വരൂ, പോകാം പാണ്ഡവർ പ്രതിഷ്ഠിച്ച ആ അഞ്ച് ക്ഷേത്രങ്ങളിലേക്ക്...

രാകേഷ് നാഥ്

ഇന്ത്യയിലെ നൂറ്റിയെട്ട് വൈഷ്‌ണവ മഹാക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതാണ് പഞ്ചപാണ്ഡവക്ഷേത്രങ്ങൾ. ഭാരത ചരിത്രത്തിന്റെ തന്നെ സാംസ്കാരിക ചരിത്രം ക്ഷേത്രങ്ങളുടെ കൂടി ചരിത്രമാണ്. ചെന്തമിഴ് സാഹിത്യത്തിലെ വൈഷ്‌ണവ ഭക്തകവികളുടെ ഗുരുവായിത്തന്നെ കരുതിവരുന്ന നമ്മാഴ്‌വാർ തന്നെ സ്തുതിച്ചിട്ടുള്ള മലൈനാട്ടിലെ പതിനൊന്ന് തിരുപ്പതികളിൽ ഉൾപ്പെട്ടതുമാണ് ഈ പഞ്ചപാണ്ഡവക്ഷേത്രങ്ങൾ. അഞ്ച് വൈഷ്‌ണവക്ഷേത്രങ്ങൾ എന്നും ഇതറിയപ്പെടുന്നു. മധ്യതിരുവിതാംകൂറിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി താലൂക്കുകളിലാണ് പാണ്ഡവക്ഷേത്ര
ങ്ങൾ സ്ഥിതി ചെയ്യുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ഈ പാണ്ഡവക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠ എന്നതാണ് സങ്കൽപം.

അഞ്ചു ക്ഷേത്രങ്ങളിലും മഹാവിഷ്‌ണുവാണെങ്കിലും ഓരോന്നിലും ഭഗവാന്റെ ഓരോരോ ഭാവങ്ങളെ പ്രതീകാത്മകമായി പ്രകടമാക്കുന്ന പ്രതിഷ്‌ഠയാണുള്ളത്. ധർമസംസ്ഥാപനാർഥം അവതരിച്ച ശ്രീകൃഷ്‌ണനെ തൃച്ചിറ്റാ
റ്റിലും, ദുഷ്‌ട നിഗ്രഹാർഥം അവതരിച്ച ശ്രീകൃഷ്‌ണനെ തൃപ്പുലിയൂരിലും, സർവോപനിഷത്‌സാരസർവസ്വമായ ഗീത ഉപദേശിച്ച ഭഗവാന്റെ ദിവ്യരൂപത്തെ തിരുവാറൻമുളയിലും, മുരളിയൂതി ഗോക്കളെ മേയ്‌ക്കുന്ന ഗോശാല
കൃഷ്‌ണനെ തിരുവൻവണ്ടൂരിലും, കഠിനതപസ്സിനു ശേഷം അഗ്നിഭഗവാനിൽ നിന്നു ലഭിച്ച അദ്‌ഭുതനാരായണ വിഗ്രഹം തൃക്കൊടിത്താനത്തും പ്രതിഷ്‌ഠിച്ചു എന്നതുമാണ് ഐതിഹ്യം.

അഞ്ച് ക്ഷേത്രങ്ങളും ഒരേ ദിവസം ദർശനം നടത്തിയാൽ മുക്തി അഥവാ മോക്ഷം ലഭിക്കുമെന്നും ഒരു വിശ്വാസമുണ്ട്. വനവാസകാലത്ത് പാണ്ഡവർ ചെങ്ങന്നൂരും പരിസരത്തുമായി വസിച്ചിരുന്നു എന്നും അജ്‌ഞാതവാസം ആരംഭിക്കു
ന്നതിനുമുൻപ് ഭൃഗു മഹർഷിയുടെ ഉപദേശപ്രകാരം പാണ്ഡവർ പൂജിച്ചിരുന്ന അഞ്ചു വിഷ്‌ണുവിഗ്രഹങ്ങൾ അഞ്ചിടങ്ങളിലായി പ്രതിഷ്‌ഠിച്ചു എന്നതുമാണ് ഐതിഹ്യം. ദർശനം നടത്തുന്നതിലും പ്രത്യേക രീതിയുണ്ട്. ആദ്യം ദർശനം നടത്തേണ്ടത് തിരുചിറ്റാറ്റ് (തൃച്ചിറ്റാറ്റ്) ക്ഷേത്രത്തിലാണ്. അതിനുശേഷം പാണ്ഡവരുടെ ക്രമത്തിൽ ദർശനം നടത്തണം. മറ്റുള്ള ഓരോ ക്ഷേത്രത്തിലും പോകുന്നതിനു മുൻപായി തൃച്ചിറ്റാറ്റ് വന്ന് ദർശനം കഴിഞ്ഞേ പോകാൻ പറ്റുകയുള്ളൂവെന്ന് ആചാരവുമുണ്ട്. അഞ്ചുക്ഷേത്രങ്ങളും ഒരു ദിവസം കൊണ്ടാണെങ്കിൽ ഉച്ചപൂജയ്‌ക്കുമുൻപ് ദർശനം നടത്തുന്നത് മഹാപുണ്യമായും കരുതുന്നു.
1. തൃച്ചിറ്റാറ്റ് (ഇമയവരയപ്പൻ)
2. തൃപ്പുലിയൂർ (മായപിരാൻ)
3. തിരുവാറൻമുള (പാർഥസാരഥി)
4. തിരുവൻവണ്ടൂർ (പാമ്പണയപ്പൻ)
5. തൃക്കൊടിത്താനം (അദ്ഭുനാരായണൻ)

ഒന്ന് : തൃച്ചിറ്റാറ്റ് ( തിരുചിറ്റാറ്റ് ) മഹാവിഷ്ണുക്ഷേത്രം

പഴയ കാലത്ത് വഞ്ഞിപ്പുഴമഠത്തിന്റെ അധീനതയിലായിരുന്നു തൃച്ചിറ്റാറ്റ് ക്ഷേത്രം. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്തുകഴിഞ്ഞു. തിരു ചിറ്റാർ ആണ് തൃച്ചിറ്റാർ ആയി മാറിയത്. പമ്പയാറിന്റെ കൈവരികളിൽ ഒന്നാണ് ഈ ആറ്. ചെറിയ ആറ് ആണ് ചിറ്റാർ. ചതുർബാഹുക്കളോടു കൂടിയ മഹാവിഷ്‌ണുവിന്റെ ശിലാവിഗ്രഹ
മാണ് തൃച്ചിറ്റാറ്റിലെ പ്രതിഷ്‌ഠ. യുധിഷ്‌ഠരന്റെ തേവാരമൂർത്തിയാണ് ഇവിടെ കുടികൊള്ളു
ന്നത്. പഴയ പ്രതിഷ്‌ഠയിൽ ചക്രത്തിനുപകരം ശംഖേന്തിനിൽക്കുന്ന വിഗ്രഹരൂപമായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്രപുനരുദ്ധാരണത്തിൽ വലതുകൈയിൽ ചക്രം ഏന്തിനിൽക്കുന്ന രൂപമായി ഇപ്പോൾ നിലനിൽക്കുന്നു. ധർമിഷ്‌ഠനായതുകൊണ്ടും ശാന്തി ഇഷ്‌ടപ്പെട്ടതുകൊണ്ടുമാകാം, ചക്രത്തിനുപകരം ശംഖ് ഏന്തിനിൽക്കാൻ ഭഗവാൻ ഇഷ്‌ടപ്പെട്ടതെന്ന് പുരാണ പണ്‌ഡിതർ ചൂണ്ടിക്കാട്ടുന്നു. തൃച്ചിറ്റാറ്റിനും ഒരു ഐതിഹ്യമുണ്ട്. മഹാഭാരതയുദ്ധത്തിൽ അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന് അസത്യം പറയുകയാൽ അതിന്റെ പശ്ചാത്താപത്തിൽ, പാപം കഴുകിക്കളയുവാനായി, ധർമപുത്രർ തൃച്ചിറ്റാറ്റിൽ വന്ന് കുളിച്ച് ഭജനയിരുന്നു എന്നും സങ്കൽപമുണ്ട്. അതുകൊണ്ടുതന്നെ പിൽക്കാലത്ത് ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ഭജനയിരിക്കുന്നതും മറ്റും മനശ്ശാന്തിയും പാപമുക്തിയും കൈവരിക്കാൻ ഭക്തരെ സഹായിക്കും എന്നും ഒരു വിശ്വാസം നിലവിലുണ്ട്. ഇവിടെ ശീവേലിയില്ല, അഞ്ചു പൂജകളുമില്ല. ഒറ്റപ്പൂജമാത്രം (രാവിലെയും, വൈകിട്ടും). ഉപദേവാലയങ്ങളായ ശാസ്താവിനും ഗോശാലകൃഷ്‌ണനും പൂജയുണ്ട്. ധർമിഷ്‌ഠനായതുകൊണ്ട് ഭഗവാൻ ആരു വന്നാലും ധർമം കൊടുക്കും എന്ന ഒരു വിശ്വാസവുമുണ്ട്. വടക്കേ ഇന്ത്യയിൽനിന്നുവരെ ഭക്തർ ക്ഷേത്രത്തിൽ ദർശനം നടത്താനായി ഇപ്പോഴും വരാറുണ്ട്.

