യു.കെ. കുമാരൻ
തൂക്കുവിളക്കിന്റെ വെളിച്ചത്തിൽ അമ്മയുടെ പുഞ്ചിരിക്കുന്ന മുഖം
തെളിഞ്ഞുവരികയാണ്. ആ ദീപപ്രഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല എന്റെ മനസ്സിൽ.
വിഷുപക്ഷിയുടെ പാട്ട് കേൾക്കുമ്പോഴേ അമ്മയുടെ മുഖം ചിരിച്ചുകൊണ്ട് മുന്നിലെത്തും.
വിഷുപുലർച്ചെ, ഏഴുതിരിയിട്ടു കത്തിച്ച തൂക്കുവിളക്കുമായി അമ്മ ഉമ്മറത്തേക്കു
വരികയാണ്. ഞങ്ങളുടെ വീട്ടിൽ വിഷുക്കണി വയ്ക്കാറില്ല. പകരം കണികാണാൻ അമ്മ
തൂക്കുവിളക്കു കത്തിച്ചുവയ്ക്കും. അമ്മയാണ് ആദ്യം എഴുന്നേൽക്കുക. വിളക്കു
കത്തിക്കുന്നതിനു മുന്നോടിയായി ഞങ്ങൾ മക്കളെ വിളിച്ചുണർത്തും. പിന്നീടാണ് അമ്മ
കത്തുന്ന വിളക്കുമായി വരിക. ഞങ്ങൾ ഏറെ നേരം അതു നോക്കിനിൽക്കും. അമ്മയെ അത്രയ്ക്കും
ഐശ്വര്യത്തോടെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ഞങ്ങൾക്കു കണിയായി വരുമ്പോൾ അമ്മയ്ക്കു
നൂറുതേജസ്സാണ്. മക്കൾക്ക് വർഷം മുഴുവൻ ഐശ്വര്യമുണ്ടാകണേ എന്ന പ്രാർഥനയോടെയാണ് അമ്മ
വിളക്കുമായി വരിക.
വിളക്കു കൊളുത്തിയ ശേഷം ഞങ്ങൾ വിഷുവിന്റെ വരവറിയിച്ച്
പടക്കങ്ങൾ പൊട്ടിക്കുകയും കമ്പിത്തിരികൾ കത്തിക്കുകയും ചെയ്യും. ഞങ്ങളുടെ
കുട്ടിക്കാലത്ത് പടക്കങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടേണ്ടി വരാറില്ല. ബന്ധുക്കളും
അയൽവീട്ടിലുള്ളവരും ഞങ്ങൾക്ക് പടക്കങ്ങൾ വാങ്ങിത്തരും. പടക്കങ്ങൾ പൊട്ടുന്നതും
കമ്പിത്തിരികൾ കത്തുന്നതും വളരെ ആവേശത്തോടെയാണു നോക്കിനിൽക്കുക. എല്ലാം
മറന്നുള്ളൊരു കാഴ്ചയാണത്. എങ്ങനെ എല്ലാം മറന്നുള്ള ആ സമയത്തെ പരക്കംപാച്ചിലിൽ
ഒരുവിഷുക്കാലത്ത് എനിക്കു ലഭിച്ചത് മറക്കാനാവാത്തൊരു മുറിവാണ്. മൂക്കിനുതാഴെ ആ
മുറിവ് ഇപ്പോഴുമുണ്ട്.
അമ്മ വിളക്കു തൂക്കിയിട്ട ശേഷം ഞാൻ
കമ്പിത്തിരികത്തിക്കാൻ വിളക്കിനടുത്തേക്ക് ധൃതിപിടിച്ച് ഓടിയപ്പോൾ വിളക്കിന്റെ
അടിഭാഗം മൂക്കിനു താഴെ വന്നിടിക്കുകയായിരുന്നു. ആ വിഷു എനിക്കു വേദനയുടെ വിഷുവായി.
ഏറെ നാൾ വേണ്ടിവന്നു മുറിവുണങ്ങാൻ. കുട്ടിക്കാലത്തെ വിഷുവിന്റെ ആവേശം മുതിർന്നപ്പോൾ
ഉണ്ടായിട്ടില്ല. ഗ്രാമത്തിൽ നിന്നു ഞാൻ നഗരത്തിലേക്ക് എന്നെ പറിച്ചുനട്ടു.
കൊച്ചിയിലും കോഴിക്കോട്ടുമായി എന്റെ ജീവിതം പച്ചപിടിച്ചു. ജീവിതത്തിരക്കിൽ
ആഘോഷങ്ങളുടെ നിറം മാഞ്ഞുപോയത് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ, എന്റെ കുട്ടികളുടെ
സന്തോഷത്തിൽ ആ നിറങ്ങൾ ഞാൻ തിരിച്ചുപിടിച്ചു. ഒരുകാര്യം ഞാൻ ശ്രദ്ധിച്ചിരുന്നു.
ഞങ്ങളുടെ കുട്ടിക്കാലത്ത് പടക്കം പൊടിക്കാനും കമ്പിത്തിരി കത്തിക്കാനുമൊക്കെ
കാണിച്ച ആവേശം പുതിയ തലമുറയ്ക്കൊന്നുമില്ല. അവർക്കു പടക്കത്തിനോടു പോലും
താൽപര്യമില്ല. ഒന്നോ രണ്ടോ കമ്പിത്തിരിയിൽ അവരുടെ വിഷു ആഘോഷം തീരും.
വിഷുക്കണിക്കെല്ലാം ഒരു കൃത്രിമത്വവും കവച്ചടവുമൊക്കെ വന്നു. നിറഞ്ഞുകത്തുന്ന
വിളക്കുമായി ഐശ്വര്യത്തിന്റെ പ്രതീകമായി അമ്മ വീണ്ടും വന്നിരുന്നെങ്കിൽ എന്നു ഞാൻ
ആഗ്രഹിച്ചുപോകാറുണ്ട്....