തത്വമസിയുടെ പൊരുൾ തേടി, കാലിടറാതെ....

ടി.കെ.രാജപ്പൻ

കുളിരാണു വൃശ്ചികം . അകമാകെ നിറയുന്ന അനുഭൂതിയുടെ പെരുംകുളിര്. നിറങ്ങളാണു വൃശ്ചികം . കറുപ്പ്, കാവി, കടുംനീല, കുങ്കുമച്ചോപ്പ്, വെളുത്ത ഭസ്മം, കളഭചന്ദനം തുടങ്ങി ആചാരത്തിന്റെ ചായങ്ങൾ. അനുഗ്രഹത്തിന്റെ സ്പർശമണികൾ. കാലങ്ങളായി വൃശ്ചികം വ്രതവിശുദ്ധിയുടെ മുദ്രമാലകൾ കോർക്കുന്നു.

വിശുദ്ധിയുട‌െ സംഗീതമാണു വൃശ്ചികം. ഭക്തിയുടെ ശബ്ദമാത്രകൾ, വിശ്വാസത്തിന്റെ വിശുദ്ധലേപങ്ങൾ ചാർത്തുന്ന സംഗീതം. അയ്യപ്പസ്തുതി ഗീതങ്ങൾ അന്തരീക്ഷമാകെ ആരതിയുഴിയുന്ന പുലരികൾ വൃശ്‌ചികപ്പുലരിയെ വ്രതമുദ്രാങ്കിതമാക്കിയ ശബരിമല തീർഥാടന നാളുകൾ. ഭഗവാനും ഭക്തനും ഒന്നാണെന്ന തത്വമസിയുടെ പൊരുൾ തേടിയുളള മഹാതീർഥാടനം. മോക്ഷപ്രാപ്‌തിയിലേക്കുള്ള മാർഗം ദുർഘടമായിരിക്കും; സംശയമില്ല. കല്ലുകളും മുള്ളുകളും താണ്ടി പ്രായശ്‌ചിത്തപാതയിലൂടെ കാലിടറാതെ സഞ്ചരിക്കുന്നവനേ ആ ലക്ഷ്യത്തിലെത്തൂ. അതു കൊണ്ടു തന്നെയാണ് ശബരിമല യാത്ര സഹനത്തിന്റേതു കൂടിയായി മാറുന്നത്. ശിരസ്സിൽ ഇരുമുടിക്കെട്ടും ഉള്ളിൽ ശരണമന്ത്രവുമായി ആയുസ്സിന്റെ അനുഗ്രഹം തേടിയുള്ള യാത്ര പലപ്പോഴും ദുർഘടമായിരിക്കും.

വ്രതം
ശബരിമല ക്ഷേത്രദർശനം വ്യക്‌തമായ ആചാരങ്ങളും ചിട്ടവട്ടങ്ങളും ജീവിതചര്യകളുമുള്ള യാത്രയാണ്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന അനുഷ്‌ഠാനം. തീർഥാടനം പൂർണവും ശുദ്ധവുമാകണമെങ്കിൽ ആചാരങ്ങൾ നിഷ്‌ഠയോടെ പാലിക്കണം. 41 ദിവസം നീണ്ടുനിൽക്കുന്ന കഠിനമായ വ്രതാനുഷ്‌ഠാനത്തിന്റെ പരിസമാപ്‌തി ശബരിമലയിലേക്കുള്ള യാത്ര. കുത്തനെയുള്ള മലകൾ കയറി ഇറങ്ങാനും കഷ്ടതകൾ സഹിച്ച് ദർശനം നടത്താനും മനസിനേയും ശരീരത്തെയും പാകപ്പെടുത്തി എടുക്കാനുമാണ് വ്രതം നോക്കുന്നത്.

മുദ്ര അണിയൽ
വ്രതം തുടങ്ങുന്നതിന്റെ അടയാളമായി കഴുത്തിൽ അയ്യപ്പ മുദ്ര അണിയണം. തുളസി, രുദ്രാക്ഷ മാലകളാണ് ഉത്തമം. ശനിയാഴ്ചയോ ഉത്രം നക്ഷത്രത്തിലോ മാല ധരിക്കുന്നതാണ് നല്ലത്. അയ്യപ്പന്റെ ജന്മനാളായതിനാലാണ് ഉത്രത്തിനു പ്രാധാന്യം. ക്ഷേത്രത്തിലോ ഗുരുസ്വാമിയുടെ അടുക്കലോ പൂജിച്ചു വേണം മാലയിടാൻ. മാലഅണിയിച്ചു കഴിയുമ്പോൾ ദക്ഷിണയും നൽകണം.

പുലർച്ചേ ഉണരണം
വ്രതം തുടങ്ങിയാൽ രണ്ടുനേരവും കുളിക്കണം. സൂര്യൻ ഉദിക്കും മുമ്പേ ഉണർന്ന് പ്രഭാതകർമങ്ങൾ നടത്തി കുളിച്ച് ശരീരം ശുദ്ധിവരുത്തണം. ശബരീശനെ മനസിൽ പ്രതിഷ്ഠിച്ച് ശരണംവിളിക്കണം. വൈകിട്ട് കുളിച്ച് സന്ധ്യാവന്ദനം നടത്തണം.

ബ്രഹ്മചര്യം
വ്രതാനുഷ്ഠാനകാലത്ത് കർശനമായ ബ്രഹ്മചര്യ നിഷ്ഠകൾ പാലിക്കണം.

ആഹാരം
ശരീരവും മനസ്സും ശുദ്ധമാക്കാൻ ആഹാരത്തിലുമുണ്ട് കർശന നിയന്ത്രണം. സസ്യ ആഹാരമേ പാടുള്ളു. മൽസ്യ മാംസാദികൾ വർജിക്കണം. പഴയ ഭക്ഷണ സാധനങ്ങളും ഒഴിവാക്കണം. ആഹാരത്തിലെ നിയന്ത്രണം വ്രതങ്ങളുടെ പ്രധാന ഭാഗമാണ്. വ്രതകാലത്ത് പ്രോട്ടീൻ അടങ്ങിയ പയറുവർഗങ്ങൾ (കടല, പരിപ്പ്, ചെറുപയർ) ധാരാളം കഴിക്കണം. നന്നായി വെള്ളം കുടിക്കണം. പച്ചക്കറികളും പഴവർഗങ്ങളും നന്നായി കഴിക്കണം.

തലമുടിവെട്ടരുത്
വ്രതം തുടങ്ങിയാൽ തലമുടിവെട്ടരുത്. താടിവടിക്കരുത്.

കാമ ക്രോദങ്ങൾ വെടിയണം
വ്രതാനുഷ്ഠാന കാലത്ത് കാമക്രോദങ്ങൾ പാടില്ല. രജസ്വലയായ സ്ത്രീകളുടെ അടുക്കൽ പോകരുത്.

വസ്ത്രം
ലാളിത്യത്തിന്റെ അടയാളമാണ് സ്വാമിമാരുടെ വേഷം. കറുപ്പോ, കാവിയോ നീലയോയായ വസ്ത്രങ്ങളാണ് വേണ്ടത്. മലയാളികൾ കാവി ഉടുക്കുമ്പോൾ ആന്ധ്രയും കർണാടകയും കറുപ്പാണ് ധരിക്കുക. തമിഴ്നാട്ടുകാർ കൂടുതൽ നീലയാണ്. ചിലർ പച്ചയും അണിയുന്നു.

