
ഓണക്കാലമാണ്, ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ തിരിച്ചു വീട്ടിലെത്തി കുടുംബത്തോടൊപ്പം സന്തോഷത്തോടെ ആഘോഷിക്കുന്ന സമയം. കൊറോണയുടെ ഭയം ഒഴിഞ്ഞ ശേഷമുള്ള ഈ ഓണാവധിക്ക് കുടുംബമൊന്നിച്ച് ഒരു അടിപൊളി യാത്രയായാലോ? പോകാനാണെങ്കില്‍ ഒട്ടനവധി ഇടങ്ങളുണ്ട്. മണ്‍സൂണ്‍ കഴിഞ്ഞ്, ഹരിതഭംഗിയാര്‍ന്നു നില്‍ക്കുന്ന മലനിരകളും തിളങ്ങുന്ന ബീച്ചുകളും കോടമഞ്ഞില്‍ പൊതിഞ്ഞ താഴ്‍വരകളും തോട്ടങ്ങളും വനങ്ങളുമെല്ലാം ഏറ്റവും സുന്ദരമാകുന്ന സമയമാണിത്. ഈ ഓണക്കാലം അടിച്ചുപൊളിച്ച് ആഘോഷിക്കാനായി, യാത്ര പോകാവുന്ന ചില ഇടങ്ങള്‍ ഇതാ.
ഈ നാടിന്റെ പേരില്‍ തന്നെയുണ്ട് ഓണം. അപ്പോള്‍ പിന്നെ ഓണത്തിന് ഇവിടേക്ക് അല്ലാതെ പിന്നെ എവിടെ പോകാന്‍. മഹാബലിയെ പോലും ഊട്ടിയ പൈകൃതസമ്പത്ത് ഏറെയുള്ള അറിയാത്ത അനേകം ചരിത്രങ്ങള്‍ ഉറങ്ങുന്ന ഓണാട്ടുകരയിലേക്ക് ഇത്തവണ ഓണാവധിക്ക് പോയിനോക്കാം. കണ്ടറിയാന്‍ ഒരുപിടി വിശേഷങ്ങളുണ്ട് ഈ നാടിന്. മാവേലിക്കരയുടെ ഹൃദയമായ ഓണാട്ടുകരയ്‌ക്കൊപ്പം ചുറ്റുമുള്ള ചില ക്ഷേത്രദര്‍ശനങ്ങളും നടത്താം. കണ്ടിയൂര്‍ മഹാദേവ ക്ഷേത്രം, ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം ഇവിടങ്ഹളിൽ പോകാം.
പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ നിലവിലുണ്ടായിരുന്ന നാട്ടുരാജ്യമായിരുന്നു ഓണാട്ടുകര. ഓണാട്ടക്കരയുടെ തലസ്ഥാനമായി അറിയപ്പെടുന്ന മാവേലിക്കര ഒരു കാലത്ത് മുഴുവന്‍ മലയാളത്തിന് ഓണമുണ്ണാനുള്ള വിഭവങ്ങള്‍ വിളഞ്ഞിരുന്ന കേരളത്തിന്റെ കാര്‍ഷിക തലസ്ഥാനമായിരുന്നു. മാവേലിയ്ക്ക് ഓണസദ്യ നല്‍കിയ നാട്ടുകാരുടെ നാടായാതിനാലാവാം മാവേലിക്കര എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു. ഓണം കഴിഞ്ഞ് 28-ാം ദിവസം നടത്തുന്ന ഓണമഹോത്സവവും, കാളകെട്ടും വേലകളിയുമെല്ലാം ഈ നാട് കൊണ്ടാടുന്ന അനേകം ഓണാഘോഷങ്ങളില്‍ ചിലത് മാത്രം. ഓണത്തിന്റെ അവധികള്‍ വീട്ടിലിരുന്ന് സദ്യയുണ്ട് മാത്രം ആഘോഷിക്കാതെ ഇതുപോലെ നാടുകള്‍ കണ്ട് തന്നെ കൊണ്ടാടാം.

ആലപ്പുഴയ്ക്ക് അങ്ങനെ ഓണം, വിഷു എന്നൊന്നുമില്ല. കേരളത്തിന്‍റെ നിത്യഹരിത യാത്രാ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് കിഴക്കിന്‍റെ ഈ വെനീസ്. ആലപ്പുഴ കായലുകള്‍ സെപ്റ്റംബർ മാസത്തിലെ വാർഷിക വള്ളംകളിക്ക് പേരുകേട്ടതാണ്. കനത്ത മൺസൂൺ കഴിഞ്ഞാൽപ്പിന്നെ എവിടെ നോക്കിയാലും കനത്ത പച്ചപ്പിന്‍റെ പുതപ്പാണ് ഇവിടെ കാണാനാവുക. ആലപ്പുഴയിലെ മനോഹരമായ കായലിലൂടെ ഹൗസ് ബോട്ട് യാത്ര ആസ്വദിക്കാനും ഏറ്റവും മികച്ച സമയമാണിത്.
കാടും വന്യജീവികളെയുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ ആണെങ്കില്‍ നേരെ തേക്കടിയിലേക്ക് വിടാം. കാടിനുള്ളിലൂടെ സഫാരി നടത്താം. തടാകത്തിനു നടുവിലൂടെ ഉല്ലാസമായി ബോട്ടില്‍ ചുറ്റിനടക്കാം. വിനോദസഞ്ചാരികള്‍ക്കായി മികച്ച താമസസൗകര്യങ്ങളുമുണ്ട്.

വിശാലമായ തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട മൂന്നാർ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ഒരു ഹിൽസ്റ്റേഷനാണ്. മൂടൽമഞ്ഞ് നിറഞ്ഞ അന്തരീക്ഷവും പ്രകൃതിരമണീയമായ പർവതങ്ങളും പച്ചപ്പ് നിറഞ്ഞ താഴ്വരകളും നുരയിട്ടൊഴുകുന്ന വെള്ളച്ചാട്ടങ്ങളുമെല്ലാം മൂന്നാറിനെ സ്വര്‍ഗ്ഗഭൂമിയാക്കുന്നു. കേരളത്തിലെ ഏറ്റവും തണുപ്പുള്ള സ്ഥലങ്ങളിലൊന്നായ മൂന്നാർ, മഴക്കാലം കഴിഞ്ഞ് സെപ്റ്റംബറാകുമ്പോഴേക്കും അതിമനോഹരമാണ്. എലിഫന്‍റ് സഫാരി, റോക്ക് ക്ലൈംബിംഗ്, റാപ്പെല്ലിംഗ് എന്നിങ്ങനെയുള്ള വിനോദാനുഭവങ്ങളും മൂന്നാറിലുടനീളമുണ്ട്.

കാടുകളും വെള്ളച്ചാട്ടങ്ങളും താഴ്‌വരയുടെ മനോഹരമായ കാഴ്ചകളും മഞ്ഞില്‍ മുങ്ങിയെത്തുന്ന ചാറ്റൽ മഴയും തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുടെ വിശാലമായ തോട്ടങ്ങളുമെല്ലാം കണ്ണുകള്‍ക്ക് വിരുന്നൊരുക്കുന്ന വയനാട് ഒരു തികഞ്ഞ മലയോര പറുദീസയാണ്. റോയൽ ബംഗാൾ കടുവകൾ, പുള്ളിമാൻ, ഗ്രേ ലംഗൂർ, മയിൽ തുടങ്ങിയ വിവിധ ഇനം വന്യജീവികൾക്കൊപ്പം ചന്ദനം, യൂക്കാലിപ്റ്റസ് മരങ്ങൾ എന്നിവയുൾപ്പെടെയുള്ള സസ്യജന്തുജാലങ്ങളെ വയനാട്ടില്‍ കാണാം.
ബോളിവുഡ് സിനിമകള്‍ക്ക് വരെ അരങ്ങൊരുക്കിയ അതിരപ്പള്ളിയിലെ വെള്ളച്ചാട്ടം, മഴയ്ക്ക് ശേഷമാണ് ഏറ്റവും മനോഹരമാകുന്നത്. തൃശൂർ ജില്ലയിലെ വെള്ളച്ചാട്ടങ്ങളാണ് അതിരപ്പള്ളിയും വാഴച്ചാലും. സെപ്റ്റംബർ മാസത്തിൽ ഇവ സന്ദർശിക്കുന്നത് പരിപൂര്‍ണ്ണമായ കാഴ്ചാനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
1700 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മാട്ടുപ്പെട്ടി, ഇടുക്കി മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ മലയോര പട്ടണമാണ്. ഗംഭീരമായ അണക്കെട്ടിനും മനോഹരമായ തടാകത്തിനും പേരുകേട്ടതാണ് ഇവിടം. ഇടയ്ക്കിടെ പെയ്യുന്ന മഴയും കോടമഞ്ഞുമെല്ലാം ഏകദേശം വര്‍ഷം മുഴുവനും മാട്ടുപ്പെട്ടിയുടെ മണ്ണില്‍ സഞ്ചാരികള്‍ക്ക് മനംനിറഞ്ഞ് ആസ്വദിക്കാം.

കാസർഗോഡ് ജില്ലയിലാണ് കേരളത്തിലെ വലിയ കോട്ടയായ ബേക്കല്‍ കോട്ട. അറബിക്കടലിന്‍റെ തീരത്ത്, ചെങ്കല്ലില്‍ കൊത്തിയെടുത്ത ഒരു കവിത പോലെ 35 ഏക്കറിൽ പരന്നു കിടക്കുന്ന ഈ കോട്ട വളരെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര ആകര്‍ഷണമാണ്. കോട്ടയ്ക്ക് ഉള്ളിലായി ഒരു ആഞ്ജനേയ ക്ഷേത്രവും വെളിയിലായി ഹൈദരലിയുടെ മകനായ ടിപ്പു സുൽത്താൻ നിർമിച്ച ഒരു വലിയ മുസ്ലിം പള്ളിയും ഉണ്ട്.

