സമ്പൂർണ വിഷുഫലം 2017

സിവി ഗോവിന്ദൻ

2017 ഏപ്രിൽ 14–ാം തീയതി (1192 മേടം1) വെള്ളിയാഴ്ച അതിരാവിലെയാണ് ഇക്കൊല്ലം കണി കാണേണ്ടത്. പുലർച്ചെ രണ്ടു മണിയോടുകൂടി സൂര്യൻ മേടം രാശിയിൽ പ്രവേശിക്കുന്നു. ഉച്ചസ്ഥനായ കാലപുരുഷനുള്ള ആത്മാർപ്പണമാണ് വിഷുവിന്റെ ദാർശനികപക്ഷം. മനുഷ്യൻ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സ്വപ്നലോകത്തേക്കുള്ള ആദ്യ കാൽവയ്പായി വിഷുവിനെ കാണുന്നു. കാലഗതിയുടെ സംക്രമണം ജീവജാലങ്ങളെയും സ്വാധീനിക്കുന്നു. അതിവൃഷ്ടി, അനാവൃഷ്ടി, അതിദുസ്സഹമായ സാമൂഹിക വിരുദ്ധ പ്രവണതകൾ എന്നിവയെല്ലാം സ്വാഭാവികമായും വർധിച്ചുവരും. അതിലുപരി ഒരു യുദ്ധസാധ്യത ഇക്കൊല്ലത്തെ വിഷുഫലമത്രെ. വിദേശ രാജ്യവുമായി ഒരു തുറന്ന യുദ്ധം തന്നെ വേണ്ടിവരും. അനേകമനേകം സംഘർഷങ്ങളുടെ ഇടയിലൂടെ മനുഷ്യൻ ഇപ്പോഴും ജീവിക്കുകയും സ്വപ്നം കാണുകയും ചെയ്യുന്നു. അതിനുള്ള ഊർജം വിഷുക്കണിയുടെ പൊലിമയത്രെ. മനസ്സിൽ കാത്തുസൂക്ഷിക്കുന്ന ഗ്രാമത്തിൻ മണവും മമതയും ഇത്തിരി കൊന്നപ്പൂവും ശുഭപ്രദാനക്ഷമതയുടെ തെളിവാണ്. ഉച്ചസ്ഥനായ ത്രൈലോക്യ ദീപം എല്ലാ സുമനസ്സുകളിലും വെളിച്ചം വിതറണമെന്ന പ്രാർഥനയോടെ ഓരോ നക്ഷത്രക്കാരുടെയും ഗുണദോഷ നിരൂപണം ഇതോടൊപ്പം ചേർക്കുന്നു.

അശ്വതി 
ചിങ്ങമാസത്തിനു ശേഷം സാമ്പത്തികസ്ഥിതി ഭേദപ്പെട്ടതാകും. തൊഴിൽ മേഖല സജീവമായിരിക്കും. സ്ഥാനക്കയറ്റത്തിനു സാധ്യതയുണ്ട്. ചെറിയ തോതിൽ ദേഹാരിഷ്ടുകൾ ഉണ്ടാകും. വ്യാപാര രംഗം ലാഭകരമാക്കാൻ കഴിയും. പഠനം, കലോപാസന തുടങ്ങിയ കാര്യങ്ങൾ തടസ്സമില്ലാതെ മുന്നോട്ടു നീക്കാൻ കഴിയും. മേടം മുതൽ കർക്കടകം വരെയുള്ള മാസങ്ങളിൽ അധ്വാനഭാരം വർധിക്കും. ദീർഘയാത്രകൾ ഉണ്ടാകും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കച്ചവടലാഭം വർധിക്കും. ഗൃഹനിർമാണം പൂർത്തീകരിക്കാനാകും. കുംഭം, മീനം മാസങ്ങളിൽ അധികച്ചെലവുകൾ പ്രതീക്ഷിക്കണം. പുതിയ കർമരംഗം ലഭിക്കാനും സാധ്യതയുണ്ട്.

