വിഷുവിന്റെ രുചിയോർമകൾ

വൈക്കം വിജയലക്ഷ്മി

കുട്ടിക്കാലത്തെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് എന്റെ ട്യൂഷൻ ടീച്ചർ ശ്രീകലടീച്ചറിന്റെയും പാട്ടു പഠിപ്പിക്കുന്ന സമുംഗല ടീച്ചറിന്റെയും ഒപ്പമുള്ള വിഷുവാണ്. തലേന്ന് അവിടെ ഉറങ്ങി, പിറ്റേന്നു രാവിലെ മൂന്നരയ്ക്ക് ഉണർത്തി കണി എന്നെക്കൊണ്ടു തൊട്ടു വണങ്ങിയ ഓർമകൾ. കണിയൊരുക്കിയിരിക്കുന്ന ഓരോന്നും എന്തെല്ലാമെന്നു പറഞ്ഞ് കൃഷ്ണനെയും മറ്റു സാധനങ്ങളെയും തൊട്ടറിഞ്ഞു. സാക്ഷാൽ ഗുരുവായൂരപ്പൻ, കൃഷ്ണനെ ഉള്ളിൽ കണ്ട അനുഭവമായി

കുട്ടിക്കാലത്തെ ഓർമകളിൽ നിറഞ്ഞു നിൽക്കുന്നത് എന്റെ ട്യൂഷൻ ടീച്ചർ ശ്രീകലടീച്ചറിന്റെയും പാട്ടു പഠിപ്പിക്കുന്ന സമുംഗല ടീച്ചറിന്റെയും ഒപ്പമുള്ള വിഷുവാണ്. തലേന്ന് അവിടെ ഉറങ്ങി, പിറ്റേന്നു രാവിലെ മൂന്നരയ്ക്ക് ഉണർത്തി കണി എന്നെക്കൊണ്ടു തൊട്ടു വണങ്ങിയ ഓർമകൾ. കണിയൊരുക്കിയിരിക്കുന്ന ഓരോന്നും എന്തെല്ലാമെന്നു പറഞ്ഞ് കൃഷ്ണനെയും മറ്റു സാധനങ്ങളെയും തൊട്ടറിഞ്ഞു. സാക്ഷാൽ ഗുരുവായൂരപ്പൻ, കൃഷ്ണനെ ഉള്ളിൽ കണ്ട അനുഭവമായിരുന്നു അന്ന്. എന്നിട്ട് ടീച്ചർമാർ വിഷുക്കൈനീട്ടം തന്ന്, അവിടെനിന്നും വിഷുക്കഞ്ഞിയും കുടിച്ചാണു തിരികെ പോന്നത്. വൈക്കം ചാലപ്പുറത്ത് ടി.കെ. മാധവൻ മെമ്മോറിയൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാ
ണത്. ടീച്ചറുടെ വീട് പടി‍ഞ്ഞാറേ പുത്തലയിൽ ആണ്. ആ ഒരോർമ ജീവിതത്തിൽ മറക്കുവാൻ പറ്റില്ല.

പിന്നീടുള്ള വിഷു പ്രോഗ്രാമുകളിലായിരിക്കും. വിഷുവിന് വീട്ടിൽ ഉണ്ടാകുന്ന സമയം കുറവാണ്. കച്ചേരിയും പാട്ടുമൊക്കെയായി പലപല ക്ഷേത്രങ്ങളിലൊക്കെയാവും. ഈ പ്രാവശ്യം വിഷുവിന് ഓസ്ട്രേലിയയിലാണ് പോകുന്നത്. അവിടെ മലയാളി അസോസിയേഷൻ പാടാൻ ക്ഷണിച്ചിട്ടുണ്ട്. അതിനുള്ള തയാറെടുപ്പിലാണ്. മുൻപും വിഷുവാഘോഷത്തിന്റെ ഭാഗമായി വിദേശത്തു പോയിട്ടുണ്ട്. പാടാൻ ജയചന്ദ്രൻ സാറിന്റെ കൂടെ 2015 ൽ ‘വിഷുക്കൈനീട്ടം’ എന്ന പ്രോഗ്രാമിൽ ദുബായിൽ പോയി. പക്ഷേ, അതു വിഷു കഴിഞ്ഞാണ്. പക്ഷേ, ഇത്തവണ വിഷുനാളിൽത്തന്നെയാണു പ്രോഗ്രാം.

