെ അടുത്ത ലവര്‍ എന്ന ചിന്തയാണ് എപ്പോഴും ആരാധാകര്‍ക്ക്. ഇങ്ങനൊരു ലോകത്ത് പ്രണയിച്ചു വിവാഹം കഴിഞ്ഞ് 16 വര്‍ഷത്തോളം യാതൊരു വിധ കല്ലുകടിയുമില്ലാതെ ജീവിക്കുകയെന്നത് അല്‍പ്പം ശ്രമകരം. അതും താരപ്പൊലിമയില്‍ എന്നും നിലനില്‍ക്കുന്ന വ്യക്തിയാണെങ്കില്‍ പറയുകയും വേണ്ട. പറഞ്ഞുവരുന്നത് ബോളിവുഡിലെ കില്ലാഡിയെക്കുറിച്ചാണ്, ആര്‍ക്കും കൊതിതോന്നുന്ന ആ പ്രണയകഥയെക്കുറിച്ചും.

ജനുവരിയിലാണ് ബോളിവുഡിലെ സൂപ്പര്‍ ആക്ഷന്‍ ഹീറോ അക്ഷയ് കുമാറും നടിയും എഴുത്തുകാരിയും ബ്ലോഗറുമെല്ലാമായ ട്വിങ്കിള്‍ ഖന്നയും തങ്ങളുടെ 16ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. പരസ്പരം കൊല്ലാന്‍ നോക്കിയ 16 വര്‍ഷങ്ങള്‍ എന്നായിരുന്നു തന്റെ സ്വതസിദ്ധമായ തമാശശൈലിയില്‍ ട്വിങ്കിള്‍ പറഞ്ഞത്. എത്രമാത്രം ഇഴയടുപ്പത്തോട് കൂടിയാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് കാണിക്കുന്ന വിഡിയോയും ട്വിങ്കിള്‍ ഷെയര്‍ ചെയ്തിരുന്നു. പാര്‍ട്‌ണേഴ്‌സ് ഇന്‍ ക്രൈം എന്നായിരുന്നു വിഡിയോയ്ക്ക് ട്വിങ്കിള്‍ നല്‍കിയ കാപ്ഷന്‍. എന്നും എപ്പോഴും സ്‌നേഹം നിറഞ്ഞൊഴുകുന്ന ഇവരുടെ ജീവിതയാത്ര തുടങ്ങിയതെങ്ങനെ?

സൂപ്പര്‍ റൊമാന്റിക് ലവ് സ്റ്റോറി

തായ്‌ലാന്റിലെ ബാങ്കോക്കിലെ ഹോട്ടലില്‍ ഷെഫായും വെയ്റ്ററായുമെല്ലാമുള്ള ജോലി ഉപേക്ഷിച്ചാണ് ആയോധനകലയിലെ തന്റെ വൈദഗ്ധ്യം കൈമുതലാക്കി രാജീവ് ഹരി ഓം ഭാട്ടിയ എന്ന അക്ഷയ് കുമാര്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ചത്. മഹേഷ് ഭട്ടിന്റെ ആജ് എന്ന സിനിമയില്‍ ചെറിയ വേഷം ചെയ്ത് 1987ലായിരുന്നു അരങ്ങേറ്റം. 90കളില്‍ കില്ലാഡി സീരിസിലെ അസാധാരണ ആക്ഷന്‍ പ്രകടനത്തിലൂടെയാണ് ബോളിവുഡിനെ അക്ഷയ് ഞെട്ടിച്ചത്. ട്വിങ്കിള്‍ രാജ്കുമാര്‍ സന്തോഷിയുടെ ബര്‍സാത്തിലൂടെയാണ് 1995ല്‍ ബിഗ്‌സ്‌ക്രീനിലെത്തിയത്. ഇരുവരുടെയും ആദ്യസമാഗമം ഫിലിംഫെയര്‍ മാസികയ്ക്കു വേണ്ടി നടത്തിയ ഒരു ഷൂട്ടിനിടയില്‍ ആയിരുന്നു. ആദ്യമായി കണ്ടപ്പോള്‍ തന്നെ ട്വിങ്കിളില്‍ എന്തോ ഒരു ആകര്‍ഷകത്വം തോന്നിയതായി പിന്നീട് അക്കി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അന്ന് ഇരുവരും ഒന്നിച്ചെടുത്ത ഫോട്ടോ ഇപ്പോഴും അക്ഷയ് സൂക്ഷിച്ചുവച്ചിട്ടുണ്ടത്രെ.