ഉത്സവം
ഈ ക്ഷേത്രത്തിലെ ഉത്സവം പഴയ കാലത്ത് ഗംഭീരമായി ആഘോഷിക്കപ്പെട്ടിരുന്നതായി രേഖകളുണ്ട്. വഞ്ഞിപ്പുഴ മേധാവിയുടെ അധീനതയിലായിരുന്ന കാലത്ത് പ്രത്യേകിച്ചും. ഇവിടത്തെ വെടിക്കെട്ട് നടത്തിയിരുന്നത് തൃശൂർക്കാരായിരുന്നു. മീനമാസത്തിലെ തിരുവോണം നാളിൽ ആറാട്ടുവരത്തക്കവിധം പത്തു ദിവസം നീണ്ടുനിൽക്കുന്നു ഇവിടത്തെ ഉത്സവം. ക്ഷേത്രത്തോടു ചേർന്നുതന്നെ ഗോശാലകൃഷ്‌ണന്റെ പ്രതിഷ്‌ഠയുണ്ട്. അതുകൊണ്ടുതന്നെ അഷ്‌ടമിരോഹിണിക്ക് ആഘോഷമേറെയുണ്ട്. ദശാവതാരച്ചാർത്തുകളും പ്രത്യേക പൂജകളുമുണ്ട്. പതിനേഴുകൊല്ലമായി സപ്‌താഹം നടന്നുവരുന്നു. തൃച്ചിറ്റാറ്റ് വെള്ളിയോട്ടില്ലത്തിനായിരുന്നു ശാന്തി. ദേവസ്വംബോർഡ് ഏറ്റെടുത്തതിനുശേഷം ക്രമം മാറുകയും ചെയ്‌തു. ക്ഷേത്രക്കുളവും പ്രശസ്തമാണ്. ഉത്സവത്തിന് വേലകളി ഉണ്ടായിരുന്നതും അത് പടവുകളിൽ വച്ചായിരുന്നതും പഴയ തലമുറ ഓർക്കുന്നു. ‘കുളത്തിൽവേല’ എന്നും ഇത് അറിയപ്പെട്ടിരുന്നു. അതിനുവേണ്ടിയാണ് നെടുകെ പടികൾ നിർമിച്ചിരിക്കുന്നത്. ഓരോ പടിയും ചവിട്ടിച്ചവിട്ടി മുകളിൽ വരും, പിന്നെ താഴേക്കു വരും, ഇത് ഇവിടത്തെ വേലകളിയുടെ പ്രത്യേകതയായിരുന്നു. വഞ്ഞിപ്പുഴ തമ്പുരാനായിരുന്നു അന്നത്തെ ഭരണം.

വഴി
ചെങ്ങന്നൂരിൽ നിന്നും തിരുവല്ലാ റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ പാണ്ടനാട് റോഡിലേക്കു പോകുമ്പോൾ അര കിലോമീറ്റർ പിന്നിടുമ്പോൾത്തന്നെ ക്ഷേത്രകവാടം കാണാം. ഇവിടെ പാത രണ്ടു വഴികളായി പിരിയുന്നു. ഒന്ന് മുണ്ടൻകാവിലേക്കും രണ്ട് പാണ്ടനാട് – മാന്നാർ പ്രദേശത്തേക്കും.

രണ്ട് : തൃപ്പുലിയൂർ മഹാവിഷ്ണുക്ഷേത്രം

കരിമാണിക്കത്തുമല എന്നറിയപ്പെടുന്ന കുന്നിൻമുകളിലാണ് തൃപ്പുലിയൂർ മഹാ
വിഷ്‌ണുക്ഷേത്രം കുടികൊള്ളുന്നത്. കരിമാണിക്കത്തുമലയുടെ വടക്കുഭാഗം പുലികൾ വിഹരിച്ചിരുന്ന വനമായിരുന്നു. പുലികളുടെ ഊരാണ് പുലിയൂർ ആയി മാറിയത്. ‘വ്യാഘ്രപുരം’എന്ന ഒരു പേരും പുലിയൂരിനുണ്ടായി. പാണ്ഡവരിൽ രണ്ടാമനായ ഭീമസേനൻ ആരാധിച്ചിരുന്ന വിഗ്രഹമാണ് തൃപ്പുലിയൂരിലുള്ളത്. അതുകൊണ്ടുതന്നെ ‘ഭീമസേനതിരുപ്പതി’ എന്നും ഭഗവാനെ വിശേഷിപ്പിക്കുന്നു. നരസിംഹകലയോടുകൂടിയ മഹാവിഷ്‌ണുവാണ് പ്രധാന പ്രതിഷ്‌ഠ. ക്ഷേത്രത്തിലെ വിളക്കുമാടം സ്ഥാപിച്ചിരിക്കുന്നത് കല്ലുകൊണ്ടാണ്. നമസ്കാരമണ്‌ഡപത്തിന്റെ തെക്കുവശത്ത് യക്ഷിയുടെ കണ്ണാടി പ്രതിഷ്‌ഠയാണുള്ളത്. ക്ഷേത്രത്തിലെ ഉപദേവതകളിൽ പ്രധാനവും ഇതാണ്. നാലാം നൂറ്റാണ്ടിൽ ഊരാൺമക്കാരായ ഇല്ലക്കാരും നാടുവാഴികളും തമ്മിലുണ്ടായ അധികാരകലഹത്തെത്തുടർന്ന് ക്ഷേത്രം നാശോൻമുഖമാവുകയും വളരെക്കാലം ക്ഷേത്രം അടച്ചിടുകയും ചെയ്‌തു. പുലിയൂർ വരയന്നക്കുടി തറവാട്ടിലെ ഒരു കാരണവരെ പുലിയൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ ബ്രാഹ്മണർ ക്ഷേത്രത്തിൽവച്ച് വധിക്കുകയും പകരം വരയന്നക്കുടിയിലെ കാരണവൻമാർ ക്ഷേത്രത്തിലെ ഊട്ടുപുരയിൽവച്ച് പുലിയൂരിലെ ബ്രാഹ്മണരിൽ ഭൂരിഭാഗത്തേയും കൊലപ്പെടുത്തുകയും ചെയ്‌തു. ക്ഷേത്രത്തിലെ ശാന്തിക്കാരനെ ബിംബത്തോടു ചേർത്തുവച്ച് കൊലപ്പെടുത്തിയെന്നും ഒരു ഐതിഹ്യം ഉണ്ട്. കാലാന്തരത്തിൽ പരിഹാരക്രിയകൾ നടത്തി ക്ഷേത്രനട വീണ്ടും തുറക്കുകയും ചെയ്‌ത ഒരു ചരിത്രം കൂടി ഈ ക്ഷേത്രത്തിനുണ്ട്. പടികൾ കയറിവേണം ക്ഷേത്രത്തിൽ എത്തേണ്ടത്. ചതുർബാഹുരൂപത്തിലാണ് മഹാവിഷ്‌ണു ഇവിടെ രൂപം കൊണ്ടിരിക്കുന്നത്. വലിയ ശ്രീകോവിൽ, നാലമ്പലം, തിടപ്പള്ളി, ദാരുശിൽപങ്ങളുള്ള നമസ്കാരമണ്ഡപം, ചുവർചിത്രകലയോടെയുള്ള അകഭിത്തികൾ എല്ലാം തന്നെ പുലിയൂർക്ഷേത്രത്തിന്റെ പൗരാണികകാലത്തിന്റെ ഐശ്വര്യവും പ്രതാപവും പ്രകടമാക്കുന്നതാണ്.

