തൃക്കാക്കരപ്പന് നേദിക്കാൻ തിരുവോണ അട

ഓണത്തിന്റെ പ്രധാന നിവേദ്യ വിഭവമാണ് അട. ഉണക്കലരി കൊണ്ടുള്ള അടയ്ക്കുള്ളിൽ ശർക്കരയും നാളികേരവും പഴവും നിറച്ച് വേവിച്ചെടുക്കുന്ന അടയാണ് പ്രധാനമായും തൃക്കാക്കരയപ്പന് തിരുവോണനാളിൽ വീടുകളിൽ നിവേദിക്കുന്നത്. അടയും പഴം നുറുക്കും പപ്പടവും ഉപ്പേരിയുമാണ് തിരുവോണനാളിലെ പ്രാതൽ.

ചേരുവകൾ :

ഉണക്കലരി – 500 ഗ്രാം
ശർക്കര– 500 ഗ്രാം
നാളികേരം – 2 എണ്ണം ചിരവിയത്
നേന്ത്രപ്പഴം – 1 എണ്ണം

നെയ്യ് – 2 ടേബിൾ സ്പൂൺ പഞ്ചസാര – 1 ടീ സ്പൂൺ
വാഴയില ഒരടി നീളത്തിൽ – 20 കഷ്ണങ്ങൾ

തയാറാക്കുന്ന വിധം

ഉണക്കലരി 4-5 മണിക്കൂർ കുതിർത്തു വച്ച് വെള്ളം തീരെ കുറച്ച് മിക്സിയിൽ അരച്ചെടുക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ അല്പം വെള്ളമൊഴിച്ച് ശർക്കര ഉരുകാൻ വയ്ക്കുക. ശർക്കര നല്ലപോലെ പാവുകുറുകിയാൽ ചിരകിവച്ച നാളികേരവും ചെറുതായി നുറുക്കിയ നേന്ത്രപ്പഴവും അതിലേക്കിട്ട് നാളികേരത്തിൽ നിന്നും ഊറി വരുന്ന വെള്ളമൊന്ന് വറ്റിയാൽ ഒരു സ്പൂൺ നെയ്യുമൊഴിച്ച് ഇളക്കി തീ ഓഫ് ചെയ്യുക. അരച്ചു വച്ചിരിക്കുന്ന മാവിൽ ഒരു സ്പൂൺ നെയ്യും ഒരു സ്പൂൺ പഞ്ചസാരയും ചേർത്തിളക്കുക. അടയ്ക്ക് ഒരു മർദ്ദവത്തിന് ഇതു നല്ലതാണ്. കീറി വച്ചിരിക്കുന്ന ഇലക്കഷണങ്ങൾ ചെറുതീയിൽ ഒന്ന് വാട്ടിയെടുത്ത് അരച്ചു വച്ചിരിക്കുന്ന മാവ് അതിൽ ചെറിയ കനത്തിൽ വട്ടത്തിൽ പരത്തി അതിന്റെ ഒരു പകുതിയിൽ തയാറാക്കി വച്ചിരിക്കുന്ന ശർക്കര നാളികേര പാവ് ഇട്ട്‌ ഇല പതിയെ മടക്കുക . ഒരു ഇഡ്ഡലി കുക്കറിലോ തട്ടുള്ള ആവി പാത്രത്തിലോ അടിയിൽ അല്പം വെള്ളമൊഴിച്ച് തട്ടുകളിൽ മടക്കി ഇലയടകള്‍ അടുക്കി വച്ച് ആവി കയറ്റുക. 20-25 മിനിറ്റ് ആവി കയറ്റിയതിനു ശേഷം എടുക്കുക. തിരുവോണ അട റെഡി