ഫാഷന്റെ ഓണക്കാലം, കസവ് സാരികൾ പറയും ഇക്കുറി മഹാഭാരത കഥ!
ഓണം സമൃദ്ധിയുടെയും സമ്പത്തിന്റെയും പുരോഗതിയുടെയും ആഘോഷമാണ്. ഈ ആഘോഷങ്ങൾക്ക്
മോഡി കൂട്ടുന്നതിൽ കസവ് പുടവകൾക്കും വേഷ്ടികൾക്കും ഉള്ള പങ്ക് വളരെ വലുതാണ് എന്ന്
പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. എന്നാൽ പണ്ട് കാലത്തേ പോലെ പുളിയിലക്കര മുണ്ടും
നേര്യതും നേർത്ത കരയുള്ള കസവിമുണ്ടും ഒന്നുമല്ല മലയാളി മങ്കമാരെ ആകർഷിക്കുന്നത്.
സെറ്റ് സാരിയിലും വേഷ്ടിയിലും വൈവിധ്യമാണ് അവർ നോക്കുന്നത്. കൊച്ചി മരട്
ആസ്ഥാനമായ ഇല എന്ന ഹാൻഡ് പെയിന്റഡ് വസ്ത്രങ്ങൾക്കുള്ള ബൂട്ടിക്കുകളിലൂടെ
ശ്രദ്ധേയയായ വിനിത റാഫേൽ ഓണത്തെ മുന്നിൽ കണ്ട് വ്യത്യസ്തമായ ഡിസൈനുകൾ ഒരുക്കുന്ന
തിരക്കിലാണ് .പൂക്കളും ബുദ്ധനും കലംകാരി ഡിസൈനുകളും എല്ലാം തന്നെ ഹാൻഡ് പെയിന്റഡ്
സാരികളെയും കസവ് വേഷ്ടികളെയും വ്യത്യസ്തമാക്കി കഴിഞ്ഞു.
ഇക്കുറി ഋതു എന്ന
പേരിലാണ് ഓണത്തിന് കസവ് വേഷ്ടികൾ തയാറാകുന്നത്. ടൈപ്പോഗ്രഫി, കലംകാരി തുടങ്ങിയ
ഡിസൈനുകൾക്ക് പുറമെ മഹാഭാരത കഥ സന്ദർഭങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡിസൈനുകളാണ് വിനിത
സാരികളിൽ വരക്കുന്നത്. എംടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിന്റെ കവർ പേജ്
ചിത്രമായ കല്യാണസൗഗന്ധികവുമായി നിൽക്കുന്ന ഭീമന്റെ ചിത്രം സാരികളിൽ വിനിത
വരച്ചിട്ടുണ്ട്.
ഏറെ പേർക്ക് ഇഷ്ടപ്പെട്ട ഒരു ഡിസൈൻ ആണ് ഇതെന്ന് വിനിത
പറയുന്നു. മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും കഥാ സന്ദർഭങ്ങളെയും അണിനിരത്തുന്ന
ഡിസൈനുകൾ ആദ്യമായാണ് സാരികളിലും വേഷ്ടികളിലും പ്രത്യക്ഷപ്പെടുന്നത്. പാഞ്ചാലി
വസ്ത്രാക്ഷേപം, ഗാന്ധാരിയുടെ കണ്ണ് കെട്ടുന്ന സന്ദർഭം, ഗീതോപദേശം, ദ്രൗപതീ കല്യാണം,
ഏകലവ്യൻ ഗുരുവിനു വിരൽ മുറിച്ചു നൽകുന്ന സന്ദർഭം തുടങ്ങി 10 ചിത്രങ്ങളാണ് തീം ആയി
വിനിത സ്വീകരിച്ചിരിക്കുന്നത്.
മൂന്നു മുതൽ നാല് ദിവസം വരെയെടുത്താണ് ഓരോ
ഡിസൈനുകളും പൂർത്തിയാക്കുന്നത്. 3000 രൂപ മുതൽക്കാണ് സാരികളുടെ വില ആരംഭിക്കുന്നത്.
ട്രഡീഷണൽ വസ്ത്രങ്ങളുടെ ഒപ്പം ക്ലാസിക്ക് ലുക്ക് കൂടി ചേരുന്ന രീതിയിലാണ് ഡിസൈനുകൾ
ചെയ്തിരിക്കുന്നത്. ഇളം നിറങ്ങളേക്കാൾ കടുത്ത നിറങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ.
തനി കസവ് മാത്രമുള്ള കസവ് മുണ്ടുകളേക്കാൾ എന്തുകൊണ്ടും ഇന്നത്തെ തലമുറക്ക്
ഇഷ്ടം ഇത്തരം ഡിസൈനുകൾ ഉള്ള വസ്ത്രങ്ങൾ ആണ് എന്ന് വിനിത പറയുന്നു. അക്ഷരങ്ങൾ ഡിസൈൻ
ചെയ്ത ടൈപ്പോഗ്രഫി, ഫ്ലോറൽ ഡിസൈനുകൾ എന്നിവയ്ക്കും ഓണം വിപണിയിൽ ആവശ്യക്കാർ ഏറെ.
എന്നാൽ ഇക്കുറി മ്യുറൽ വർക്കുകൾക്ക് ആവശ്യക്കാർ കുറവാണ്.
സാരികളിൽ ഇത്തരം
ഡിസൈനുകൾ പ്രിന്റ് ചെയ്ത് ലഭിക്കുമെങ്കിലും ഹാൻഡ് പെയിന്റഡ് സാരിക്ക് ആവശ്യക്കാർ
ഏറെയാണ്. അതിനാൽ ഓണം എത്തുന്നതിനു മാസങ്ങൾക്ക് മുൻപ് തന്നെ തീം സെറ്റ് ചെയ്തു
ഡിസൈനിംഗ് ആരംഭിച്ചിരുന്നു വിനിത.