ചതുശ്ശതമാണ് പ്രധാന വഴിപാട്. പലവിധ വിഭവങ്ങൾ പ്രത്യേക രസാനുപാകത്തിൽ തയാറാക്കുന്ന പായസമാണ് ചതുശ്ശതം. ക്ഷേത്രത്തിന്റെ ചുമരിൽ കൊത്തിവച്ചിരിക്കുന്ന രൂപത്തിലാണ് ഗണപതിവിഗ്രഹം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിൽ നാല് ഉപദേവന്മാരായി ശിവൻ, ശാസ്താവ്, യക്ഷി, ഗണപതി എന്നിവരും ശാസ്താംനടയുടെ പടിഞ്ഞാറു ഭാഗത്തായി നാഗത്താന്മാരേയും പ്രതിഷ്‌ഠിച്ചിട്ടുണ്ട്. ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തായി ഏകദേശം അഞ്ചടിയോളം ഉയരമുള്ള മൂന്ന് കരിങ്കൽത്തൂണുകൾ നിലവിലുണ്ട്. ഭീമൻ ഭക്ഷണം പാകം ചെയ്‌ത അടുപ്പുകളുടെ ശേഷിപ്പുകളിലൊന്നാണിത് എന്നും ചരിത്രപണ്‌ഡിതർ ചൂണ്ടിക്കാട്ടുന്നു. ഉഷഃപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിങ്ങനെ മൂന്നു പൂജകളാണ് ക്ഷേത്രത്തിലുള്ളത്. വൈകുന്നേരത്തെ നിവേദ്യം കഴിഞ്ഞാൽ ഭഗവാൻ തിരുവാറൻമുളയ്‌ക്ക് എഴുന്നള്ളുന്നു എന്നും വിശ്വാസമുണ്ട്. പുലിയൂർ ദേശവാസികൾ അത്താഴപ്പട്ടിണിക്കാരാണെന്ന് ഒരു ചൊല്ലുണ്ട്. കാരണം, അക്കാലത്ത് ഭഗവാന്റെ അത്താഴം തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലായിരുന്നു എന്ന് ഐതിഹ്യ
മുണ്ട്. ഭരണപരമായ കാര്യങ്ങൾ തീർപ്പുകൽപിക്കുന്നതിനും പരിഹരിക്കുന്നതിനും തിരുപ്പുലിയൂർ മുക്കാൽവട്ടത്ത് മണ്ഡപത്തിൽ യോഗം കൂടിയിരുന്നതായും പറയപ്പെടുന്നു. നിയമനിർമാണവും നീതിന്യായവും നോക്കിയിരുന്നത് തിരുപ്പുലിയൂർ ദേവസ്ഥാനമായിരുന്നു ഒരു കാലത്ത്. എളമ്പൽദേശം വാണി
രുന്ന രാജാവ് തന്നെ ബാധിച്ച രോഗത്തിന്റെ ശാന്തിക്കായി പുലിയൂർ ക്ഷേത്രത്തിൽ ഭജനം പാർക്കുകയും, രോഗവിമുക്തനാകുകയും 900 പറനിലം ദാനം ചെയ്യുകയും ചെയ്‌തു. ക്ഷേത്രം ഓഫിസിന്റെ വടക്കുവശത്താണ് ദർപ്പക്കുളം സ്ഥിതിചെയ്യുന്നത്. ക്ഷേത്രം നാലമ്പലത്തിന്റെ തെക്കു കിഴക്കായി ഒരു കൂത്തമ്പലം ഉണ്ടായിരുന്നു. നൂറ്റാണ്ടുകൾ മുൻപേ കൂത്തമ്പലം നശിച്ചുപോവുകയും ചെയ്‌തു.