ഒന്നിച്ചഭിനയിച്ച സൂപ്പര്‍ ആക്ഷന്‍ ചിത്രം ഇന്റര്‍നാഷണല്‍ കില്ലാഡിയുടെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പ്രണയം തിരിച്ചറിയുന്നത്. എപ്പോഴും അത്മവിശ്വാസം തുളുമ്പുന്ന ട്വിങ്കിളിന്റെ പ്രകൃതമാണ് അക്കിയെ വല്ലാതെ ആകര്‍ഷിച്ചത്. ട്വിങ്കിളിന്റെ എട്ടു നിലയില്‍ പൊട്ടിയ 'മേള'യെന്ന ചിത്രത്തിനു തൊട്ടുപിന്നാലെയായിരുന്നു ഇരുവരുടെയും വിവാഹം. പതിവു ബോളിവുഡ് കല്ല്യാണങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്തും ലളിതമായ ചടങ്ങിലായിരുന്നു 2001ല്‍ ഇരുവരും ജീവിതയാത്ര ആരംഭിച്ചത്.

 പ്രണയം നിലനിര്‍ത്തുന്നത് പരസ്പര ബഹുമാനം

പ്രണയിച്ചു കല്ല്യാണം കഴിച്ചു ജീവിക്കാന്‍ തുടങ്ങുമ്പോള്‍ പലര്‍ക്കും പറ്റുന്ന വീഴ്ച്ച പരസ്പര ബഹുമാനമില്ലാത്ത പെരുമാറ്റങ്ങളാണ്. എത്രയോ പ്രണയബന്ധങ്ങള്‍ ഇങ്ങനെ തകര്‍ന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇഷ്ടങ്ങളും താല്‍പ്പര്യങ്ങളും തീര്‍ത്തും വ്യത്യാസമായിട്ടും അക്കി-ട്വിങ്കിള്‍ ജോഡിയെ ജീവിതം ആസ്വദിച്ചു മുന്നോട്ടുപോകാന്‍ പ്രാപ്തമാക്കിയത് പരസ്പരം അംഗീകരിക്കുന്ന രീതി ആയിരുന്നു. കല്ല്യാണം കഴിഞ്ഞ ശേഷം അഭിനയത്തില്‍ നിന്നു പിന്‍വാങ്ങിയ ട്വിങ്കിള്‍ വീട്ടില്‍ വെറുതെ ഇരിക്കുകയല്ല ചെയ്തത്. തന്റെ ഇഷ്ടങ്ങളിലേക്ക് മടങ്ങി. അറിയപ്പെടുന്ന സംരംഭകയായി, എഴുത്തുകാരിയായി, ബ്ലോഗറായി...അക്ഷയ് കുമാറാണെങ്കില്‍ തന്റെ മേഖലയില്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പോയി ബോളിവുഡില്‍ ഖാന്‍മാരെ വരെ വെല്ലുവിളിക്കുന്ന തലത്തിലെത്തി. ഇതാണ് ഏതു നല്ല പ്രണയബന്ധത്തിന്റെയും അടിസ്ഥാനം, അവനവന്റെ മേഖലയില്‍ ശോഭിക്കാന്‍ കഴിയുന്നതിനുള്ള ആവാസവ്യവസ്ഥകൂടി അവിടെയുണ്ടാകണം.

 എപ്പോഴും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതാകണം പ്രണയബന്ധങ്ങള്‍. അതാണ് ഈ ദമ്പതിമാരുടെ പ്രത്യയശാസ്ത്രം. ഒരു സാധാരണ ഭര്‍ത്താവ് എന്ന നിലയില്‍ ഭാര്യക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കണമെന്ന് ഞാന്‍ വിചാരിക്കുമായിരുന്നു. കുറച്ചു തവണ അത് ചെയ്തു. എന്നാല്‍ അവള്‍ക്കത് അത്ര സര്‍പ്രൈസ് ആയി ഒന്നും തോന്നിയില്ല. അതോടെ ആ സര്‍പ്രൈസ് ഗിഫ്റ്റ് പരിപാടികളൊന്നും രണ്ടാള്‍ക്കും വേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അക്ഷയ് കുമാറിന്റെ ഈ വാക്കുകളില്‍ പ്രകടമാണ് ഇരുവരും തമ്മിലുള്ള പരസ്പര ധാരണ.