വ്രതം മുറിഞ്ഞാൽ
വ്രതാനുഷ്ഠാനമില്ലാതെ മലചവിട്ടരുത്. 41 ദിവസത്തെ വ്രതം നോക്കണം. അതിനിടെ അശുദ്ധിയുണ്ടായി വ്രതം മുറിഞ്ഞാൽ പഞ്ചഗവ്യശുദ്ധി വരുത്തണം. അതിനു കഴിയുന്നില്ലെങ്കിൽ ക്ഷേത്രത്തിൽ നിന്നു പുണ്യാഹം കൊണ്ടുവന്ന് തളിച്ച് ശുദ്ധിവരുത്തി തെറ്റുകൾക്ക് പ്രായശ്ചിത്ത വഴിപാട് നേർന്ന് 101 ശരണംവിളിച്ച് സ്വാമി കോപം ഉണ്ടാകരുതെന്ന് പ്രാർഥിക്കണം.

പതിനെട്ടാംപടി ചവിട്ടാൻ ഇരുമുടിക്കെട്ടുവേണം
ഗുരുസ്വാമിയാണു കെട്ടുമുറുക്കുക. ഗുരുസ്വാമിയില്ലെങ്കിൽ ക്ഷേത്രങ്ങളിലെ മേൽശാന്തി മതി. വീട്ടിൽ കെട്ടുമുറുക്കാം. മുറ്റത്തു പന്തലിട്ട്, തറ ചാണകം മെഴുകി ശുദ്ധി വരുത്തി. വാഴപ്പോളയും കുരുത്തോലയുംകൊണ്ട് അലങ്കരിക്കാം. അതിനു പറ്റുന്നില്ലെങ്കിൽ വീടിനുള്ളിലും കെട്ടുമുറുക്കാം. ശുദ്ധമായ സ്ഥലമാകണമെന്നു മാത്രം. ഇരുമുടിക്കെട്ടിലേക്ക് ശരണമന്ത്രങ്ങളുമായി ശബരീശ സന്നിധിയിലേക്കു പോകുന്ന ഭക്‌തന് ഇരുമുടിക്കെട്ടു കെട്ടാൻ ശരാശരിച്ചെലവ് 643 രൂപയാകും.

ഇരുമുടിക്കെട്ടിന്
ഇരുമുടിക്കെട്ടിന്റെയും അതിൽ നിറയ്‌ക്കുന്ന ദ്രവ്യങ്ങളുടെയും ശരാശരി വിപണി വില: ഇരുമുടി 25 രൂപ, നെയ്‌ത്തേങ്ങ ഉൾപ്പെടെ മൂന്നു തേങ്ങ 60 രൂപ, നെയ്യ്(അരക്കിലോ) 175 രൂപ, തുളസി മാല 25 രൂപ, ഭസ്‌മം(പായ്‌ക്കറ്റ്) 10 രൂപ, ചെറിയ സഞ്ചി മൂന്നെണ്ണം 30 രൂപ, അരി മൂന്നു പിടി 20 രൂപ, ചന്ദനത്തിരി(2 പായ്‌ക്കറ്റ്) 20, പനിനീർ 10 രൂപ, കർപ്പൂരം(രണ്ടു പായ്‌ക്കറ്റ്) 20 രൂപ, തോർത്ത് 25രൂപ, കാവിയോ കറുപ്പോ മുണ്ട് 150രൂപ, അവൽ, മലര്, ശർക്കര 50 രൂപ .ഗണപതിയൊരുക്കിന് പഴം 20 രൂപ. വെറ്റില, പാക്ക് മൂന്നു രൂപ. , എണ്ണ 10 രൂപ, നിലവിളക്കിലേക്കുളള തിരി രണ്ട് രൂപ. കെട്ടുമുറുക്കിന് പൂജാസാധനങ്ങൾ മാത്രം ഇരുമുടിക്കെട്ടിൽ മതി.

കെട്ടുമുറുക്കാൻ പറ്റിയ സ്ഥലം
ഗൃഹത്തിലോ ക്ഷേത്രത്തിലോ കെട്ടുമുറുക്കാം. ഗൃഹത്തിലാണെങ്കിൽ ഗുരുസ്വാമി വേണം. ക്ഷേത്രത്തിലാണെങ്കിൽ മേൽശാന്തി മതി. വീട്ടിലാണെങ്കിൽ മുറ്റത്തു പ്രത്യേക പന്തലിട്ട് ചാണകം മെഴുകി ശുദ്ധി വരുത്തണം. പന്തലിനു സ്ഥാനമുണ്ട്. വീടിന്റെ കിഴക്കു വശത്ത് ഏഴുകോൽ ചതുരത്തിൽ വേണം പന്തൽ. നാല് തൂണുള്ളതാകണം. അതിനു മുകളിൽ ഓലമേയാം. വശങ്ങൾ വെള്ള വസ്ത്രം കൊണ്ട് മറച്ച് ആലില, മാവില, പൂക്കൾ എന്നിവ കൊണ്ട് അലങ്കരിക്കാം.

കെട്ടുമുറുക്കുന്ന പന്തൽ
ഒരുക്കൽ ശുദ്ധമായ പീഠത്തിൽ അലക്കിയ മുണ്ടുവിരിച്ച് കിഴക്കോട്ട് ദർശനമായി അയ്യപ്പന്റെ ചിത്രം വെയ്ക്കണം. അതിനു മുന്നിൽ തൂശനിലയിട്ട് വേണം നിലവിളക്കുവെയ്ക്കാൻ. ഗണപതിയൊരുക്കുവെയ്ക്കാനും തൂശനില വേണം. ഗണപതിയൊരുക്കുവെച്ച് നിലവിളക്കു കൊളുത്തണം. പുതിയ പായ് വിരിച്ച് അതിൽ വേണം കെട്ടിലേക്കുള്ള സാധനങ്ങൾ വെയ്ക്കാൻ.

നെയ്ത്തേങ്ങ ഒരുക്കൽ
നാളികേരം കിഴിച്ച് അതിലെ ജലാംശം പൂർണമായും കളയണം. നെയത്തേങ്ങയുടെ പുറത്തെ ചകിരിയും ചിരണ്ടി കളഞ്ഞു വേണം ഒരുക്കാൻ.

കെട്ടുമുറുക്കുമ്പോൾ
നിലവിളക്കു തെളിയിച്ച് ശരണംവിളിച്ച് വേണം കെട്ടുമുറുക്ക് തുടങ്ങാൻ. നിലവിളക്കിനു മുന്നിൽ വെറ്റിലയും പാക്കും നാണയവുമായി പൂർവികരെ ഓർത്ത് ദക്ഷിണവെയ്ക്കണം.അതിനു മുമ്പ് ഇരുമുടി കെട്ടിൽ കൊണ്ടുപോകേണ്ട സാധനങ്ങവ്‍ ഓരോന്നായി എടുത്ത് കെട്ടിവെയ്ക്കണം. പ്ലാസ്റ്റിക് നിരോധിച്ചിട്ടുള്ളതിനാൽ പേപ്പറിൽ പൊതിയുകയോ ചെറിയ തുണിസഞ്ചിയിൽ ഇട്ട് കെട്ടിവെയ്ക്കുകയോ മതി. ഇരുമുടിയെടുത്ത് അയ്യപ്പനെ മനസിൽ ധ്യാനിച്ച് ശരണംവിളിച്ചു വേണം കെട്ടുമുറുക്ക് തുടങ്ങാൻ. അഭിഷേകപ്രിയനെ പ്രാർഥിച്ചാണ് നെയ്ത്തേങ്ങ നിറയ്ക്കുന്നത്. കിഴിച്ച നാളികേരത്തിൽ ആദ്യത്തെ നെയ്യ് ഒഴിച്ചു കൊടുക്കേണ്ടതും അതാത് ഭക്തനാണ്. നെയ് നിറച്ചാൽ ചോരാതിരിക്കാൻ കോർക്കുകൊണ്ട് അടച്ച് അതിനു മുകളിൽ പർപ്പടകം നനച്ച് ഒട്ടിക്കണം. അന്നദാന പ്രഭുവിനെ ശരണംവിവിച്ച് കെട്ടിൽ മൂന്നുതവണ അരിയിടണം. മുൻകെട്ടിൽ വഴിപാട് സാധനങ്ങളും പിൻകെട്ടിൽ ഭക്ഷണ സാധനങ്ങളുമാണ്.

