അയ്യപ്പ കഥ പൂർണ രൂപത്തിൽ...

ടി.കെ.രാജപ്പൻ

∙ദത്തനും ലീലയും
ധര്‍മ്മത്തിനു ക്ഷയം സംഭവിച്ച കാലം. ത്രിമൂര്‍ത്തികള്‍ ഒത്തു കൂടി. എങ്ങനെയും ധര്‍മ്മം നിലനിര്‍ത്തി ലോകത്തെ രക്ഷിക്കണം. അവര്‍ ചിന്തിച്ചു.
പ്രപഞ്ച ശക്തികള്‍ ഏകോപിച്ച് ഒരു ശക്തിക്ക് രൂപം നല്‍കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ദത്തന്‍ പിറന്നു. ഇതേസമയം ദേവിമാരും ഒത്തുകൂടി അവരുടെ ശക്തികള്‍ ഏകോപിപ്പിച്ച് ത്രിലോകജ്ഞാനിയാ ഗാലവ മഹര്‍ഷിയുടെ മകളായി ലീലയും പിറന്നു. കാലം കടന്നു പോയി. ദത്തനും ലീലയും വിവാഹിതരായി.
ലീല ലൗകികതയില്‍ ചിന്തിച്ചു. ദത്തനോടൊപ്പം ദീര്‍ഘകാലം സുഖിച്ചു കഴിയാനായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ ദത്തനാകട്ടെ ലൗകിക കാര്യങ്ങളില്‍ താല്‍പ്പര്യമില്ല.അവതാര ലക്ഷ്യം നേടണമെന്ന ചിന്തയായിരുന്നു. ദത്തന്‍ തന്റെ ഇഷ്ടത്തിനൊത്ത് നില്‍ക്കുന്നില്ലെന്നു കണ്ടതോടെ ലീലക്ക് ദേഷ്യമായി. ഒരു ദിവസം അവള്‍ ദത്തനെ തടഞ്ഞു നിര്‍ത്തി. അങ്ങയുടെ പ്രിയ പത്നിയാണ് ഞാന്‍. എന്നെ കൈവെടിയരുത്. ലൗകിക സുഖങ്ങളില്‍ മുഴുകി ഉള്ള കാലമത്രയും ജീവിക്കണം. – അവള്‍ പറഞ്ഞു നോക്കി.
ലീലേ നീ വെറും ചപലയാകരുത്. ദത്തന്‍‌ ഓര്‍മിപ്പിച്ചു. ഞാന്‍ അങ്ങെയുടെ മഹിഷിയാണ്. അതിനാല്‍ എന്നോടൊപ്പം സുഖിച്ചു വാഴുകയെന്നു പറഞ്ഞ് അവള്‍ ദത്തന്റെ കരംഗ്രഹിച്ചു.
ഛേ.... മാറിനല്‍ക്കു... എന്നു പറഞ്ഞ് ലീലയെ തള്ളിനീക്കി. നീ...മഹിഷീ രൂപത്തോടെ അസുരകുലത്തില്‍ പിറക്കട്ടെ എന്നു ദത്തനെ ശപിച്ചു. ഇതു കേട്ടു കോപാകുലയായ ലീല ദത്തനെയും തിരിച്ചു ശപിച്ചു. ഞാന്‍ മഹിഷിയായി ജന്മമെടുക്കുമ്പോള്‍ നീ മഹിഷമായി ജനിക്കട്ടെ. അതോടെ ശാപമോക്ഷവുമാകട്ടെ..... എന്നതായിരുന്നു ശാപം.

∙രംഭാസുരന്റെ മകനായ മഹിഷന്‍
കാലങ്ങള്‍ പലതു കഴിഞ്ഞു. രംഭാസുരന്റെ മകനായി മഹിഷന്‍ എന്ന ഒരസുരന്‍ ഭൂമിയില്‍ ജനിച്ചു. അവന്‍ ബ്രഹ്മാവിനെ ധ്യാനിച്ച് വളരെക്കാലം തപസ് അനുഷ്ഠിച്ചു. പലരീതിയില്‍ കടുത്ത പരീക്ഷണങ്ങള്‍ നല്‍കിയിട്ടും തപസില്‍ നിന്ന് അവനെ പിന്തിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു. ഭക്താ.... ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു..... എന്തുവരം വേണമെങ്കിലും ചോദിച്ചോളു....
ഇതു കേട്ട് മഹിഷന്‍ പറഞ്ഞു. ഭഗവാനേ ഭൂമിയില്‍ പിറക്കുന്ന ആര്‍ക്കും എന്നെ കൊല്ലാന്‍ കഴിയാത്തവണ്ണം വരം നല്‍കേണമേ.... അങ്ങനെ തന്നെയാകട്ടെ..... അനുഗ്രഹിച്ച് ബ്രഹ്മാവ് മറഞ്ഞു.
വരബലത്താല്‍ മഹിഷന്‍ അഹങ്കരിച്ചു. ഭൂമിയില്‍ ഉടനീളം അവന്‍ നാശം വിതച്ചു. ജനങ്ങള്‍ ഭയന്നുവിറച്ചു. ഭൂമിയെ വിറപ്പിച്ച മഹിഷാസുരന്‍ നേരെ ദേവലോകത്ത് എത്തി. അവിടെയും ആക്രമണം തുടര്‍ന്നു.
സഹികെട്ട ദേവന്മാര്‍ ത്രിമൂര്‍ത്തികളെ ശരണംപ്രാപിച്ചു. വരബലമുള്ളതിനാല്‍ മഹിഷനെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ത്രിമൂര്‍ത്തികള്‍ മനസിലാക്കി.അതിനു പകരം എല്ലാദേവന്മാരുടെയും വൈശിഷ്ഠ്യങ്ങള്‍ സമ്വയിപ്പിച്ച് ചണ്ഡികാദേവിയെന്ന ദിവ്യ ശക്തിയെ സൃഷ്ടിച്ചു. മഹിഷനെ നേരിടാന്‍ ദേവിയെ അയച്ചു. ഒടുവില്‍ അവതാര ഉദ്ദേശം സഫലമാക്കി മഹിഷനെ ദേവി വധിച്ച് ദേവി അവതാര ഉദ്ദേശം പൂര്‍ത്തീകരിച്ചു.

