ആയുർവേദത്തിൽ മുട്ടുവേദനയ്ക്കുള്ള ചികിൽസ

ലഘുവായുള്ള ചികിൽസാ രീതികളെക്കാൾ ദീർഘമായ ചികിൽസകളാണ് ആയുർവേദം അനുശാസിക്കുന്നത്. വ്യക്തികളുടെ പ്രായവും രോഗാവസ്ഥയുടെ തീവ്രതയുമെല്ലാം ചികിൽസവിധികളും ദൈർഘ്യവും തീരുമാനിക്കുന്നു. ഭക്ഷണപഥ്യവും ജീവിതശൈലിയിലെ മാറ്റുമെല്ലാം ആയുർവേദ ചികിൽസയുടെ ഭാഗമാണ്. രോഗാവസ്ഥയുടെ തീവ്രതയനുസരിച്ച്, കാൽമുട്ടുകളിൽ തടംകെട്ടി ഒൗഷധ എണ്ണ നിറച്ചുവയ്ക്കുന്ന ‘ജാനുവസ്തി’ മുതൽ നിരവധി ചികിത്സാവിധികൾ ആയുർവേദത്തിലുണ്ട്. നേരിയ വേദന അനുഭവപ്പെടുമ്പോൾ തന്നെ ചികിൽസ തുടങ്ങിയാൽ കൂടുതൽ ആശ്വാസം ലഭിക്കും. നേരിയ വേദനയോടുകൂടിയ ആദ്യഘട്ടം മുതൽ പരിമിതമായ ചലനശേഷിയും കഠിന വേദനയെത്തുന്ന തീവ്രഘട്ടം വരെയുള്ള ഓരോ ഘട്ടത്തിലും വ്യത്യസ്ത ചികിൽസകളായിരിക്കും പിന്തുടരുന്നത്. നവരക്കിഴി, പിഴിച്ചിൽ, പൊടിക്കിഴി തുടങ്ങിയ കേരളീയ ചികിത്സകളും ഫലപ്രദമാണ്.

ക്ഷതമേൽക്കുവാൻ ഏറ്റവും സാധ്യതയുള്ള മേഖലയാണ് കാൽമുട്ടുകൾ. എപ്പോഴെങ്കിലും മുട്ടിനേൽക്കുന്ന ക്ഷതം ഉടൻ തന്നെയോ കാലങ്ങൾ കഴിഞ്ഞോ മുട്ടുവേദനയായി പരിണമിക്കാം. മുട്ടുചിരട്ടയുടെ സ്ഥാനചലനം, തരുണാസ്ഥികൾക്കുണ്ടാകുന്ന പരുക്കുകൾ എന്നിവ മുട്ടുവേദനയിലേക്ക് നയിക്കും. ചെറിയ ക്ഷതങ്ങൾ പോലും സമയത്തിനു ചികിൽസിച്ചില്ലെങ്കിൽ ചലനശേഷിയെ വരെ ബാധിക്കാം. ഒരേ ഇരിപ്പിൽ ദീർഘനേരം വാഹനമോടിക്കുന്നവർക്ക് കാൽമുട്ടിനു വേദനയനുഭവപ്പെടാൻ സാധ്യതയുണ്ട്. കൃത്യമായ ഇടവേളകളിൽ വാഹനം നിറുത്തി കാൽമുട്ടിനു വിശ്രമം നൽകിയാൽ വേദനയുടെ കാഠിന്യം കുറയ്ക്കാം കഴിയും. അമിത വ്യായാമങ്ങൾ പലപ്പോഴും കാൽമുട്ടിനു ക്ഷതങ്ങൾ സമ്മാനിക്കും. ‘‘ഓവർയൂസ് ഇൻജുറി’’ എന്ന വിഭാഗത്തിൽ വിഭാഗത്തിപ്പെട്ട പരുക്കുകൾ ക്രമേണ സ്ഥിരമായ മുട്ടുവേദനയിലേക്കു നയിക്കാം. ഏതു വ്യായാമമായാലും ശരിയായ വാം അപ്പ് ആവശ്യമാണ്. മുട്ടിനു ഏറ്റവും ആശ്വാസം നൽകുന്ന വ്യായാമം നീന്തലാണ്. വെള്ളത്തിൽ ശരീരഭാരം കുറയുന്നതിനാൽ മുട്ടിനു ആയാസമില്ലാതെ നന്നായി വ്യായാമം ചെയ്യാൻ സാധിക്കുന്നു.

© Copyright 2018 Manoramaonline. All rights reserved...