വിഷുവിന് തട്ടീം മുട്ടീം

നിമ്മി ഏബ്രഹാം

അഞ്ചു വർഷത്തോളമായി മലയാളികൾക്കു സുപരിചിതമാണ് തട്ടീം മുട്ടീം എന്ന ടെലിവിഷൻ പ്രോഗ്രാം. സീരിയലിന്റെ മടുപ്പൊന്നുമില്ലാതെ ഒരു സാധാരണ മലയാളികുടുംബത്തിലെ രസകരമായ നിമിഷിങ്ങൾ ചിത്രീകരിച്ച് അർജുനേട്ടനും മോഹനവല്ലിയും മായാവതി അമ്മയും മീനാക്ഷിയും കണ്ണനും കമലാസനനുമെല്ലാം സ്ക്രീനിൽ തകർക്കുന്നു. നമുക്കു സ്വന്തമെന്നതുപോലെ സ്നേഹം തോന്നുന്നവരാണ് ഇവരോരോരുത്തരും. മലയാളത്തിന്റെ പ്രിയപ്പെട്ട കെപിഎസി ലളിതയും മഞ്ജു പിള്ളയും ജയകുമാറും ഭാഗ്യലക്ഷ്മിയും സിദ്ധാർഥും സംക്രാന്തി നസീറുമാണ് തട്ടീം മുട്ടീമിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തട്ടീം മുട്ടീം ടീമിന്റെ വിഷു വിശേഷങ്ങളിലേക്ക്...

 എറണാകുളത്തുനിന്നും ചേർത്തലയ്ക്കു പോകുന്ന വഴി ചമ്മനാട് എന്നു പറയുന്ന സ്ഥലത്താണ് തട്ടീം മുട്ടീം ടീമിന്റെ ഷൂട്ട് നടക്കുന്നത്. വഴിയൊക്കെ ടീമിന്റെ പ്രോഗ്രാം പ്രൊഡ്യൂസർ മനോജ് കൽപത്തൂർ കൃത്യമായി പറഞ്ഞിരുന്നതുകൊണ്ട് സംശയം ഉണ്ടായില്ല. അവിടെ ചെല്ലുമ്പോൾ ഷൂട്ടിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. സ്വീകരണമുറിയിൽ അർജുനേട്ടനും (ജയകുമാർ) കമലാസനനും (സംക്രാന്തി നസീർ) ഷൂട്ടിനു തയാറായി ഇരുന്നു സംസാരിക്കുന്നു. അകത്ത് മായാവതിയമ്മയും (കെപിഎസ്ഇ ലളിത) മോഹനവല്ലിയും (മ​ഞ്ജു പിള്ള) മീനാക്ഷിയും (ഭാഗ്യലക്ഷ്മി) ഷൂട്ടിനുള്ള ഒരുക്കത്തിലാണ്. മേക്കപ്പ് കഴി​ഞ്ഞിട്ട് സംസാരിക്കാമെന്ന് മഞ്ജുചേച്ചി കൈ കൊണ്ട് ആംഗ്യം കാണിച്ചു. വിഷു വിശേഷങ്ങളാണ് അറിയേണ്ടത് എന്നു നേരത്തേ സംസാരിച്ചിരുന്നു. വിഷുവിന്റെ അന്ന് സാധാരണ ഷൂട്ട് വയ്ക്കാറില്ല. അന്ന് ടെക്നീഷൻമാരടക്കമുള്ളവർക്ക് അവധിയായിരിക്കുമെന്ന് മനോജ് കൽപത്തൂർ പറഞ്ഞു. എന്നാലും ഞങ്ങളും വിഷു ആഘോഷിക്കും. വിഷു സ്പെഷ്യൽ എപ്പിസോഡ് ചെയ്യുന്ന ദിവസം കണിയൊരുക്കി സദ്യകഴിച്ച് രാത്രി പടക്കമൊക്കെ പൊട്ടിച്ച് അടിച്ചു പൊളിച്ചേ പോകാറുള്ളൂ. അപ്പോഴേക്കും ലളിതാമ്മയും മഞ്ജുചേച്ചിയുമെല്ലാം ഒരുങ്ങിയെത്തി.

