Sections

ബിഗ് ക്യു ചാലഞ്ച് ക്വിസ്: എറണാകുളത്ത് അഭിരാം ജേതാവ്

മലയാള മനോരമ – സെന്റ്ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസ് ജില്ലാതല മൽസരത്തിൽ തൃപ്പൂണിത്തുറ ചിൻമയ വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർഥി അഭിരാം ലോകനാഥൻ ഒന്നാം സ്ഥാനം നേടി. എളമക്കര ഭവൻസ് വിദ്യാ മന്ദിറിലെ പ്ലസ് വൺ വിദ്യാർഥി ആർ.ആനന്ദിനാണു രണ്ടാം സ്ഥാനം. കണ്ണമാലി ചിൻമയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർഥി എ.വി.വെങ്കിട്ടരാം ഷേണായി മൂന്നാം സ്ഥാനം നേടി.

ജേതാക്കൾക്കു കൊച്ചി മെട്രോ റയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഫൈനലിസ്റ്റുകളോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണു ഒട്ടേറെ ക്വിസ് മൽസരങ്ങളിൽ പങ്കെടുക്കുകയും ക്വിസ് മാസ്റ്ററാവുകയും ചെയ്തിട്ടുള്ള മുഹമ്മദ് ഹനീഷ് ക്യാഷ് അവാർഡുകൾ സമ്മാനിച്ചത്. യഥാക്രമം 7000, 5000, 3000 രൂപയും മെഡലുകളുമായിരുന്നു ജില്ലാതല ജേതാക്കൾക്കു സമ്മാനം. സ്കൂൾ മൽസര വിജയികൾക്കെല്ലാം സർട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു.

സമ്മാന വിതരണ ചടങ്ങിൽ സെന്റ്ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യുട്ട് ജനറൽ മാനേജർ ആന്റണി ജോസഫ്, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ ആർ.രാജീവ്, ക്വിസ് മാസ്റ്റർ ഋഷികേഷ് വർമ്മ എന്നിവർ പങ്കെടുത്തു.

മൽസരത്തിൽ റജിസ്റ്റർ ചെയ്ത ജില്ലയിലെ നൂറിലേറെ സ്കൂളുകളിൽ നിന്നു വിജയിച്ചെത്തിയവരാണു ജില്ലാ തലത്തിൽ മൽസരിച്ചത്. പ്രാഥമിക റൗണ്ട് എഴുത്തു പരീക്ഷ, സെമി ഫൈനൽ, ഫൈനൽ എന്നീ മൂന്ന് റൗണ്ട് മൽസരത്തിലൂടെയായിരുന്നു ജില്ലാ ജേതാക്കളെ നിർണയിച്ചത്. ഫൈനൽ റൗണ്ടിൽ ആറുപേർ മാറ്റുരച്ചു. ആർ.ദേവ്‌രാജ്(ഭവൻസ് വിദ്യാ മന്ദിർ, ഏരൂർ), ജീവൻ ജോസഫ്(ഭവൻസ് ആദർശ വിദ്യാലയ, കാക്കനാട്), നിഖിൻ കെ.ഏലിയാസ്(വിശ്വജ്യോതി പബ്ലിക് സ്കൂൾ, അങ്കമാലി) എന്നിവരായിരുന്നു മറ്റു ഫൈനലിസ്റ്റുകൾ.

14 ജില്ലയിലെയും ആദ്യ രണ്ടു സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ രണ്ടുപേരും ഉൾപ്പടെ 30 പേരാണ് സംസ്ഥാന തലത്തിൽ മൽസരിക്കുന്നത്. മൂന്നു ലക്ഷം രൂപയും മാതാപിതാക്കളോടൊപ്പം വിദേശയാത്രയുമാണു സംസ്ഥാനതലത്തിലെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ആദ്യ മൂന്നു സ്ഥാനക്കാർ സമ്മാനത്തുക സ്കൂളുമായി പങ്കിടും. സംസ്ഥാന മൽസരം 11 എപ്പിസോഡുകളിലായി മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും.

Related Stories