∙പകയുമായി മഹിഷി
രംഭന്റെ സഹോദരന്‍ കരംഭന്റെ പുത്രിയാണ് മഹിഷി. തന്റെ സഹോദരന് ഉണ്ടായ നാശത്തിനു കാരണം ദേവന്മാരാണെന്ന് മനസിലാക്കി.അതോടെ അവരോട് കടുത്ത പകയായി. എങ്ങനെയും ദേവന്മാര്‍ക്ക് നാശം ഉണ്ടാക്കണമെന്നായി അവളുടെ ചിന്ത. നേരെ വിന്ധ്യാപര്‍വതത്തില്‍ എത്തി ഉഗ്രതപസില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ ബ്രഹ്മദേവന്‍ പ്രത്യക്ഷപ്പെട്ടു. ഭക്തേ എന്താണ് നിന്റെ ആവശ്യം....എന്തു വരമാണ് വേണ്ടത്.... ബ്രഹ്മദേവന്റെ വാക്കുകള്‍ കേട്ട മഹിഷി സന്തോഷവതിയായി.
ബ്രഹ്മദേവാ...... ഞാന്‍ ചോദിക്കുന്ന വരം അങ്ങ് തരുമോ... ? തീര്‍ച്ചയയാും ബ്രഹ്മാവ് പറഞ്ഞു. എന്നാല്‍ കേട്ടോളു എന്നു പറഞ്ഞ് അവള്‍ തുടങ്ങി. .... ശിവനും വിഷ്ണുവും ചേര്‍ന്ന് ജാതനാകുന്ന പുത്രനല്ലാതെ മറ്റാര്‍ക്കും എന്നെ കൊല്ലാന്‍ കഴിവുണ്ടാകരുതേ.....അങ്ങനെയാകട്ടേ... എന്നു പറഞ്ഞ് ബ്രഹ്മാവ് അവളെ അനുഗ്രഹിച്ച് അപ്രത്യക്ഷനായി. വരബലത്താല്‍ മഹിഷിയും അഹങ്കരിച്ചു. മതിമറന്ന് തുള്ളിച്ചാടിയ അവള്‍ ദേവന്മാരെ പലവിധത്തില്‍ ആക്രമിച്ചു. ഇന്ദ്രപുരി പിടിച്ചെടുക്കാന്‍ ശ്രമിച്ചു. അവര്‍ ഭയചിത്തരായി..

∙ദേവന്മാർക്കേറ്റ ശാപം
ഒരിക്കല്‍ ദുര്‍വാസാവ് മഹര്‍ഷി ദേവനാഥനായ ഇന്ദ്രനെ കാണാന്‍ എത്തി. ദേവരാജന്‍ ആചാരപ്രകാരം മഹിര്‍ഷിയെ സ്വീകരിച്ചു. സന്തോഷവാനായ മഹര്‍ഷി തന്റെ വിശിഷ്ടമായ പൂമാല ഇന്ദ്രനു സമ്മാനിച്ചു. ദേവരാജന്‍ അത് ഐരാവതത്തിന്റെ മസ്തകത്തില്‍വെച്ചു. മാലയുടെ സൗരഭ്യത്താല്‍ വണ്ടുകള്‍ പറന്നെത്തി. അവയുടെ ശല്യം സഹിക്കവയ്യാതായപ്പോള്‍ ഐരാവതം മാലവലിച്ചു താഴെയിട്ടു ചവിട്ടി.
ഇതു കണ്ട ദുര്‍വാസാവിനു സഹിച്ചില്ല. അദ്ദേഹം കോപം കൊണ്ട് ജ്വലിച്ചു. നീയും നിന്റെ വംശവും ജരാനര ബാധിക്കെട്ടേ..... എന്ന് ദേവേന്ദ്രനെ ശപിച്ചു. അപ്പോള്‍ തന്നെ ദേവന്മാരില്‍ ജരാനര ബാധിച്ചു. ഇതുകണ്ട് ദേവലോകം അക്ഷരാര്‍ഥത്തില്‍ നടുങ്ങി

∙പാലാഴി കടയൽ
ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപത്തില്‍ നിന്നു മോക്ഷം കിട്ടാന്‍ ദേവന്മാര്‍ എല്ലാവരും ചേര്‍ന്ന് നേരെ വൈകുണ്ഠത്തില്‍ എത്തി. മഹാപ്രഭോ..... രക്ഷിക്കണം..... അവര്‍ അപേക്ഷിച്ചു. പാലാഴി കടഞ്ഞു കിട്ടുന്ന അമൃത് ഭക്ഷിച്ചാല്‍ ശാപമുക്തി നേടാമെന്ന് മഹാവിഷ്ണു അറിയിച്ചു. ദേവന്മാര്‍ മാത്രം വിചാരിച്ചാല്‍ പാലാഴി കടയാന്‍ പറ്റില്ല. അതിനായി അസുരന്മാരെ കൂടി കൂട്ടാന്‍ ഉപദേശിച്ചു.
ദേവന്മാര്‍ നേരെ അസുരന്മാരെ സമീപിച്ചു. പാലാഴി കടയാന്‍ സഹായിക്കണം. അതില്‍ നിന്നു ലഭിക്കുന്ന അമൃത് ഭുജിച്ചാല്‍ അമരത്വം ലഭിക്കും. ദേവന്മാര്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി.കഷ്ടപ്പെട്ട ജോലിയാണെങ്കിലും അമരത്വം ലഭിക്കുമെന്നു കേട്ടതോടെ അസുരന്മാര്‍ക്കും സന്തോഷമായി. അവര്‍ സമ്മതിച്ചു.
മഹാമേരു പര്‍വ്വതത്തെ മത്താക്കിയും വാസുകിയെന്ന സര്‍പ്പത്തെ കയറായക്കിയും ദേവന്മാരും അസുരന്മാരും ചേര്‍ന്ന് ക്ഷീരസാഗരം കടഞ്ഞു. അവസാനം അമൃത് തെളിഞ്ഞുവന്നു. ഇത് പാത്രത്തിലാക്കി ദേവന്മാര്‍ മാറ്റിവെച്ചു. എന്നാല്‍ അവരെ പറ്റിച്ച് അസുരന്മാര്‍ അമൃതപാത്രം തട്ടിയെടുത്തു. ദേവന്മാര്‍ സങ്കടപ്പെട്ടു. ഇതുകണ്ട മഹാവിഷ്ണു മോഹിനീ രൂപം പൂണ്ട് അവിടെയെത്തി അമൃതപാത്രം തട്ടിയെടുത്ത് ദേവന്മാര്‍ക്ക് നല്‍കി.

∙ഹരിഹരാത്മജന്റെ ജനനം
ഇതറിഞ്ഞ കൈലാസനാഥന്‍ മഹാവിഷ്ണുവിനെ സമീപിച്ചു.അസുരന്മാരെ ഭ്രമിപ്പിച്ച മോഹിനീ രൂപം ഒരിക്കല്‍ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. ആ വിശ്വമോഹിനിയുടെ രൂപം കണ്ട കൈലാസനാഥന്‍ അതില്‍ അനുരക്തയായി. മോഹിനിയെ പുണര്‍ന്നു. അങ്ങനെ ശൈവ-വൈഷ്ണവ തേജസുകള്‍ ഒത്തുചേര്‍ന്നു. അതിന്‍ഫലമായി മീനമാസത്തിലെ പൗര്‍ണമി തിഥിയില്‍ ഉത്രം നക്ഷത്രത്തില്‍ ഹരിഹരാത്മജന്‍ പിറന്നു. ആ കുട്ടിയെ തന്റെ ഭക്തനായ പന്തള രാജാവിനു നല്‍കാന്‍ പരമശിവന്‍ തീരുമാനിച്ചു. ഭൂമിയിലേക്ക് അയക്കും മുമ്പ് കഴുത്തില്‍ മണിമാല അണിയിച്ചു. മഹിഷീ നിഗ്രഹമാണ് അവതാര ലക്ഷ്യമെന്നും അതിനായി 12 വര്‍ഷം ഭൂമിയില്‍ വസിക്കണമെന്നും പറഞ്ഞ് മണികണ്ഠനെ അനുഗ്രഹിച്ചു.