നേരംവൈകിയതു കൊണ്ട് ആദ്യം ഷോട്ടിനു പോകാമെന്നു തന്നെവച്ചു. അവിടെ സ്പോട്ട് റിക്കോർഡിങ്ങ് ആണ്. എല്ലാവരും മൈക്ക് വച്ചാണ് നടക്കുന്നത്. ഷൂട്ടിങ്ങിന്റെ സമയത്ത് വേറെ ആരും തിനു മുൻപേ പറയും സൈലൻസ്. ആദ്യമായി സംസാരിക്കാൻ അവസരം ലഭിച്ചത് അർജുനേട്ടനുമായിട്ടാണ്. സത്യത്തിൽ ജയകുമാർ പരമേശ്വരൻ എന്ന അദ്ദേഹത്തിന്റെ പേര് മിക്കവർക്കും അറിയില്ല. അദ്ദേഹം സ്വന്തം ഓർമകളിലെ വിഷു വിശേഷങ്ങൾ പങ്കുവച്ചു. ‘‘വടക്കൻ കേരളത്തിലാണ് വിഷു ആഘോഷമായി കൊണ്ടാടുന്നത്. എന്റെ സ്ഥലം കരുനാഗപ്പള്ളിയിലാണ്. അന്നൊന്നും രാവിലെ വീട്ടിൽ പലഹാരം വയ്ക്കുന്ന പതിവില്ല. ഓണം, വിഷുപോലുള്ള വിശേഷദിവസങ്ങളിലാണ് വീട്ടിൽ പലഹാരം വയ്ക്കുന്നത്. തലേന്ന് ഉറങ്ങുന്നതുതന്നെ പിറ്റേന്നു കഴിക്കാൻപോകുന്ന പലഹാരങ്ങളെക്കുറിച്ച് ഓർത്തുകൊണ്ടായിരിക്കും. കൈനീട്ടം അന്നൊക്കെ ഒരു രൂപ, രണ്ടു രൂപ ഒക്കെയാണ്. അന്നു രണ്ടു രൂപയുണ്ടെങ്കിൽ പിള്ളേർക്ക് ഒരു മാസം മിഠായി വാങ്ങാം. ആകുന്ന രീതിയിൽ പണ്ടൊക്കെ വിഷു ആഘോഷിച്ചിട്ടുണ്ട്. ഇവിടെ എല്ലാ വർഷവും തട്ടീംമുട്ടീം വിഷു സ്പെഷൽ എപ്പിസോഡ് കാണും. അന്നാണ് ഇവിടത്തെ ടീമിന്റെ വിഷു. ഒരു കുടുംബം പോലെ തന്നെ ഇവിടെ ഞങ്ങളെല്ലാവരും ആഘോഷിക്കാറുണ്ട്.’’

 മോഹനേട്ടനോടു സംസാരിച്ചിരിക്കുമ്പോൾ മോഹനവല്ലി മീനാക്ഷിയോട് ഒച്ചയെടുക്കുന്നതു കേട്ടു. ‘‘എടീ മീനാക്ഷി ഇങ്ങനെയാ ണോടീ നെയിൽ പോളിഷ് ഇടുന്നത്. ഞാൻ അമ്മയുടെ കൈയിൽ ഇട്ടുകൊടുത്തതു കണ്ടോ. ഇതൊരുമാതിരി ചൊറി പിടിച്ച പോലായല്ലോ’’. എന്താണു കാര്യമെന്നറിയാനായി ഡൈനിങ് ടേബിളിനടുത്തേക്കു പോയി. ലളിതാമ്മയും മഞ്ജുച്ചേച്ചിയും മീനാക്ഷിയും ഉണ്ട്. നെയിൽപോളിഷ് ആണ് വിഷയം. ലളിതാമ്മയുടെ കയ്യിൽ മഞ്ജുച്ചേച്ചി ഭംഗിയായി നെയിൽ പോളിഷ് ഇട്ടിട്ടുണ്ട്. അതുപോലെ മീനാക്ഷിയെക്കൊണ്ട് മഞ്ജുച്ചേച്ചി ചെയ്യിച്ചപ്പോൾ അത്ര നന്നായില്ല. അതിന്റെ വഴക്കാണ്. സ്പോട്ടിൽ തന്നെ ‘‘അതേ അതുപോലുള്ള കൈ ആയിരിക്കണമെന്നു’’ മീനാക്ഷി മറുപടിയും കൊടുത്തു അവിടെ നിന്നും ഓടി. ഈ രംഗം ഷൂട്ടിനു വേണ്ടിയുള്ളതൊന്നുമായിരുന്നില്ല. ഇവിടെ എന്നും ഇങ്ങനെയാണ്. സാധാരണ വീടുകളിൽ നടക്കുന്ന സ്നേഹവും വഴക്കും കുട്ടികളുടെ കുരുത്തക്കേടുമെല്ലാം ഇവിടെയുമുണ്ട്. ''മീനാക്ഷിയും കണ്ണനും എന്റെ മക്കളാണെന്നാണ് പലരുടേയും ധാരണ''. മഞ്ജുച്ചേച്ചി പറഞ്ഞു തുടങ്ങി.