ദക്ഷിണ
കെട്ടുമുറുക്കി കഴിഞ്ഞാൽ വീട്ടിലുളള മാതാപിതാക്കൾക്കും മുതിർന്നവർക്കും ദക്ഷിണ നൽകണം. അതിനു ശേഷം വേണം ഗുരുസ്വാമിക്ക് ദക്ഷിണ നൽകാൻ. ഓരോരുത്തരുടെയും കഴിവിന് അനുസരിച്ചാണ് ഗുരുസ്വാമിക്ക് ദക്ഷിണ കൊടുക്കാറുള്ളത്.

കെട്ട് ശിരസിലേറ്റും മുമ്പ്
കറുപ്പോ കാവിയോ വസ്ത്രം ഉടുത്ത് തലയിൽ തോർത്തു കെട്ടി പ്രാർഥിക്കണം. കറുപ്പസ്വാമിയേ ശരണംവിളിച്ച് ഗുരുസ്വാമി കറുപ്പുകച്ച അരയിൽ കെട്ടും. അതിനു ശേഷം കെട്ടിൽ തൊട്ടുതൊഴുത് സരണംവിവിച്ച് കിഴക്കിന് അഭിമുഖമായി നിന്നു വേണം കെട്ട് ശിരസിലേറ്റാൻ. പന്തലിനു പ്രദക്ഷിണം കെട്ട് ശിരസിലേറ്റിയാൽ കിഴക്കോട്ട് ഇറങ്ങി പന്തലിനു മൂന്നു പ്രദക്ഷിണംവെച്ചു വേണം ഇറങ്ങാൻ.

നല്ല ശകുനം
ശബരിമല യാത്രയിൽ അയ്യപ്പന്മാർക്ക് ആപത്തുകൾ ഒന്നും ഉണ്ടാകാതിരിക്കാൻ പഴമക്കാർ നല്ലശകുനം വേണമെന്നു പറയുന്നു. ഇതിനായി കത്തിച്ച നിലവിളക്കുമായി അമ്മയോ മുത്തശിയോ വീടിന്റെ മുറ്റത്ത് വഴിതുടങ്ങുന്ന ഭാഗത്ത് നിൽക്കണം.

യാത്രയിൽ കരുതേണ്ടവ
∙ തോൾ സഞ്ചി.
∙ എപ്പോഴും െടുക്കേണ്ട തോൾ സഞ്ചിയിൽ ഇടണം.
∙ ബഡ്ഷീറ്റ്, പായ്, കുത്തുവിളക്ക്.
∙ബഡ്ഷീറ്റ് മടക്കി തലയിൽ വെച്ച ശേഷം അതിനു മുകളിലാണ് ഇരുമുടിക്കെട്ട് വെയ്്ക്കേണ്ടത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർ ഇരുമുടിക്കെട്ട് ബെഡ്ഷീറ്റിനുള്ളിലാക്കി വെയ്ക്കാറുണ്ട്.
 ∙ പമ്പയിലും സന്നിധാനത്തു നല്ല മഞ്ഞുണ്ട്. അതിനാൽ പനിക്കുള്ള ഗുളിക കരുതുക.
∙നടന്നു മവലകയറുമ്പോൾ കാലിനു വേദന അനുഭവപ്പെട്ടാൽ പുരട്ടാൻ വേദന സംഹാരി.
∙ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ സ്ഥിരമായി കഴിക്കുന്ന മുഴുവൻ മരുന്നുകളും കരുതണം.
∙ നെയ്യഭിഷേകം ചെയ്യാൻ പാത്രം വേണം. സംഘത്തിലെ മുഴുവൻ പേരുടെയും നെയ്ത്തേങ്ങ പൊട്ടിച്ച് അഭിഷേകം ചെയ്യാൻ പറ്റുന്ന പാത്രം വേണം കരുതാൻ.
∙ ഹൈക്കോടതി കുപ്പിവെളള വിൽപ്പന കർശനമായി നിരോധിച്ചിട്ടുണ്ട്. വേനലിന്റെ തീവ്രത കൂടുന്നതോടെ ജലക്ഷാമവും ഉണ്ട്. കരിമലയിലെ കാട്ടുപാതയിലൂടെ കാൽനടയായി എത്തുന്നവർക്ക് ഇടയ്ക്ക് വെള്ളം കിട്ടാനും മാർഗമില്ല. അതിനാൽ കുടുക്കാനുളള വെളളം കരുതണം.

രോഗികൾ ശ്രദ്ധിക്കേണ്ടത്
∙ശബരിമല ദർശനത്തിനു പോകുന്നവർ വൈദ്യ പരിശോധന നടത്തി ശാരീരികക്ഷമത ഉറപ്പാക്കണം.
∙പ്രമേഹം, രക്‌തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവർ ഡോക്‌ടറെ കണ്ടു രോഗം നിയന്ത്രണ വിധേയമാണെന്ന് ഉറപ്പാക്കണം. ∙ശാരീരിക പ്രശ്‌നങ്ങളുള്ളവർ ഒരു സഹായിയെകൂടി കൊണ്ടുപോകണം. .
∙ചികിൽസാ രേഖകൾ, കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ തുടങ്ങിയവ ഒപ്പം കരുതണം.
∙പമ്പയിൽ നിന്നു മല കയറുന്നതിനു മുൻപ് വയറു നിറയെ ഭക്ഷണം കഴിക്കരുത്. കഴിവതും ഒന്നും കഴിക്കാതെ, അല്ലെങ്കിൽ ലഘുഭക്ഷണം മാത്രം കഴിച്ചു മല കയറുക.
∙ ഓടി മലകയറരുത്. പെട്ടെന്ന് ക്ഷീണിക്കും.
∙ ആവശ്യത്തിനു വിശ്രമിച്ചു മാത്രം മല കയറുക. കയറ്റത്തിനിടയിൽ ക്ഷീണമോ തളർച്ചയോ ശ്വാസംമുട്ടലോ അനുഭവപ്പെട്ടാൽ വിശ്രമിക്കുക.
∙മല കയറുന്നതിനിടയിൽ അമിതക്ഷീണം അനുഭവപ്പെട്ടാൽ ഗ്ലൂക്കോസോ പഴവർഗങ്ങളോ കഴിക്കുക. ധാരാളം വെള്ളം കുടിക്കണം.
∙പ്രമേഹ രോഗികൾ മല കയറുമ്പോൾ രക്‌തത്തിൽ പഞ്ചസാരയുടെ അളവു കുറയുന്ന ഹൈപ്പോ ഗ്ലൈസീമിയ ഉണ്ടാകാനിടയുണ്ട്. അമിതക്ഷീണം അനുഭവപ്പെട്ടാൽ അൽപം മധുരം കഴിക്കുക. ∙മലകയറ്റത്തിനിടെ നെഞ്ചുവേദന, ശ്വാസംമുട്ടൽ, തലകറക്കം അനുഭവപ്പെട്ടാൽ അവഗണിക്കരുത്. പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ സർക്കാർ ആശുപത്രികൾ ഉണ്ട്. ഹൃദ്രോഗത്തിന്റെ പ്രഥമശുശ്രൂഷാ സൗകര്യം എല്ലായിടത്തും ഉണ്ട്.
∙ ആസ്‌മയുള്ളവർ പെട്ടെന്ന് ആശ്വാസം ലഭിക്കാൻ ഇൻഹേലറുകൾ കരുതുക.
∙ ശ്വാസംമുട്ടലുണ്ടായാൽ തൊട്ടടുത്തുളള ഓക്‌സിജൻ പാർലറുകളെ സമീപിക്കാവുന്നതാണ്.
∙അപസ്‌മാര രോഗികൾ ഉറക്കമിളയ്‌ക്കരുത്. രോഗം നിയന്ത്രണ വിധേയമായിരിക്കുമ്പോൾ മാത്രം മല കയറുക.
∙നേരത്തേ ഹൃദ്രോഗമുണ്ടായിട്ടുള്ളവർ മല ചവിട്ടിക്കയറുന്നതിനു പകരം ഡോളികളിൽ യാത്ര ചെയ്യുന്നതാണ് ഉചിതം.
∙യാത്രയ്‌ക്കിടയിൽ മുറിവുകളുണ്ടായാൽ ഡ്രസ് ചെയ്യാൻ വൃത്തിയുള്ള പഞ്ഞി, തുണി, ആന്റിസെപ്‌റ്റിക് ക്രീം എന്നിവ കരുതുക.