∙പന്തളം രാജാവ്
പന്തളം രാജ്യം ഭരിച്ചിരുന്നത് രാജശേഖര രാജാവായിരുന്നു. സന്താനസൗഭാഗ്യമില്ലാതെ അദ്ദേഹം ഏറെ ദുഖിതനായിരുന്നു. ശിവപൂജ നടത്തി. സന്താന സൗഭാഗ്യത്തിനായി അദ്ദേഹം നിരന്തരം പ്രാര്‍ഥിച്ചുവന്നു. വനത്തില്‍ നായാട്ടിനു ശേഷം രാജാവും കൂട്ടരും പമ്പാ തീരത്ത് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. രാജാവ് ചെവിയോര്‍ത്തു. അതേ .... ഒരു കുഞ്ഞിന്റെ കരച്ചില്‍ തന്നെ...ഉടന്‍ ഒപ്പമുണ്ടായിരുന്ന മന്ത്രിയെ വിളിച്ചു.
മഹാരാജന്‍... എന്തായാലും അടിയനോടു പറഞ്ഞോളു...
നീ..കേട്ടില്ല.. ഒരു കുഞ്ഞിന്റെ കരച്ചില്‍...മന്ത്രി ചെവിയോര്‍ത്തിട്ട്... അതേ ഒരു കുഞ്ഞു തന്നെ.... ഈ വനത്തില്‍ എങ്ങനെയാണ് എവിടെ നിന്നു വന്നു കുഞ്ഞ്... മന്ത്രി ആലോചിച്ചു.
ആലോചിച്ച് സമയം കളയണ്ട.... വേഗം നമുക്ക് പോയി നോക്കാം...
അവര്‍ വേഗം കരച്ചില്‍ കേട്ട ദിക്കിലേക്ക് നടന്നു. അത്ഭുതം. ചുറ്റുപാടും പ്രഭവിതറി ഒരു കുഞ്ഞ് നിലത്തു കിടന്ന് കൈകാലിട്ട് അടിച്ച് കരയുന്നു. രാജാവ് ചുറ്റും ഒന്നു നോക്കി. ആരെയും കണ്ടില്ല. നല്ല തേജസുള്ള ആണ്‍കുഞ്ഞ്. തന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല.ഏറെ നേരം നോക്കിനിന്നു, എന്തു ചെയ്യണമെന്ന് അറിയാതെ രാജാവ് ശങ്കിച്ചു നിന്നു. അപ്പോള്‍ അവിടെ ഒരു മഹര്‍ഷി പ്രത്യക്ഷപ്പെട്ടു.
രാജശ്രേഷ്ഠാ.. ശങ്കിക്കേണ്ട. കുഞ്ഞിനെ എടുത്ത് കൊട്ടാരത്തില്‍ കൊണ്ടു പോയി വളര്‍ത്തിക്കോളു... ഇവന്‍ അങ്ങയുടെ എല്ലാ സുഖദുഖങ്ങള്‍ക്കും നിദാനമാണ്. മഹിര്‍ഷിയുടെ വാക്കു കേട്ട് രാജാവ് കോരിത്തരിച്ചു. ഓടിയെത്തി കുഞ്ഞിനെ കൈയിലെടുത്തു.

∙കുഞ്ഞുമായി കൊട്ടാരത്തിലേക്ക്
വേഗം കൊട്ടാരത്തില്‍ എത്തണം...കുഞ്ഞിനെ റാണിയെ ഏല്‍പ്പിക്കണം. അപ്പോള്‍ അവള്‍ക്കുണ്ടാകുന്ന സന്തോഷം കാണണം.... രാജാവ് ഇങ്ങനെ ഓരോന്നു മനസില്‍ ചിന്തിച്ചു. അപ്പോള്‍ മഹര്‍ഷി പറഞ്ഞു.
കണ്ടില്ലേ... കുഞ്ഞിന്റെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന വിശിഷ്ടമായ മണിമാല. ... അതിനാല്‍ മണികണ്ഠന്‍ എന്നു വിളിക്കാം...12 വയസ് തികയുമ്പോള്‍ ഈ കുട്ടി ആരാണെന്നു മനസിലാകും. അത്രയും പറഞ്ഞ് മഹര്‍ഷി മറഞ്ഞു.
രാജീവിന്റെ ഹൃദയം സന്തോഷം കൊണ്ട് ത്രസിച്ചു. ആനന്ദാശ്രുക്കളോടെ കുഞ്ഞുമായി കൊട്ടാരത്തിലേക്ക് യാത്രയായി.
കൊട്ടാര വതില്‍ക്കല്‍ തന്നെ റാണി കാത്തുനില്‍പ്പുണ്ടായിരുന്നു.രാജാവിന്റെ കയ്യില്‍ നിന്നും കുഞ്ഞിനെ വേഗം വാങ്ങി മാറോടു ചേര്‍ത്തു. രാജാവ് നടന്നതെല്ലാം റാണിയോട് വിശദമാക്കി.കുഞ്ഞിക്കാലു കാണാന്‍ കാത്തിരുന്ന രാജാവിനും രാജ്ഞിക്കും മണികണ്ഠന്റെ വരവോടെ എന്തെന്നില്ലാത്ത സന്തോഷമായി ക്ഷത്രിയ വംശത്തിനു ചേര്‍ന്ന രീതിയിലാണ് രാജാവ്മണികണ്ഠനെ വളര്‍ത്തിയത്.

∙മണികണ്ഠന്റെ വിദ്യാഭ്യാസം
കുഞ്ഞുവളര്‍ന്നതോടെ ഗുരുകുല വിദ്യാഭ്യാസത്തിനു വിട്ടു. ഗുരു ഇല്ലാത്ത സമയത്ത് മണികണ്ഠന്‍ മറ്റുകുട്ടികള്‍ക്ക് സംശയങ്ങള്‍ പറഞ്ഞു നല്‍കി. ഗുരുനാഥന്റെ മകന്‍ അന്ധനും ബധിരനുമായിരുന്നു. അവനോടായിരുന്നു മണികണ്ഠന് കൂടുതല്‍ അടുപ്പം. ഗുരുവിന്റെ വിഷാദത്തിനു കാരണം മകനാണെന്നുള്ള സത്യവും മണികണ്ഠന്‍ തിരിച്ചറിഞ്ഞു.
ഗുരുകുല പഠനം പൂര്‍ത്തിയാക്കാന്‍ ഏതാനും ദിവസം മാത്രമേ ബാക്കിയുള്ളു. എന്താണ് ഗുരുദക്ഷിണ നല്‍കേണ്ടതെന്ന് മണികണ്ഠന്‍ ആലാചിച്ചു. മണികണ്ഠന്റെ മഹത്വം ഗുരു തിരിച്ചറിഞ്ഞു.
ദിവ്യനായ അങ്ങയെ പഠിപ്പിക്കാന്‍ അവസരം കിട്ടിയതു തന്നെ മഹാഭാഗ്യം... ഞാന്‍ ധന്യനാണ്. സംതൃപ്തനാണ്... ഗുരു പറഞ്ഞു. മണികണ്ഠാ ഒരു കാര്യം മാത്രമേ ഞാന്‍ അപേക്ഷിക്കുന്നുള്ളു. ജന്മനാ അന്ധനും ബധിരനുമായ മകനെ അവയില്‍ നിന്നു മുക്തനാക്കാന്‍ സഹായിക്കണേ...... ഗുരു അപേക്ഷിച്ചു. മണികണ്ഠന്റെ അനുഗ്രഹത്താല്‍ ഗുരു പുത്രന് സംസാരശേഷിയും കാഴ്ചയും തിരിച്ചു കിട്ടി.

