തിരുവോണ അട, ഓണത്തിന്റെ പ്രധാന നിവേദ്യ രുചി
Photo Credit: Shutter Stock
ഓണത്തിന്റെ പ്രധാന നിവേദ്യ വിഭവമാണ് അട. ഉണക്കലരി കൊണ്ടുള്ള അടയ്ക്കുള്ളിൽ ശർക്കരയും നാളികേരവും പഴവും നിറച്ച് വേവിച്ചെടുക്കുന്ന അടയാണ് പ്രധാനമായും തൃക്കാക്കരയപ്പന് തിരുവോണനാളിൽ വീടുകളിൽ നിവേദിക്കുന്നത്. അടയും പഴം നുറുക്കും പപ്പടവും ഉപ്പേരിയുമാണ് തിരുവോണനാളിലെ പ്രാതൽ.
ചേരുവകള്‍:
- ഉണക്കലരി – 500 ഗ്രാം
- ശർക്കര– 500 ഗ്രാം
- നാളികേരം – 2 എണ്ണം ചിരവിയത്
- നേന്ത്രപ്പഴം – 1 എണ്ണം
- നെയ്യ് – 2 ടേബിൾ സ്പൂൺ
- പഞ്ചസാര – 1 ടീ സ്പൂൺ
- വാഴയില ഒരടി നീളത്തിൽ – 20 കഷ്ണങ്ങൾ
തയാറാക്കുന്ന വിധം
- ഉണക്കലരി 4-5 മണിക്കൂർ കുതിർത്തു വച്ച് വെള്ളം തീരെ കുറച്ച് മിക്സിയിൽ അരച്ചെടുക്കുക.
- ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ അല്പം വെള്ളമൊഴിച്ച് ശർക്കര ഉരുകാൻ വയ്ക്കുക.
- ശർക്കര നല്ലപോലെ പാവുകുറുകിയാൽ ചിരകിവച്ച നാളികേരവും ചെറുതായി നുറുക്കിയ നേന്ത്രപ്പഴവും ∙അതിലേക്കിട്ട് നാളികേരത്തിൽ നിന്നും ഊറി വരുന്ന വെള്ളമൊന്ന് വറ്റിയാൽ ഒരു സ്പൂൺ നെയ്യുമൊഴിച്ച് ഇളക്കി തീ ഓഫ് ചെയ്യുക
- അരച്ചു വച്ചിരിക്കുന്ന മാവിൽ ഒരു സ്പൂൺ നെയ്യും ഒരു സ്പൂൺ പഞ്ചസാരയും ചേർത്തിളക്കുക. അടയ്ക്ക് ഒരു മർദ്ദവത്തിന് ഇതു നല്ലതാണ്
- കീറി വച്ചിരിക്കുന്ന ഇലക്കഷണങ്ങൾ ചെറുതീയിൽ ഒന്ന് വാട്ടിയെടുത്ത് അരച്ചു വച്ചിരിക്കുന്ന മാവ് അതിൽ ചെറിയ കനത്തിൽ വട്ടത്തിൽ പരത്തി അതിന്റെ ഒരു പകുതിയിൽ തയാറാക്കി വച്ചിരിക്കുന്ന ശർക്കര നാളികേര പാവ് ഇട്ട് ഇല പതിയെ മടക്കുക
- ഒരു ഇഡ്ഡലി കുക്കറിലോ തട്ടുള്ള ആവി പാത്രത്തിലോ അടിയിൽ അല്പം വെള്ളമൊഴിച്ച് തട്ടുകളിൽ മടക്കി ഇലയടകള്‍ അടുക്കി വച്ച് ആവി കയറ്റുക.
- 20-25 മിനിറ്റ് ആവി കയറ്റിയതിനു ശേഷം എടുക്കുക
- തിരുവോണ അട റെഡി