ഉത്സവം
മകരത്തിലെ തിരുവോണം നാളിൽ ആറാട്ടുവരുന്ന വിധമാണ് പുലിയൂരിലെ ഉത്സവം. ക്ഷേത്രത്തിൽ ‘കഥകളി’ അരങ്ങേറുമ്പോൾ ദുര്യോധനവധം കഥകളി ആടുകയില്ല എന്ന ഒരു കൗതുകം കൂടിയുണ്ട്. ഭീമസേനവേഷമാടുന്ന നടൻ ഭീമഭാവം പൂണ്ട്, കലിയാൽ, യഥാർഥവധം തന്നെ നടത്തിയേക്കുമെന്ന ഭയം പഴയ തലമുറയിലെ ഒരു വിശ്വാസം കൂടിയായി ആചരിക്കുന്നു. കന്നിമാസത്തിലെ തിരുവോണം നാൾ കൊടിയേറി തുലാമാസത്തിലെ തിരുവോണം നാളിൽ ആറാട്ടോടെ ഉത്സവമായിരുന്നു പണ്ടു കാലത്ത് നടന്നിരുന്നത്. ഇരുപത്തിയെട്ടു ദിവസത്തെ ഉത്സവമായിരുന്നു അത്. ക്ഷേത്രത്തിൽ നടന്ന അനിഷ്‌ട സംഭവങ്ങൾക്കു ശേഷമാണ് ആഘോഷനടത്തിപ്പിലും മാറ്റം വന്നത്. ഉത്സവത്തിന്റെ രണ്ടാം ദിവസം മുതൽ പറയെടുപ്പും നടത്തുന്നു. ഉത്സവത്തിന് സംഗീതാർച്ചനയോടെ നാഗസ്വരസേവയും ഉത്സവകാലത്തിന് മാറ്റുകൂട്ടുന്നു. മകരം ഒന്നിന് കാവടിയാട്ടം ക്ഷേത്രത്തിൽ നടക്കുന്നു. മകരസംക്രമദിനത്തിൽ, ഭഗവാന്റെ പിറന്നാൾ ദിനത്തിൽ, ദേശവാസികളെല്ലാം കാവടിയാട്ടം ആഘോഷിക്കുന്നു. മൂന്നു കിലോമീറ്റർ ദൂരമുള്ള പഴയാറ്റിൽ ദേവീക്ഷേത്രത്തിൽ നിന്നു തുടങ്ങുന്ന കാവടിയാട്ടം തൃപ്പുലിയൂർ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. പേരിശ്ശേരി ഇടമനമഠം വക പഴയാറ്റിൽ ദേവീക്ഷേത്രത്തിൽ സ്വയംഭൂവായ വനദുർഗയാണ്. തെങ്കാശിയിൽനിന്നു കൊണ്ടുവന്ന ദേവി എന്ന് ഐതിഹ്യം ഉണ്ട്. നാൽപത്തിയൊന്നു ദിവസത്തെ വ്രതം എടുത്തിട്ടാണ് ഭക്തർ കാവടിയാടുന്നത്. ക്ഷേത്രത്തിൽ മുരുകവിഗ്രഹമില്ലെങ്കിൽക്കൂടിയും, ഭീമസേനതിരുപ്പതിക്ക് കാവടി
യാട്ടം ഇഷ്‌ട ആഘോഷമായതിനാൽ അതിന്നും നടന്നു വരുന്നു. ഭീമന്റെ ഗദയുടെ പ്രതിഷ്‌ഠയും ക്ഷേത്രത്തിനു മുൻപായി രൂപം കൊള്ളുന്നു. ‘മയദത്തം’ എന്ന് ഇത് അറിയപ്പെടുന്നു. ഊട്ടുപുരയും, ക്ഷേത്രക്കുളവും, പടിഞ്ഞാറെ നടയിലെ ആൽമരവും പ്രത്യേകതകളാണ്. ഉത്സവത്തിന് വേലകളിയും എഴുന്നള്ളിപ്പിന് മുത്തുക്കുടചൂടലും പ്രത്യേകതകളായിരുന്നു. വർഷത്തിൽ ഒരു ദിവസം മാത്രമേ പടിഞ്ഞാറേ നട തുറക്കുകയുള്ളൂ. (മകരം 28 –ാം തീയതിയിൽ മാത്രം). ഇരുപത്തിയെട്ട് ഉച്ചാരം ആചാരപ്രകാരം ഇന്നും നടന്നുവരുന്ന സമ്പ്രദായമാണിത്. കുറവസമുദായത്തിൽ പെട്ടവരാണ് ഈ ദിവസം ഈ നടയിൽ വന്ന് ഭഗവാന് അരിയും മറ്റും കാണിക്ക അർപ്പിക്കുന്നത്. പുലിയൂർ ദേശത്ത് ഈ സമുദായക്കാർ അന്തി ഉറങ്ങാറില്ല എന്നും ഒരു വിശ്വാസം ഉണ്ട്. മഹാഭാരതം തമിഴ് പതിപ്പിൽ പാണ്ഡവരുടെ വനവാസക്കാലത്ത് മന്ത്രവാദം, നിഴൽകൂത്ത് തുടങ്ങിയവയാൽ പാണ്ഡവരെ ബുദ്ധിമുട്ടിച്ച കുറവ വംശജരെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിനുള്ള പ്രായ്‌ശ്ചിത്തമായി വർഷംതോറും ഒരു ദിവസം പടിഞ്ഞാറേനടയിൽ വന്ന് ഭഗവാനെ കാണാനുള്ള ആചാരമായി ഇതു മാറി. കൊല്ലത്ത് മലനടക്ഷേത്രത്തിൽ പുലിയൂർ ദേശക്കാർക്ക് ദർശനം ഇല്ല. കാരണം, ദുര്യോധനനാണ് മലനടയിലെ പ്രതിഷ്‌ഠ. ആ ക്ഷേത്രത്തിലെ പൂജകൾ നടത്തുന്നത് കുറവസമുദായത്തിൽ പെട്ടവരുമാണ്.പൗരാണിക ചരിത്രകാരനായ പി. ഉണ്ണിക്കൃഷ്‌ണൻ നായർ ‘തിരുപ്പുലിയൂർ’എന്ന അപൂർവഗ്രന്ഥം കൂടി രചിച്ചിട്ടുണ്ട്. ഇത് ക്ഷേത്രത്തിന്റെ പൗരാണിക പ്രതാപകാലത്തെ മനസ്സിലാക്കുവാൻ സഹായിക്കുന്ന ഉത്തമഗ്രന്ഥമായി ഇന്നും നിലകൊള്ളുന്നു.

വഴി
ചെങ്ങന്നൂരിൽനിന്നു മാവേലിക്കര പാതയിൽ (മാവേലിക്കര – ശബരിമല റോഡ് എന്ന് പഴയ നാമം) 4.5 കിലോമീറ്റർ താണ്ടിക്കഴിയുമ്പോൾ പുലിയൂർ മഹാവിഷ്‌ണുക്ഷേത്രമായി. ക്ഷേത്രത്തിന്റെ മുൻവശത്തെ കിഴക്കേനട ജംക് ഷനിൽത്തന്നെ ആൽമരം സ്ഥിതിചെയ്യുന്നു. കിഴക്കേനടയിൽ പാത രണ്ടായി പിരിയുന്നു. ഒന്ന് തോനയ്‌ക്കാട്–മാവേലിക്കര–മണ്ണാറശ്ശാല പാതയും രണ്ട് ചാരുംമൂട്–കൊല്ലകടവ്–കായംകുളംപാതയുമാണ്.

മൂന്ന് : തിരുവാറൻമുള പാർഥസാരഥിക്ഷേത്രം
പാണ്ഡവരിൽ മൂന്നാമത്തെ അംഗം അർജുനൻ ആരാധിച്ചിരുന്ന ശ്രീകൃഷ്‌ണവിഗ്രഹമാണ് തിരുവാറൻമുള ക്ഷേത്രത്തിൽ പ്രതിഷ്‌ഠിച്ചിരിക്കുന്നത്. നിലയ്‌ക്കൽ നാരായണപുരത്ത് പ്രതിഷ്‌ഠിച്ചിരുന്ന തേവാരവിഗ്രഹം നിലനിന്ന ആ സ്ഥലം കാലാന്തരത്തിൽ

വാസയോഗ്യമല്ലാതെയായി. അപ്പോൾ ഭഗവാൻ സ്വയം തന്റെ ക്ഷേത്രനിർമിതിക്കായി ആറുമുളകൾ കൊണ്ടു തീർത്ത ചങ്ങാടത്തിൽ പമ്പാനദിയിലൂടെ ഒഴുക്കിക്കൊണ്ടുവന്നു, ആറൻമുളയിൽ പ്രതിഷ്‌ഠിക്കുകയുമായിരുന്നു. താഴ്‌ന്ന പ്രദേശമായതിനാൽ ക്ഷേത്രത്തിൽ വെള്ളം കയറാതിരിക്കാൻ ഭൂതഗണങ്ങളെക്കൊണ്ട് മണ്ണിട്ട് ഉയർത്തി എന്നും ഐതിഹ്യം. പൂർവാഭിമുഖമാണ് ക്ഷേത്രദർശനം. പതിനെട്ട് കരിങ്കൽപ്പടവുകൾ കയറിവേണം ക്ഷേത്രത്തിലെത്താൻ. മാർത്താണ്ഡവർമ പണിഞ്ഞതാണ് ക്ഷേത്രത്തിന്റെ മതിൽക്കെട്ട്. ആനക്കൊട്ടിൽ, വിളക്കുമാടം, ഊട്ടുപുര, ശ്രീമൂലം തിരുനാളിന്റെ കാലത്തു സ്ഥാപിച്ച സ്വർണക്കൊടിമരം, വ്യാളീരൂപങ്ങൾ എന്നിവയും പ്രത്യേകതകളാണ്. നാല് ഉപദേവതാലയങ്ങൾ അകത്തുണ്ട്. ധർമശാസ്താവ്, ഭഗവതി, ബലഭദ്രസ്വാമി, നാഗദേവൻമാർ എന്നിവരെ പ്രതിഷ്‌ഠിച്ചിരിക്കുന്നു. മൂലവിഗ്രഹം നാല് തൃക്കൈകളോടുകൂടി നിൽക്കുന്ന മഹാവിഷ്‌ണുവിഗ്രഹമാണിവിടെ. ആറടിയോളം ഉയരമുള്ള വിഗ്രഹമാണിത്. മുകളിലേക്ക് ഉയർത്തിപ്പിടിച്ചിരിക്കുന്ന വലംകയ്യിൽ സുദർശന ചക്രവും ഇടംകയ്യിൽ ശംഖുമാണ്. താഴെ ഇടതുകൈയിൽ ഗദയും വലതുകൈയിൽ താമരപ്പൂവുമാണ്. പാർശ്വത്തിൽ മഹാലക്ഷ്‌മിയും ഭൂമീദേവിയും ഭഗവാനെ പരിസേവിക്കുന്നു.