∙രാജരാജന്റെ പിറവി
ഇതിനിടെ മഹാറാണിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. രാജരാജന്‍ എന്ന് കുഞ്ഞിനു പേരിട്ടു. മണികണ്ഠനും രാജരാജനും കൊട്ടാരത്തില്‍ ഒരു പോലെ വളര്‍ന്നു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഒരു ദിവസം രാജാവ് മണികണ്ഠനെ അരികില്‍ വിളിച്ചു. മകനേ.... ഈ രാജ്യം ഇനിം നീയാണ് ഭരിക്കേണ്ടത്.. എന്നു പറഞ്ഞു. അതു വേണ്ടച്ഛാ... എന്നു മണികണ്ഠന്‍ പറഞ്ഞു നോക്കിയെങ്കിലും രാജാവ് സമ്മതിച്ചില്ല. അദ്ദേഹം മന്ത്രിയെ വിളിച്ചു വരുത്തി.
പ്രഭോ.... എന്തിനാണ് എന്നെ വിളിച്ചത് ?

∙മണികണ്ഠനെ യുവാരാജാക്കാൻ
മണികണ്ഠന് 12 വയസാകാറായി. എന്റെ മൂത്തമകന്‍ എന്ന നിലയില്‍ മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യണം. അതിനുള്ള ഏര്‍പ്പാടുകള്‍ തുടങ്ങിക്കോളു.... രാജാവ് പറഞ്ഞു നിര്‍ത്തി.
അതോടെ മന്ത്രിയുടെ മനസില്‍ പല ചിന്തകള്‍ ഉയര്‍ന്നു. മണികണ്ഠന്‍ മിടുക്കന്‍. തന്ത്രശാലി. രാജാവിനേക്കാള്‍ രാജ്യഭരണത്തില്‍ ഇപ്പോഴേ ശ്രദ്ധാലു. രാജരാജനാണെങ്കില്‍ സ്വന്തം മകനാണ്. പക്ഷേ കഴിവില്ല. രാജരാജനെ യുവരാജാവാക്കിയാല്‍ കാര്യങ്ങള്‍ എല്ലാം തനിക്കു നടത്താം....മണികണ്ഠന്‍ ആയാല്‍ അതു പറ്റില്ല.
ഇല്ല... മണികണ്ഠനെ യുവരാജാവാക്കാന്‍ സമ്മതിക്കില്ല. മന്ത്രി തീര്‍ച്ചപ്പെടുത്തി. എങ്ങനെയും അഭിഷേകം മുടക്കണം.. അവന്‍ ഗൂഡതന്ത്രങ്ങള്‍ മെനഞ്ഞു. മണികണ്ഠനെ ഇല്ലായ്മ ചെയ്യാന്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കി. ഫലിച്ചില്ല. പിന്നെ ദുഷ് കര്‍മങ്ങള്‍ ചെയ്തു നോക്കി.വിദഗ്ധ ചികില്‍സക്കു പോലും ഭേദമാക്കാന്‍ കഴിയാതെ പോയ വ്രണങ്ങള്‍ കൈലാസനാഥന്‍ സന്ന്യാസി വേഷത്തില്‍ എത്തി ഭേദമാക്കി. അതും ഫലിക്കാതെ വന്നതോടെ മഹാറാണിയെ സമീപിച്ചു.

∙മന്ത്രിയുടെ കുതന്ത്രങ്ങൾ
തമ്പുരാട്ടി..... അടിയനൊരു സംശയം. രാജരാജന്‍ അല്ലേ യഥാര്‍ഥ മകന്‍. സ്വന്തം മകനുള്ളപ്പോള്‍ കാട്ടില്‍ കിടന്നു കിട്ടിയ കുഞ്ഞിനെ രാജാവാക്കുന്നത് ശരിയാണോ... മന്ത്രി ചോദിച്ചു. അപ്പോഴാണ് റാണിയും ചിന്തിക്കാന്‍ തുടങ്ങിയത്. ദുഷ്ചിന്തകള്‍ പറഞ്ഞു കൊടുത്ത് റാണിയെ വശത്താക്കി. സ്വന്തം മകനെ യുവരാജാവാക്കണെന്നു റാണിയും തീരുമാനിച്ചു. മണികണ്ഠനെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ പിന്നെ അവര്‍ കൂട്ടായി ചിന്തിച്ചു. അങ്ങനെ കാട്ടിലേക്ക് അയച്ച് മൃഗങ്ങള്‍ക്കു ഭക്ഷണമാക്കി ഇല്ലായ്മ ചെയ്യനുള്ള പദ്ധതിയിട്ടു. കൊട്ടാരം വൈദ്യന്മാരെ അവര്‍ പാട്ടിലാക്കി.
മന്ത്രിയുടെ ഉപദേശപ്രകാരം റാണി രോഗം നടിച്ചു കിടന്നു. അവര്‍ വേദനയില്‍ പുളയുന്നതു പോലെ അഭിനയിച്ചു രാജാവ് ഓടിയെത്തി.....ഇതു കണ്ട രാജാവിന് സഹിക്കാന്‍ വയ്യ.... ഉടന്‍ തന്നെ കൊട്ടാരം വൈദ്യന്മാരെ വിളിച്ചുവരുത്തി. തമ്പുരാട്ടിയുടെ രോഗം മാറ്റാന്‍ ഉടന്‍ ചികില്‍സ തുടങ്ങാന്‍ നിര്‍ദ്ദേശിച്ചു. വൈദ്യന്മാര്‍ എത്തി. മന്ത്രിയോടു ചോദിച്ചു കാര്യങ്ങള്‍ തിരക്കി. മരുന്നിനായി മണികണ്ഠനെ കാട്ടിലേക്ക് അയക്കാന്‍ സഹായിച്ചാല്‍ പൊന്‍പണം നല്‍കാമെന്ന് വൈദ്യന്മാര്‍ക്ക് വാഗ്ദാനം നല്‍കി.
ഇതു കണ്ട് വൈദ്യന്‍ തമ്പുരാന്റെ അടുക്കല്‍ ഓടിയെത്തി. മഹാരാജന്‍.... റാണിയുടെ രോഗം അതികഠിനമാണ്. ഇതിന് ഒരേ ഒരു മരുന്നേയുള്ളു.... അതിനു പുലിപ്പാലില്‍ വേണം.

