കാത്തിരുന്ന കൈനീട്ടം

ശ്രീബാല കെ. മേനോൻ

ചെറുപ്പത്തിൽ തൃശൂരും പാലക്കാടുമൊക്കയായിട്ടാണ് ഞാൻ വിഷു ആഘോഷിച്ചിരുന്നത്. എന്റെ അച്ഛന്റെ വീട് പാലക്കാടാണ്. നമുക്ക് ഒരുപാടു നന്മകൾ വരാൻ വേണ്ടി കാത്തിരിക്കുന്ന ഒരാഘോഷമാണു വിഷു. കുട്ടിക്കാലത്ത് പോക്കറ്റ് മണി എന്നൊരു സംഭവമില്ല. ആകെ സ്വന്തമായി പണം കിട്ടുന്നദിവസം, അതിന്റെ എക്സൈറ്റ്മെന്റ്. അതാണ് കുഞ്ഞുമനസിൽ വിഷു തരുന്ന സന്തോഷം. ഞങ്ങൾ കുട്ടികൾ മുതിർന്നവരുടെയൊക്കെ കണക്കെടുക്കും. ഇത്രപേർ, അവർ തരാൻ സാധ്യതയുള്ള പൈസ, അങ്ങനെ കൂട്ടിയും കിഴിച്ചും നോക്കും. വിഷു ക്കൈനീട്ടം സൂക്ഷിച്ചു വച്ച് തൃശൂരിലെ പൂരം എക്സിബിഷനൊക്കെ പോയിട്ട് നമുക്കു വാങ്ങാനുള്ള സാധനങ്ങൾ വാങ്ങും. അങ്ങനെ പൈസ കൈകാര്യം ചെയ്യാനും കിട്ടാനുമുള്ള സ്വാതന്ത്യം കിട്ടുന്ന ഒരാഘോഷമാണ് എനിക്കെപ്പോഴും വിഷു.

പാലക്കാട്ട് ചെല്ലുമ്പോൾ അതൊരു കൊയ്ത്ത് ഉത്സവമാണ്. കൃഷിയുത്സവത്തിന്റെ എല്ലാ ഫീലും കാണും. വിളവെടുപ്പു കഴിഞ്ഞ് അരിയും പച്ചക്കറികളും കണിവെള്ളരിയുമൊക്കെ കൂട്ടിയിട്ടിട്ടുണ്ടാകും. ഈ സമൃദ്ധിയുടെ കാഴ്ച, കണിവയ്ക്കുന്നതു മാത്രമല്ല എല്ലാ കാർഷിക വിഭവങ്ങളും നമ്മുടെ കൺകുളിർക്കെ കാണാനുള്ള സമയം കൂടിയാണിത്. അതിന്റെയൊക്കെ ഒരു കാഴ്ചതന്നെയാണ് അവിടെ വിഷുക്കണി. വിഷുവെന്നാൽ പടക്കവും കൈനീട്ടവുമാണ് എന്റെ ഓർമകളിൽ. മുതിർന്നു ഞാൻ മദ്രാസിൽ ചെല്ലുന്ന സമയത്ത് പരീക്ഷച്ചൂടിനിടയ്ക്ക് നമ്മൾ ഒരിക്കലും വീട്ടിൽ വരികയോ വിഷു ആഘോഷിക്കുകയോ ഇല്ല. അവിടത്തെ കലണ്ടറിലൊന്നും വിഷു ഉണ്ടാവില്ല. അവിടെ അത് ‘പുത്താണ്ട്’ പുതുവർഷം തുടങ്ങുന്ന ആഘോഷമായി വരും. അതിന്റെ തലേദിവസം തെലുങ്ക്, ഉപാ എന്നു പറയുന്ന ആഘോഷം. ആ സമയം നമ്മൾ നാട്ടിൽ വിഷു ആഘോഷിക്കുന്നതിനെക്കുറിച്ചും പടക്കം പൊട്ടിക്കുന്നതിനെക്കുറിച്ചുമൊക്കെ ആലോചിച്ചു വിഷമിക്കും. പഠിക്കാനും ജോലിക്കുമായി തിരുവനന്തപുരത്തു വരുമ്പോൾ ഉണ്ടായ ഒരു ഷോക്ക് എന്നു പറഞ്ഞാൽ വടക്കൻ കേരളത്തിലെയോ മധ്യകേരളത്തിലെയോ പോലൊരു ആഘോഷമില്ല. അവിടെ പടക്കം പൊട്ടിക്കലും ആഘോഷങ്ങളുമൊക്കെ ദീപാവലിക്കാണ്.

വീടുകളിൽ എല്ലാവരും കണി വയ്ക്കും സദ്യയുണ്ടാകും എന്നതിനപ്പുറം ഒന്നുമില്ല. ഞാനാദ്യം ഇവിടെയെത്തിയ കൊല്ലം ഒരു പടക്കത്തിന്റെ പോലും ശബ്ദം കേൾക്കാണ്ട് എന്തുപറ്റി ഇവിടെ ഇങ്ങനെ എന്നോർത്തു വിഷമിച്ചുകൊണ്ടാണ് ഇവിടെവന്നത്. കൈനീട്ടവും ഇവിടെയുണ്ട്. പക്ഷേ, മറ്റാഘോഷങ്ങൾ ഇല്ല. ഇപ്പോൾ നമ്മൾ വിഷുവിനെക്കുറിച്ച് കൂടുതൽ അറിയുകയും മറ്റും ചെയ്യുമ്പോൾ എനിക്ക് ഈ റോഡ്സൈഡിൽ നിന്നു വാങ്ങുന്ന കൊന്നപ്പൂവും കണിസാധനങ്ങളും പച്ചക്കറികളും വാങ്ങി കണിവയ്ക്കാൻ തോന്നാറില്ല. കാരണം ഇത്തരം കാർഷിക സംസ്കാരവുമായിട്ടുവന്ന, അതുമായി ചേർന്നു നടക്കുന്ന ഉത്സവമായതുകൊണ്ട് അത്തരം സാധനങ്ങൾ നമ്മുടെ ജീവിതപരിസരത്തുനിന്നു മുഴുവനായി മാറിപ്പോയിട്ട് ഇതു കടയിൽ നിന്നു വാങ്ങി ഒരു കണിവയ്ക്കുന്നതിനോട് എന്തുകൊണ്ടോ യോജിപ്പില്ല.

