ഭക്തനായി അയ്യപ്പസ്വാമിയുടെ തിരുനടയിൽ തൊഴുതു നിന്നപ്പോൾ സംഗീത സംവിധായകൻ എം.
ജയചന്ദ്രന്റെ നാവിൽ അറിയാതെ ഒഴുകി വന്നത് ആദ്യമായി ഈണം നൽകിയ ‘എല്ലാം
എനിക്കെന്റെ സ്വാമി.... നല്ലവനാക്കുന്ന സ്വാമി....’ എന്ന വരികളായിരുന്നു.
സ്വാമിയെ വർണിച്ച് ഒരു ഗാനത്തിനു മാത്രമേ ഈണം പകർന്നിട്ടുള്ളൂവെങ്കിലും
വിശ്വാസത്തിന്റെ വിശുദ്ധലേപമാണ് അതിൽ ചാർത്തിയിട്ടുള്ളത്.
തന്റെ
ജീവിതത്തിലെ മാറ്റത്തിനു തുടക്കം കുറിച്ച ശബരീശനെ തീർഥാടന കാലത്തു കണ്ടു തൊഴണം.
ഒപ്പം തന്റെ പ്രിയപ്പെട്ട ഗുരുനാഥൻ ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ഹരിവരാസനം
തിരുനടയിൽ നിന്നു പാടി നട അടയ്ക്കുന്നതും കാണണം. എന്ന ആഗ്രഹവുമായാണ് കഴിഞ്ഞ തവണ
മലചവിട്ടിയത്. മുദ്രമാലയണിഞ്ഞ് 41 ദിവസത്തെ വ്രതവും നോക്കി. തിരുവനന്തപുരം
തൈക്കാട് ശാസ്താംകോവിൽ നിന്നു കെട്ടുമുറുക്കി. തീർഥയാത്രയിൽ കൂട്ടിന് മകൻ
കാർത്തിക് ആയിരുന്നു ഒപ്പം. പതിനെട്ടാംപടി തൊട്ടു നെറുകയിൽവച്ചു കയറി തിരുനടയിൽ
എത്തുമ്പോൾ ഉഷഃപൂജയായി. ശ്രീകോവിലിനു മുന്നിൽ നിന്നപ്പോഴും മണിനാദങ്ങൾ മുഴക്കി
തിരുനട തുറന്നപ്പോഴും ആ ചുണ്ടുകൾ അയ്യപ്പനാമം ജപിക്കുകയായിരുന്നു. സംഗീത
ലോകത്തേക്ക് ഉയരാൻ കൃപയേകിയ തത്ത്വമസിയെ സ്തുതിക്കുകയായിരുന്നു.
രാത്രിയിൽ ഹരിവരാസനം പാടി തിരുനട അടയ്ക്കുന്ന വേളയിൽ സോപനത്തുനിന്നു ഹരിവരാസനം
പാടി. പുഷ്പദളങ്ങൾ കൊണ്ട് തിരിനാളങ്ങൾ ഓരോന്നായി അണച്ച് പരികർമികൾ എല്ലാവരും
ഇറങ്ങിയ ശേഷം ഭഗവാനെ ഉറക്കി മേൽശാന്തി നട അടയ്ക്കുന്നതു കണ്ടപ്പോൾ ദേഹം
കുളിരണിഞ്ഞു. ഭക്തിയിൽ ലയിച്ചു പോയി. അമ്മാവൻ ആലുവ എഫ്എസിടിയിലെ ഉദ്യോഗസ്ഥനായ
ജയതിലകൻ ആറിയപ്പെടുന്ന ഗുരുസ്വാമിയാണ്. വലിയ സംഘം തീർഥാടകരുമായാണ് അമ്മാവൻ
എല്ലാവർഷവും ദർശനത്തിനു വരുന്നത്. ഇതു കണ്ടു വളർന്ന് ചെറുപ്പം മുതലേ
തുടങ്ങിയതാണ് അയ്യപ്പ ഭക്തി. എട്ടാം വയസ്സിൽ ആദ്യമായി മലചവിട്ടി.
അമ്മാവനോടൊപ്പം. പിന്നെ തുടർച്ചയായി 16 വർഷം മുടങ്ങാതെ വന്നു. അതും വർഷത്തിൽ
രണ്ടു തവണ വീതം. ശയനപ്രദക്ഷിണം നടത്തേണ്ടതിനാൽ മാസപൂജക്ക് നടഅടയ്ക്കുന്ന ദിവസമേ
വരു.
മൂന്നു നേരവും ഇറച്ചിയില്ലാതെ ഭക്ഷണമില്ലാത്ത തന്നെ
സസ്യഭുക്കാക്കി മാറ്റിയത് ആറു വർഷം മുൻപത്തെ വ്രതാനുഷ്ഠാനമാണെന്ന് ജയചന്ദ്രൻ
ഓർക്കുന്നു. ഭാരം 100 കിലോ കടന്ന സമയത്താണ് വ്രതം അനുഷ്ഠിച്ചത്. സ്വാമി സംഗീതം
ആലപിക്കുന്ന താപസ ഗായകന് പണ്ടത്തെ അയ്യപ്പ ഭക്തിഗാനങ്ങളാണ് ഇപ്പോഴും മനസ്സിൽ
തട്ടി നിൽക്കുന്നത്. ഗുരു ഈണം നൽകിയ പാട്ടുകൾ. അടിച്ചു പൊളിക്കുന്ന പാട്ടുകൾ
വന്നതോടെ ഭക്തിരസം കുറഞ്ഞതായും തോന്നുന്നു.