ഇത്തവണത്തെ വിഷുവിന് ഇരട്ടിമധുരമാണ്, ലോകറെക്കോർഡും വിദേശയാത്രകളുമായി. ഓസ്ട്രേലിയയിൽ ചെന്നാലും വിഷുക്കഞ്ഞി കിട്ടുമായിരിക്കും. അവിടെ അരി കിട്ടാതിരിക്കില്ലല്ലോ. എനിക്ക് വിഷുവിന്റെ ആഘോഷങ്ങളിൽ ഏറ്റവും ഇഷ്ടമുള്ളത് ഈ വിഷുക്കഞ്ഞിയാണ്.

‘തേങ്ങാപ്പാൽ ചേർത്ത പാൽക്ക‍ഞ്ഞി. ഉപ്പും ജീരകവും ചേർത്തു കഴിക്കാൻ ഒത്തിരി ഇഷ്ടമാണ്. കൂടെ പപ്പടമോ ചമ്മന്തിയോ കൂട്ടി കഴി‍ക്കാം. ഈ പ്രദേശത്തെ ഒരു പ്രത്യേകതയാണത്. രാവിലെ പ്രഭാതഭക്ഷണമായാണു കഴിക്കുന്നത്. സദ്യയൊക്കെ ഉച്ചയ്ക്കാണ്. പായസവും പലതരം കറികളുമുണ്ടാകും. എന്നാലും എനിക്കു മെഴുക്കുപുരട്ടിയോ അച്ചാറോ തോരനോ രണ്ടുമൂന്നുകൂട്ടം കറികളേ ഇഷ്ടമുള്ളൂ. ഒരുപാടു കറികൾ കൂട്ടി കഴിക്കാൻ പറ്റില്ല. പായസത്തിൽ ശർക്കരപ്പായസമാണിഷ്ടം. പാൽപ്പായസവും സേമിയയുമൊക്കെ ഗ്യാസ് വരുത്തും. ഇതിലൊക്കെ ഒരുപാടിഷ്ടം വിഷുക്കഞ്ഞിതന്നെ. ഇവിടെയുണ്ടാക്കിയില്ലെങ്കിലും അപ്പുറത്തുമിപ്പുറത്തുമൊക്കെ, ബന്ധു
വീടുകളിൽ നിന്നൊക്കെ ഇവിടെയെത്തും. അത് ഇഷ്ടത്തോടെ കഴിക്കുകയും ചെയ്യും.

വിഷുക്കൈനീട്ടം ആദ്യം തരുന്നത് അമ്മയാണ്. പിന്നെ അച്ഛൻ, വല്യമ്മമാർ അമ്മായി ഒക്കെ തരും. ഇവിടെയുള്ള ലതച്ചേച്ചിയും തരും. സുബ്രഹ്മണ്യൻ സാറ്, ശ്രീകല ടീച്ചറ്, സുമംഗല ടീച്ചറ് ഒക്കെ കൈനീട്ടം തരും. കുഞ്ഞിലേയായിരുന്നു വിഷുക്കൈനീട്ടത്തിന്റെ കൗതുകം. അന്നു കിട്ടുന്ന തുട്ടിന് ഇന്നത്തെ നോട്ടിനെക്കാൾ വിലയുണ്ട്. കിട്ടുന്നതൊക്കെ സൂക്ഷിച്ചുവച്ച് ഉടുപ്പും ചുരീദാറുമൊക്കെ വാങ്ങും. ഇപ്പോൾ ഇങ്ങനെ സമ്മാനം കിട്ടും. ജയചന്ദ്രൻ സാറിന്റെ വിഷുക്കൈനീട്ടം ഇങ്ങനെയാണ്. ശ്രീകൃഷ്ണന്റെ വേണുഗാനംപോലെ മധുരമായ സംഗീതമാകട്ടെ എന്ന് എന്നെ വിളിച്ച് ആശംസിക്കും. ശരത്‌സാറും വിളിച്ച് ആശംസ പറയും. പിന്നെ ടീച്ചർമാർ, കൂട്ടുകാർ ഒക്കെ. ഞാൻ എല്ലാ വിഷുവിനും ദാസേട്ടനെ വിളിക്കും. അദ്ദേഹവും തിരിച്ച് ആശംസിക്കും.