നമ്മുടെ ചെറുപ്പത്തിലെ ഒരു നൊസ്റ്റാൾജിയ ആണ് വിഷുക്കൈനീട്ടം. തുട്ടു കിട്ടുകയോ നോട്ടു കിട്ടുകയോ എന്നതിനെക്കാൾ കൂടുതൽ ഒരുപാടു വ്യക്തികൾ ഒരുമിച്ച് ഒരു വീട്ടിൽ അവധി ആഘോഷിക്കുന്ന ഒരു കുട്ടിക്കാലം നമുക്കുണ്ടായിരുന്നു. ഒരുപാടു കുട്ടികൾ, മുതിർന്നവർ, വയസ്സായവർ അങ്ങനെ ഒരുകൂട്ടം ആൾക്കാരിൽ നിന്നു നമ്മൾ ഒറ്റയ്ക്കൊറ്റയ്ക്കായി പോകുന്നതിന്റെ ഒരു സങ്കടവും ഇപ്പോഴത്തെ വിഷുക്കാലത്തിനുണ്ട്. ഇപ്പോഴത്തെ കുട്ടികൾക്ക് അത്തരം ശീലങ്ങൾ ഇല്ലാത്തതുകൊണ്ട് അതൊരു നഷ്ടമായി തോന്നാറില്ല. പക്ഷേ, നമ്മൾക്ക് ആ ഒരു കൂട്ടായ്മ മിസ് ചെയ്യുന്നുണ്ട്. ഒരുപാടു കലപില കൂട്ടി നടക്കുന്ന കുട്ടികൾ, പത്തിരുപതു പേരുള്ള ഒരു വീടിനകം... അതൊക്കെ നഷ്ടപ്പെട്ടു.

സെറ്റിൽ വിഷു ആഘോഷിച്ച നല്ല ഒരു അനുഭവം 2015 ൽ ലൗ 24x7ന്റെ ഷൂട്ടിങ്ങിനിടയിലാണ്. അന്നു വിഷു ആയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഷൂട്ടിങ് നടക്കുന്ന ദിവസം. ഞ​ാൻ എല്ലാവർക്കും കൈനീട്ടം കൊടുത്തു. അപ്പോഴാണു ഞാൻ മുതിർന്നു എന്നൊരു തോന്നൽ വന്നത്. അന്നും ഉച്ചയ്ക്ക് ഒരു ഗ്ലാസ് പായസം. അന്നും മുഴുവൻസമയം നമ്മൾ ജോലിയിലാണ്. അന്നു വിഷുവാണ് എന്നറിയുന്നതുതന്നെ കോളജ് അടച്ചതുകൊണ്ടാണ്. അങ്ങനെ മെഡിക്കൽ കോളജിൽ ഒരു വിഷു ആഘോഷം. ഞങ്ങൾ കുടുംബത്തിൽ പൊതുവെ അമ്പലത്തിൽ പോകാൻ നിർബന്ധിക്കില്ല. പോകാൻ ഇഷ്ടമുണ്ടെങ്കിൽ പോകും. അത്രേയുള്ളൂ. വീടുകളിൽത്തന്നെയാണ് ആഘോഷം.

ഈ വർഷത്തെ വിഷുവും തിരുവനന്തപുരത്തുതന്നെയാവും. പ്രത്യേകിച്ചൊരു ആഘോഷമായി അതും തോന്നുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട ജോലികളിലൊക്കെത്തന്നെയാകും.

Related Articles
വിഷുച്ചിത്രങ്ങൾ വരവായി, ഇനി എല്ലാം മറന്നുള്ള ആഘോഷം!
വരൂ, പോകാം പാണ്ഡവർ പ്രതിഷ്ഠിച്ച ആ അഞ്ച് ക്ഷേത്രങ്ങളിലേക്ക്...
വിഷുവിന് തട്ടീം മുട്ടീം, മിനിസ്ക്രീനിലെ പ്രിയ താരങ്ങളുടെ വിശേഷങ്ങൾ
ഇത്തവണത്തെ വിഷുവിന് ഇരട്ടിമധുരമാണ്, ലോകറെക്കോർഡും വിദേശയാത്രകളും
മെഡിക്കൽ കോളജിൽ ഒരു വിഷു ആഘോഷം, ഒരിക്കലും മറക്കില്ല
മയ്യഴിയിൽ നിന്നു ന്യൂ‍‍ഡൽഹിയിലേക്കു പറിച്ചുനടുന്നതു വരെയുള്ള വിഷുക്കാലം
ആ ദീപപ്രഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല എന്റെ മനസ്സിൽ
സമ്പൂർണ്ണ വിഷുഫലം 2017, ഓരോ നക്ഷത്രക്കാരുടെയും ഗുണദോഷ നിരൂപണം
© Copyright 2017 Manoramaonline. All rights reserved....