ഭരണി 
ഈ നക്ഷത്രക്കാർക്കു ചെറിയ പ്രയാസങ്ങൾ ഉണ്ടാകും. പ്രതീക്ഷിച്ച പല കാര്യങ്ങളും നടപ്പിൽ വരുത്താൻ കഴിയാത്തതുമൂലം മനപ്രയാസമുണ്ടാകും. കർമരംഗത്ത് തുലാം മാസം വരെ അനിശ്ചിതത്വമുണ്ടാകും. ആരോഗ്യസ്ഥിതി മോശമാകില്ല. കച്ചവടം, കൃഷി എന്നിവ ഗുണകരമാകും. പരീക്ഷാവിജയം, കർമലബ്ധി എന്നിവയുണ്ടാകും.മേടം, ഇടവം, മിഥുനം മാസങ്ങളിൽ വരുമാനക്കുറവ് ഉണ്ടാകും. യാത്രകൾ മാറ്റിവയ്ക്കേണ്ടിവരും. കർക്കടകം മുതൽ വൃശ്ചികം വരെയുള്ള മാസങ്ങളിൽ പൊതുവേ എല്ലാ കാര്യങ്ങളിലും ഉണർവ് ഉണ്ടാകും. പുതിയ വ്യാപാര സംരംഭങ്ങൾ വിജയിപ്പിക്കാനാകും. ധനു, മകരം, കുംഭം, മീനം മാസങ്ങളിൽ വേണ്ടപ്പെട്ടവർക്കു രോഗബാധയുണ്ടാകും . വിദേശ യാത്രയ്ക്കു പരിശ്രമിക്കാവുന്ന മാസങ്ങൾ കൂടിയാണ് ഇവ.

കാർത്തിക 
വർഷം പൊതുവേ ഗുണാധികമായിരിക്കും. സാമ്പത്തിക സ്ഥിതി കുറേയൊക്കെ അനുകൂലമാകും. ജോലി സംബന്ധമായ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാ‍ൻ കഴിയും. തൊഴിൽരഹിതർക്കു കർമരംഗത്തെത്തിച്ചേരാൻ കഴിയും. കൃഷി, കച്ചവടം എന്നിവയിൽ നിന്ന് അമിത ലാഭം പ്രതീക്ഷിക്കേണ്ടതില്ല. ദേഹാരോഗ്യം പൊതുവേ തൃപ്തികരമായിരിക്കും.മേടം മുതൽ മിഥുനം വരെയുള്ള മാസങ്ങളിൽ പുതുകാര്യങ്ങൾക്കായി ധനം മുടക്കരുത്. കാർഷികാദായം ലഭ്യമാകും. കർക്കടകം മുതൽ തുലാം വരെയുള്ള മാസങ്ങളിൽ ബന്ധുജന ക്ലേശം, ദീർഘയാത്ര, ധനലാഭം എന്നിവയുണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ വീട്ടിൽ മംഗളകാര്യം, തൊഴിൽരംഗത്ത് ഉയർച്ച എന്നിവയുണ്ടാകും. കുംഭം, മീനം മാസങ്ങളിൽ ഭാഗ്യാനുഭവം, ദേഹാരിഷ്ട് എന്നിവയുണ്ടാകും.

രോഹിണി 
തൊഴിൽരംഗത്തു കൂടുതൽ ജാഗ്രത പുലർത്തേണ്ടുന്ന വർഷമാണ്. സാമ്പത്തിക രംഗത്തു മുന്നേറാനാകുമെങ്കിലും ചെലവുകളും വർധിച്ചുവരും. വ്യാപാരികൾക്കും കർഷകർക്കും ആശ്വാസം ലഭിക്കുന്ന വർഷമായിരിക്കും. ലാഭം വർധിച്ചു വരുന്നതുമൂലം ഈ മേഖലയിൽപ്പെട്ടവർക്ക് ഉത്സാഹം വർധിക്കും. വിദ്യാഭ്യാസ രംഗത്തുള്ളവർക്കു കഠിന പ്രയത്നം ആവശ്യമാകും.മേടം മുതൽ ചിങ്ങം വരെയുള്ള മാസങ്ങളിൽ സന്തോഷ യാത്രകളും അനുഭവങ്ങളും ഉണ്ടാകും. കന്നി, തുലാം, വൃശ്ചികം മാസങ്ങളിൽ വ്യാപാരം വിപുലപ്പെടുത്താനാകും. വരുമാനക്കുറവ് അനുഭവപ്പെടും. ധനു, മകരം മാസങ്ങളിൽ വസ്തുവകകൾ, ആഭരണാദികൾ എന്നിവ വാങ്ങാനാകും. കുംഭം, മീനം മാസങ്ങളിൽ സാമ്പത്തികനേട്ടം ഉണ്ടാക്കാൻ കഴിയും.

