എല്ലായിടത്തും കടുവ, പുലി, ആന...

ടി.കെ.രാജപ്പൻ

എരുമേലിയിൽ മഞ്ഞിന്റെ ഭസ്‌മം പൂശിയ പുലരി . ആകാശത്തളികയിൽ പ്രകൃതി ചന്ദനകുങ്കുമാദികൾ ചാലിക്കുന്നതേയുള്ളൂ... ഒരു തീർഥാടനകാലത്തിലേക്ക് ഉണരുകയാണ് അവിടം. ഒപ്പം മതസാഹോദര്യത്തിന്റെ പുണ്യത്തിലേക്കും.

ജീവിതദർശനങ്ങളുടെ വിവിധ മാർഗങ്ങൾ അവിടെ സംഗമിക്കുന്നു. ഒരേ സത്യത്തിന്റെ പ്രതീകം. ഇവിടെയാണ്. നൈനാർ മസ്‌ജിദും പേട്ട ശ്രീധർമശാസ്‌താ ക്ഷേത്രവും. അധികം ദൂരെയല്ലാതെ ഒറ്റയടിപ്പാതയും . ഇടവഴിയിലൂടെ ന‌ടന്നു ചെന്നാൽ പുത്തൻവീട്. ചുറ്റുമുള്ളതെല്ലാം അഗ്നി വിഴുങ്ങിയപ്പോഴും നശിക്കാത്ത അറയ്‌ക്കുള്ളിൽ സ്വാമി അയ്യപ്പന്റേതെന്നു വിശ്വസിക്കപ്പെടുന്ന വാൾ. അരികിൽ ഒരു നിലവിളക്കിന്റെ വെളിച്ചവും .കുനിഞ്ഞു കയറേണ്ട വാതിലിനുള്ളിൽ തണുപ്പും മൗനവും ചേർത്തു കെട്ടിനിർത്തിയിരിക്കുന്ന ഭൂതകാലവും. മഹിഷീ നിഗ്രഹാർഥം എത്തിയ സ്വാമി അയ്യപ്പൻ സമീപത്ത് വെളിച്ചം കണ്ട ഈ വീട്ടിലേക്ക് എത്തിയെന്നും ഇവിടെ തനിയെ താമസിച്ചിരുന്ന മുത്തശ്ശി നൽകിയ അവിൽ കഴിച്ചെന്നുമാണ് ഐതിഹ്യം. പോയകാലത്തിലേക്കു തുറന്ന ഈ അറയിലൂടെ വഴിനടക്കുമ്പോൾ എരുമേലി ദൃഢമായൊരു സൗഹൃദത്തിന്റെ വഴികാട്ടിയാണ്; ശ്രീ അയ്യപ്പനും വാവരും.

പെട്ടെന്നു വർത്തമാനത്തിലേക്കു തിരികെ വിളിച്ച് പേട്ടക്കവലയിൽ ചെണ്ടമേളം. മുഴങ്ങി. വെയിലുദിച്ചിരിക്കുന്നു.. ആകാശത്ത് വെൺമേഘങ്ങളുടെ അഭിഷേകം. താഴെ, ഈ കൊച്ചുപട്ടണത്തിന്റെ വഴികൾ നിറഞ്ഞ് ചെറുസംഘങ്ങളുടെ ഘോഷയാത്ര.. അയ്യപ്പ ക്ഷേത്രത്തിനു മുന്നിലേക്ക് അവരെ അനുഗമിക്കുമ്പോൾ ക്ഷേത്രമുറ്റത്തെ വലിയ നടപ്പന്തൽ നിറയെ പാണൽതൂപ്പ് ചിതറിക്കിടക്കുന്നു.. വാളും ശരക്കോലും ഗദയും കടലാസ് കിരീടവുമായി ചെണ്ടമേളത്തിൽ തുള്ളിയെത്തുന്ന സംഘങ്ങളെ നിയന്ത്രിച്ചു വിടുന്ന പൊലീസുകാർ. .കറുപ്പണിഞ്ഞ് ചായം പൂശി ഭക്‌തിയിലാറാടി നീങ്ങുന്നവർ. എത്ര പെട്ടെന്നാണ് ആൾക്കൂട്ടം വന്നു നിറഞ്ഞത്. വഴിയിൽ വാഹനങ്ങൾക്കു നീങ്ങാൻ പ്രയാസമായി. പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു. ഏറെയും അന്യ സംസ്‌ഥാന വാഹനങ്ങൾ. ക്ഷേത്രത്തിനു മുന്നിലെ തോട്ടിൽ സ്‌നാനത്തിനായി അയ്യപ്പന്മാർ.

പാതകൾക്കിരുവശവും ശരക്കോൽ, ചായങ്ങൾ, ഗദ, കിരീടം, പാണൽതൂപ്പ് തുടങ്ങി സകലതും. ചുവപ്പും പച്ചയും കരിക്കിൻകുലകൾ നിറഞ്ഞ സ്‌റ്റാളുകൾ ചായക്കൂട്ടുകളോടു മൽസരിക്കുന്നു. പക്ഷേ, കൂടുതലുള്ളത് സ്‌റ്റുഡിയോകളാണെന്നു തോന്നുന്നു. എല്ലായിടത്തും കടുവ, പുലി, ആന... പശ്‌ചാത്തലത്തിൽ കാട്. സംഘമായും ഒറ്റയ്‌ക്കുമുള്ള ഫോട്ടോയെടുപ്പിന്റെ തിരക്കിനിടയിൽ നടപ്പന്തലിനോടു ചേർന്നുള്ള സ്‌റ്റുഡിയോയിൽ അതാ കടുവാപ്പുറത്ത് ഒരു കുഞ്ഞു മണികണ്‌ഠൻ. ആ രൂപത്തിന് അരികിൽനിന്നു ചിത്രമെടുക്കുമ്പോൾ ഭഗവാൻ ഒപ്പമുണ്ടെന്ന സന്തോഷം ഭക്‌തരുടെ മുഖം നിറയെ.

കാനനവാസ സവിധത്തിലേക്കു കടന്നുവരുന്നവർക്കായി എല്ലാം കരുതി വച്ചിരിക്കുന്നു . വെയിൽ ചാഞ്ഞു തുടങ്ങുമ്പോഴേക്കും തിരക്ക് ഏറുകയാണ്. കന്നി അയ്യപ്പന്മാർ ശരക്കോലുമായി പോകുന്നതിന്റെ കഥ കേട്ട് നടക്കുക.യാണവർ. പട്ടണം വിട്ട് നിർത്തിയിട്ടിരിക്കുന്ന ചില വാഹനങ്ങൾക്കു പിന്നിൽ അടുപ്പു കത്തുന്നു. ആകാശത്ത് സന്ധ്യയുടെ കർപ്പൂരാരതി. വിളക്കുകൾ മെല്ലെ തെളിഞ്ഞു തുടങ്ങുന്നു. മകരം പുലരുവോളം എരുമേലിക്ക് ഇനി ഉറക്കമില്ല.