956–ാം കുംഭമാസം 29–ാം തീയതി ഒരു അഗ്നിബാധയുണ്ടാവുകയും അതിനുശേഷം കാർത്തിക തിരുനാൾ മഹാരാജാവ് മണ്ഡപവും ക്ഷേത്രത്തിന്റെ പലഭാഗങ്ങളും പുതുക്കിപ്പണിയുകയും ചെയ്‌തു. ആറൻമുളപാർഥസാരഥിക്ക് ഇഷ്‌ടപ്പെട്ട വഴിപാടാണ് അന്നദാനം. ആറൻമുളയൂട്ട്, തിരുവോണസദ്യ, വള്ളസദ്യ എന്നിങ്ങനെ എല്ലാ ആഘോഷദിവസങ്ങളിലും വർഷംതോറും ക്ഷേത്രത്തിൽ അന്നദാന വഴിപാടു നടത്തിവരുന്നു.

ചിങ്ങമാസത്തിൽ ഉത്തൃട്ടാതിക്കാണ് പാർഥസാരഥിയുടെ പ്രതിഷ്‌ഠ ആറൻമുളയിൽ നടന്നത്. അർജുനന്റെ ജൻമദിനവും അന്നാണ്. ഉത്തൃട്ടാതി വള്ളംകളി ആറൻമുളയിൽ അന്നാണു നടക്കുന്നത്. കാർത്തികതിരുനാൾ രാമവർമ മഹാരാജാവ് സ്ഥാനാരോഹണം ചെയ്‌തശേഷം നടത്തിയ മുറജപത്തിൽ 56 ദിവസത്തെ സദ്യയിൽ, വറുത്തഎരിശേരി വിഭവം വയ്‌ക്കാനായി ആറൻമുളത്തമ്പുരാന്റെ അനുഗ്രഹത്തോടെ ദേഹണ്ഡക്കാർ പോവുകയും സദ്യ അസ്സലാവുകയും, സമ്മാനമായി ആറൻമുള അമ്പലത്തിൽ എഴുന്നള്ളിക്കാനായി ഒരു ആനയെ നടയ്‌ക്കിരുത്തണമെന്നപേക്ഷിക്കുകയും, രാജാവ് നിർദ്ദേശിക്കുകയും ചെയ്‌തതിന്റെ ഫലമായി, കേരളത്തിൽ പ്രസിദ്ധിയാർജിച്ച ആറൻമുള വലിയ ബാലകൃഷ്‌ണൻ എന്ന ആന ആറൻമുളയുടെ സ്വന്തമാവുകയും ചെയ്‌തു. നെടുമ്പയിൽ കൊച്ചുകൃഷ്‌ണനാശാൻ ആറൻമുളയ്‌ക്കടുത്ത് ജനിച്ച പണ്ഡിതനും ജ്യോതിഷിയുമായിരുന്നു. ആറൻമുളക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ അവലംബിച്ച് രചിച്ച ആധികാരിക ഗ്രന്ഥമാണ് ’ആറൻമുള വിലാസം ഹംസപ്പാട്ട്’.

ഉത്സവം
മകരമാസത്തിൽ അത്തത്തിന് കൊടിയേറി തിരുവോണത്തിന് ആറാട്ടോടുകൂടി പത്തുദിവസമായാണ് ക്ഷേത്രത്തിലെ ഉത്സവം ആചരിക്കുന്നത്. ചെറുകോലിൽ പമ്പാതീരത്തായിരുന്നു പണ്ട് ആറാട്ട്. ഇപ്പോൾ ക്ഷേത്രം–കിഴക്കു വശത്തുള്ള സമൂഹത്തുമഠം കടവിലാണു നടക്കുന്നത്. ആറാം ദിവസത്തെ ഗരുഡവാഹനം എഴുന്നള്ളിപ്പിന് പ്രത്യേക പ്രാധാന്യം ഉണ്ട്. അത്താഴശീവേലിക്കു ഭഗവാൻ തെക്കേനടയിൽ എഴുന്നള്ളത്തിനു വരുന്നത് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. അന്ന് ഭഗവാനെ തൊഴുതാൽ ദീർഘമംഗല്യയോഗം ഉണ്ടാകുമെന്ന് സ്‌ത്രീഭക്തർക്കിടയിൽ വിശ്വാസമുണ്ട്. വൃശ്ചികമാസത്തിൽ ഒന്നാം തീയതിമുതൽ പന്ത്രണ്ടാം തീയതിവരെ നടക്കുന്ന ആഘോഷമാണ് കളഭവും വിളക്കും. 927 വൃശ്ചികം ഒന്നാം തീയതിയായിരുന്നു ഈ കളഭവും വിളക്കും വഴിപാട് ആരംഭിച്ചത്.

ക്ഷേത്രം സന്യാസിമാരുടെയും ഭജനക്കാരുടെയും, തീർഥാടകരുടെയും ആശ്രമസ്ഥലം കൂടിയായി വർത്തിക്കുന്നു. ക്ഷേത്രക്കടവിലെ മത്സ്യങ്ങൾക്കു തീറ്റകൊടുക്കുന്നതും വഴിപാടാണ്. ആർ. ഭാസ്കരമാരാർ രചിച്ച തിരുവാറൻമുളക്ഷേത്രമാഹാത്മ്യം എന്ന ഗ്രന്ഥം, ക്ഷേത്രചരിത്രവും വഴിപാടുകളും കൂടുതലറിയാൻ പ്രാപ്‌തരാക്കും. കർക്കടമാസത്തിൽ വാവുബലി ഇടുന്നതും ആറൻമുളകടവിലാണ്.

വള്ളസദ്യ
ഓരോ കരയിലെ വള്ളക്കാർക്കും സദ്യകൊടുക്കുന്ന ചടങ്ങാണ് വലിയ വഴിപാടായി മാറിയ വള്ളസദ്യ. ചിങ്ങമാസത്തിലെ അഷ്‌ടമിരോഹിണിക്ക് 80 പറ അരിവച്ച് സദ്യനടത്തിപ്പോരുന്ന ആചാരമാണ് ഇപ്പോൾ കെങ്കേമമായി വിദേശികളെപ്പോലും, അദ്‌ഭുതപ്പെടുത്തും വിധം നടത്തിവരുന്നത്.

വഴി
ചെങ്ങന്നൂർ–കോഴഞ്ചേരി പാതയിൽ 11 കിലോമീറ്റർ അകലെയാണ് ആറൻമുള പാർഥസാരഥിക്ഷേത്രം സ്ഥിതിചെയ്യുന്നത്. കോഴഞ്ചേരിയിൽ നിന്നും നാലു കിലോമീറ്റർ അകലെയുമാണ് ക്ഷേത്രം നില കൊള്ളുന്നത്.