ഒരിക്കൽ ഒരു പരിപാടിക്കിടയിൽ ഒരാൾ എത്രമക്കളാണ് എന്നു ചോദിച്ചപ്പോൾ ഒരു മകളാണെനിക്കെന്നു പറഞ്ഞു. ഒരു മോനും കൂടെയില്ലേ എന്നാണ് അദ്ദേഹത്തിന്റെ അമ്മ ചോദിച്ചത്. ഞങ്ങൾ ശരിക്കും ഒരു കുടുംബമാണെന്നാണ് പലരുടേയും ധാരണ. ഇവരും എനിക്കു മക്കളെപോലെതന്നെയാണ്. തെറ്റുകണ്ടാൽ നല്ല വഴക്കും പറയും. അതിനുള്ള സ്വാതന്ത്ര്യം ​ഞങ്ങൾക്കുണ്ട്. മീനാക്ഷിക്ക് വന്ന് വന്ന് എന്റെ ഛായയാണെന്നുവരെ പറഞ്ഞവരുണ്ട്.

വിഷുവിശേഷങ്ങൾ?
കഴിവതും വിശേഷദിവസങ്ങളിൽ കുടുംബത്തിന്റെകൂടെ ചെലവഴിക്കാൻ ശ്രമിക്കുന്നയാളാണു ഞാൻ. വളരെ ചുരുക്കം ദിവസങ്ങ ളിലേ വീട്ടിലില്ലാതിരുന്നിട്ടുള്ളൂ. അങ്ങനെയുള്ള സമയങ്ങളിൽ ലൊക്കേഷനിൽ ആഘോഷിക്കും. നമ്മൾ കുടുംബംപോല കരുതുന്ന ഇവിടുത്തെപ്പോലുള്ള ലൊക്കേഷനാണെങ്കിൽ ഒരു വിഷമവും തോന്നാറില്ല. വിഷുവിന്റെ അന്നു ഷൂട്ടു വയ്ക്കുന്ന പതിവില്ല. അവധി വരുന്ന ദിവസമായതുകൊണ്ട് നേരത്തെ ഷൂട്ടു ചെയ്തു വയ്ക്കും. വീട്ടിലാണെങ്കിൽ രാവിലെ എഴുന്നേൽക്കാൻ മടിയുള്ള കക്ഷിയാണു ഞാൻ. രാവിലെ മൂന്നു നാലു മണി സമയത്താണ് ഉറക്കം കിട്ടുന്നത്. എന്നാൽ വിഷുവിന്റെയന്നും ആറ്റുകാൽ പൊങ്കാലയുടെ അന്നും ഉറക്കം എന്നെ ശല്യം ചെയ്യാറില്ല. അന്നു വീട്ടിൽ ഞാനായിരിക്കും ആദ്യം എഴുന്നേൽക്കുക. ആദ്യം റെഡിയാകുന്നതും ഞാനായിരിക്കും. വീട്ടിൽ വിഷുവിന്റെ അന്ന് മൂന്നരമണിക്ക് എഴുന്നേറ്റ്, കുളിച്ച് വിളക്കു കത്തിച്ചു കണികാണും. അച്ഛനാണ് ആദ്യമായി വിഷുക്കൈനീട്ടം തരുന്നത്. അച്ഛന്റെ കൈനീട്ടം എപ്പോഴും നല്ലതാണെനിക്ക്. എന്റെ അച്ഛൻ പിശുക്കനാണെന്നു പറയും. അതുകൊണ്ടു കിട്ടിയാൽ പെട്ടെന്നൊന്നും ചെലവായിപ്പോകില്ല. പണ്ട് അമ്മയൊക്കെ കണിയൊരുക്കാൻ മുൻകൈ എടുക്കുമായിരുന്നു. ഇപ്പോൾ അമ്മയ്ക്കും അച്ഛനും പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. അമ്മയും കൈനീട്ടം തരും. എന്റെ പ്രിയപ്പെട്ട വിഷു ഓർമകൾ, എന്റെ അപ്പൂപ്പൻ എസ്.പി. പിള്ള ഉണ്ടായിരുന്ന കാലത്തേതാണ്. എനിക്ക് എട്ടൊൻപതു വയസ്സു പ്രായം വരും. നാലുചുറ്റും വരാന്തയുളള വലിയ വീടായിരുന്നു ഞങ്ങളുടേത്. നിറച്ചു മരങ്ങളുണ്ടായിരുന്നു അവിടെ. ഞങ്ങളുടെ അവിടെ ദീപാവലിയെക്കാളും നന്നായി പടക്കമൊക്കെ പൊട്ടിച്ച് ആഘോഷിച്ചിരുന്നതു വിഷുവിനാണ്. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, മുപ്പത്തിരണ്ട് അംഗങ്ങൾ വീട്ടിലുണ്ടായിരുന്നെന്ന്. വിശേഷദിവസങ്ങളിൽ എല്ലാവരും വീട്ടിലുണ്ടാകണമെന്ന് അപ്പൂപ്പനു നിർബന്ധമാണ്. അപ്പൂപ്പൻ അന്ന് ഉമ്മറത്തുള്ള ചാരുപടിയിലിരിക്കും. കയ്യിൽ നിറയെ ചില്ലറകളുള്ള താംബാളം ഉണ്ടാകും. ഒരു കൈപ്പിടി നിറയെ എടുത്താണു ഞങ്ങൾക്കു വിഷുക്കൈനീട്ടം തരിക. അതുകഴിഞ്ഞാൽ സദ്യയുണ്ടാകും. പത്തായത്തിനകത്താണു സാധനങ്ങൾ സൂക്ഷിക്കുക. അതിന്റെ അകത്തുനിന്നും കായ വറുത്തതും ശർക്കര ഉപ്പേരിയുമെല്ലാം കട്ടുതിന്നുകയായിരുന്നു ‍ഞങ്ങളുെട പ്രധാന പരിപാടി. പിന്നെ അപ്പൂപ്പനു മുറുക്കാൻചെല്ലമുണ്ട്. അത് അദ്ദേഹത്തിന്റെ കസേരയുടെ താഴെയായിരിക്കും. അതിൽനിന്നു വെറ്റില അടിച്ചുമാറ്റി മുറുക്കിയിരുന്നതാണു പ്രധാന വിനോദം.