∙പുലിപ്പാലു തേടി മണികണ്ഠൻ കാട്ടിലേക്ക്
പുലിപ്പാല്‍......
അതുകേട്ടതോടെ രാജാവ് അന്തം വിട്ടു. പുലിപ്പാലോ... അത് എങ്ങനെ സംഘടിപ്പിക്കും വൈദ്യരേ.... റാണിയുടെ രോഗം മാറാന്‍ പുലിപ്പാല്‍ അല്ലാതെ വേറെ മാര്‍ഗമില്ല.. വൈദ്യര്‍ തറപ്പിച്ചു പറഞ്ഞു.
രാജാവ് വിളംബരം ചെയ്തു. പുലിപ്പാല്‍ കൊണ്ടുവരുന്നവര്‍ക്ക് പകുതി രാജ്യം നല്‍കാമെന്ന്. പന്തളം രാജ്യത്ത് ആരും ഇതിനു മുന്നോട്ടുവന്നില്ല.
അമ്മയുടെ ജീവന്‍ രക്ഷിക്കുക തന്റെ പരമമായ ധര്‍മമാണെന്ന് മണികണ്ഠന്‍ വിശ്വസിച്ചു. തന്റെ ദുര്‍വിധിയില്‍ രാജാവ് ഏറെ ദുഖിച്ചു. അപ്പോള്‍ അവിടെ മണികണ്ഠന്‍ എത്തി. അച്ഛാ.... ഞാന്‍ പുലിപ്പാല്‍ കൊണ്ടുവരാം.... എനിക്ക് വനത്തില്‍ പോകാന്‍ അനുമതി നല്‍കിയാലും.....
കുമാരാ... അരുത്... അങ്ങനെ പറയരുത്... നീ കാട്ടിലേക്കു പോകണ്ട. അക്കാര്യത്തെപ്പറ്റി എനിക്കു ചിന്തിക്കാന്‍ കഴിയില്ല... അമ്മയോ രോഗം മൂര്‍ച്ഛിച്ചു കിടക്കുന്നു. പുലിപ്പാലിനു പോയാല്‍ എനിക്ക് നിന്നേയും നഷ്ടമാകും. വേണ്ട മകനേ... വേണ്ട. രാജാവ് വിലക്കി.
ദുഖിതനായ രാജാവിനെ ആശ്വസിപ്പിച്ച് മണികണ്ഠന്‍ പറഞ്ഞു. അല്ലയോ പിതാവേ... അമ്മയുടെ രോഗം മാറ്റാന്‍ മരുന്നു സംഘടിപ്പിച്ചു നല്‍കുക മകന്റെ കടമയാണ്. അതിന് എന്നേ അനുവദിച്ചാലും മണികണ്ഠന്റെ ഉറച്ച തീരകുമാനത്തിനു മുന്നില്‍ രാജാവ് അര്‍ദ്ധ സമ്മതംമൂളി. ഒപ്പം കാട്ടാള വൃന്ദങ്ങളേയും ഭടന്മാരെയും കൂട്ടണമെന്ന് രാജാവ് നിര്‍ദ്ദേശിച്ചു. അതു വേണ്ട. കൂട്ടമായി എത്തിയാല്‍ മൃഗങ്ങള്‍ ഓടിമറയും. അതിനാല്‍ ഒറ്റയ്ക്കു പോകാന്‍ അനുവദിക്കണം മണികണ്ഠന്‍ പറഞ്ഞു നിര്‍ത്തി. മനസില്ലാ മനസോടെ അനുവാദം നല്‍കി.വില്ലും ശരവുമേന്തി ഏകനായി പുറപ്പെട്ടു. കണ്‍മുന്നില്‍ നിന്നു മറയുന്നതു വരെ രാജാവ് നോക്കിനിന്നു.

∙മഹിഷി നിഗ്രഹം
മണികണ്ഠന് തന്റെ അവതാര ലക്ഷ്യം നിറവേറേണ്ട സമയമായെന്നു മനസിലായി. ശിവഭൂതഗണങ്ങള്‍ മണികണ്ഠനെ അനുഗമിച്ചു. ദേവലോകത്ത് മഹിഷി നാശം ഉണ്ടാക്കുന്ന വിവരം അറിഞ്ഞു. പിന്നെ ഒട്ടും വൈകിയില്ല. നേരെ ദേവലോകത്തേക്ക് ഗമിച്ചു. അവിടെ മഹിഷിയെ കണ്ടു. ആക്രമിക്കാന്‍ അടുത്തപ്പോള്‍ ഭൂമിയിലേക്ക് തള്ളിയിട്ടു. വന്നു വീണത് അഴുതാ നദിക്കരയില്‍. ഇരുവരും ഘോരയുദ്ധത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ മഹിഷി പ്രാണവേദനയോടെ നിലംപതിച്ചു. മഹിഷിയുടെ വിരിമാറില്‍ മണികണ്ഠന്‍ നൃത്തം ചവിട്ടി. ദേവലോകവും ഭൂമിയും കുലുങ്ങി വിറച്ചു. ദേവന്മാര്‍ ഭയന്നുവിറച്ചു. ഹരിഹരസുതന്റെ നൃത്തച്ചുവടുകള്‍ മനസിലാക്കി തലകുനിച്ചു. ഭഗവാനെ ഞാന്‍ അങ്ങയെ നമിക്കുന്നു എന്നു പറഞ്ഞ് ഹരിഹരപുത്രനെ സ്തുതിച്ചു