മകയിരം 
ക്ഷമയോടുകൂടി പ്രവർത്തിച്ചാൽ വിജയം ഉണ്ടാക്കാൻ കഴിയുന്ന വർഷമാണ്. വരുമാനത്തിൽ കുറവ് അനുഭവപ്പെടുമെങ്കിലും ചെലവുകൾ ചുരുക്കി പ്രയാസങ്ങൾ ഒഴിവാക്കും. കർമരംഗത്ത് ആരോപണങ്ങൾ ഉയർന്നുവരും. വിദ്യാർഥികൾക്കു മികച്ച വിജയം പ്രതീക്ഷിക്കാവുന്നതാണ്. വ്യാപാരികൾക്കു ഞെരുക്കം അനുഭവപ്പെടും. ആരോഗ്യ ക്ലേശങ്ങളെ അതിജീവിക്കാനാകും.മേടം, ഇടവം, മിഥുനം മാസങ്ങളിൽ ജോലിക്കൂടുതൽ മൂലം വിഷമിക്കും. കർക്കടകം മുതൽ തുലാം വരെയുള്ള മാസങ്ങളിൽ ക്ലേശാനുഭവങ്ങൾക്കായിരിക്കും മുൻതൂക്കം. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ധനാഗമം വർധിക്കും. ചികിത്സാച്ചെലവുകളുണ്ടാകും.
കുംഭം, മീനം മാസങ്ങളിൽ പൊതുവേ പ്രയാസങ്ങളൊന്നും അനുഭവപ്പെടാനിടയില്ല.

 തിരുവാതിര 
പൊതുവേ ആശ്വാസകരമായ വർഷമായിരിക്കും. കുടുംബ വരുമാനം വർധിപ്പിക്കാൻ കഴിയും. കർമരംഗത്തു നല്ല അഭിപ്രായം ഉണ്ടാക്കിയെടുക്കാൻ കഴിയും. വ്യാപാരികളെ സംബന്ധിച്ചിടത്തോളം വെല്ലുവിളികളും ആശയക്കുഴപ്പങ്ങളും കുറയും. കൃഷി നഷ്ടകരമാകില്ല. പഠനരംഗത്തുള്ളവർക്കു പരീക്ഷകളിൽ വിജയം ലഭിക്കും. വൃശ്ചിക മാസം വരെ ദേഹാരിഷ്ടുകൾ ഉണ്ടാകാനിടയുണ്ട്.മേടം മുതൽ ചിങ്ങം വരെയുള്ള മാസങ്ങളിൽ സാമ്പത്തികമായ ഉയർച്ച ഉണ്ടാകും. വീട്ടിൽ മംഗളകാര്യങ്ങളുണ്ടാകും. കന്നി, തുലാം, വൃശ്ചികം മാസങ്ങളിൽ ധനലാഭം, സന്താന ഭാഗ്യം, യാത്രകൾ എന്നിവയുണ്ടാകും. ധനു, മകരം, കുംഭം, മീനം മാസങ്ങളിൽ ബന്ധുജന ക്ലേശം, ജോലിയിൽ സ്ഥാനക്കയറ്റം എന്നിവയുണ്ടാകും.

പുണർതം 
അപ്രതീക്ഷിതമായുണ്ടാകുന്ന ചെലവുകളെ നേരിടാൻ ഈ നക്ഷത്രക്കാർ പ്രയാസപ്പെടും. തൊഴിൽപരമായ തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. കച്ചവട രംഗത്തുള്ളവർക്കു പൊതുവെ ലാഭത്തിൽ കുറവു വരില്ല. കൃഷിക്കാർക്കു വർഷം ശോഭനമാകാനിടയില്ല. വിദ്യാഭ്യാസ കാര്യങ്ങളിൽ പ്രയാസങ്ങൾ കുറയും. ആരോഗ്യപരമായി ക്ലേശിക്കേണ്ടി വരില്ല.മേടം, ഇടവം, മിഥുനം മാസങ്ങളിൽ വീടു മോടി പിടിപ്പിക്കാനായി ധനവ്യയം ഉണ്ടാകും. പുതിയ കർമരംഗം കണ്ടുപിടിക്കാനാകും. കർക്കടകം മുതൽ കന്നി വരെയുള്ള മാസങ്ങളിൽ തൊഴിൽപരമായ യാത്രകൾ ആവശ്യമാകും. സാമ്പത്തികച്ചെലവു വർധിക്കും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ അഭീഷ്ട കാര്യസിദ്ധി, സന്താന ശ്രേയസ്സ് എന്നിവയുണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ മനോവ്യഥകൾ ഉണ്ടാകും. വാഹനം വാങ്ങിക്കാനാകും.