മറ്റൊരു ഓർമ, കൂട്ടത്തിൽ ഏറ്റവും വികൃതിയും മരംകേറിയും ഞാനായിരുന്നു. അതുകൊണ്ടുതന്നെ അപ്പൂപ്പന് ഏറ്റവും ഇഷ്ടം എന്നെയായിരുന്നു. എനിക്കു പത്തു വയസ്സുള്ളപ്പോഴാണ് അപ്പൂപ്പൻ മരിക്കുന്നത്.അപ്പുപ്പന്റെ കൂടെയുള്ള വിഷു എനിക്കിന്നും ഓർമയുണ്ട്. അന്നു ഞാനും ഒരു പേരമ്മയുടെ മകനുംകൂടി അവിടത്തെ മാവിൽ കയറാൻ പദ്ധതിയിട്ടു. റോഡിനോടു ചേർന്നുള്ള പൊക്കത്തിലാണു പേരമ്മയുടെ വീട്. അവിടെയാണു മാവു നിൽക്കുന്നത്. അവനെ താഴെ നിർത്തി ഞാൻ മാവിൽ കയറി. തൊട്ടുതാഴെയാണു തറവാട്. തറവാട്ടിൽ നിന്ന് അപ്പുപ്പൻ വെളിയിലിറങ്ങി നോക്കുമ്പോൾ അവൻ താഴെ നിൽക്കുന്നു. ഞാൻ മാവിന്റെ മേലെയും. എടീ എന്നൊരു വിളി. അപ്പുപ്പൻ വിളിച്ചതും പേരമ്മയുടെ മോൻ ഒറ്റയോട്ടം വച്ചുകൊടുത്തു. ‘ഇറങ്ങടീ താഴെ, മരംകേറീ, മരത്തിന്റെ മുകളിൽ കയറിയാണോ കളിക്കുന്നേ’ എന്നും ചോദിച്ച് പേടിപ്പിച്ചു. ഞാൻ എങ്ങനെയൊ താഴെയിറങ്ങി. മേലാകെ ഉരഞ്ഞുപൊട്ടി. ‘താഴെ ഇറങ്ങിവാടീ’ എന്നും വിളിച്ച് അപ്പൂപ്പൻ കൂട്ടിക്കൊണ്ടുപോയി. ഞാൻ പേടിച്ചു എങ്ങോട്ടേക്കാണെന്ന്. അവിടെ തൊട്ടടുത്ത് ഒരു കടയുണ്ട്. അവിടെനിന്നും കുറെ കപ്പലണ്ടിമിഠായി, േസമിയ മിഠായി, ഗ്യാസ് മിഠായി, നാരങ്ങ മിഠായി ഒക്കെ വാങ്ങിത്തന്നു. കുറേ പടക്കവും വാങ്ങിത്തന്നു. കൈനീട്ടം വാങ്ങിയാൽ കാൽ തൊട്ടു വണങ്ങണം എന്ന രീതി ശീലിപ്പിച്ചിട്ടുണ്ട്. അതെന്റെ മക്കളെയും ശീലിപ്പിച്ചിട്ടുണ്ട്.

അടുത്ത ഷോട്ട് ഊണുകഴിച്ചിട്ടാകാമെന്ന് പറഞ്ഞ് എല്ലാവരും ഭക്ഷണത്തിനിരുന്നു. ഊണിനുശേഷം വിഷുഓർമകൾ പങ്കുവച്ചത് ലളിതാമ്മയാണ്. തട്ടീമുട്ടിമിന്റെ സെറ്റിലെ വിഷു ആഘോഷങ്ങൾ നമ്മുടെ വീട്ടിലേതുപോലുള്ള അന്തരീക്ഷമാണ്. എന്റെ ഭർത്താ വുണ്ടായിരുന്ന സമയത്താണ് ഏറ്റവും നന്നായി വിഷു ആഘോഷിച്ചിരുന്നത്. എല്ലാ വർഷവും മദ്രാസിൽ നിന്ന് അമ്മയുടെ അടുത്തു വന്ന് നന്നായി ആഘോഷിക്കുമായിരുന്നു. ഇപ്പോൾ രണ്ടു വർഷമായി ഗുരുവായൂരമ്പലത്തിലാണ് എന്റെ വിഷു. ഈ വർഷവും പോകണമെന്നാണ് ആഗ്രഹം. വീട്ടിൽ കണിയൊരുക്കി വച്ചിട്ടാകും അമ്പലത്തിലേക്കു പോകുന്നത്. വെളുപ്പിന് അഞ്ചരയ്ക്കു തിരിച്ചെത്തും. തിരുമേനിയുടെ കൈയ്യിൽ നിന്നു വിഷുക്കൈനീട്ടവും വാങ്ങും. അത്രയുമേ ഉള്ളൂ.

