താരപ്പോരില്ലാതെ സിനിമയുടെ ഓണക്കാലം
mathanga-thoran

കോവിഡ് പ്രതിസന്ധിയിൽ 2 വർഷം ഓണക്കാലം നഷ്ടമായ ചലച്ചിത്ര വ്യവസായം പൊന്നോണത്തെ വരവേൽക്കുമ്പോൾ, ആരാധകർ പ്രതീക്ഷിച്ച താര യുദ്ധത്തിനു സാധ്യത അകലെ. മലയാളത്തിന്റെ മെഗാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഓണത്തിനു നേർക്കു നേർ തിയറ്ററുകളിൽ എത്തില്ലെന്നാണു സൂചന. ലാലിന്റെ വൈശാഖ് ചിത്രം ‘മോൺസ്റ്റർ’, മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ ‘റൊഷാക്’ എന്നിവ ഓണത്തിനു തിയറ്ററുകളിൽ എത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ 2 ചിത്രങ്ങളും പൂജ അവധിക്കാലത്തേക്കു റിലീസ് മാറ്റിയതായാണു വിവരം.

  • പൃഥ്വിരാജ് – നയൻതാര ചിത്രം ‘ഗോൾഡ്’, വിനയന്റെ പീരീഡ് ഡ്രാമ ‘പത്തൊൻപതാം നൂറ്റാണ്ട്’, ബേസിൽ ജോസഫ് നായകനായ ‘പാൽത്തു ജാൻവർ’, കുഞ്ചാക്കോ ബോബൻ – അരവിന്ദ് സ്വാമി ചിത്രം ‘ഒറ്റ്’, ബിജു മേനോന്റെ ‘ഒരു തെക്കൻ തല്ലു കേസ്’ എന്നിവയാണ് ഓണം റിലീസ് ഉറപ്പിച്ചത്.
  • ഇടവേളയ്ക്കു ശേഷം അൽഫോൻസ് പുത്രൻ ഒരുക്കുന്ന ‘ഗോൾഡ്’ സെപ്റ്റംബർ 2 നാണു തിയറ്ററുകളിൽ എത്തുന്നത്. പൃഥ്വിയുടെ നായികയായി നയൻതാര അഭിനയിക്കുന്ന ആദ്യ ചിത്രമാണിത്. ടി.പി. ഫെല്ലിനി ഒരുക്കുന്ന ഒറ്റും 2ന് എത്തും. ത്രില്ലർ ചിത്രത്തിൽ ഈഷ റെബ്ബയാണു നായിക. ജാക്കി ഷ്രോഫും ചിത്രത്തിലുണ്ട്.
  • പത്തൊൻപതാം നൂറ്റാണ്ട് 8 നാണു റിലീസ് ചെയ്യുന്നത്. നവോത്ഥാന നായകനായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വിൽസൺ വേഷമിടുന്ന ചിത്രത്തിൽ കയാദു ലോഹർ, ദീപ്തി സതി, അനൂപ് മേനോൻ തുടങ്ങിയ താരനിരയാണുള്ളത്. സംഗീത് പി.രാജൻ സംവിധാനം ചെയ്യുന്ന പാൽത്തു ജാൻവറിൽ ഇന്ദ്രൻസ്, ദിലീഷ് പോത്തൻ തുടങ്ങിയവരും വേഷമിടുന്നു.
  • എൻ.ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഒരു തെക്കൻ തല്ല് കേസിൽ ബിജു മേനോനു പുറമേ, നിമിഷ സജയൻ, റോഷൻ മാത്യു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. റിലീസ് 8 ന്. ഹോളിവുഡ് ചിത്രം ബീസ്റ്റ്, രൺബീർ കപൂർ നായകനായ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര തുടങ്ങി ഇതര ഭാഷാ ചിത്രങ്ങളും ഓണപ്പോരിനെത്തും.
ഗോൾഡ്
ഗോൾഡ്

