ഓണക്കോടിയിൽ ഓർമകൾ തുന്നിച്ചേർത്ത് പൂർണിമ ഇന്ദ്രജിത്ത്
ഗൃഹാതുരതയുടെ തേൻമധുരമാണ് മലയാളികൾക്കു ചെത്തിയും മഞ്ചാടിയും. ഒറ്റയായാലും കൂട്ടമായാലും കാണാനഴകാണ് ചെത്തി. ഒരുകുല ചെത്തിപ്പൂവ് മുന്നിൽ കൊണ്ടുവച്ചാൽ കയ്യും കെട്ടി ഇരിക്കുമോ? അറിയാതെ തന്നെ കൈനീളും, ഒരു പൂവെടുത്ത് പതിയെ തേൻ നുകരും. മഞ്ചാടിയും കുന്നിക്കുരുവും പെറുക്കിനടക്കാത്ത കുട്ടിക്കാലമില്ല. ഓമൽക്കണ്ണൻ സാക്ഷാൽ ശ്രീകൃഷ്ണനെപ്പോെല കുസൃതിക്കിടാവാകാൻ ഭഗവാന്റെ മുന്നിലെ ഉരുളിയിൽനിന്നു കുന്നിക്കുരു വാരിയാൽ മതിയെന്നാണ് സങ്കൽപം തന്നെ. അത്രയേറെ ബാല്യകാല സ്മരണകൾ ചേർത്തുവച്ചിട്ടുണ്ട് ഈ ചെറുകുന്നിമണിച്ചെപ്പിൽ. ഓണത്തിനുടുക്കാനൊരു കസവു സാരി മാത്രമല്ല, അതു നിറയെ ഓർമകൾ കൂടി തുന്നിയെടുത്തിരിക്കുകയാണ് സെലിബ്രിറ്റി ഡിസൈനർ പൂർണിമ ഇന്ദ്രജിത്ത്. െചത്തിയും മഞ്ചാടിയും ചേരുന്ന ഈ ഓണക്കോടിയുടുത്താൽ നാടിനെക്കുറിച്ചും ഓണത്തെക്കുറിച്ചും കുട്ടിക്കാലത്തെക്കുറിച്ചും എത്രവേണമെങ്കിലും വാതോരാതെ സംസാരിക്കുകയും ചെയ്യാം.
∙ ഓണപ്പൂക്കളിലെ െചത്തി
‘കഴിഞ്ഞ വർഷത്തെ ഓണം പ്രളയത്തിൽ മുങ്ങിയപ്പോൾ അന്നത്തെ കലക്ഷൻ ഞങ്ങൾ ലോഞ്ച് ചെയ്തില്ല. പ്രളയം അതിജീവിച്ച് ഉയർന്നുവന്നാണ് ഇത്തവണ നമ്മൾ ഓണം ആഘോഷിക്കുന്നത്. ആ അതിജീവനത്തിന്റെ ഓർമയിൽ, നാടിന്റെ പച്ചപ്പ് എന്ന എന്ന ചിന്തയിൽ മൂഡ് ബോർഡിൽ വരച്ചതെല്ലാം നമ്മുടെ നാട്ടിലെ ചെടികളുടെയും പൂക്കളുടെയും ചിത്രമാണ്. വാഴയും ചെത്തിയും താമരയും അങ്ങനെ പലതും. നിറങ്ങൾ കൂടി ചേർത്തപ്പോൾ അതിൽ ചെത്തിക്കൊരു വേറിട്ട ചന്തം. എനിക്കു പണ്ടേ ഇഷ്ടമുള്ള പൂവാണത്. ഒറ്റയായും കൂട്ടമായും ഭംഗിയാണ് ചെത്തി. ശ്രദ്ധിച്ചിട്ടുണ്ടോ, തീരെച്ചെറിയ ഇതളുകളുള്ള ആ പൂവിന് ഒട്ടും ചേരാത്തത് എന്നു തോന്നുന്ന വലിയ ഇലകളും. സാധാരണ ചുവപ്പല്ല ചെത്തിയുടേത്, ഓറഞ്ച് കലർന്നൊരു നിറമാണ്. അതിന്റെ ഇലയുടെ പച്ചപ്പുമതേ, വ്യത്യസ്തമായ പച്ച. ഈ കളർ പാലറ്റ് നൂറുശതമാനം ചോരാതെയാണ് പ്രാണയുടെ ഓണം കലക്ഷൻ ഒരുക്കിയിട്ടുള്ളത്, പൂർണിമ പറയുന്നു.
എല്ലാവരുടെയും കയ്യിൽ കസവുസാരിയുണ്ടാകും മഞ്ചാടി തുന്നിച്ചേർത്ത ബ്ലൗസും സാധാരണ കസവു സാരിയും ധരിച്ചാൽ തന്നെ സ്റ്റൈൽ സ്റ്റേന്റ്മെന്റ് ആകും.– പൂർണിമ ഇന്ദ്രജിത്ത്, സെലിബ്രിറ്റി ഡിസൈനർ
∙ മഞ്ചാടി തന്നെ
യഥാർഥ മഞ്ചാടിയും കുന്നിക്കുരുവും തന്നെയാണ് വസ്ത്രങ്ങളിൽ തുന്നിച്ചേർത്തിരിക്കുന്നത്. മഞ്ചാടി ട്രീറ്റ് െചയ്തശേഷമാണ് ഉപയോഗിച്ചത്. ഇതിൽ തുളയിടുകയെന്നതും ശ്രമകരമാണ്, ഒപ്പം അപകടം പിടിച്ചതും. ഓരോ മഞ്ചാടിമണിയും കയ്യിലെടുത്തുപിടിച്ചാണ് തുളയിടേണ്ടത്. അതുകൊണ്ടുതന്നെ സമയമെടുക്കും. സിഗ്നേച്ചർ പീസ് എന്നനിലയിൽ ഈ ഓണക്കാല കലക്‌ഷൻ സൂക്ഷിച്ചുവയ്ക്കാം.
∙ പ്രത്യേകതകളേറെ
ഓണം എല്ലാവരുടേതുമാണ്, അതുകൊണ്ടുതന്നെ എല്ലാ തലമുറയിലുള്ളവർക്കുമുള്ള ഓണവസ്ത്രങ്ങളുണ്ട്. കേരള കൈത്തറി കസവു സാരിക്കു പുറമേ ലെഹംഗ, അനാർക്കലി, സ്കർട്ട്, ചോളി എന്നിവയുമുണ്ട്. ‘‘ഓണം പോലുള്ള ആഘോഷങ്ങൾക്കു പുറമേ ചെറുപ്പക്കാർ വിവാഹാവശ്യങ്ങൾക്കു േവണ്ടിയും കൈത്തറി തിരഞ്ഞെടുക്കാറുണ്ട്. അവർക്കായി ഡീപ് വി കട്ട് വരുന്ന ബ്ലൗസ് ആണ് ചെയ്തിട്ടുള്ളത്. സ്റ്റേറ്റ്മെന്റ് ആഭരണങ്ങളുടെ പൊലിമ വസ്ത്രത്തിനിടയിൽപ്പെടാതിരിക്കാനാണിത്’’, പൂർണിമ പറഞ്ഞു.