∙മാളികപ്പുറത്തമ്മ‌
പ്രാണന്‍ വെടിഞ്ഞു.ആശരീരത്തില്‍ നിന്നു മനോഹരമായ സ്ത്രീരൂപം ഉണ്ടായി. അവര്‍ തൊളുകൈകളോടെ പറഞ്ഞു. ഭഗവാനെ അങ്ങയുടെ കാരുണ്യത്താല്‍ ഞാന്‍ ശാപമുക്തയായി. അവിടുന്ന് എന്നെ സ്വീകരിച്ചാലും. അങ്ങയുടെ ശക്തിയായി ഞാന്‍ വര്‍ത്തിക്കാം....
മഹാഭാഗേ നീ എന്റെ ശക്തി തന്നയൊണ്. പക്ഷേ ഞാന്‍ ബ്രബ്മചര്യം അനുഷ്ഠിക്കുന്നതിനാല്‍ നിന്നെ സോദരീ ഭാവത്തിലേ എനിക്കു കാണാന്‍ സാധിക്കു...എന്നാലും എന്റെ വാമഭാഗത്ത് അല്‍പ്പം മാറി മാളികപ്പുറത്തമ്മയായി ഇരുന്നാലും മണികണ്ഠന്‍ അറിയിച്ചു.
.
∙പുലിക്കൂട്ടവുമായി പന്തളത്തേക്ക്
മണികണ്ഠനെ പുലിപിടിച്ചു ഭക്ഷണമാക്കുമെന്നു കരുതി സന്തോഷിച്ചിരിക്കയായിരുന്നു മന്ത്രിയും റാണിയും. മഹിഷി നിഗ്രഹത്തിനു ശേഷം മണികണ്ഠനെ കാണാന്‍ ശിവനും പാര്‍വതിയും എത്തി. ദേവ കാര്യര്‍ഥം എല്ലാം ചെയ്തു കഴിഞ്ഞു. ഇനീം നി ദുഖിച്ചിരിക്കുന്ന പന്തളം രാജാവിനെ ആശ്വസിപ്പിക്കുവെന്ന് കാലകാലന്‍ ഉപദേശിച്ചു..മഹിഷീവധത്തില്‍ തൃപ്തരായ ദേവന്മാര്‍ മണികണ്ഠനെ അനുഗമിച്ചു. ദേവേന്ദ്രന്‍ ആണ്‍ പുലിയായും മറ്റ് ദേവന്മാര്‍ അതിന്റെ കുട്ടികളായും ദേവസ്ത്രീകള്‍ പെണ്‍പുലിയായും അനുഗമിച്ചു.
മണികണ്ഠന്‍ പുലിപ്പുറത്തേറി വരുന്ന വാര്‍ത്ത എല്ലായിടവും പരന്നു. നിലവിളിച്ച് പ്രജകള്‍ ഭയചകിതരായി. രാജാവ് കവാടത്തില്‍ എത്തി നോക്കുമ്പോള്‍ കാണുന്നത് പുലിപ്പുറത്തുന്ന് മണികണ്ഠന്‍ ഇറങ്ങുന്നതാണ്. പ്രഭോ.... ആവശ്യത്തിനു പാല്‍ കറന്നെടുത്തോളു. അമ്മയുടെ രോഗം മാറട്ടെ.....എന്നു മണികണ്ഠന്‍ പറഞ്ഞു. രാജാവ് മണികണ്ഠന്റെ കാല്‍ക്കല്‍ നമിച്ചു. മകനേ... നീ കാട്ടില്‍ പോയപ്പോഴേ അമ്മയുടെ രോഗം മാറിക്കഴിഞ്ഞു. അറിയാതെ ചെയ്ത തെറ്റിന് മാപ്പ് അപേക്ഷിച്ചു. പുലിക്കൂട്ടങ്ങളെ തിരിച്ചയച്ചാലും...
മന്ത്രിയുടെ ദുഷ്പ്രേരണയാലാണ് ഇതെല്ലാം സംഭവിച്ചതെന്നും അയാള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണമില്ലെന്നും രാജാവ് അറിയിച്ചു. ഇതു കേട്ട് മണികണ്ഠന്‍ പുഞ്ചിരിച്ചു. രാജാവിനെ മാറാടു ചേര്‍ത്ത് ആലിംഗനം ചെയ്തു.. മാപ്പുതരാനോ ശിക്ഷിക്കാനോ ഇതില്‍ ഒന്നുമില്ല. എല്ലാം ഞാന്‍ ആഗ്രഹിച്ചതുപോലെയാണ് നടന്നത്..... എല്ലാം ദേവകാര്യത്തിനായിരുന്നു. ഭക്താദരപൂര്‍വം കൈകൂപ്പി നിന്ന പന്തളം നിവാസികളെ മണികണ്ഠന്‍ അനുഗ്രഹിച്ചു എന്റെ അവതാര ഉദ്ദേശം പൂര്‍ത്തിയായി. ഇനി ഞാന്‍ ദേവലോകത്തേക്കു മടങ്ങുകയാണ്... അങ്ങ് എന്നോട്ടു കാട്ടിയ ഭക്തിയില്‍ സംതൃപ്തനാണ്...എന്നു കൂടി മണികണ്ഠന്‍ പറഞ്ഞു നിര്‍ത്തി.

∙ക്ഷേത്രം നിർമിക്കാൻ അനുവാദം
ഭഗവാനെ..... അവിടുത്തെ ഓര്‍മക്കായി ഒരു ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദം നല്‍കിയാലും.. രാജാവ് അപേക്ഷിച്ചു.
ക്ഷേത്രത്തിന്റെ സ്ഥാനത്തിനായി മണികണ്ഠന്‍ അമ്പെയ്തു. അത് ചെന്നു വീഴുന്ന സ്ഥാനത്ത് ക്ഷേത്രം നിര്‍മിക്കാന്‍ അനുവാദവും നല്‍കി. ആ അമ്പു ചെന്നു വീണത് ശബരിമലയിലാണ്.ശ്രീരാമ അവതാര കാലത്ത് ശബരി എന്ന താപസി തപം ചെയ്തിരുന്ന സ്ഥലം.സ്ഥാനം കണ്ടുപിടിക്കാന്‍ ദിവ്യമായ ചുരികയും നല്‍കി.

∙പരശുരാമൻ പ്രതിഷ്ഠ നടത്തി
പന്തളം രാജാവ് ക്ഷേത്ര നിര്മ‍ാണത്തിനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തു. ദേവലോകത്തുനിന്ന് വിശ്വകര്‍മാവ് എത്തി. അനുയോജ്യമായ ഓരോ സ്ഥാനവും അദ്ദേഹം കാണിച്ചു കൊടുത്തു.മണികണ്ഠന്‍ തൊടുത്തുവിട്ട അസ്ത്രം തറച്ച സ്ഥാനത്ത് രാജാവ് ചുരിക സ്ഥാപിച്ചു. വിശ്വകര്‍മാവിന്റെ മുഖത്ത് മ്ലാനത വന്നത് കണ്ട് രാജാവ് തിരക്കി. ഗുരോ എന്തെങ്കിലും പിഴവുകള്‍ പറ്റിയോ?. അഗ്നി കോണില്‍ മുഖമായി നിന്നതു കാരണം എപ്പോഴെങ്കിലും ക്ഷേത്രത്തിന് അഗ്നിബാധ ഉണ്ടാകുമെന്ന്. അതു പില്‍ക്കാലത്ത് സംഭവിച്ചു.
പതിനെട്ടുപടിയുള്ള തത്ത്വ സോപാനത്തോടു കൂടിയ ശബരിമല ക്ഷേത്രം നിര്‍മിച്ചു. ഭഗവത്ദൂതുമായി വന്ന പരശുരാമുനി മകരസംക്രമനാളില്‍ അവിടെ ധര്‍മശാസ്താ വിഗ്രഹം പ്രതിഷ്ഠിച്ചു. ഭക്തകോടികള്‍ ദര്‍ശന പുണ്യം തേടിയെത്തുന്ന ശബരീശ സന്നിധിയായി അവിടം മാറി.