പേട്ടതുള്ളൽ
ശബരീശ സ്തുതിയിൽ നിറഞ്ഞ മണ്ഡല മകരവിളക്ക് കാലം. ശരണ കീർത്തനങ്ങൾ ഉരുക്കഴിയുന്ന ദിവ്യ മുഹൂർത്തത്തിലേക്ക് എരുമേലി കൺതുറന്നു. എവിടെയും സ്വാമി തിന്തകത്തോം നാദം, ശരണ കീർത്തനങ്ങൾ. വ്രതനിഷ്ഠയുടെ കാഠിന്യത്തിൽ അയ്യപ്പഭക്തർ കലിയുഗവരദനെ ദർശിക്കാൻ പോകുന്ന കാഴ്ചകളാണെവിടെയും. തുലാമാസത്തിലെ അവസാന രാത്രി എത്തുമ്പോൾ എരുമേലിക്ക് മറ്റൊരു മുഖമാണ്. വൃശ്ചികപ്പുലരിയിലേക്ക് ശബരിമല ഉണരുന്നതിനു മുൻപേ എരുമേലി ഉണരും. പേട്ടതുള്ളലിലേക്ക്. മഹിഷീനിഗ്രഹ സ്മരണയിലാണ് അയ്യപ്പന്മാരുടെ പേട്ട തുള്ളൽ. കൊച്ചമ്പലത്തിൽ ആരംഭിച്ച് വാവരുസ്വാമിയെ വണങ്ങി വലിയമ്പലത്തിൽ അവസാനിക്കുന്ന പേട്ടതുള്ളൽ. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങൾ ധനു 27നു നടത്തുന്ന പേട്ടതുള്ളലാണ് ഇതിൽ പരമപ്രധാനം.

കന്നി അയ്യപ്പന്മാർ
കന്നി അയ്യപ്പന്മാർ എരുമേലിയിൽ പേട്ട തുള്ളിയാണ് സന്നിധാനത്തേക്കു പോകുന്നത്.

പേട്ടതുള്ളാൻ
പേട്ടതുള്ളലിന് കടയിൽ നിന്നും ചായങ്ങൾ കിട്ടും. അവദേഹത്തു പൂശണം. ഗദ, വാൾ , പച്ചില കൊളുന്ത് തുടങ്ങി എല്ലാസാധനങ്ങളും കടയിൽ കിട്ടും. മഹിഷിയുടെ ജഡം എന്ന സങ്കൽപ്പത്തിൽ പച്ചക്കറികൾ കരിമ്പടത്തിൽ പൊതിഞ്ഞ് കമ്പിൽ കെട്ടി രണ്ടു പേർ എടുക്കണം. 

മേളക്കാർ
പമ്പ മേളത്തിന്റെ അകമ്പടി വേണം. പേട്ടതുള്ളനായി വരുന്നതു കാണുമ്പോഴേ മേളക്കാർ അടുത്തുകൂടും. നിരക്കു പറഞ്ഞുവേണം അവരെ വിളിക്കാൻ. അല്ലെങ്കിൽ അവസാനം കൂടിയ തുക കൊടുക്കേണ്ടിവരും.

പേട്ടതുള്ളൽ തുടങ്ങുന്നതും അവസാനിക്കുന്നതും
കൊച്ചമ്പലത്തിൽ നിന്നാണ് പേട്ട തുള്ളൽ ആരംഭിക്കുന്നത്. ക്ഷേത്രത്തിനു പ്രദക്ഷിണംവെച്ച് റോഡിന് എതിർവശത്തുള്ള വാവരു പള്ളിയിൽ കയറി പ്രദക്ഷിണംവെച്ച് കാണിക്കയിട്ട് വാവരു സ്വാമിയെ പ്രാർഥിച്ച് ഇറങ്ങി നേരെ വലിയമ്പലത്തിലേക്ക്. അവിടെ പ്രദിക്ഷിണംവെച്ചാണ് പേട്ടതുള്ളൽ പൂർത്തിയാക്കുക. വലിയമ്പലത്തിൽ ശക്തിക്കൊത്ത വഴിപാടും നടത്തണം.

അപകടം ഒഴിവാക്കാൻ
മെയിൻ റോഡിലൂടെയാണ് പേട്ടതുള്ളൽ കടന്നുപോകുന്നത്. എപ്പോഴും വാഹനങ്ങളും ഇതിനിടയിലൂടെ വരുന്നുണ്ടാകും. അതിനാൽ അപകടം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊച്ചമ്പലത്തിൽ നിന്ന് ഇറങ്ങി വാവരു പള്ളിയിലേക്ക് കയറാൻ റോഡ് മുറിച്ചു കടക്കണം. വാവരു പള്ളി മുതൽ വലിയമ്പലം വരെ റോഡിലൂട‌െയാണ് പേട്ടതുള്ളൽ കടന്നു പോകുന്നത്.

