ശരണം വിളിയാണു നാവിലും മനസ്സിലും. സ്വാമിയെ കാണാനുള്ള വെമ്പലാണു കണ്ണുകളിൽ...
പതിനെട്ടാം പടികയറുമ്പോൾ നെഞ്ചിടിപ്പേറുന്നു, അതാ, ശ്രീകോവിലിനുള്ളിൽ
ഹരിഹരസുതന്റെ രൂപം.. സ്വാമിയേ ശരണമയ്യപ്പാ. കൈകൂപ്പി നിൽക്കുമ്പോൾ ആ ശ്രീകോവിൽ
ഭക്‌തരോടു പറയും, ‘തത്വമസി’. അതു നീയാകുന്നു.. ഈശ്വരൻ നീ തന്നെയാകുന്നു. നിന്റെ
ഉള്ളിലാണു ദൈവം.
ഈ അയ്യപ്പസന്ദേശം ശബരിമലയിൽ സ്‌ഥാപിക്കണമെന്നു സ്വാമി
ചിന്മയാനന്ദനാണു നിർദേശിച്ചത്. കറുപ്പുടുത്ത്, ഇരുമുടിക്കെട്ടുമായി മലകയറുന്ന
ഭക്‌തന്റെ യാത്രയ്‌ക്കു പൂർണത നൽകാൻ ഇതിൽപരമെന്ത്?
വിദേശത്തു നിന്നും
വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുമുൾപ്പെടെയുള്ള ലക്ഷക്കണക്കിനു ഭക്‌തർ ഇക്കുറിയും
‘തത്വമസി’യുടെ പൊരുൾ നെഞ്ചേറ്റും. പതിനെട്ടാം പടി കയറുന്ന സിനിമാ താരങ്ങളിലും
ഐടി പ്രഫഷനലുകളിലും വൻ വ്യവസായികളിലും രാഷ്‌ട്രീയ നേതാക്കളിലും
ഉന്നതോദ്യോഗസ്‌ഥരിലും അരവയർ മുറുക്കി പതിനെട്ടാം പടി കയറുന്നവരിലുമെല്ലാമുള്ളത്
ഒരേ ഈശ്വരൻ എന്ന സമത്വസന്ദേശം. മറ്റു സംസ്‌ഥാനങ്ങളിലെ തീർഥാടകരിൽ ഭൂരിഭാഗവും
മലയ്‌ക്കു പോകാൻ മാലയിട്ടുകഴിഞ്ഞാൽ ചെരുപ്പ് ധരിക്കില്ല, ആഡംബര ജീവിതം
നയിക്കില്ല. ഏറെപ്പേരും വ്രതനാളുകളിൽ കറുപ്പുടുക്കും. പൂർണമായും ഈ
വേഷത്തിലേക്കു മാറാൻ കഴിയാത്ത പ്രഫഷനലുകളും മറ്റും കഴുത്തിൽ കറുപ്പുഷാളണിയും.
മറുനാട്ടിലെ മലയാളികളും കഠിനവ്രതത്തിന്റെ ശുദ്ധിയോടെയാണു മലകയറുക.
ശബരിമലയിലേക്ക് ഒരു വട്ടമെത്തിയവർക്ക് വീണ്ടും വീണ്ടും അവിടേക്കു പോകണമെന്ന
ചിന്തയാണ്. ആ മലനിരകൾ പകരുന്ന ഗുണപരമായ ഊർജപ്രവാഹമാണത്. എല്ലാ
അതിരുകൾക്കുമപ്പുറത്ത്, മനുഷ്യനെ ഒന്നായി കാണുന്ന ദർശനം. ഈശ്വരനും ഭക്‌തനും
ഒന്നാണെന്നു പഠിപ്പിക്കുന്ന തത്വചിന്ത. വ്രത നാളുകളിൽ മനസ്സിൽ നിറയുന്ന എളിമയും
തിന്മകളിൽ നിന്നുള്ള അകൽച്ചയും വ്യക്‌തികളെ ആന്തരികമായി ശുദ്ധീകരിക്കുകയും
ചെയ്യുന്നു.