എന്റെയടുത്ത് വീണ പഠിക്കാൻ വരുന്ന കുട്ടികളുണ്ട്. എന്റെ വീണക്കുട്ടികൾക്ക് ഞാൻ കൈനീട്ടം കൊടുക്കും. വിഷുവിനു പടക്കം പൊട്ടിക്കുന്നത് എനിക്കു പേടിയാണ്. എന്റെ ഒരു വീണക്കുട്ടി രാവിെല ആറരയ്ക്കുതന്നെ പുറത്തു പടക്കം പൊട്ടിക്കും. എന്റമ്മോ ഞാൻ ഞെട്ടിപ്പോകും. ഞാൻ നേരത്തേ എണീക്കാൻ വേണ്ടിയാണിത്. പൂത്തിരിയും പടക്കവുമൊന്നും എനിക്കിഷ്ടമല്ല. അതിന്റെ ഒച്ച കേൾക്കാതിരിക്കാൻ ഞാൻ ചെവി പൊത്തിനിൽക്കും. ഓർമകളിലെ ഇഷ്ടക്കേടുകളെക്കുറിച്ചും വിജയലക്ഷ്മി ഓർമപ്പെടുത്തി.

‘ഓരോ വിഷുവിനും ഞാൻ കാത്തിരിക്കുന്ന മറ്റൊന്നുണ്ട്. പെരിങ്ങോട്ട് ശങ്കരൻ നാരായണൻ നമ്പൂതിരിയുടെ വിഷുഫലം. എന്റെ കാര്യങ്ങൾ അദ്ദേഹം പറഞ്ഞതൊക്കെ നടന്നിട്ടുണ്ട്. കണ്ണിന്റെ കാര്യവും ലോകറെക്കോർഡിന്റെ കാര്യവും യാത്രയുടെ കാര്യവുമെല്ലാം. അദ്ദേഹം പറഞ്ഞിട്ടാണ് ഞാൻ ഹോമിയോ ചികിത്സ തുടങ്ങിയത്. കണ്ണിനു ഭേദമുണ്ടിപ്പോൾ.’

എന്തൊക്കയായാലും എനിക്ക് ഇതൊരു പുത്തൻ വിഷു ആണ്, എല്ലാംകൊണ്ടും. ഓസ്ട്രേലിയയിൽ ‘കണികാണും നേരം...’ പാടണം. ‘എന്റെ കയ്യിൽ പൂത്തിരിയൊക്കെ’ പാടണമെന്നുണ്ട് – ഗായത്രിവീണയിൽ. പിന്നെ ശരത് സാറിന്റെ ഒരു പാട്ടില്ലേ. ‘വിഷുക്കിളീ കണിപ്പൂ കൊണ്ടുവാ..’ എന്ന പാട്ട് അതും പാടണം. അങ്ങനെയൊക്കെ വിചാരിച്ചാണു യാത്ര. അമ്മ വിമലയും അച്ഛൻ മുരളീധരനും ഒപ്പമുണ്ടാകും. എല്ലായിടത്തും അവർ കൂടെപ്പോരാറുണ്ട്. പിന്നെ അവിടെയായാലും വിഷുക്കഞ്ഞി കുടിക്കണം. ഓസ്ട്രേലിയയിൽ ആയാലും വേണ്ടില്ല, അതില്ലാത്ത വിഷു ആഘോഷം ചിന്തിക്കാൻപോലുമാവില്ല.

എല്ലാ വായനക്കാർക്കും എന്റെ വിഷു ആശംസകൾ

Related Articles
വിഷുച്ചിത്രങ്ങൾ വരവായി, ഇനി എല്ലാം മറന്നുള്ള ആഘോഷം!
വരൂ, പോകാം പാണ്ഡവർ പ്രതിഷ്ഠിച്ച ആ അഞ്ച് ക്ഷേത്രങ്ങളിലേക്ക്...
വിഷുവിന് തട്ടീം മുട്ടീം, മിനിസ്ക്രീനിലെ പ്രിയ താരങ്ങളുടെ വിശേഷങ്ങൾ
ഇത്തവണത്തെ വിഷുവിന് ഇരട്ടിമധുരമാണ്, ലോകറെക്കോർഡും വിദേശയാത്രകളും
മെഡിക്കൽ കോളജിൽ ഒരു വിഷു ആഘോഷം, ഒരിക്കലും മറക്കില്ല
മയ്യഴിയിൽ നിന്നു ന്യൂ‍‍ഡൽഹിയിലേക്കു പറിച്ചുനടുന്നതു വരെയുള്ള വിഷുക്കാലം
ആ ദീപപ്രഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല എന്റെ മനസ്സിൽ
സമ്പൂർണ്ണ വിഷുഫലം 2017, ഓരോ നക്ഷത്രക്കാരുടെയും ഗുണദോഷ നിരൂപണം
© Copyright 2017 Manoramaonline. All rights reserved....