ഫിറ്റ്നസ് കാക്കും ഹെൽത്തി ജോബ്; ട്രെയിനർ ആകാൻ വേണ്ടതെന്ത്?
‘ബി ആക്ടീവ്, സ്റ്റേ ഹെൽത്തി’ എന്നത് യുവാക്കളുടെ ഫിറ്റ്നസ് മന്ത്രമായതോടെ ‘ഫിറ്റനസ് ട്രെയിനർ’ എന്ന ന്യൂജെൻ കരിയറിനും സാധ്യതയേറി. ലോകഡൗൺ കാലത്തും ഒാൺലൈൻ ഫിറ്റ്നസ് ക്ലാസുകളിലൂടെ ‘സ്ലിം’ ആയതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ. സാധാരണക്കാരൻ മുതൽ സിനിമാതാരങ്ങൾ വരെ ഫിറ്റ്നസ് ട്രെയിനറുടെ സേവനം തേടുമ്പോൾ ‘ഫിറ്റനസ് ട്രെയിനർ’ എന്ന കരിയറിനു സാധ്യതയേറുകയാണ്.
നല്ലൊരു ഫിറ്റ്നസ് ട്രെയിനറെ തേടി ആളുകൾ ഇന്റർനെറ്റിൽ പരതുമ്പോൾ ഒപ്പം തിരയുന്നത് ട്രെയിനർമാരുടെ യോഗ്യതകളാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഫിറ്റ്നസ് ട്രെയിനിങ് കരിയറാക്കാൻ തീരുമാനിക്കുന്നവർ പൊതുവേ ചോദിക്കുന്ന ചോദ്യമാണ് – എല്ലാ രാജ്യങ്ങളും അംഗീകരിച്ച ഒരു ഫിറ്റ്നസ് കോഴ്സ് സർട്ടിഫിക്കറ്റ് ലഭ്യമാണോ?
മികച്ച ഫിറ്റ്നസ് കോഴ്സ് സർട്ടിഫിക്കേഷൻ എന്ന് പലരും സമൂഹമാധ്യമങ്ങളിൽ അവകാശപ്പെടാറുണ്ടെിലും എല്ലാ രാജ്യത്തും അംഗീകരിക്കുന്ന ഒറ്റ സർട്ടിഫിക്കറ്റില്ലെന്നതാണ് യാഥാർഥ്യം. ഒരോ രാജ്യത്തെയും ഫിറ്റ്നസ് അക്രഡിറ്റേഷൻ സംഘടനകൾ അംഗീകരിച്ച കോഴ്സുകൾക്ക് മാത്രമാണ് യാഥാർത്തിൽ മൂല്യമുള്ളൂ.
െഎഎസ്ഒ അംഗീകാരമുള്ള സ്ഥാപനത്തിൽ പഠിച്ചത് കൊണ്ട് മാത്രം കോഴ്സ് സർട്ടിഫിക്കറ്റിന് വിലയുണ്ടാവില്ലെന്നു സാരം. സ്കിൽ ഇന്ത്യയുടെ കീഴിൽ ഇന്ത്യയിൽ ലെവൽ 4 സർട്ടിഫിക്കേഷൻ ഫിറ്റനസ് ട്രെയിനേഴ്സിന് ഉയർന്ന യോഗ്യതയായി കണക്കാക്കപ്പെടുമ്പോൾ വിദേശത്ത് യോഗ്യത മാനദണ്ഡം വ്യത്യസ്തമാകാം. ചുരുക്കി പറഞ്ഞാൽ ‘ഫിറ്റ്നസ് ട്രെയിനർ’ കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ ആഗോളത്തലത്തിൽ ഫിറ്റ്നസ് രംഗത്തുള്ള അക്രിഡിഷൻ സംഘടനകളിൽ അംഗത്വമുള്ളതും സ്കിൽ ഇന്ത്യാ പോലുള്ള സർക്കാർ പദ്ധതികളിൽ സ്റ്റേറ്റ് ഓഫ് ദ് ട്രെയിനിങ് പ്രൊവൈഡേഴ്സ് പട്ടികയിൽ ഇടം നേടിയ സ്ഥാപനങ്ങളിൽ നിന്നും ഫിറ്റ്നസ് കോഴ്സുകൾ പൂർത്തിയാക്കുന്നതാണ് അഭികാമ്യം.
പഴ്സണൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സുകളും സർട്ടിഫിക്കേഷനെയും കുറിച്ച് ഫിറ്റ്നസ് വിദഗ്ധൻ ദിലീപ് മേനോൻ സംസാരിക്കുന്നു - വീഡിയോ കാണാം