നാല് : തിരുവൻവണ്ടൂർ മഹാവിഷ്ണുക്ഷേത്രം


പാണ്ഡവരിൽ നാലാമനായ നകുലന്റെ തേവാരമൂർത്തിയായ മഹാവിഷ്‌ണുവാണ് തിരുവൻവണ്ടൂർ മഹാവിഷ്‌ണു ക്ഷേത്രത്തിലെ പ്രതിഷ്‌ഠ. മറ്റു പഞ്ചപാണ്ഡവക്ഷേത്രങ്ങളിലെപ്പോലെതന്നെ ചതുർബാഹുവിഷ്‌ണുവിഗ്രഹ
മാണ് തിരുവൻവണ്ടൂരിലെ പ്രതിഷ്‌ഠ. സ്ഥലനാമം തന്നെ പാണ്ഡവപുരി എന്നും അറിയപ്പെട്ടിരുന്നു. വലിയ വണ്ടുകൾ കാണപ്പെട്ട സ്ഥലം എന്നുകൂടി അർഥമുണ്ട് തിരുവൻവണ്ടൂരിന്. തിരുപാണ്‌ഡവപുരി എന്നും പ്രദേശം അറിയപ്പെട്ടിരുന്നു. നമ്മാൾവാരുടെ ചരിത്രത്തിലും ഇതു സൂചിപ്പിക്കുന്നു. തൊട്ടടുത്ത സ്ഥലമാണ് വനവാസക്കര. അതു ഇപ്പോൾ വനവാതുക്കര എന്നറിയപ്പെടുന്നു. തൊട്ടടുത്ത മറ്റൊരു സ്ഥലം പാണ്ഡവനാട് പിന്നീട് പാണ്ടനാട് എന്നും അറിയപ്പെടുന്നു.
വനവാസക്കാലത്ത് കഠിന തപസ്സിലൂടെ പാഞ്ചാലി അക്ഷയപാത്രം സ്വന്തമാക്കിയതും തിരുവൻവണ്ടൂരിൽ വച്ചാണ്. കൊല്ലവർഷം 1086–ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് തമിഴ്‌നാട്ടിൽനിന്നു കൊണ്ടുവന്ന മനോഹരശിൽപങ്ങൾ ഉപയോഗിച്ച് ഇരുനിലവട്ട ശ്രീകോവിൽ പണികഴിപ്പിച്ചു. ഇത് വിശാലമായ ശ്രീകോവിൽ കൂടിയാണ്.

അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമിക്ഷേത്രവുമായും ബന്ധപ്പെട്ട ഒരു ചരിത്രംകൂടിയുണ്ട്. അമ്പലപ്പുഴ മഹാരാജാവ് ലക്ഷണമൊത്ത വിഗ്രഹം തേടി ഭടൻമാരെ അയച്ചപ്പോൾ ഇവിടുണ്ടായിരുന്ന മേൽശാന്തി കൃഷ്‌ണവിഗ്രഹം മാറോടെടുത്ത് സമീപത്തുണ്ടായിരുന്ന ആറ്റിൽ ചാടി ആത്മാഹൂതി ചെയ്‌തു. അമ്പലപ്പുഴ മഹാരാജാവിന് സന്താനയോഗമില്ലാത്തതിനാൽ പ്രശ്‌നവിധിയാൽ, ലക്ഷണമൊത്ത വിഗ്രഹമെടുത്ത് പൂജിച്ചാൽ, ബാലസിദ്ധിയുണ്ടാകും എന്നൊരു ചരിത്രമാണിതിന്റെ പിറകിൽ. അന്നുണ്ടായിരുന്ന മഹാവിഷ്‌ണു വിഗ്രഹത്തിന്റെ ഉപവിഗ്രഹമായിരുന്ന ഗോശാലകൃഷ്‌ണന്റെ വിഗ്രഹം എടുക്കാൻ വേണ്ടിയാണ് അവർ തേടി വന്നത്. അങ്ങനെ വന്നപ്പോൾ പൂജാരിയായ ബ്രാഹ്മണൻ കൃഷ്‌ണവിഗ്രഹം ഇളക്കിയെടുത്ത് ജലാദിവാസക്രിയ നടത്തി. പമ്പയുടെ കൈവഴികളിലൊന്നായ ആറ്റിലാണ് നടത്തിയത്. പിന്നീട് കാലാന്തരത്തിൽ ചിത്രകാരൻകൂടിയായ ഒരു പണ്ഡിതന് ഈ ജലാദിവാസക്രിയയുടെ സ്വപ്‌നദർശനമുണ്ടായി. അതിനെത്തുടർന്ന് അമ്പത്തിയൊന്ന് ദിവസം കുഴിച്ച് ആ കൃഷ്‌ണവിഗ്രഹം തിരിച്ചെടുക്കുകയും പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. ഏഴ് ഘട്ടങ്ങളുള്ള സപ്‌താഹമായും ഗജമേളങ്ങളോടെ ആഘോഷമായും ആ ദിവസം ഇന്നും ആചരിച്ചുപോരുന്നു. ഏഴു ദിവസമുള്ള ഏഴു സപ്‌താഹങ്ങൾ ഇവിടത്തെ പ്രത്യേകതകളിലൊന്നാണ്. മേയ് 18 ന് സമൂഹസദ്യ നടത്തുന്നു. ഘോഷയാത്രയും ഗജമേളയും അതിന്റെ ഭാഗമായി ഇന്നും നടന്നുപോരുന്നു. ഈ 51 ദിവസത്തെ കുഴിക്ഷേത്രത്തിൽത്തന്നെ പ്രത്യേക കഞ്ഞി ഉണ്ടാക്കിക്കൊടുത്തിരുന്നു. ആ കഞ്ഞി ഇന്നും നിലനിന്നു പോരുന്നുണ്ട്. എന്നും അന്നദാനം കിട്ടുന്ന ക്ഷേത്രമായിട്ടാണ് ഈ ക്ഷേത്രം മാറിയിട്ടുള്ളത്. പണ്ടു മുതലേ അതു നിലനിന്നിരുന്നു എന്നതും അദ്‌ഭുതമാണ്. മൂന്നു മഠങ്ങളുടെ അധീനതയിലായിരുന്നു ആദ്യകാലത്ത് ക്ഷേത്രം. ഗണപതി, ശാസ്താവ്, ശിവൻ എന്നീ മൂന്ന് ഉപദേവൻമാരെയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. കൃഷ്‌ണവിഗ്രഹം എടുത്ത സ്ഥലം കുളമായി ഇന്നും ക്ഷേത്രഭാരവാഹികളും നാട്ടുകാരും കാത്തു സംരക്ഷിക്കുന്നു. വിഷ്‌ണു പുഷ്കരിണി എന്നാണത് അറിയപ്പെടുന്നത്. ഗോശാലസേവാ സംഘത്തിന്റെ കീഴിലാണ് ഇതെല്ലാം സംരക്ഷിക്കപ്പെടുന്നതും മേൽനോട്ടം നടത്തുന്നതും. ഇടിച്ചുപിഴിഞ്ഞുപായസമാണ് പ്രധാന വഴിപാട്. അപ്പനിവേദ്യം, പാൽപ്പായസം, നെയ് വിളക്ക് എന്നതും വഴിപാടുകളിൽ പ്രധാനപ്പെട്ടതാണ്.

