ടി. അജീഷ്
ഇക്കുറി വിഷുവിന് കേരളത്തിലെ തിയറ്ററുകളിൽ നല്ല ഗുണ്ടുതന്നെ പൊട്ടും. മമ്മൂട്ടി,
മോഹൻലാൽ, നിവിൻപോളി എന്നിവരുടെ കലക്കൻ ചിത്രങ്ങളാണ് വിഷു ആഘോഷം കൊഴുപ്പിക്കാൻ
എത്തുന്നത്. കഴിഞ്ഞ വർഷം നിവിൻ പോളിയുടെ ജേക്കബിന്റെ സ്വർഗരാജ്യം മാത്രമേ വിഷു
ചിത്രമായി തിയറ്ററിൽ ആഘോഷമാക്കാൻ എത്തിയിട്ടുള്ളൂവെന്നതിനാൽ ഈ വിഷുവിന് എല്ലാം
മറന്നുള്ള ആഘോഷമാണ് എത്താൻ പോകുന്നത്.
മോഹൻലാൽ നായകനായ 1971 ബിയോണ്ട്
ബോർഡേഴ്സ് ആഘോഷ വരവറിയിച്ച് നേരത്തെ തന്നെ തിയറ്ററിൽ എത്തിക്കഴിഞ്ഞു. മമ്മൂട്ടി
ചിത്രമായ പുത്തൻപണം ആദ്യ വിഷു നാളിലും നിവിൻപോളി ചിത്രമായ സഖാവ് വിഷുവിനും
തിയറ്ററിലെത്തും.
കേരളത്തിലെ തിയറ്ററുകളെല്ലാം അടുത്തിടെയായി
ജനത്തിരക്കിന്റെ പൂരം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. അങ്കലമാലി ഡയറീസിനു പിന്നാലെ
മഹേഷ് നാരായണന്റെ ടേക്ക് ഓഫും നല്ല ചിത്രമെന്ന പേരു നേടിയതോടെ പരീക്ഷക്കാലം
കഴിഞ്ഞതോടെ കുടുംബങ്ങൾ ഒന്നടങ്കം തിയറ്ററുകളിലെത്തുകയാണ്. ചൂടുകാലത്ത്
പുറംസ്ഥലങ്ങളിലെ അവധി ആഘോഷം ഒഴിവാക്കി എല്ലാവരും എ ക്ലാസ് തിയറ്ററുകൾ തിരഞ്ഞെടുത്ത്
എത്തുകയാണ്. ചൂടിൽ നിന്ന് ആശ്വാസവും നല്ലൊരു ചിത്രവും. അതു കഴിഞ്ഞ് നല്ലൊരു ഹോട്ടൽ
ഭക്ഷണവും. അതാണ് മലയാളിക്കിപ്പോൾ അവധിക്കാലം.
ആ നല്ല നാളുകളിലേക്കാണ്
മോഹൻലാൽ ചിത്രമായ 1971 ബിയോണ്ട് ബോർഡേഴ്സ് എത്തിയത്. മേജർ രവി സംവിധാനം ചെയ്ത
ചിത്രം വീണ്ടുമൊരു യുദ്ധക്കഥയാണു പറയുന്നത്. കീർത്തിചക്രയിലൂടെ മോഹൻലാൽ
അവതരിപ്പിച്ച മേജർ മഹാദേവനായി ലാൽ വീണ്ടുമെത്തുകയാണ്. ഏറെക്കാലത്തിനു ശേഷമെത്തുന്ന
ലാലിന്റെ ഇരട്ടവേഷമുള്ള ചിത്രം കൂടിയാണിത്. ആശാ ശരത് ആണ് നായിക. രഞ്ജിപണിക്കർ, സൈജു
കുറുപ്പ് തുടങ്ങി വലിയൊരു താര നിരയെ തന്നെ മേജർ രവി അണിനിരത്തിയിട്ടുണ്ട്. കൂടെ
ബോളിവുഡ് താരങ്ങളും. ഒപ്പം, പുരിമുരുകൻ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ലാൽ
ചിത്രങ്ങളെ പോലെ വിജയത്തിന്റെ പാതയിലേക്കാണ് മേജർ രവി ചിത്രവും കാലെടുത്തുവച്ചത്.
