മുണ്ടില്ലാതെ എന്ത് ഓണാഘോഷം; വിപണിയിൽ പുതുപരീക്ഷണങ്ങള്‍

ജിബിൻ ജോർജ്

‘നിങ്ങൾക്കെന്ത് കഷ്ടപ്പാട്? ഒരു മുണ്ടുടുത്ത് ഷർട്ടുമിട്ടു കഴിഞ്ഞാൽ പ്രശ്നം തീർന്നില്ലേ?’ – കാലങ്ങളായി ഓണമടക്കമുള്ള ആഘോഷവേളകളിൽ പുരുഷന്മാർ ആവർത്തിച്ചു കേൾക്കുന്ന ഡയലോഗാണിത്. സാരി ഉടുക്കുന്നതിന്റെ ‘ശാസ്ത്രീയ’ ബുദ്ധിമുട്ടുകളെക്കുറിച്ച് പലപ്പോഴും വാചാലരാകുന്ന സ്ത്രീകൾ പുരുഷന്മാരുടെ ആഘോഷ വസ്ത്രധാരണത്തെ നിസാരവൽക്കരിക്കാറുണ്ടെന്നാണ് സത്യം. സെറ്റും മുണ്ടിലും തുടങ്ങി സാരി, ദാവണി തുടങ്ങിയ വസ്ത്രവൈവിധ്യം പെൺകുട്ടികളെ കാത്തിരിക്കുമ്പോൾ ഉള്ളതുകൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയാണ് പുരുഷന്മാർക്ക്. ഓഫിസ്– കോളജ് ഓണാഘോഷ പരിപാടികൾക്ക് എന്തു ധരിക്കാനാണ് വിധിയെന്നു സംശയമില്ലെങ്കിലും മറ്റുള്ളവരിൽ നിന്നു എങ്ങനെ വ്യത്യസ്തമായി ‘ഉള്ളതിനെ’ അവതരിപ്പിക്കാമെന്ന ആലോചന ഇക്കുറിയും തുടരുന്നു.

∙ മുണ്ടാണ് താരം



മുണ്ടില്ലാതെ എന്ത് ഓണാഘോഷം! എന്നാൽ മുണ്ട് ഏതുവേണമെന്ന ചോദ്യത്തിലാണ് ഇന്ന് യുവാക്കൾ കുഴഞ്ഞു നിൽക്കുന്നത്. സ്വർണക്കൊലുസ്സണിഞ്ഞ നീളൻ കസവിൽ തുടങ്ങി വിവിധ വർണ്ണത്തിലുള്ള കളർ മുണ്ടുകൾ വരെയാണ് യുവാക്കളുടെ മുന്നിലുള്ളത്. കസവുകരയുള്ള മുണ്ടാണ് ആൺകുട്ടികൾക്കു ഏറെ പ്രിയം. ഏതു നിറത്തിലുള്ള ഷർട്ടും കൂടെപ്പോകുമെന്നതാണ് പ്രധാന കാരണം.

എല്ലാവരുടെയും കയ്യിൽ കസവുസാരിയുണ്ടാകും മഞ്ചാടി തുന്നിച്ചേർത്ത ബ്ലൗസും സാധാരണ കസവു സാരിയും ധരിച്ചാൽ തന്നെ സ്റ്റൈൽ സ്റ്റേന്റ്മെന്റ് ആകും.– പൂർണിമ ഇന്ദ്രജിത്ത്, സെ

∙ കുർത്തയും ഷർട്ടും



ഓണക്കാലത്ത് കുർത്തയും ഷർട്ടും അല്ലാതൊരു വേഷം നിലവിൽ പുരുഷന്മാർക്കിടയിൽ കടന്നു വന്നിട്ടില്ലെന്നതാണ് പരമാർഥം. അതിനാൽ പരമാവധി ഫാഷൻ പരീക്ഷണങ്ങൾ നടക്കുന്നതും ഇവയുടെ മേലാണെന്നതിൽ സംശയമില്ല. കോട്ടൺ, ലിനൻ, സിൽക്ക്, കൈത്തറി മുതൽ ഖാദി വരെയുള്ള വ്യത്യസ്തകളിൽ ഷർട്ടുകൾക്കും കുർത്തകൾക്കും ആവശ്യക്കാരേറെയാണ്.

ഓണക്കാലത്ത് ഷർട്ടിനൊപ്പം മുണ്ട് എന്നതാണ് പൊതുതത്വമെങ്കിലും ഈ ചട്ടക്കൂടുകളിൽ വിശ്വസിക്കുന്ന വ്യക്തിയല്ല കുർത്ത. പാന്റസിനും ജീൻസിനും ചീനോസിനും മുണ്ടിനുമെല്ലാം സമം ചേർന്നു പോകുമെന്നതിനാൽ കുർത്ത ഓണക്കാലത്തും ഒരുപടി മുന്നിലാണ്. ഈ സമയം മുണ്ട് ഉടുക്കാൻ താൽപര്യമില്ലാത്തവരുടെ രക്ഷകനാണ് കുർത്തകൾ. ഹാഫ്– ലോങ് കുര്‍ത്തകൾ വിവിധ സൈസിനു അനുസൃതമായി ലഭിക്കുമെന്നതിനാൽ ‘ട്രെഡീഷനല്‍ ബട്ട് കഫംർട്ടബിൾ’ വസ്ത്രമായി പെട്ടെന്ന് രൂപ പരിണാമം മാറ്റാൻ കുർത്തയ്ക്ക് കഴിവുണ്ട്. ഓണം ലക്ഷ്യമിട്ട് സിനിമ സ്റ്റൈൽ കുർത്തകളും വിപണയിലെത്തിയിട്ടുണ്ട്. ചാർളിയിലെ പ്രിന്റഡ് കുർത്താസ് മുതൽ പ്രേമത്തിലെ ഒറ്റ കളർ കുർത്തയ്ക്കും ഇന്നും ആരാധകരേറെയാണ്.