 എന്നും ശക്തമായി നിലകൊള്ളുന്ന തങ്ങളുടെ ബന്ധത്തെക്കുറിച്ച് അക്കി ഒരിക്കല്‍ പറഞ്ഞതിങ്ങനെ, ''ഞങ്ങള്‍ എപ്പോഴും ഞങ്ങളെക്കുറിച്ചുള്ള പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയാണ്. ഞങ്ങള്‍ തീര്‍ത്തും വ്യത്യസ്തരാണ്. പരസ്പരം അനാവരണം ചെയ്യപ്പെണ്ടുകൊണ്ടേയിരിക്കുന്നു.'' അക്കിയുടെ ബെസ്റ്റ് ഫ്രണ്ട് ട്വിങ്കിളാണ്, മറിച്ചും അങ്ങനെ തന്നെ. ഞാന്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ അവള്‍ എന്നെ ചിരിപ്പിക്കുന്നു. എനിക്ക് തിരിച്ചടി നേരിടുമ്പോള്‍ മുറുകെ പിടിക്കുന്നു, ഞാന്‍ പറക്കുമ്പോള്‍, അതിന്റെ ആയുസില്ലായ്മ എന്നെ ഓര്‍മ്മപ്പെടുത്തുന്നു-ഭാര്യയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ അക്ഷയ് പറഞ്ഞതാണ്.

ട്വിങ്കിളിനും പറയാനുണ്ട് അക്കിയെക്കുറിച്ച് ഇതുപോലുള്ള കാര്യങ്ങള്‍. ഒരു വ്യക്തിയെന്ന നിലയിലുള്ള എന്റെ കഴിവുകളില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കുന്നു അവന്‍. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതിന് അതെനിക്ക് വല്ലാതെ ആത്മവിശ്വാസം തരുന്നു. ഞാന്‍ പത്രങ്ങളില്‍ എഴുതാറുള്ള പംക്തികള്‍ ആദ്യം അവനെ കാണിക്കാറാണ് പതിവ്-ട്വിങ്കിള്‍ പറയുന്നു. എത്ര വലിയ തിരക്കുണ്ടെങ്കിലും ഇതുവരെ ഒരു പിറന്നാള്‍ പോലും ഇരുവരും ഒരുമിച്ച് ആഘോഷിക്കാതെയിരുന്നിട്ടില്ല. ഇരുവര്‍ക്കും ആദ്യ കുട്ടി ജനിച്ചത് 2002ലായിരുന്നു, ആരവ്. രണ്ടാമത്തെയാള്‍ നിതാര 2012ലും.

 തന്റെ പുതിയ പ്രൊഡക്ഷന്‍ സംരംഭമായ മിസ് ഫണ്ണിബോണ്‍സ് മൂവീസിന്റെ ആദ്യ സിനിമ അടുത്തിടെയാണ് ട്വിങ്കിള്‍ പ്രഖ്യാപിച്ചത്. അതിലെ നായകന്‍ ആരെന്നുള്ള കാര്യത്തിലും അവര്‍ക്ക് സംശയമില്ലായിരുന്നു, അക്കി തന്നെ. പാഡ്മാന്‍ എന്നു പേരിട്ട ചിത്രം കുറഞ്ഞ ചെലവില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മിച്ച് വിപ്ലവം തീര്‍ത്ത സാമൂഹ്യ സംരംഭകന്‍ അരുണാചലം മുരുകാനന്ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രമാണിത്. ഇരുവരും ഇനിയും കൂടുതല്‍ കൂടുതല്‍ പ്രണയിച്ചു മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ തന്നെയാണ്.

Related Articles
ഇതാ ഒരു മാതൃകാപ്രണയം, സൗന്ദര്യമല്ല മനസാണിവരുടെ മഹത്വം
യുവത്വത്തിന്റെ പ്രണയം ദാ ഇങ്ങനെയാണ്
''അദ്ദേഹത്തിന്റെ തണുത്ത ശരീരത്തോടൊപ്പം എത്രനേരം ചേർന്നു കിടന്നു, എന്നിട്ടും അറിഞ്ഞില്ല''
ഇനിയുള്ള ജീവിതം അവളുടെ ഓർമകൾക്ക് മുന്നിൽ !
എന്റെ വാലന്റൈന് ഞാൻ ഏതു നിറത്തിലുള്ള പൂക്കൾ നൽകും
ആ പനിനീർപ്പൂക്കൾക്കായി ഇനിയവൾ വരില്ല
© Copyright 2017 Manoramaonline. All rights reserved.