കുളി
പേട്ടതുള്ളിക്കഴിഞ്ഞാൽ കുളിച്ച് ദേഹത്തെ ചായം കളയണം. വലിയമ്പലത്തിനു മുന്നിലെ തോട്ടിൽ കുളിക്കാം. അവിടെ കുളിക്കുന്നതിന് പ്രത്യേക ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

എരുമേലി മുതൽ പമ്പ വരെ
പമ്പ വരെ വാഹനത്തിൽ എത്താമെങ്കിലും ഇപ്പോഴും കല്ലും മുള്ളുംചവിട്ടിയും കാടും മേടും താണ്ടി യുള്ള കാനനയാത്രയാണ് ഭക്തർക്ക് പ്രിയം. എരുമേലിയിൽ നിന്ന് അയ്യപ്പൻമാരുടെ പിന്നീടുള്ള യാത്ര കാൽനടയായി കാട്ടിലൂടെയാണ്. കല്ലും മുള്ളും കയറ്റവും ഇറക്കവും വന്യമൃഗങ്ങളും നിറഞ്ഞ കാനനവഴിയിലൂടെയുള്ള യാത്ര മനസ്സും ശരീരവും ശുദ്ധമാക്കുന്ന പ്രക്രിയ കൂടിയാണ്. ഒപ്പം പ്രകൃതിയെ അറിഞ്ഞും അനുഭവിച്ചുമുള്ള യാത്ര. ആ യാത്രാവഴികളിലൂടെ...

ഇരുമ്പൂന്നിക്കര
എരുമേലിയിൽ നിന്നു മുണ്ടക്കയത്തേക്കുള്ള വഴിയിലൂടെ മൂന്നു കിലോമീറ്റർ നടന്നുകഴിയുമ്പോൾ ഇരുമ്പൂന്നിക്കരയിലേക്കു വഴിതിരിയണം. ഇതു രണ്ടു കിലോമീറ്റർ പിന്നിടുമ്പോൾ വനാതിർത്തിയിലെത്തുകയായി.

കോയിക്കകാവ്
കോയിക്കകാവ് ഫോറസ്‌റ്റ് ചെക്ക് പോസ്‌റ്റ് കടന്നുവേണം കാട്ടിലേക്കു കയറാൻ. ഇവിടം മുതൽ തേക്കു വളർന്നു നിൽക്കുന്ന കുറ്റിക്കാട്. ആദ്യത്തെ ഇറക്കം എത്തുന്നത് ഒരു കൊച്ചരുവിയിലേക്കാണ്. അരയടി മാത്രം വെള്ളമുള്ള തോട്. കിടന്നൊന്നു കുളിക്കാം.

കോയിക്കമൂഴി
കാടിന്റെ കുളിർമയും നൈർമല്യവും നിറഞ്ഞ ഇതുപോലെയുള്ള കാട്ടരുവികൾ വഴിനീളെ അനുഭവിക്കാൻ കഴിയും. അടുത്ത കയറ്റം കയറി ചെല്ലുന്നത് മലമുകളിലെ സമതലപ്രദേശത്തേക്കാണ്. ഈ ഭാഗത്തുള്ള തേക്കുകൾ മുറിച്ചുമാറ്റി പകരം നട്ടുപിടിപ്പിച്ചിട്ട് അഞ്ചു വർഷമായതേയുള്ളൂ. തണൽ കിട്ടുകയില്ല. അര മണിക്കൂർ വെയിലേറ്റുള്ള യാത്രയ്‌ക്കൊടുവിൽ കോയിക്കമൂഴിയിലെത്തും. വനദൈവങ്ങൾക്കു വേണ്ടിയെന്നോണം നിർമിച്ച കാട്ടുകല്ലുകൾ കൊണ്ടുള്ള തറയും കല്ലു കൊണ്ടുള്ള വിഗ്രഹവും ഇവിടെയുണ്ട്. കർപ്പൂരവും സാമ്പ്രാണിയും കത്തിക്കാം. തൊട്ടടുത്തു പാറക്കെട്ടിലൂടെ പതഞ്ഞൊഴുകുന്ന അരുവിയുണ്ട്. കുളിച്ചു ക്ഷീണമകറ്റാം.

കാളകെട്ടി
അരമണിക്കൂർ കൂടി യാത്ര ചെയ്‌തെത്തുന്നത് കാളകെട്ടിയിലേക്കാണ്. ഇവിടെ മഹാദേവക്ഷേത്രവും കാളയെ കെട്ടിയെന്നു വിശ്വസിക്കപ്പെടുന്ന ആഞ്ഞിലിയുമുണ്ട്. അയ്യപ്പന്റെ അവതാരോദ്ദേശമായ മഹിഷീ നിഗ്രഹം ശിവ പാർവതിമാർ ഇവിടെയിരുന്നാണ് വീക്ഷിച്ചതെന്നാണ് ഐതിഹ്യം.

അഴുത
10 മിനിറ്റുകൂടി യാത്ര ചെയ്‌താൽ അഴുതയിലെത്തും. അഴുതയിൽ മുങ്ങി കല്ലെടുത്തു വേണം മേടു കേറാനെന്നാണു ആചാരം. ശക്‌തമായ ഒഴുക്കും ആഴവുമുണ്ട് അഴുതയ്‌ക്ക്. നടപ്പാലത്തിലൂടെ സുരക്ഷിതമായി അക്കരെയെത്താം. വി‌ശ്രമിച്ചു വേണം മലകയറാൻ.

അഴുതമേട്
കുത്തനെയുള്ള കയറ്റം കയറിയുള്ള യാത്രയാണ് പിന്നെ. ഒരു മണിക്കൂറോളം വേണ്ടിവരും മുകളിലെത്താൻ. വനത്തിനു നടുവിലൂടെയുള്ള ഒറ്റയടിപ്പാത. മണ്ണിലുയർന്നു നിൽക്കുന്ന മരങ്ങളുടെ വേരുകളും വലിയ പാറക്കല്ലുകളുമാണ് ചവിട്ടിക്കയറാനുള്ള വഴി. ഇടയ്‌ക്കിടെ പാറക്കെട്ടുകളിലിരുന്നു വിശ്രമിക്കാം. വൻമരങ്ങളെ തഴുകിവരുന്ന കാറ്റ് ക്ഷീണമകറ്റും.

കല്ലിടാംകുന്ന്
അഴുതമേടു കേറിയെത്തുന്നത് കല്ലീടാംകുന്നിലേക്കാണ്. അഴുതയിൽ നിന്നെടുത്ത ഉരുളൻ പാറക്കല്ലുകൾ നിറഞ്ഞുകിടക്കുന്നതു കാണാം. എല്ലാം അയ്യപ്പൻമാർ ഇട്ടു പുണ്യം നേടിയവ.

ഇഞ്ചപ്പാറ
ഒരു മലയുടെ മുകളിൽ നിന്ന് അര മണിക്കൂർ നടന്നെത്തുന്നത് ഇഞ്ചപ്പാറ കോട്ടയിലേക്കാണ്. ഇവിടെയൊരു ചെറിയ ക്ഷേത്രമുണ്ട്. മല അരയ സമുദായത്തിന്റെ മേൽനോട്ടത്തിൽ മണ്ഡല മകരവിളക്കുകാലത്തു മാത്രം തുറക്കുന്ന ക്ഷേത്രം. മലയുടെ മുകളിൽ ക്ഷേത്രമുറ്റത്ത് വിശാലമായ ഒരു കിണറുണ്ട്. കോൺക്രീറ്റ് ചെയ്‌തു മേൽഭാഗം മൂടിയ കിണറ്റിൽ നിന്നും വെള്ളമെടുക്കണമെങ്കിൽ വശത്തുള്ള ചെറിയ ഗുഹയിലൂടെ കുനിഞ്ഞു കയറണം. തീർഥാടന കാലത്തെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പൻമാർക്കു ദാഹമകറ്റുന്നതിനും ആഹാരം പാകം ചെയ്യുന്നതിനും മതിയാവോളം വെള്ളം നൽകുന്ന കിണറാണിത്.