ഉത്സവം
കുംഭമാസത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം. അൻപത്തൊന്നു ദിവസം നിൽക്കുന്ന മഹായജ്‌ഞം പ്രധാന ഉത്സവമാണ്. ശ്രീകൃഷ്‌ണജയന്തിക്കു പ്രാധാന്യമേറെയുണ്ട്. മകരവിളക്കു സമയത്ത് ചിറപ്പ്, ധനു ഒന്നു മുതൽ ദശാവതാരച്ചാർത്തും, മേയ് മാസം നാലിന് അവസാനിക്കുന്ന നിലയിൽ അഷ്‌ടബന്ധകലശവും ഉണ്ട്. അഷ്‌ടമിരോഹിണിക്ക് ശോഭായാത്രയുണ്ട്. ഗജമേളയ്‌ക്കും പ്രത്യേകതയുണ്ട്. കൃഷ്‌ണവിഗ്രഹം കുഴിച്ചെടുത്തത് അൻപത്തിയൊന്നു കരയിലെ ആളുകളായിരുന്നതുകൊണ്ടാണ് അൻപത്തിയൊന്ന് ആനകൾ ഉൾപ്പെടുന്ന ഗജമേള ആചാരമായത്. നൂറ്റിയൊന്നു പറയുടെ അന്നദാനവും അന്ന് തിരുവൻവണ്ടൂർ മഹാക്ഷേത്രസന്നിധിയിൽ നടത്തുന്നു. ഇന്നാകട്ടെ ഇരുനൂറിലേറെ പറയിട്ടാണ് അന്നദാനം നടത്തുന്നത്.

വഴി
ചെങ്ങന്നൂരിൽനിന്നു തിരുവല്ല പാതയിൽ പ്രാവിൻകൂട് ജംക് ഷനിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ ക്ഷേത്രം സ്ഥിതിചെയ്യുന്നു.

അഞ്ച് : തൃക്കൊടിത്താനം മഹാക്ഷേത്രം

’എല്ലിയും കാലൈയും തന്നൈ നിനൈന്തെഴ
നല്ലവരുൾകൾ നമക്കേതന്തു അരുൾ ചെയ്‌വാൻ
അല്ലിയന്തണ്ണന്തുഴായ് മുടി അപ്പനൂർ,
ചെൽവർകൾ വാഴും തിരുക്കടിത്താനമേ’
എന്ന് എഡി 7–ാം നൂറ്റാണ്ടിനും 9–ാം നൂറ്റാണ്ടിനുമിടയ്‌ക്ക് ജീവിച്ചിരുന്ന പ്രസിദ്ധ വൈഷ്‌ണവ കവിയായ നമ്മാഴ്‌വാർ തൃക്കൊടിത്താനം മഹാവിഷ്‌ണുക്ഷേത്രത്തെക്കുറിച്ച് പാടിയിട്ടുണ്ട്. പഞ്ചപാണ്ഡവരിൽ ഇളയസഹോദരനായ സഹദേവൻ ആരാധിച്ചിരുന്ന വിഗ്രഹമാണ് തൃക്കൊടിത്താനത്തെ മഹാവിഷ്‌ണു പ്രതിഷ്‌ഠ. ഏഴാം നൂറ്റാണ്ടിൽ ക്ഷേത്രം പുനർനിർമിക്കപ്പെട്ടു എന്നതിന് ചരിത്രരേഖകളുണ്ട് എന്നും പറയപ്പെടുന്നു.

പുരാതന കാലത്തുതന്നെ സംവാദശൈലിയിൽ വേദപഠനം നടത്തപ്പെട്ട സ്ഥലം കൂടിയാണ് തൃക്കൊടിത്താനം. ’കടിക’ എന്നാൽ വേദവിദ്യാപീഠം എന്നാണർഥം. തിരുകടികാസ്ഥാനം പിൽക്കാലത്ത് തൃക്കൊടിത്താനമായി മാറുകയും ചെയ്‌തു. പത്താം നൂറ്റാണ്ടിൽ, വെമ്പൊലനാടിനും വേണാടിനും ഇടയിലുള്ള നന്റുഴൈ നാടിന്റെ തലസ്ഥാനമായിരുന്നു തൃക്കൊടിത്താനം. 1750 ൽ വിശാലതിരുവിതാംകൂർ സ്ഥാപിതമായി ശ്രീപത്മനാഭന് തൃപ്പടിദാനമായി അർപ്പിച്ചു. തൃക്കൊടിത്താനം ക്ഷേത്രത്തിന്റെ ഊരാൺമക്കാർ പത്തില്ലത്തിൽ പോറ്റിമാർ എന്നറിയപ്പെടുന്ന ബ്രാഹ്മണഗണമായിരുന്നു.
സഹദേവനുമാത്രം ആരാധനയ്ക്കു പറ്റിയ വിഗ്രഹം ലഭിക്കാതെ വന്നപ്പോൾ സഹദേവൻ അഗ്നിയിൽ ചാടി മരിക്കുവാനുറച്ചു. അപ്പോൾ ഒരുക്കപ്പെട്ട അഗ്നികുണ്ഡത്തിൽനിന്നു പ്രത്യക്ഷപ്പെട്ട വിഗ്രഹമാണ് തൃക്കൊടിത്താനത്തെ മഹാവിഷ്‌ണു വിഗ്രഹം. ‘അദ്ഭുതനാരായണൻ’ എന്ന പേരിലും ഭഗവാൻ അറിയപ്പെടുന്നു. ചതുർബാഹുവായ മഹാവിഷ്‌ണുവാണ് പ്രധാന പ്രതിഷ്‌ഠ. രണ്ടു കൊടിമരമുള്ള ക്ഷേത്രമെന്ന നിലയിലും ഏറെ പ്രസക്തിയുണ്ട് ഈ ക്ഷേത്രത്തിന്. നരസിംഹമൂർത്തിക്ക് ഇവിടെ തുല്യപ്രാധാന്യമുണ്ട്. നാലമ്പലത്തിനു പുറത്ത് പ്രദക്ഷിണം വച്ചശേഷമേ അകത്തേക്കു പ്രവേശിക്കാവൂ. ആനക്കൊട്ടിൽ, ആറാട്ടു മണ്ഡപം, പഞ്ചതീർഥക്കുളം ചേർന്നതാണ് ക്ഷേത്രസമുച്ചയം. ദക്ഷിണാമൂർത്തിയും ഗണപതിയും തെക്കോട്ടു ദർശനമായും, നാലമ്പലത്തിനു പുറത്ത് ശാസ്താവിനെയും ഗണപതിയെയും പ്രതിഷ്‌ഠിച്ചിരിക്കുന്നു.

ശാസ്താംനടയുടെ വലതുഭാഗത്ത് ക്ഷേത്രപാലകൻ ഉണ്ട്. ക്ഷേത്രമതിലിനു പുറത്ത് തെക്കുകിഴക്കു ഭാഗത്തായി ഒരു സുബ്രഹ്മണ്യപ്രതിഷ്‌ഠയുണ്ട്. ശാസ്താംനടയുടെ തെക്കുഭാഗത്ത് നാഗരാജാവിനെയും നാഗയക്ഷിയെയും പ്രതിഷ്‌ഠിച്ചിരിക്കുന്നു. നാലമ്പലത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് തിരുമാംകുന്ന് ഭഗവതിയെയും തെക്ക് ഒരു രക്ഷസിനെയും പ്രതിഷ്‌ഠിച്ചിട്ടുണ്ട്.കിഴക്കേ നടയിൽ വിഷ്‌ണുവിന് കദളിപ്പഴവും പാൽപ്പായസവും പടിഞ്ഞാറെ നടയിൽ നരസിംഹമൂർത്തിക്കു ശർക്കരപ്പാൽപ്പായസവും പാനകവുമാണ് പ്രധാന നിവേദ്യങ്ങൾ. മഹാക്ഷേത്രങ്ങളിലുള്ളതുപോലെ ഇവിടെ അഞ്ചു പൂജകളാണുള്ളത്. എന്നാൽ ഉഷഃപൂജ നിവേദ്യം കൊണ്ടു നിർത്തുന്നു. കിഴക്കേനട
യിൽ ഗോപുരത്തിന് പുറത്ത് ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തെക്കുവടക്കായി മലർന്നുകിടക്കുന്ന ഒരു പൂണുനൂൽക്കാരന്റെ ശംഖുമേന്തിയ പ്രതിമ ഒരു ശിലാസ്തംഭത്തിനുമുകളിലുണ്ട്. പൊറുക്കാൻ കഴിയാത്ത തെറ്റിന് ശിക്ഷിക്കപ്പെട്ടതിന്റെ മാതൃകയായി ഇന്നും അത് അവിടെ നിലകൊള്ളുന്നു. ശ്രീകോവിലിന്റെ പുറംഭിത്തികൾ ചുമർചിത്രങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. സോപാനപ്പടികളുടെ സമീപമുള്ള ശിലകളിൽ കൊടിക്കൂത്തും കുടക്കൂത്തും കൊത്തിവച്ചിട്ടുണ്ട്.

