അമിത കലോറി ആപത്ത്; ഫിറ്റ് ആകാൻ ഭക്ഷണം ശരീരപ്രകൃതിയനുസരിച്ച്
ബോഡി ബിൽഡിങ് എന്ന് കേൾക്കുമ്പോൾ ചടുല സംഗീതത്തിന്റെ താളത്തിനൊപ്പം മസിലുകൾ പ്രദർശിപ്പിക്കുന്ന മൽസരാർഥിയുടെ ചിത്രമായിരിക്കും മനസ്സിൽ തെളിയുക. ബോഡി ബിൽഡറാകാനോ മസിലുള്ള ശരീരം സ്വന്തമാക്കാനോ ആഗ്രഹിക്കുന്ന പലരും ആദ്യം അന്വേഷിക്കുക അതിനുവേണ്ടി കഴിക്കേണ്ട ഭക്ഷണത്തെപ്പറ്റിയാണ്. ദിവസവും ഇരുപത് കോഴിമുട്ട, പത്ത് നേന്ത്രപ്പഴം, ലീറ്റർ കണക്കിനു പാൽ, പ്രോട്ടീൻ പൗഡർ എന്നിങ്ങനെ ചില മസിൽമാൻമാരുടെ മെനു കേട്ട് അത് അനുകരിക്കാൻ ശ്രമിക്കുന്നവരുമുണ്ട്. പക്ഷേ ബോഡി ബിൽഡറാകാൻ ആഗ്രഹിക്കുന്നവർ ഇത്തരം കാര്യങ്ങളെ അന്ധമായി പിന്തുടരരുത്. കാരണം ഓരോ വ്യക്തിയുടെയും ശരീര പ്രകൃതിക്കും വർക്കൗട്ട് പാറ്റേണിനും അനുസരിച്ചാവണം ഭക്ഷണക്രമം.
ബോഡി ബിൽഡിങ് കരിയറാക്കാൻ ആഗ്രഹിക്കുന്നവർ ഒരു സർട്ടിഫൈഡ് ട്രെയിനറുടെ നിർദേശമനുസരിച്ച് ഭക്ഷണം ക്രമീകരിക്കുന്നതാണ് അഭികാമ്യം. ഒരു നേരം നാനൂറ് കാലറി ഒരുമിച്ച് അകത്താക്കുന്നത് ശരീരത്തിന്റെ പ്രവർത്തനത്തെത്തന്നെ താളം തെറ്റിക്കാം.
ബോഡി ബിൽഡർക്ക് ഭക്ഷണത്തിൽ ഒരിക്കലും ഒഴിവാക്കാൻ കഴിയാത്തതാണ് പ്രോട്ടീൻ. കാരണം പ്രോട്ടീനാണ് മസിലുകളെ വളരാൻ സഹായിക്കുന്നത്. 3:2:1 എന്ന അനുപാതത്തിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ് എന്നതാണ് ബാലൻസ്ഡ് ഡയറ്റായി കണക്കാക്കുന്നത്. ബോഡി ബിൽഡിങ്ങിനോ ഫിറ്റ്നസ് നേടാനോ എത്തുന്ന ഓരോ വ്യക്തിക്കും അനുയോജ്യമായ ഡയറ്റ് നിർദേശിക്കണമെങ്കിൽ ട്രെയിനർക്ക് ന്യൂട്രീഷ്യനെപ്പറ്റിയും ശാസ്ത്രീയമായ അറിവുണ്ടാവണം. അത്തരം അറിവുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കേണ്ടത് അവരുടെ കടമയാണ്.
പഴ്സണൽ ഫിറ്റ്നസ് ട്രെയിനർ കോഴ്സുകളും സർട്ടിഫിക്കേഷനെയും കുറിച്ച് ഫിറ്റ്നസ് വിദഗ്ധൻ ദിലീപ് മേനോൻ സംസാരിക്കുന്നു - വീഡിയോ കാണാം