പൂയം 
ഗുണഫലങ്ങൾക്ക് ആധിക്യമുണ്ടാകുന്ന വർഷമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. കർമരംഗം അനുകൂലവും സജീവവും ആകും. കച്ചവട രംഗത്തുള്ളവർക്കു പ്രയാസങ്ങൾ കുറയും. കാർഷികോൽപന്നങ്ങൾ ലാഭകരമായി വിറ്റഴിക്കാൻ കഴിയും. പഠനരംഗം സുഗമവും വിജയകരവും ആകും. ആരോഗ്യപരമായി ക്ലേശങ്ങൾ കുറയും.ചിങ്ങ മാസം വരെ ചെലവുകൾക്കനുസരിച്ചു വരുമാന സ്രോതസ്സ് വിപുലപ്പെടുത്താൻ കഴിയും. കന്നി, തുലാം, വൃശ്ചികം മാസങ്ങളിൽ കുടുംബത്തോടൊന്നിച്ചുള്ള യാത്രകൾ ഉണ്ടാകും. ലഘുവായ ദേഹാരിഷ്ടുകൾ ഉണ്ടാകും. ധനു, മകരം, കുംഭം, മീനം മാസങ്ങളിൽ ഭാഗ്യാനുഭവം, പരീക്ഷാവിജയം, കർമവിജയം എന്നിവയുണ്ടാകും.

ആയില്യം 
ഗുണദോഷ ഫലങ്ങൾ മാറി മാറി വരുന്ന വർഷമായിരിക്കും. ധനവരുമാനം മെച്ചപ്പെടുത്താനാകുമെങ്കിലും അതിനൊത്തു സമ്പാദ്യം വർധിപ്പിക്കാനാകില്ല. കർമപരമായി വർഷം ഗുണകരമാകും. എന്നാൽ സ്ഥാനക്കയറ്റത്തിനു തടസ്സമുണ്ടാകും. വ്യാപാരം, കൃഷി എന്നിവ ധനനഷ്ടത്തിനു കാരണമാകില്ല. പഠനരംഗത്തുള്ളവർക്ക് ഉന്നത വിജയം പ്രതീക്ഷിക്കാം. ആരോഗ്യസ്ഥിതി ഏറക്കുറെ തൃപ്തികരമാകും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ പ്രയാസങ്ങളെ അതിജീവിക്കേണ്ടി വരില്ല. കർക്കടകം മുതൽ തുലാം വരെയുള്ള മാസങ്ങളിൽ സാമ്പത്തിക വിഷമതകൾ, യാത്രാക്ലേശം, ബന്ധുജന ക്ലേശം എന്നിവയുണ്ടാകും. വൃശ്ചികം മുതൽ മീനം വരെയുള്ള മാസങ്ങളിൽ വരുമാനത്തിൽ വർധനവുണ്ടാകും. കുടുംബാംഗങ്ങൾക്കു ചികിത്സ ആവശ്യമാകും.

മകം 
പൊതുവേ ഗുണകരമായ വർഷമാകും. സാമ്പത്തിക നേട്ടങ്ങൾക്കായുള്ള പ്രയത്നം വിജയിച്ചു വരും. കർമരംഗത്ത് ഉയർച്ചയുണ്ടാകും. കച്ചവടരംഗം ആദായകരമാകും. കൃഷി പ്രതീക്ഷപോലെ വിജയിച്ചെന്നു വരില്ല. പരീക്ഷകളിലും അഭിമുഖങ്ങളിലും ജയം നേടാൻ കഴിയും. ആരോഗ്യസ്ഥിതി തൃപ്തികരമാകും. മേടം മുതൽ ചിങ്ങം വരെയുള്ള മാസങ്ങളിൽ സാമ്പത്തികമായ ഉയർച്ചയും കർമാഭിവൃദ്ധിയും ഉണ്ടാകും. കന്നി, തുലാം, വൃശ്ചികം മാസങ്ങളിൽ വ്യസന വാർത്തകൾ അറിയാനിടവരും. കർമരംഗത്ത് ഉയർച്ച ലഭിക്കും. ധനു മുതൽ മീനം വരെയുള്ള മാസങ്ങളിൽ സന്തോഷാനുഭവങ്ങളുണ്ടാകും. ഈ മാസങ്ങളിൽ കലഹങ്ങളിലകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.