ലളിതാമ്മയുമായി സംസാരിച്ചു നിൽക്കുമ്പോഴാണ് കുട്ടിത്താരങ്ങൾ എത്തിയത്. മീനാക്ഷിയും കണ്ണനും. രണ്ടുപേരോടും വിഷുവിനെപ്പറ്റിയും കൈനീട്ടത്തെപ്പറ്റിയും ചോദിച്ചു തുടങ്ങി. കുട്ടികളുടെ ഹൈലൈറ്റ് എപ്പോഴും കൈനീട്ടമായിരിക്കുമല്ലോ. അതിൽ തന്നെ തുടങ്ങിവിഷുക്കൈനീട്ടമൊക്കെ കാര്യമായി കിട്ടാറുണ്ടോ.

കണ്ണനാണു പറ​ഞ്ഞു തുടങ്ങിയത്. ''വിഷുവിനു പ്രത്യേകമായി കാശൊന്നും കിട്ടാറില്ല''. ''എല്ലാ ദിവസവും കാശു കിട്ടുന്നുണ്ടല്ലോ'' എന്ന് ഒരേ സ്വരത്തിൽ മീനാക്ഷിയും മഞ്ജുചേച്ചിയും കണ്ണനെ കളിയാക്കി.

കണ്ണൻ: അത്യാവശ്യത്തിനൊക്കെ ചോദിച്ചാൽ വീട്ടിൽനിന്നു കാശു തരും.

മീനാക്ഷി: അത്യാവശ്യത്തിനല്ല നിനക്ക് അനാവശ്യത്തിനാണ് പൈസതരുന്നത്.

കണ്ണൻ: വിഷുവിനു ചിലപ്പോൾ മുണ്ടൊക്കെ ഉടുക്കും.

അപ്പോൾ മഞ്ജുച്ചേച്ചി, എന്നിട്ട് അതു പിടിക്കാൻ പുറത്തുന്നു ബംഗ്ലാളികളെ വിളിക്കേണ്ടി വരും. ആ അതൊക്കെ ചിലപ്പോൾ വേണ്ടി വരുമെന്ന് കണ്ണൻ. പിന്നെ പടക്കം പൊട്ടിക്കും. അതൊക്കെയാണ് ഹൈലൈറ്റ്. ഇവിടെ ആഘോഷിക്കുമ്പോൾ സദ്യയുണ്ടാകും പടക്കം പൊട്ടിക്കും. വിഷുക്കൈനീട്ടം മാത്രം ഉണ്ടാകില്ല. ഈ മഞ്ജുച്ചേച്ചിയൊക്കെ വിചാരിച്ചാൽ എനിക്കെത്ര വിഷുക്കൈനീട്ടം തരാൻ പറ്റു.

മഞ്ജു: “അയ്യട നിനക്ക് വിഷുക്കൈ നീട്ടമല്ല. കൈ നീട്ടി ഒരെണ്ണം ഞാനങ്ങ് തരും.”

മീനാക്ഷി “ഇതുവരെ വിഷു എന്നു പറയുമ്പോൾ എനിക്കു വലിയ എക്സൈറ്റ്മെന്റ് ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ നഴ്സിങ്ങ് പഠിക്കാൻ തുടങ്ങിയതിൽ പിന്നെ ഹോസ്റ്റിലിൽ നിന്നും വീട്ടിൽ വരാലോ എന്ന സന്തോഷമാണ്.”

കൊച്ചിയിൽ സുധീന്ദ്രയിലാണ് മീനാക്ഷി നഴ്സിങ് പഠിക്കുന്നത്. കണ്ണൻ കോട്ടയം ഹോളി ഫാമിലി സ്കൂളിൽ പ്ലസ്ടുവിനു പഠിക്കുന്നു. അപ്പോഴേക്കും വിഷുവിശേഷങ്ങളുമായി കമലാസനൻ ചേട്ടൻ എത്തി.