പൃഥ്വിരാജ്–നയൻതാര എന്നിവരെ പ്രധാന കഥാപാത്രമാക്കി അല്‍ഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം. 'പ്രേമം' സിനിമയ്ക്കു ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. പൃഥ്വിരാജ് പ്രൊഡക്‌ഷൻസ്, മാജിക് ഫ്രയിംസ് എന്നിവരാണ് നിർമാതാക്കൾ. നേരം, പ്രേമം എന്നീ ഹിറ്റുകൾക്ക് ശേഷം അൽഫോൺസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.
അജ്മൽ അമീർ, ലാലു അലക്സ്, ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, ശാന്തി കൃഷ്ണ, ബാബുരാജ്, വിനയ് ഫോര്‍ട്ട്, ചെമ്പൻ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, റോഷൻ മാത്യു, ജഗദീഷ്, സൈജു കുറുപ്പ്, ദീപ്തി സതി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. സംവിധാനത്തിന് പുറമെ സിനിമയുടെ എഡിറ്റിങ്ങും സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും ആനിമേഷനും കളര്‍ ഗ്രേഡിങ്ങുമൊക്കെ അൽഫോൻസ് തന്നെയാണ് നി‍ർവഹിക്കുന്നത്.

പത്തൊൻപതാം നൂറ്റാണ്ട്
പത്തൊൻപതാം നൂറ്റാണ്

സിജു വിൽസണെ പ്രധാന കഥാപാത്രമാക്കി വിനയൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിൽ ഉൾപ്പടെ പാൻ ഇന്ത്യൻ സിനിമയായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. വിനയൻ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിർമാതാക്കൾ വി.സി. പ്രവീൺ, ബൈജു ഗോപാലൻ എന്നിവരാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ.
അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന,സുരേഷ് ക്യഷ്ണ, ടിനിടോം,വിഷ്ണു വിനയ്, ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,മുസ്തഫ, സുദേവ് നായര്‍,ജാഫര്‍ ഇടുക്കി,ചാലിപാല, ശരണ്‍,മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു,വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മന്‍രാജ്, പൂജപ്പുര രാധാക്യഷ്ണന്‍, ജയകുമാര്‍, നസീര്‍ സംക്രാന്തി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഒരു തെക്കൻ തല്ലുകേസ്
ഒരു തെക്കൻ തല്ലുകേസ്

ജി.ആർ. ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന കഥയുടെ ചലചിത്രവിഷ്ക്കാരമായി ഒരുങ്ങുന്ന ചിത്രമാണ് ഒരു തെക്കൻ തല്ലുകേസ്. ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥ നിർവഹിക്കുന്നത് രാജേഷ് പിന്നാടൻ ആണ്. ബിജു മേനോൻ നായകനായി എത്തുന്ന ചിത്രത്തിൽ പത്മപ്രിയ, റോഷൻമാതൃസ്, നിമിഷ സജയൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിലെ അൻവർ അലി എഴുതി ജസ്റ്റിൻ വർഗീസ് ഈണം നൽകിയ ഗാനങ്ങൾ ഇപ്പഴേ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.

പാൽത്തു ജാൻവർ
പാൽത്തു ജാൻവർ

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ–ശ്യാം–പുഷ്ക്കരൻ–ദിലീഷ് പോത്തൻ എന്നിവർ നിർമിച്ച് നവാഗതനായ സംഗീത് സംവിധാനം ചെയ്യുന്ന പാൽത്തു ജാൻവർ എന്ന ചിത്രം. മലയോര ഗ്രാമത്തിലെത്തുന്ന മൃഗ ഡോക്ടറായി ബേസിൽ ജോസഫ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബേസിൽ ജോസഫിനൊപ്പം ദിലീഷ് പോത്തൻ, ജോണി ആന്റണി, ഇന്ദ്രൻസ്, ശ്രുതി സുരേഷ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പിതാബരൻ ,സിബി തോമസ്, ജോജി ജോൺ തുടങ്ങിയ പ്രമുഖരും ചിത്രത്തിലുണ്ട്. പാൽത്തു ജാൻ വറിന്റെ പ്രധാന പ്രത്യേകത ധാരാളം മൃഗങ്ങൾ അഭിനയിക്കുന്നുണ്ട് എന്നതാണ്. ജസ്റ്റിൻ വർഗീസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രമോ സോങ്ങ് വളരെ കൗതുകമുണർത്തിയിരുന്നു.

ഒറ്റ്
ഒറ്റ്

ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമെന്ന‌ പ്രത്യേകതയുള്ള ‘ഒറ്റ്’ ഫെല്ലിനി സംവിധാനം ചെയ്യുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങുന്ന ചിത്രത്തിൽ ജാക്കി ഷറോഫ‍ും ഒരു പ്രധാന വേഷത്തിലെത്തുന്നു.
ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിർവ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്സ് സേവ്യറാണ് മെയ്ക്കപ്പ്.