പകുതിയില്‍ അധികവും വനഭൂമിയാല്‍ ചുറ്റപ്പെട്ട പത്തനംതിട്ടയുടെ മുഖ്യ ആകര്‍ഷണം കോന്നി ആനവളര്‍ത്തൽ കേന്ദ്രവും അടവി ഇക്കോ ടൂറിസവുമാണ്. കോന്നി റിസര്‍വ് വനങ്ങളുടെ ഭാഗമായ അടവി നിബിഡവനങ്ങളാല്‍ സമ്പന്നമാണ്. കല്ലാറിന്റെ കരയിലായി സ്ഥിതി ചെയ്യുന്ന പേരുവാലി മുതല്‍ അടവി വരെയുള്ള 5 കിലോമീറ്റര്‍ നദീതീരം മറ്റൊരു ഇക്കോ ടൂറിസം കേന്ദ്രത്തിനും നല്‍കാൻ കഴിയാത്ത കാഴ്ചകളാണ് സമ്മാനിക്കുന്നത്.
പച്ചപ്പട്ടുടുത്ത് കാടൊരുങ്ങി, തെളിനീരാൽ കസവുടുത്ത് കല്ലാറും. കുട്ടവഞ്ചിയിൽ ഇരുന്നും കിടന്നും ഓണമാഘോഷിക്കാൻ അടവി നിങ്ങളെ മാടിവിളിക്കുന്നു. ശാന്തരൂപിണിയായ കാല്ലാറിന്റെ മാറിൽ കുട്ടവഞ്ചിയിൽ പതുക്കെ നീങ്ങുമ്പോൾ മനസിൽ ഒരുപിടി പാട്ടുകൾ ഓളംതുള്ളും. പാടാത്തവരും പാടും – ‘തിത്തെയ്തക തെയ്തെതോം’. ഓളത്തെ കീറി മുറിക്കുമ്പോൾ വൈക്കം കായലിൽ ഓളം തള്ളുന്നത് ഓർമ വരും. അല്ലെങ്കിൽ പായിപ്പാട്ടേ ഓടിവള്ളം മനസിൽ തുഴയെറിഞ്ഞു പായും.

ചന്ദനക്കാടുകളുടെ നാടാണു മറയൂർ. ചന്ദനവും ചരിത്രവും ഭംഗിയാർന്ന ഭൂപ്രകൃതിയും സമന്വയിക്കുന്പോൾ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാകും മറയൂർ. ചന്ദനമരങ്ങൾ അതിരിടുന്ന വഴികളിലൂടെ വാഹനമോടിക്കാം. കാട്ടുപോത്തുകളെ അടുത്തു കാണാം. കരിമ്പിന്‍ പൂക്കളെ തലോടാം. വിഖ്യാതമായ ശർക്കര ശാലകളിൽനിന്നു മറയൂർശർക്കര നേരിട്ടു വാങ്ങാം. ശർക്കര നിർമാണം നേരിട്ടറിയാം. നീലമലകളുടെ ഇടയിൽ കൃഷിയിടങ്ങളോടു ചേർന്ന് താമസിക്കാം. ചരിത്രാതീതകാലത്തെ മുനിയറകൾ കാണപ്പെടുന്ന കുന്നുകളിലലയാം, ചരിത്രഗന്ധമറിയാം. കാന്തല്ലൂരിലെ ശീതകാലവിളത്തോട്ടങ്ങളിലൂടെ ഒന്നു കറങ്ങിയടിക്കാം. ഇങ്ങനെ മറയൂരിന്റെ സവിശേഷതകൾ ഏറെയാണ്. അടുത്തുള്ള സ്ഥലങ്ങൾ- ചിന്നാർ, മൂന്നാർ.

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങൾ പക്ഷിക്കണ്ണിലെന്നവണ്ണം കണ്ടാസ്വദിക്കാനുള്ള ഇടമാണ് കാൽവരിമൗണ്ട്. കണ്ണെത്താദൂരത്തോളം മലനിരകളും നീലജലാശയവും മാന്ത്രികവിദ്യ കാണിച്ചു മറയുന്ന മഞ്ഞും മലഞ്ചെരിവുകളിലെ തേയിലത്തോട്ടങ്ങളും കാൽവരിമൗണ്ട് എന്ന കുന്നിനെ യാത്രക്കാരുടെ പറുദീസയാക്കിമാറ്റുന്നു.
കുറവൻ കുറത്തി മലകളെ ചേർത്തുനിർത്തുന്ന ഇടുക്കി ഡാമിന്റെ കാഴ്ചയാസ്വദിച്ച് റിസോർട്ടിൽ താമസിക്കാനുള്ള സൗകര്യമുണ്ട്. താമസ
സൗകര്യത്തിനായി ലഭിക്കും. ഇടുക്കി ഡാമിലെ ബോട്ടിങ് ആസ്വദിക്കാം.