പത്മതീർഥക്കുളത്തെ ആഴ്‌വാരൻമാർ ഭൂമീതീർഥം എന്നും വിളിച്ചിരുന്നു. വടക്കുവശത്ത് രണ്ടു തീർഥക്കുളങ്ങൾ നികന്നുപോയി. ക്ഷേത്രമതിൽ എഡി ഏഴാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ടതാണ്. ഇതിന്റെ നിർമാണരീതി പശയുപയോഗിച്ച് കല്ലുകൾ ഒട്ടിച്ചുവച്ചിരിക്കയാണ്. ഈ ആകൃതിക്ക് മയിൽക്കഴുത്ത് എന്നും ആനപ്പിള്ള എന്നും പേരുക
ളുണ്ട്. വാസ്തുശിൽപമേഖലയ്‌ക്കു കനപ്പെട്ട സംഭാവനകൂടിയാണിത്. പടിഞ്ഞാറെ നടയിലുള്ള നരസിംഹമൂർത്തിപ്രതിഷ്‌ഠ, തിരുമലക്കുന്നിലെ ഭദ്രകാളിയുടെ ദൃഷ്‌ടിദോഷം ബാധിക്കാതെയിരിക്കാനാണു നടത്തിയതെന്നു പറയപ്പെടുന്നു. കൂടാതെ പൂർണമായതും അപൂർണ്ണമായതുമായ പത്തോളം ശിലാശാസനങ്ങൾ കണ്ടെടുക്കപ്പെട്ടു. അലങ്കാരഗോപുരം, സഹദേവപീഠം, ക്ഷേത്രാപൂങ്കാവനം, കോട്ടമുറി കാണിക്കമണ്ഡപം മൂരിയൻകുളം കാണിക്ക മണ്‌ഡപം, എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. പുരാതന തമിഴ് ഗ്രന്ഥങ്ങളിൽ തൃക്കൊടിത്താനത്തെ ശ്രീകോവിലിനെ ’പുണ്യകോടിവിമാനം’ എന്നും വാഴ്‌ത്തിക്കാണുന്നുണ്ട്.

ഉത്സവം
വൃശ്ചികമാസത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ദീപമഹോത്സവം അരങ്ങേറുന്നത്. ദീപ എന്ന ചടങ്ങാണ് തൃക്കൊടിത്താനം മഹാക്ഷേത്രത്തെ മറ്റുക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമാക്കുന്നത്. തിരുവോണം നാളിൽ കൊടിയേറി പത്തു ദിവസമാണ് ഉത്സവം. ദീപയുടെ പ്രധാന ഇനം വാദ്യമേളങ്ങളുടെ അകമ്പടിയാണ്. പനച്ചിക്കലേറ്റം, ചാടിക്കൊട്ട്, ഒറ്റക്കോൽമേളം, ശ്രീഭൂതബലിസമയത്തു നടത്തുന്ന പാണി, അഞ്ചാം ഉത്സവം മുതൽ അകത്ത് തെക്കേനടയിൽ നടത്തുന്ന കൈമണി ഉഴിച്ചിൽ, എല്ലാം പ്രധാനപ്പെട്ട അനുഷ്‌ഠാനം കൂടിയാണ്.പടിഞ്ഞാറെ നടയിലാകട്ടെ നരസിംഹജയന്തി പ്രധാന ആഘോഷമാണ്. നരസിംഹജയന്തിയും ദശാവതാരചാർത്തും വൈശാഖ മാസത്തിലാണു നടത്തുന്നത്.

വഴി
ചങ്ങനാശേരി – മല്ലപ്പള്ളി റോഡിൽ മൂന്നു കി.മി ദൂരം കഴിയുമ്പോൾ തൃക്കൊടിത്താനം ക്ഷേത്രത്തിൽ എത്തിച്ചേരാം.

മുതുകുളം പാണ്ഡവർകാവ് ക്ഷേത്രം

പഞ്ചപാണ്ഡവർ ക്ഷേത്രം കൂടാതെ പാണ്ഡവരുടെ മാതാവായ കുന്തീദേവിയുടെ സങ്കൽപത്തിൽ ദേവീ പ്രതിഷ്‌ഠയുള്ള ക്ഷേത്രമാണ് മുതുകുളം പാണ്ഡവർകാവ് ക്ഷേത്രം. അഞ്ചമ്പല ദർശനത്തിനു വരുന്ന ഭക്തർ ഈ ക്ഷേത്രം കൂടി ദർശിച്ചിട്ടേ ദർശനം പൂർത്തിയാക്കുകയുള്ളൂ. പുലിയൂർ മഹാവിഷ്‌ണു ക്ഷേത്രത്തിൽ വർഷംതോറും നടന്നുവരുന്ന കാവടിയാട്ടത്തിനായി വ്രതം എടുത്ത ഭക്തർ ഹിംഡുംബൻപൂജയ്‌ക്കു ശേഷം മറ്റ് പാണ്ഡവക്ഷേത്രങ്ങളിൽ ദർശനത്തിനു പോകുന്നതിനു മുൻപായി മുതുകുളം പാണ്ഡവർകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി വരുന്നു.

വഴി
ഹരിപ്പാട്–കായംകുളം പാതയിൽ മുതുകുളം ജംക് ഷനു സമീപമാണ് ഈ ക്ഷേത്രം കുടികൊള്ളുന്നത്.

Related Articles
വിഷുച്ചിത്രങ്ങൾ വരവായി, ഇനി എല്ലാം മറന്നുള്ള ആഘോഷം!
വരൂ, പോകാം പാണ്ഡവർ പ്രതിഷ്ഠിച്ച ആ അഞ്ച് ക്ഷേത്രങ്ങളിലേക്ക്...
വിഷുവിന് തട്ടീം മുട്ടീം, മിനിസ്ക്രീനിലെ പ്രിയ താരങ്ങളുടെ വിശേഷങ്ങൾ
ഇത്തവണത്തെ വിഷുവിന് ഇരട്ടിമധുരമാണ്, ലോകറെക്കോർഡും വിദേശയാത്രകളും
മെഡിക്കൽ കോളജിൽ ഒരു വിഷു ആഘോഷം, ഒരിക്കലും മറക്കില്ല
മയ്യഴിയിൽ നിന്നു ന്യൂ‍‍ഡൽഹിയിലേക്കു പറിച്ചുനടുന്നതു വരെയുള്ള വിഷുക്കാലം
ആ ദീപപ്രഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല എന്റെ മനസ്സിൽ
സമ്പൂർണ്ണ വിഷുഫലം 2017, ഓരോ നക്ഷത്രക്കാരുടെയും ഗുണദോഷ നിരൂപണം
© Copyright 2017 Manoramaonline. All rights reserved....