∙ ശാസ്താംപാട്ടിലെ അയ്യപ്പൻ
മറവപ്പടയുടെ തലവനായിരുന്ന ഉദയനന്‍ നാട്ടുരാജ്യങ്ങള്‍ ആക്രമിച്ച് കൊള്ളയടിച്ചുവന്നു. ഇതോടെ പലനാട്ടുരാജ്യങ്ങളും സന്ധിയിലേര്‍പ്പെട്ടു.
ഒരിക്കല്‍ വേഷപ്രച്ഛന്നനായി പന്തളം കൊട്ടാരത്തിനു മുന്നില്‍ എത്തി.തമ്പുരാട്ടിമാര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു. പെട്ടെന്നാണ് കൊള്ളക്കാര്‍ ചാടിവീണത്. പതിനഞ്ച് അംഗ കൊള്ളസംഘത്തെ ഉദയനന്‍ ഒറ്റയ്ക്കുനേരിട്ട് തമ്പുരാട്ടിമാരെ രക്ഷിച്ചു. ഇതറിഞ്ഞ തമ്പുരാന്‍ വീരശാലിയായ യുവാവിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ആളെ വിട്ടു വിളിപ്പിച്ചു.
നിങ്ങള്‍ ചെയ്ത വീരകൃത്യത്തില്‍ നാം സന്തോഷിക്കുന്നു. നിങ്ങള്‍ ആരാണെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.
തമ്പുരാന്‍ പറഞ്ഞു തീരും മുമ്പേ അതുരഹസ്യമായി സൂക്ഷിക്കാനുള്ള അനുവാദം യുവാവ് തേടി. തമ്പുരാന്‍ സമ്മാനമായി വീരശൃംഖല നീട്ടി. അതു തൊട്ടടുത്തുള്ള പീഠത്തില്‍വെയ്ക്കാന്‍ ആംഗ്യം കാട്ടി. ഇതെന്തു പുതുമ. ഇയാള്‍ ആരാണ്?. അതായി എല്ലാവരുടെയും ചിന്ത.തമ്പുരാന്റെ മുഖംവാടി.
ഇതുകണ്ട മന്ത്രി തമ്പുരാന്റെ മുന്നില്‍ ഗൗര്‍വ് കാണിക്കുന്നോടാ എന്നുചോദിച്ച് ഓടിയടുത്തു. അപ്പോള്‍ കൈയുയര്‍ത്തി തമ്പുരാന്‍ തടഞ്ഞു. മനസിലാകാതെ മന്ത്രി ചെയ്തത് തെറ്റാണ്. അവിടുന്ന് ആരാണെന്നു വെളിപ്പെടുത്തിയാലും.
ഉടന്‍ മറുപടി വന്നു ഉദയനന്‍. തമ്പുരാന്‍ ഉള്‍പ്പെടെ എല്ലാവരും ഞെട്ടിപ്പോയി.തമ്പുരാട്ടിമാര്‍ അന്തപ്പുരത്തിലേക്കു വലിഞ്ഞു. അങ്ങയുടെ ശത്രുവായല്ല മിത്രമായാണ് വന്നതെന്ന് ഉദയനന്‍. അപ്പോള്‍ പുറത്തൊരു ബഹളം. ഭീതിയോടെ ഒരാള്‍ ഓടിവന്നു. തമ്പുരാന്‍... പുറത്ത് ഉദയന്റെ ഭടന്മാര്‍ വാളുമായി തയാറായി നില്‍ക്കുന്നു..
തമ്പുരാന്‍ ചാടി എഴുന്നേറ്റു.
അപ്പോഴേക്കും ആയുധധാരിയായ യുവാവ് അവര്‍ക്കു മുന്നിലേക്ക് ചാടി വീണു. ആരവിടെ...? ഈ ധിക്കാരിയെ പിടിച്ചുകെട്ടു.... തമ്പുരാന്റെ കല്‍പ്പന കേട്ട് ഉദയയന്‍ ചിരിച്ചു കൊണ്ടുപറഞ്ഞു. അത് എന്റെ ഭടന്മാരാണ്.അപ്പോള്‍ രാജാവിന്റെ ഭടന്മാര്‍ ഓടിയടുത്തു. തമ്പുരാന്‍... ഇത് മിത്രമല്ല... ശത്രുവാണെന്ന് അവര്‍ വിളിച്ചുപറഞ്ഞു.
അപ്പോഴേക്കും ബഹളമായി. അന്തപ്പുരത്തിലും നിലവിളി കേട്ടു. സ്ത്രീകളെല്ലാം നാലുപാടും ചിതറിയൊടുന്നു. ചിലര്‍ മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചു കുറ്റിയിട്ടു. എല്ലാം ശാന്തമായപ്പോള്‍ ഒരു തോഴി ഓടിയെത്തി... മായാദേവി തമ്പുരാട്ടിയെ കാണാനില്ല.
ആയുധധാരിയായ യുവാവ് തമ്പുരാട്ടിയെ തട്ടിക്കൊണ്ടുപോയി.ഇതറിഞ്ഞ തമ്പുരാന്‍ ഉടന്‍ കല്‍പ്പിച്ചു. ആരവിടെ..?..ഭടന്മാര്‍ ഓടിയെത്തി. തമ്പുരാട്ടിയെ തട്ടിക്കൊണ്ടു പോയ കശ്മലനെ പിടിച്ചുകെട്ടു....ഉടന്‍ ഭടന്മാര്‍ നാലുപാടും പാഞ്ഞു. എല്ലായിടവും തിരഞ്ഞു. കണ്ടെത്താനായില്ല.
ഉദയനന്‍ മായാദേവി തമ്പുരാട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത നാടെങ്ങും പരന്നു. കരിമല കോട്ടയില്‍ മായാദേവി തമ്പുരാട്ടിയെ യഥാവിധി പരിണയിക്കാന്‍ എത്തിയ ഉദയനന്‍ ഞെട്ടിപ്പോയി. തട്ടിക്കൊണ്ടുപോന്ന യുവാവ് തമ്പുരാട്ടിയെ കരിമല കോട്ടയില്‍ എത്തിച്ചിട്ടില്ല. അവന്‍ തമ്പുരാട്ടിയുമായി മുങ്ങി
തന്റെ ഏറെ വിശ്വസ്ഥനാണ്ഇതിനു പിന്നിലെന്ന് അറിഞ്ഞ് ഉദയന്‍ കലിപൂണ്ടു.പിന്നെ അനുചരന്മാരെ നാലുപാടും അയച്ചു. ​എങ്ങും കണ്ടെത്താനായില്ല.ഉദയനന്റെ ജീവിതത്തിലെ ആദ്യത്തെ പരാജയമായിരുന്നു അത്.
നീണ്ട16 വര്‍ഷം രാജകുമാരിയെപ്പറ്റി ഒരുവിവരവും ഇല്ലായിരുന്നു. രാജകുടുംബത്തിലെ ഒരു ഇളംമുറസന്തതി മറവക്കൂട്ടത്തെ പശ്ചിമഘട്ടത്തിനപ്പുറത്തേക്ക് ആട്ടിപ്പായിക്കുമെന്നും ജ്യോതിഷന്മാരുടെ പ്രവചനത്തില്‍ വിശ്വാസം അര്‍പ്പിച്ച് ആശ്വസിക്കുകയായിരുന്നു രാജകുടുംബം.