മുക്കുഴി
ഇഞ്ചപ്പാറക്കോട്ടയിൽ നിന്ന് അര മണിക്കൂർ ഇറക്കം ഇറങ്ങിയാൽ മുക്കുഴിയിലെത്തും. ഇത് ഇടത്താവളമാണ്. ഇവിടെ ഒരു ദേവീ ക്ഷേത്രമുണ്ട്. മുക്കുഴി ദേവിയെ പ്രാർഥിച്ചുവേണം ഇനിയുള്ള യാത്ര. പമ്പയിലെത്തിച്ചേരാൻ ഏഴു മണിക്കൂറോളം നീണ്ട യാത്രയുണ്ട്. സൂര്യപ്രകാശം പോലും വീഴാൻ മടിക്കുന്ന കാട്ടിലെ ഒറ്റയടിപാതയിലൂടെ മാത്രമാണു യാത്ര. സംഘങ്ങളായി പോകുന്ന അയ്യപ്പൻമാരുടെ ശരണം വിളികൾ കാട്ടിൽ എവിടെയൊക്കെയോ മാറ്റൊലി കൊള്ളുന്നു. എല്ലാം അയ്യപ്പനിൽ സമർപ്പിച്ചുകൊണ്ടുള്ള ഈ യാത്ര തന്നെ ഭക്‌തിയുടെ പരമകോടിയാണ്. ചെറിയ കയറ്റങ്ങളും ഇറക്കങ്ങളും മാത്രമുള്ള വഴിയാണിത്. മറ്റൊരു പ്രത്യേകത എതിർദിശയിൽ നിന്ന് ആരും ഈ വഴി വരാറില്ല. കാരണം ഇതു മലയിലേക്കുള്ള യാത്ര മാത്രമാണ്. മടക്കയാത്ര ഇതുവഴിയല്ല. കാട്ടുവഴിക്കു സമീപം അയ്യപ്പൻമാർക്ക് ആവശ്യമുള്ള സാധനങ്ങൾ വിൽക്കാനുള്ള കടകളിലേക്കു ചുമടുമായി പോയവർ തിരികെ വരുന്നവരായി വല്ലപ്പോഴും കാണാം.

പുതുശേരി
മലയുടെ ചരിവുകളിലും താഴ്വാരങ്ങളിലും ചെറിയ നീരൊഴുക്ക് ധാരാളമായി ഉണ്ട്. ഇവിടെ കാലും മുഖവും ഒന്നു കഴുകുമ്പോൾ ക്ഷീണം പമ്പ കടക്കും. ആനകൂട്ടങ്ങളുടെ സാന്നിധ്യം എവിടെയോ ഉണ്ടെന്നു ബോധ്യപ്പെടുത്താനായി വഴിയിൽ എല്ലായിടത്തും പിണ്ടം. മുക്കുഴിയിൽ നിന്ന് മൂന്നു മണിക്കൂർ നടന്നാൽ പുതുശേരിയാറിന്റെ കരയിലാണെത്തും. ഇത് ഒരു ഇടത്താവളമാണ്. കുളിക്കാനും ഭക്ഷണം പാകം ചെയ്‌തു കഴിക്കാനും അയ്യപ്പൻമാർ തങ്ങുന്നത് ഇവിടെയാണ്. രാവിലെ എരുമേലിയിൽ നിന്നു തുടങ്ങുന്ന യാത്രയാണെങ്കിൽ രാത്രി പുതുശേരിയിൽ തങ്ങാതെ പോകാനാവില്ല. പിറ്റേദിവസം മഞ്ഞുമൂടിക്കിടക്കുന്ന പ്രഭാതമാണ് വരവേൽക്കുക. സൂര്യ രശ്‌മികൾ ഏൽക്കുന്നതുവരെ മഞ്ഞ് ആകാശമേലാപ്പിൻകീഴിൽ നിറഞ്ഞുനിൽക്കും. വീണ്ടും പുതുശേരിയാറ്റിൽ ഒരു കുളി കൂടി കഴിഞ്ഞാൽ കരിമല കയറ്റത്തിനുള്ള തയാറെടുപ്പാകാം.

കരിയിലാംതോട്
ഇനിയുള്ള യാത്ര കരിമലകയറ്റമായതിനാൽ വിശ്രമം അത്യാവശ്യമാണ്. കാട്ടരുവിയിൽ ഒന്നു മുങ്ങിപൊങ്ങിയാൽ ശരീരത്തിനും മനസ്സിനും തിരിച്ചുകിട്ടുന്നത് ഇതുവരെയില്ലാത്തൊരു ഊർജമാണ്. ശുദ്ധവും നിർമലവും ഔഷധഗുണമുള്ളതുമായ വെള്ളം 10 മാസം മനുഷ്യസ്‌പർശമേൽക്കാതെ കിടക്കുന്നതാണ്. ഇവിടെ രാത്രി തങ്ങുന്നവർക്ക് ഏതു നിമിഷവും ആനയെ കാണാനാകും. ഇന്നുവരെ ആനക്കൂട്ടങ്ങൾ ഇവിടെ ആരെയും ഉപദ്രവിച്ചതായി അറിവില്ല. അര മണിക്കൂർ യാത്ര ചെയ്‌താൽ കരിയിലാംതോടെത്തും. ഈ ചെറിയ കാട്ടരുവിയും തീർഥാടനപാതയിലെ ആചാരമനുഷ്‌ടിക്കാനുള്ളതാണെന്നത് അവിശ്വസനീയമായി തോന്നാം. തോടു കടക്കുന്നതിനു മുൻപ് ഒരു കരിയില കയ്യിലെടുക്കണം. ഇതുമായി തോടു കടന്നശേഷം കരിയില കരയ്‌ക്ക് ഇട്ട് അതിൽ കാൽ ചവുട്ടി വേണം കടക്കാൻ. കരിയിലയിൽ നിന്നും കാലെടുത്തു വയ്‌ക്കുന്നതു കരിമലയിലേക്കാണ്.

കരിമല കയറ്റം കഠിനം
ഏഴു തട്ടുള്ള കരിമല. ഒരു മലയിൽ നിന്നും കയറുന്നത് അടുത്ത മലയിലേക്ക്. ഒറ്റയടിപാതയിലൂടെയാണ് ഓരോ മലയും കീഴടക്കേണ്ടത്. കാടിന്റെ ഗാംഭീര്യവും അനന്തതയും അനുഭവിച്ചറിയുന്നത് കരിമലയിലാണ്. എവിടെയും ഇരുണ്ട പച്ച. കാടിന്റെ മേലാപ്പു മാത്രം. ഇലകളൊഴിഞ്ഞ ഭാഗത്തുകൂടി ആകാശം കാണാം. സൂര്യരശ്‌മി എത്താൻ മടിക്കുന്ന സ്‌ഥലമാണിത്. രണ്ടു മണിക്കൂർ നടന്നാൽ കരിമലമുകളിലെത്തും. ഇവിടെയാണ് തീർഥക്കുളം. രണ്ടാൾ മാത്രം താഴ്‌ചയുള്ള കിണറ്റിൽ വെള്ളം എന്നും ഒരേ അളവിൽ കാണുമെന്നതാണ് പ്രത്യേകത. ഇഞ്ചപ്പാറക്കോട്ട പോലെ അതിശയിപ്പിക്കുന്നതാണ് കരിമലമുകളിലെ തീർഥക്കുളം. താണ നിലത്തേ നീരുള്ളൂ എന്ന വിശ്വാസത്തെ മാറ്റിക്കുറിക്കുന്നതാണ് ഇത്രയും വലിയ ഉയരത്തിലുള്ള വറ്റാത്ത കുളം. ഇവിടെ വിശ്രമിച്ചശേഷം കയറിയ കയറ്റം അത്രയും ഇറങ്ങണം. കരിമല മുകളിൽ എപ്പോൾ എത്തുന്നവർക്കും അയ്യപ്പ സേവാസംഘത്തിന്റെ ക്യാംപിൽ സൗജന്യമായി ചൂടുകഞ്ഞി കിട്ടും. അതു കുടിച്ചു കയഴിയുമ്പോഴേ കയറ്റത്തിന്റെ ക്ഷീണം മുഴുവൻ അലിഞ്ഞു പോകും..