ആദ്യദിനം തന്നെ നല്ല ചിത്രമെന്ന പേരു നേടിയതോടെ ലാലിന്റെ അച്ഛൻ–മകൻ വേഷം കാണാൻ
യുവാക്കളും കുടുംബങ്ങളും എത്തുകയാണ്. മോഹൻലാൽ ഫാൻസിൻറെ വിഷു ആഘോഷം ഇക്കുറി
കെങ്കേമമായി എന്ന് ഉറപ്പിച്ചു പറയാം.
മമ്മൂട്ടിയും രഞ്ജിത്തും
വീണ്ടുമൊന്നിക്കുന്ന ചിത്രം, മമ്മൂട്ടി കാസർകോടൻ ഭാഷയിൽ സംസാരിക്കുന്ന ചിത്രം
എന്നൊക്കെ വിശേഷിപ്പിക്കാം പുത്തൻപണത്തെ. കാസർകോടൻ കള്ളക്കടത്തു തന്നെയാണ്
ചിത്രത്തിൻറെ വിഷയം. കാസർകോടൻ ഭാഷയിൽ സംഭാഷണമൊരുക്കുന്നത് യുവ കഥാകൃത്തായ പി.വി.
ഷാജികുമാറാണ്. ഇപ്പോൾ തിയറ്ററിൽ തകർത്തോടുന്ന ടേക്ക് ഓഫിന്റെ തിരക്കഥയും ഷാജികുമാർ
തന്നെയാണ്. ഇനിയയാണ് നായിക. മാമുക്കോയ, സുരേഷ് കൃഷ്ണ തുടങ്ങിയവരാണു മറ്റു താരങ്ങൾ.
ഇന്ത്യൻ റുപ്പിയെ പോലെ പണവും മനുഷ്യനും തമ്മിലുള്ള വിശുദ്ധവും അശുദ്ധവുമായ കഥയാണ്
രഞ്ജിത്ത് ഇതിൽ പറയുന്നത്.
കേരളത്തിലെ കാംപസുകളിൽ രാഷ്ട്രീയം സജീവ ചർച്ചയായ
സമയത്തു തന്നെയാണ് നിവിൻപോളി യുവരാഷ്ട്രീയക്കാരനെ അവതരിപ്പിക്കുന്ന സഖാവ്
തിയറ്ററിലെത്തുന്നത്. സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൂന്നു
നായികമാരാണ്. ഐശ്വര്യ, ഗായത്രി, അപർണ ഗോപിനാഥ് എന്നിവർ. സംവിധായകൻ തന്നെയാണ് കഥയും
തിരക്കഥയും എഴുതുന്നത്. ഏറെക്കാലത്തിനു ശേഷമാണ് നിവിൻപോളി നായകനാകുന്ന ചിത്രം
തിയറ്ററിലെത്തുന്നത് എന്നതുകൊണ്ടു തന്നെ യുവാക്കളുടെ വൻതിരക്കായിരിക്കും
തിയറ്ററുകളിൽ. നിവിൻപോളിയുടെ പുതിയ ഗെറ്റപ്പും ഇപ്പോൾ തന്നെ ഏറെ ചർച്ചാവിഷയമായി.
അൽപം രാഷ്ട്രീയം മനസ്സിലുള്ള ഏതൊരു യുവാവും ആദ്യദിനം തന്നെ തിയറ്ററിലേക്കു
പോയില്ലെങ്കിലേ അത്ഭുതമുണ്ടാകൂ.
ദിലീപിന്റെ ജോർജേട്ടൻസ് പൂരം അൽപം മുൻപേ
വന്നെങ്കിലും എ ക്ലാസ് തിയറ്ററിൽ ഉണ്ടാകും. തമാശയ്ക്കു മുൻതൂക്കം നൽകുന്ന ചിത്രമാണ്
ബിജു സംവിധാനം ചെയ്ത ജോർജേട്ടൻസ് പൂരം.