∙ പ്രത്യേകതകളേറെ



ഓണം എല്ലാവരുടേതുമാണ്, അതുകൊണ്ടുതന്നെ എല്ലാ തലമുറയിലുള്ളവർക്കുമുള്ള ഓണവസ്ത്രങ്ങളുണ്ട്. കേരള കൈത്തറി കസവു സാരിക്കു പുറമേ ലെഹംഗ, അനാർക്കലി, സ്കർട്ട്, ചോളി എന്നിവയുമുണ്ട്. ‘‘ഓണം പോലുള്ള ആഘോഷങ്ങൾക്കു പുറമേ ചെറുപ്പക്കാർ വിവാഹാവശ്യങ്ങൾക്കു േവണ്ടിയും കൈത്തറി തിരഞ്ഞെടുക്കാറുണ്ട്. അവർക്കായി ഡീപ് വി കട്ട് വരുന്ന ബ്ലൗസ് ആണ് ചെയ്തിട്ടുള്ളത്. സ്റ്റേറ്റ്മെന്റ് ആഭരണങ്ങളുടെ പൊലിമ വസ്ത്രത്തിനിടയിൽപ്പെടാതിരിക്കാനാണിത്’’, പൂർണിമ പറഞ്ഞു.

ഇക്കുറിയും കൈത്തറി– ഖാദി ഷർട്ടുകൾക്ക് പ്രായഭേദമെന്യേ ആവശ്യക്കാരേറെയാണെങ്കിലും യുവാക്കൾക്കിടയിൽ ട്രെൻഡിങ് മ്യൂറൽ പെയ്ന്റിങ് നടത്തിയ ഷർട്ടുകളാണ്. ലളിതമായ ഡിസൈനിൽ മ്യൂറൽ പെയ്ന്റിങ് നടത്തിയ തൂവെള്ള ഷർട്ടുകൾക്കും സിൽക്ക് ഷർട്ടുകൾക്കും ആരാധകരേറെ.

∙ കൂടെയുണ്ട് കസ്റ്റമൈസിങ്



മനസ്സിനിഷ്ടപ്പെട്ട ഡിസൈൻ. എന്നാൽ തുണി മാത്രം ഇഷ്ടമായില്ല. ഇഷ്ടമുള്ള നിറം. എന്നാൽ ഡിസൈൻ ഇഷ്ടമായില്ല. ആഗ്രഹിച്ചത് കുർത്ത പക്ഷേ കിട്ടിയത് ഷർട്ട്... ഇത്തരം ബുദ്ധിമുട്ടലുകളിലൂടെ കടന്നുപോകുന്നവർക്കു മാത്രമായിട്ടാണ് ഇന്ന് പല ബുത്തീക്കുകളിലും കസ്റ്റമൈസ്ഡ് ഡ്രസ്സുകൾ അവതരിപ്പിക്കുന്നത്. മനസ്സിനിഷ്ടപ്പെട്ട രീതിയിൽ തുണിത്തരങ്ങൾ തയാറാക്കി നൽക്കുന്നയിടങ്ങൾ ഒട്ടേറെയായതിനാൽ കസ്റ്റമൈസ് ചെയ്ത വസ്ത്രങ്ങളോട് ഇഷ്ടമുള്ള യുവാക്കള്‍ ഒട്ടേറെയാണ്.

കോളജിലോ ഓഫിസിലോ ‘യൂണിഫോമായി’ ഡ്രസ് ചെയ്യാൻ ആഗ്രഹിക്കുന്നവരും ആദ്യം തിരഞ്ഞെടുക്കുന്നതും ഇവ തന്നെ. നമ്മുടെ ആവശ്യാനുസരണം തയ്ക്കുന്നതിനാൽ ‘കോപ്പിയടി’ ടെൻഷനും ഇല്ല. ഇനി സ്വന്തമായി ആശയങ്ങൾ ഇല്ലാത്തവരെ സഹായിക്കുവാൻ ഡിസൈൻമാരുടെ സേവനം നൽകുന്നവരുമുണ്ട്.

∙ അൽപം അറിയാം



പേർഷ്യൻ ഭാഷയിൽ നിന്നു പിറവിയെടുത്തതാണ് ‘കുർത്ത’ എന്ന പദം. ‘കോളറില്ലാത്ത ഷർട്ട്’ എന്നാണ് ഇതിനർഥം. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ പരമ്പരാഗത വസ്ത്രധാരണത്തിന്റെ ഭാഗമാണ് കുർത്ത. ദോത്തി, പൈജാമ, സൽവാർ, മുണ്ട് എന്നിവയ്ക്കൊപ്പം ധരിച്ചിരുന്ന കുർത്ത ഇപ്പോൾ ജീൻസ് പോലുള്ള പാശ്ചാത്യവേഷങ്ങൾക്കൊപ്പവും പെയർ ചെയ്യുന്നു.

© Copyright 2019 Manoramaonline. All rights reserved.