വടക്കുകിഴക്കുമാറി പൊന്നമ്പലമേടിനു സമീപത്തായി പ്രകൃതി സുന്ദരമായ സ്ഥലത്ത് ഒരു യോഗി ഭാര്യയോടും ഏകമകനോടുമൊപ്പം താസിച്ചുവന്നു. അയ്യപ്പന്‍ എന്നാണ് പുത്രനെ വിളിച്ചിരുന്നത്.
അയ്യപ്പനെ യോഗവിദ്യയും ആയുധവിദ്യയും അഭ്യസിപ്പിക്കുന്നതില്‍ അദ്ദേഹം അത്യന്തം ശ്രദ്ധിച്ചു. പതിനെട്ടടവും അതിവേഗം അഭ്യസിച്ച അയ്യപ്പന്‍ ഒരു ദിവസം പിതാവിനോട് അപേക്ഷിച്ചു. പ്രഭോ....എനിക്ക് യുദ്ധദ്ധമുറകള്‍ പഠിക്കണം. അവിടുത്തെ അനുഗ്രഹം അതിനായി ഉണ്ടാകണം.
തീര്‍ച്ചയായും. പിതാവിന്റെ വാക്കുകളില്‍ അയ്യപ്പന്‍ സന്തുഷ്ടനായി. ഈ സമയത്താണ് തങ്ങള്‍ക്കുണ്ടായ ബലഹീനത പരിഹരിക്കാന്‍ പന്തളം രാജാവ് യുവാക്കളെ പയറ്റുമുറകള്‍ പഠിപ്പിക്കുന്ന കളരികള്‍ സജീവമാക്കിയത്. ഇതറിഞ്ഞ അയ്യപ്പന്‍ പിതാവിനെ സമീപിച്ചു. പ്രഭോ അവിടുത്തെ അനുഗ്രഹം ഉണ്ടെങ്കില്‍ കളരികള്‍ സന്ദര്‍ശിച്ച് ആയുധമുറകള്‍ പഠിക്കാമായിരുന്നു. മകന്റെ അപേക്ഷയില്‍ സന്തുഷ്ടനായ യോഗി സമ്മതിച്ചു.കളരികളില്‍ വിട്ട് പഠിപ്പിച്ച് യുദ്ധവീരനാക്കി മാറ്റി. അയ്യപ്പന്റെ കഴുത്തില്‍ രക്ഷയെന്ന നിലയില്‍ യോഗി നീലമണിയോടു കൂടിയ മാലഅണിയിച്ചു. അതോടെ മണികണ്ഠന്‍ എന്ന് എല്ലാവരും വിളിക്കാന്‍ തുടങ്ങി.
അയ്യപ്പന് പുരുഷ പ്രാപ്തിയായപ്പോള്‍ യോഗി മകനെ അരികില്‍ വിളിച്ചു. . ഒരു യുദ്ധവീരന്റെ ആവശ്യം ഇപ്പോള്‍ പന്തളം കൊട്ടാരത്തിലുണ്ട്. അതിനാല്‍ നീ... കൊട്ടാരത്തിലേക്കു പോകണംസ്വന്തം രാജ്യത്തെ അക്രമകാരികള്‍, കൊള്ളക്കാര്‍ എന്നിവരില്‍ നിന്നു നീ..രക്ഷിക്കണം എന്ന് ഉപദേശിച്ചു. അത് പ്രതിജ്ഞയായി ഏറ്റെടുത്ത് കൊട്ടാരത്തിലേക്ക്പോകാന്‍ പുറപ്പെട്ട അയ്യപ്പന്റെ കൈവശം ലിഖിതവും കൊടുത്തുവിട്ടു.
അയ്യപ്പന്‍ പന്തളം രാജസന്നിധിയില്‍ എത്തി. അപ്പോള്‍ അവിടെ കളരിനാഥനായ കടുത്തയുടെ നേതൃത്വത്തില്‍ അഭ്യാസപരീക്ഷകള്‍ നടക്കുകയായിരുന്നു. ഒരോരുത്തരും ഒറ്റക്കും കൂട്ടായും പയറ്റി. എല്ലാവരും ഒന്നിനൊന്നു മെച്ചം.എന്നാല്‍ ഇന്നത്തെ അഭ്യാസ പരീക്ഷ നിര്‍ത്താമെന്നു പറയുമ്പോഴാണ് അയ്യപ്പന്‍ അവിടേക്ക് കടന്നു ചെല്ലുന്നത്. എല്ലാവരുടെയും ശ്രദ്ധ അയ്യപ്പനിലായി.
അപ്പോള്‍ ഒരാള്‍ ചോദിച്ചു. എന്തേ... ഒന്നു പരീക്ഷിക്കുന്നുണ്ടോ?.. അതു കേട്ട് ഒന്നുതലകുലുക്കി. അപ്പോള്‍ അടുത്തയാള്‍.... പയറ്റുപഠിച്ചിട്ടുണ്ടോ? അപ്പോഴും തലകുലുക്കി. ഇതുകേട്ട കടുത്ത ആശാന്‍ എന്നാല്‍ ഒരുകൈ നോക്കാം അല്ലേ ...... എന്നു ചോദിച്ചു. ആയിക്കോളു ... എന്നായി അയ്യപ്പന്‍ വേഗം തയാറെടുത്തു കളത്തില്‍ ഇറങ്ങു.
കേട്ടമാത്രയില്‍ തന്നെതയാറായി ഇറങ്ങി. അപ്പോള്‍ അടുത്ത ചോദ്യം ഒറ്റക്കോ.. കൂട്ടായോ.. എങ്ങനെയുമാകാം.. അയ്യപ്പന്റെ മറുപടി. അപ്പോള്‍ കാണികള്‍.. കുട്ടീ... സാഹസികം വേണോ... എല്ലാവരും വലിയ യോദ്ധാക്കളാണ്. അവരോടു പയറ്റി അടിയറവു പറയണമോ...?
സാരമില്ലന്നു പറഞ്ഞ് അയ്യപ്പന്‍ കടുത്ത ആശാന്റെ പാദത്തില്‍ തൊട്ടു നമസ്ക്കരിച്ച് കളരിദൈവങ്ങളെ പ്രാര്‍ഥിച്ച് പയറ്റിനിറങ്ങി. സമൃദ്ധന്മാര്‍‌ ഒറ്റക്കും കൂട്ടായും നേരിട്ടു. എല്ലാവരെയും നിലംപരിശാക്കി. കാണികളുടെ കൈയ്യടിയും ആരവവും ഉയര്‍ന്നു. ഇതുകണ്ട് സന്തോഷിച്ച് തമ്പുരാന്‍ ഇറങ്ങി ചെന്നു,‌ അയ്യപ്പന്‍ വേഗം ആപാദത്തില്‍ തൊട്ടുനമസ്ക്കരിച്ചു.
ആര്...? മനസിലായില്ല... തമ്പുരാന്‍ ചോദിച്ചു.
ഭവ്യതയോടെ പറഞ്ഞു തുടങ്ങി. അല്‍പ്പം കിഴക്കുനിന്നു വരികയാണ്. പേര് അയ്യപ്പന്‍. ചിലരൊക്കെ മണികണ്ഠന്‍ എന്നും വിളിക്കും.തമ്പുരാന്റെ അടുത്ത ചോദ്യം. മാതാപിതാക്കള്‍..?
എന്റെ അച്ഛന്‍ ലിഖിതമായി ഒരു ഓല തന്നുവിട്ടിട്ടുണ്ട്. എന്നു പറഞ്ഞ് കുറിമാനം നീട്ടി. രാജധാനിയില്‍ നിന്നു പ്രാണരക്ഷാര്‍ഥം ഓടിപ്പോയ തമ്പുരാട്ടിയുടെ മകനാണെന്ന് അതില്‍ വെളുപ്പെടുത്തിയിരുന്നു. ഇതുകണ്ട തമ്പുരാന്‍ അയ്യപ്പാ..... എന്നു വിളിച്ച് മാറോടണച്ച് ഗാഢംപുണര്‍ന്നു. അയ്യപ്പാ ....നീയാണു രക്ഷകന്‍....പന്തളം നാടിന്റെ രക്ഷകന്‍. ഇതു കേട്ട് കാണികന്‍ അത്ഭുതപ്പെട്ടു. അപ്പോള്‍ തമ്പുരാന്‍ വിളിച്ചു പറഞ്ഞു. ഇവന്‍ എന്റെ കൊച്ചുമകന്‍.. നമ്മുടെ .മായാദേവി തമ്പുരാട്ടിയുടെ മകന്‍... നാടിന്റെ രക്ഷകന്‍.