Sections

ബിഗ് ക്യു ചാലഞ്ച്: കെവിൻ ജോ ഫിലിപ്പിന് ആലപ്പുഴയിൽ ഒന്നാം സ്ഥാനം

മലയാള മനോരമ–സെന്റ്ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസ് ജില്ലാതല മത്സരത്തിൽ ആലപ്പുഴ ലിയോ തേർട്ടീൻത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി കെവിൻ ജോ ഫിലിപ്പിനു ഒന്നാം സ്ഥാനം. ചെന്നിത്തല ജവാഹർ നവോദയ കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർഥി ആർ.കെ.സുബിൻ രണ്ടാം സ്ഥാനവും ഹരിപ്പാട് ജിബി എച്ച്എസ്എസിലെ 9–ാം ക്ലാസ് വിദ്യാർഥി എം.എസ്.അശ്വിൻ സുബ്രഹ്മണ്യൻ മൂന്നാം സ്ഥാനവും നേടി.

മന്ത്രി ജി.സുധാകരൻ സമ്മാനങ്ങൾ വിതരണം ചെയ്തു. മലയാള മനോരമ കോഓർഡിനേറ്റിങ് എഡിറ്റർ സണ്ണി ജോസഫ്, സെന്റ് ഗിറ്റ്സ് കോർപറേറ്റ് റിലേഷൻസ് ഓഫിസർ പി.അരുൺ എന്നിവർ പ്രസംഗിച്ചു. മേജർ ചന്ദ്രകാന്ത് നായർ ക്വിസ് നയിച്ചു.

ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നു 87 വിദ്യാർഥികൾ ആദ്യ റൗണ്ടിൽ പങ്കെടുത്തു. ഫൈനൽ റൗണ്ടിൽ ആറുപേർ മാറ്റുരച്ചു. ഒന്നും രണ്ടും സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. 14 ജില്ലകളിലെയും മൂന്നാം സ്ഥാനക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടുപേരും സംസ്ഥാനതലത്തിലെത്തും. ജില്ലാതലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്കു യഥാക്രമം 7000, 5000, 3000 രൂപ വീതമാണു സമ്മാനം നൽകിയത്.

സ്കൂൾ മത്സര വിജയികൾക്കു സർട്ടിഫിക്കറ്റും മെഡലുകളും നൽകി. മൂന്നു ലക്ഷം രൂപയും മാതാപിതാക്കളോടൊപ്പം വിദേശയാത്രയുമാണു സംസ്ഥാനതല വിജയിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനം രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ആദ്യ മൂന്നു സ്ഥാനക്കാർ സമ്മാനത്തുക സ്കൂളുമായി പങ്കിടും. സംസ്ഥാന മത്സരം 11 എപ്പിസോഡുകളിലായി മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും.

Related Stories