കരിമല ഇറക്കം
ഏഴു തട്ടായിട്ടാണ് കയറിയതെങ്കിൽ ഇറങ്ങേണ്ടത് ഒറ്റതട്ടിലൂടെയാണ്. ഇറക്കം ഒരു മണിക്കൂർ ഇറങ്ങിയാൽ പമ്പാനദീതീരത്തെത്തും. കുറെ ഭാഗത്ത് കല്ലുകെട്ടിയ പടികളുണ്ട്. പടിയില്ലാത്ത ഭാഗത്ത് സൂക്ഷിക്കണം. ചാറ്റൽമഴ പെയ്താൽ തെന്നിവീഴാൻ സാധ്യത ഏറെയാണ്.

വലിയാനവട്ടം
കരിമല ഇറങ്ങി ചെല്ലുന്നത് വലിയാനവട്ടത്തേക്ക്. പമ്പ പോലെ വിശാലമാണ്. ആയിരക്കണക്കിന് അയ്യപ്പന്മാരാണ് ഇവിടെ തങ്ങുന്നത്. മകരവിളക്കിനാണ് ഏറ്റവും വലിയ തിരക്ക്. ചെറിയാനവട്ടം ചെറിയ കയറ്റവും ഇറക്കവും കഴിഞ്ഞ് നേരെ എത്തുന്നത് ചെറിയാനവട്ടത്തേക്കാണ്. വിരിവെയ്ക്കാനും വിശ്രമിക്കാനും സൗകര്യമുണ്ട്.. നദിക്കരയിലൂടെ വീണ്ടും അൽപ്പം നടന്നാൽ പമ്പയിലെത്തും.

ശബരീശ സവിധത്തിലേക്ക്
തുലാമഴ തുവർത്തി വൃശ്‌ചികമഞ്ഞിന്റെ ഭസ്‌മം പൂശാനൊരുങ്ങുന്ന പ്രകൃതി. നാമജപാമൃതമന്ത്രങ്ങൾക്കു കാതോർത്ത് ധ്യാനനിമഗ്നമാകുന്ന കാറ്റ്. ആലസ്യക്കുളിരകറ്റി അകമേ ഭക്‌തിനാളങ്ങൾ കൊളുത്താനെത്തുന്ന പുലർവെയിൽ. വരവായി, തീർഥാടനത്തിന്റെ വൃശ്‌ചിക– ധനുമാസ പുലരികൾ. ശരണഘോഷങ്ങളുടെ മണ്ഡലക്കാലം. ഇനി, ശബരീശസുപ്രഭാതത്തിലുണർന്ന് ഹരിവരാസനത്തിലുറങ്ങുന്ന സന്നിധാനത്തെ പകലിരവുകളിലേക്ക് അണമുറിയാതൊഴുകുന്ന ഭക്‌തലക്ഷങ്ങൾ. മോഹമലകൾ താണ്ടി, മോക്ഷദായകമായ ശബരീശസവിധമണയാൻ ദൂരദിക്കുകളിൽ നിന്നെത്തുന്നവർ. പലദേവ സന്നിധിയിലും തൊഴുതാണ് ഭക്തർ പമ്പയിൽ എത്തുന്നത്. യാത്രാമധ്യേ തൊഴുതുവണങ്ങുന്ന ക്ഷേത്രസന്നിധികളെയും ഇടയ്ക്കു വിരിവച്ചു വിശ്രമിക്കുന്ന ഇടത്താവളങ്ങളെയും പോലുമല്ല പമ്പയും സന്നിധാനവും. തിരക്കോട് തിരക്കാണ്. മലകയറി പടിചവിട്ടി തിരുസന്നിധിയിൽ എത്തി ശബരീശ ദർശനം കഴിഞ്ഞ് മടങ്ങും വരെ എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ വേണം.

പമ്പയിൽ എത്തുമ്പോൾ
കെഎസ്ആർടിസി ബസിലോ സ്വകാര്യ വാഹനത്തിലോ കാൽനടയായോ പമ്പയിൽ എത്താം. എല്ലാ വാഹനങ്ങളും ത്രിവേണി പെട്രോൾ പമ്പ് വരെ എത്തും. അയ്യപ്പന്മാർക്ക് ഇറങ്ങാനായി അധികം സമയം ത്രിവേണിയിൽ നിർത്താൻ അനുവദിക്കില്ല. അതിനാൽ പമ്പയിൽ എത്തും മുമ്പേ ഇറങ്ങാനായി തയാറായിരിക്കണം.

പിതൃതർപ്പണം
മൺറഞ്ഞവരുടെ ഓർമപുതുക്കി പിതൃപ്രീതിക്കായി ബലിയിട്ടാണ് നല്ലൊരുഭാഗം തീർഥാടകരും മലകയറുക. പമ്പയിൽ ത്രിവേണി വലിയപാലത്തിനു മുകളിലാണ് ബലിപ്പുരകൾ.

പുണ്യ സ്നാനം
പമ്പയിൽ മുങ്ങി സ്നാനം ചെയ്താണ് മലചവിട്ടേണ്ടത്. വൃശ്ചികത്തിന്റെ ആദ്യനാളുകളിൽ പമ്പയിൽ നല്ല വെള്ളമാണെങ്കിലും അവസാനമാകുമ്പോഴേക്കും വെള്ളം മലിനമാകും. നദിയുടെ കരയിൽ ഇരുമുടിക്കെട്ടുവെച്ച് സ്നാനത്തിനായി ഇറങ്ങുന്നവർ സൂക്ഷിക്കണം. പണമടങ്ങിയ സഞ്ചികൾ മോഷ്ടാക്കൾ അപഹരിച്ചു പോകുന്ന സംഭവങ്ങൾ ഏറെയുണ്ട്. അതിനാൽ ശ്രദ്ധിക്കണം.

വെർച്വൽക്യു പാസ്
ഓൺലൈൻ വഴി വെർച്വൽക്യു ബുക്കുചെയ്തവർ കംപ്യൂട്ടറിൽ ഡൗൺലോഡ് ചെയ്തവർ ത്രിവേണിയിൽ പമ്പാമണൽപ്പുറത്തുള്ള രാമമൂർത്തി മണ്ഡപത്തിലെ പൊലീസ് കൗണ്ടറിൽ കാണിച്ച് പാസ് വാങ്ങണം.

പമ്പാഗണപതികോവിൽ
സന്നിധാനത്തേക്കുള്ള യാത്രയിലെ ആദ്യസ്ഥാനം പമ്പാ ഗണപതികോവിലാണ്. വിഘ്നങ്ങൾ അകറ്റാൻ വിഘ്നേശ്വരനു നാളികേരം ഉടച്ച് ഉപദേവന്മാരെ തൊഴുത് മലചവിട്ടാം.