 ''ഞാൻ തട്ടീം മുട്ടീം ടീമിന്റെ കൂടെ രണ്ടു വിഷുവാണ് കൂടിയിട്ടുള്ളത്. ഒരു എപ്പിസോഡ് മാത്രം ചെയ്യാൻ വന്നയാളാണ്. ദൈവം സഹായിച്ച് ഇപ്പോൾ മിക്കവാറും എപ്പിസോഡിലും ഉണ്ട്. വിഷുവിനെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോൾ പതിനഞ്ചു വർഷം മുൻപ് നടന്ന ഒരു സംഭവം കമലാസനൻ ചേട്ടൻ ഓർത്തെടുത്തു. പണ്ട് മിമിക്രിയും പ്രോഗ്രാമുമൊക്കെയായി കറങ്ങി നടന്നിരുന്ന സമയം. അന്നൊരു വിഷു ദിവസം മൂന്നു കളികൾ ഉണ്ടായിരുന്നു. 12 മണിക്കു കളി പറഞ്ഞിരുന്നിടത്ത് ഞങ്ങൾ എത്തിയപ്പോഴേക്കും മൂന്നുമണിയായി. അതിന്റെ സംഘാടകർ നമ്മളെ കാര്യമായിത്തന്നെ സ്വീകരിച്ച് അകത്തിരുത്തി. പരിപാടിക്കു ലേറ്റ് ആയിട്ടും ഇവർ ഒന്നും പറയാതിരുന്നതിൽ പന്തികേടു തോന്നിയെങ്കിലും ഞങ്ങൾ അകത്തേക്കു ചെന്നു. ചെന്നപ്പോൾ അവർ ഒരു കാരം ബോർഡ് എടുത്തു വച്ച് തന്നിട്ടുപറഞ്ഞു നേരം വെളുക്കുന്നതു വരെ കളിച്ചോളാൻ. അപ്പോഴാണു നമുക്കു പണി മനസിലായത്. ഞാൻ പറഞ്ഞു ചേട്ടാ എനിക്കിതു കളിക്കാൻ അറിയില്ല. അപ്പോൾ സംഘാടകരിലൊരാൾ പറഞ്ഞു സാരമില്ല. കുഴിയിൽ വീഴുന്ന കട്ടകൾ പെറുക്കിയെടുത്തു വയ്ക്കുന്ന പണി ചെയ്താൽ മതിയെന്ന്.'' കമലാസനൻ ചേട്ടൻ പറഞ്ഞു നിർത്തിയപ്പോഴേക്കും അടുത്ത ഷോട്ടിനുള്ള വിളി വന്നു. എല്ലാവരും കൂടെ കാമറയുടെ മുൻപിലേക്ക്...

Related Articles
വിഷുച്ചിത്രങ്ങൾ വരവായി, ഇനി എല്ലാം മറന്നുള്ള ആഘോഷം!
വരൂ, പോകാം പാണ്ഡവർ പ്രതിഷ്ഠിച്ച ആ അഞ്ച് ക്ഷേത്രങ്ങളിലേക്ക്...
വിഷുവിന് തട്ടീം മുട്ടീം, മിനിസ്ക്രീനിലെ പ്രിയ താരങ്ങളുടെ വിശേഷങ്ങൾ
ഇത്തവണത്തെ വിഷുവിന് ഇരട്ടിമധുരമാണ്, ലോകറെക്കോർഡും വിദേശയാത്രകളും
മെഡിക്കൽ കോളജിൽ ഒരു വിഷു ആഘോഷം, ഒരിക്കലും മറക്കില്ല
മയ്യഴിയിൽ നിന്നു ന്യൂ‍‍ഡൽഹിയിലേക്കു പറിച്ചുനടുന്നതു വരെയുള്ള വിഷുക്കാലം
ആ ദീപപ്രഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല എന്റെ മനസ്സിൽ
സമ്പൂർണ്ണ വിഷുഫലം 2017, ഓരോ നക്ഷത്രക്കാരുടെയും ഗുണദോഷ നിരൂപണം
© Copyright 2017 Manoramaonline. All rights reserved....