ദേവസ്വം ഗാർഡ്റൂം
10നും 50നും മധ്യേപ്രായ സ്ത്രീകൾക്ക് ഇവിടെ വരെ മാത്രമേ പ്രവേശനമുള്ളു...
നീലിമല അടിവാരം
വഴി രണ്ടായി പിരിയുന്നു. നീലിമല പാതയും സ്വാമി അയ്യപ്പൻ റോഡും.

നീലിമല പാത
പരമ്പരാഗത പാത. കുത്തനെയുള്ള മലകയറ്റം അതിൽ വിശ്രമിച്ചു വേണം കയറാൻ. എന്തെങ്കിലും അസ്വസ്ഥത ഉണ്ടായാൽ നീലിമലയിലെ കാർഡിയോളജി സെന്ററിൽ ചികിൽസ തേടുക.

അപ്പാച്ചിമേട്
ഭൂതനാഥന്റെ ആജ്ഞാകാരനായ കടുരവൻ ദുർദേവതകളെ അടക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. ദുർദേവതകളുടെ പ്രീതിക്കായി ഇവിടെ ഇരുവശത്തുമുള്ള അപ്പാച്ചി ഇപ്പാച്ചി കുഴികളിൽ ഉണ്ട വഴിപാട് നടത്തണം. കുത്തനെയുള്ള കയറ്റമായതിനാൽ വിശ്രമിച്ചു വേണം കയറാൻ. ഇവിടെയും കാർഡിയോളജി സെന്റർ ഉണ്ട്.

ശബരിപീഠം
ശബരി തപസ് അനുഷ്ഠിച്ച സ്ഥലം. കാനനത്തിലെ ഏഴ് കോട്ടകളിൽ ഒന്ന്. ശബരിക്കു മോക്ഷം കിട്ടിയ സ്ഥാനം കൂട‌ിയാണ്.

മരക്കൂട്ടം
പാത രണ്ടായി തിരിയുന്നു. പതിനെട്ടാംപടി കയറാനുള്ളവർ മേൽപ്പാലത്തിലൂടെ ശരംകുത്തിവഴി പോകണം.. വെർച്വൽക്യുവിന്റെ പാസ് ഉള്ളവർക്ക് ശരംകുത്തിലേക്ക് പോകാതെ ചന്ദ്രാനന്ദൻ റോഡ് വഴി നേരെ സന്നിധാനത്തിലേക്ക് എത്താം.

ശരംകുത്തി
മറവപ്പടയെ തുരത്തി നീങ്ങിയ അയ്യപ്പനും സംഘവും തങ്ങളുടെ കൈവശമുള്ള ആയുധങ്ങൾ ഉപേക്ഷിച്ച സ്ഥലമാണിത്. എരുമേലിയിൽ പേട്ടതുള്ളി കന്നി അയ്യപ്പന്മാർ കൊണ്ടുവരുന്ന ശരക്കോൽ നിക്ഷേപിക്കുന്നതും ശരംകുത്തിയിലാണ്.

വലിയനടപ്പന്തൽ
 പതിനെട്ടാംപടി കയറുന്നതിനുള്ള ക്യു നിൽക്കുന്നത് വലിയ നടപ്പന്തലിലാണ്. പലപ്പോഴും നീണ്ടനിരയാണ്. വെർച്വൽ ക്യുവിന്റെ പാസുള്ളവർക്കായി ഒരുനിര ഒഴിച്ചിട്ടിട്ടുണ്ട്. പാസ് പൊലീസിനെ കാണിച്ചുവേണം ക്യുനിൽക്കാൻ.

പതിനെട്ടാംപടി
സത്യമായ പൊന്നുപതിനെട്ടാംപടി ഇരുമുടിക്കെട്ടില്ലാതെ കയറാൻ പറ്റില്ല. പടികയറും മുമ്പ് ഇരുമുടിക്കെട്ട് അഴിച്ച് നാളികേരം എടുക്കണം. നാളികേരം ഉടച്ച് ശരണംവിളിച്ച് പടിതൊട്ട് വന്ദിച്ചുവേണം മലകയറാൻ.

 ശ്രീകോവിൽ
പടികയറി ഇടത്തേക്ക് തിരിഞ്ഞ് മേൽപ്പാലത്തിലൂടെ വേണം ശ്രീകോവിലിനു മുന്നിൽ എത്തി ദർശനം നടത്താൻ. ഭക്തവൽസലനെ കൺകുളിർക്കെ കണ്ടുതൊഴാം. കന്നിമൂല ഗണപതിയേയും നാഗരാജാവിനേയും ദർശിച്ച് മാളികപ്പു‌റത്തേക്ക്.

മാളികപ്പുറം
കൊച്ചുകടുത്ത സ്വാമി, മണിമണ്ഡപം, നവഗ്രഹം എന്നിവിടങ്ങളിൽ തൊഴുത് മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിനു മുന്നിൽ എത്തി ദർശനം നടത്താം.

നെയ്യഭിഷേകം
അയ്യപ്പ സ്വാമിയുടെ ഇഷ്ടവഴിപാടാണ് നെയ്യഭിഷേകം. പുലർച്ചേ 4.30 മുതൽ 11.30 വരെയാണ് നെയ്യഭിഷേകം.. വടക്കേനടയിലെ നടപ്പന്തലിനു മുകളിലാണ് നെയ്യഭിഷേകത്തിനു കാത്തുനിൽക്കേണ്ടത്. . ഉച്ചകഴിഞ്ഞ് നെയ്യഭിഷേകമില്ല. കാത്തുനിൽക്കാൻ സമയമില്ലാത്തവർക്ക് നെയ്ത്തേങ്ങ പൊട്ടിച്ച് തോണിയിൽ നെയ്യ് ഒഴിക്കാം. എല്ലാ ദിവസവും ഉച്ചക്ക് തോണിയിലെ നെയ്യ് എടുത്ത് അഭിഷേകം കഴിക്കുന്നതിന് ഇത്തവണ സംവധാനം ഉണ്ട്.

വഴിപാട് കൗണ്ടർ
പതിനെട്ടാംപടിക്ക് സമീപവും മാളികപ്പുറത്തുമാണ് അപ്പം, അരവണ വഴിപാട് പ്രസാദങ്ങൾ കിട്ടുന്ന കൗണ്ടറുള്ളത്.

താമസം
താമസത്തിന് ദേവസ്വം അക്കോമഡേഷൻ സെന്ററിനെയാണ് സമീപിക്കേണ്ടത്. വടക്കേനടയിൽ മരാമത്ത് ഓഫിസിന് എതിർവശത്താണ് അക്കോമഡേഷൻ ഓഫിസ്. സന്നിധാനത്തിൽ താമസ സൗകര്യത്തിനു പുതിയ കെട്ടിടങ്ങളില്ല. അതിനാൽ മുറികൾ കിട്ടാൻ ബുദ്ധിമുട്ടുകൾ ഏറെയുണ്ട്. വിഐപികൾക്ക് താമസ സൗകര്യം ഒരുക്കാൻ ദേവസ്വം ഗസ്റ്റ് ഗൗസുണ്ട്. 43 മുറികളാണ് അതിലുള്ളത്. തിരുവനന്തപുരം നന്തൻകോട്ടുള്ള ദേവസ്വം കമ്മിഷണർ ഓഫിസിലാണ് ബുക്ക് ചെയ്യേണ്ടത്. ഫോൺ 0471 2314288.