പൂരം 
നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന വർഷമായിരിക്കും. അധ്വാനഭാരം കൂടുമെങ്കിലും സാമ്പത്തിക വളർച്ചയുണ്ടാകും. കർമരംഗത്തെ തർക്കത്തിൽ ആയിരുന്ന ആനുകൂല്യങ്ങൾ അനുവദിച്ചു കിട്ടും. വ്യാപാരം രംഗത്തു തിരിച്ചടികളുണ്ടാകുമെങ്കിലും പൊതുവെ ഗുണഫലങ്ങൾ ഉണ്ടാകും. കാർഷികാഭിവൃദ്ധി പ്രതീക്ഷിക്കാം. ആരോഗ്യക്ലേശങ്ങൾ പരിഹൃതമാകും. വർഷത്തിലെ ആദ്യ നാലു മാസങ്ങളിൽ മനഃപ്രയാസങ്ങളും ക്ലേശങ്ങളും ഉണ്ടായേക്കും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ കാർഷികാദായം ഉണ്ടാകും. വിദേശത്തുള്ളവരിൽ നിന്നു സഹായം ലഭിക്കും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കേസ് ജയം, തീർഥയാത്ര എന്നിവയുണ്ടാകും. കുംഭം, മീനം മാസങ്ങളിൽ ധനലാഭം, സന്താനഭാഗ്യം എന്നിവയുണ്ടാകും.

ഉത്രം 
സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകുന്ന വർഷമാണ്. ചെലവുകൾ ക്രമാതീതമായി വർധിക്കും. ധനനഷ്ടവും സംഭവിച്ചേക്കും. തൊഴിൽപരമായ പ്രയാസങ്ങൾക്കു കുറവുണ്ടാകും. വ്യാപാര രംഗത്തു തകർച്ചയുണ്ടാവില്ല. കാർഷിക വിളകൾക്കു നാശമുണ്ടാകാൻ ഇടയുണ്ട്. വിദ്യാഭ്യാസ രംഗത്തുള്ളവർക്കു വർഷം ഗുണകരമാകും. അമിതമായ ഉത്കണ്ഠ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. മേടം, ഇടവം, മിഥുനം മാസങ്ങളിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണം. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ ആകസ്മികമായ ചെലവുകൾ ഉണ്ടായിക്കൊണ്ടിരിക്കും. കൃഷി ഗുണകരമായെന്നു വരില്ല. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ഗുണഫലങ്ങളുണ്ടാകും. മകരം മുതൽ മീനം വരെ മനഃക്ലേശവും ദേഹാരിഷ്ടും ഉണ്ടാകും.

അത്തം 
വിഷമതകൾക്കു കുറവുണ്ടാകുന്ന വർഷമായിരിക്കും. സാമ്പത്തിക ഞെരുക്കത്തിന് അയവു ലഭിക്കും. ചെലവുകൾ നിയന്ത്രിക്കാനും കഴിയും. കർമപരമായി പ്രതിസന്ധികളുണ്ടാകില്ലെങ്കിലും കുറ്റപ്പെടുത്തലുകൾക്കു പാത്രമാകും. കച്ചവടം, കൃഷി എന്നിവ ദോഷമില്ലാതെ പോകും. പഠനരംഗത്ത് അമിതമായ ആത്മവിശ്വാസം കാണിക്കരുത്. ആരോഗ്യപ്രശ്നങ്ങൾ ഗൗരവതരമാകില്ല. മേടം മുതൽ ചിങ്ങം വരെ ഗുണഫലങ്ങൾ പ്രതീക്ഷിക്കാം. വരുമാനത്തിൽ വർധനവും ഗുണകരമായ സൗഹൃദങ്ങളും ഉണ്ടാകും. കന്നി മുതൽ ധനു വരെ ധനലാഭം, ഭാഗ്യസിദ്ധി, അപവാദ ശ്രവണം എന്നിവയുണ്ടാകും. മകരം മുതൽ മീനം വരെ സാമ്പത്തിക വളർച്ച, കർമലബ്ധി, വ്യവഹാരത്തിൽ വിജയം എന്നിവയുണ്ടാകും.

ചിത്തിര 
ഈ നക്ഷത്രക്കാർ കൃത്യമായ ആസൂത്രണത്തിലൂടെ ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കും. ധനപരമായ കാര്യങ്ങളിൽ കണിശതയും കൃത്യതയും പാലിക്കും. ജോലി സംബന്ധമായ അനിശ്ചിതാവസ്ഥ നീങ്ങും. വ്യാപാരികളെ സംബന്ധിച്ചു തികച്ചും അനുകൂലാവസ്ഥയുണ്ടാകും. കൃഷിക്കാർക്കു വർഷം ഗുണകരമാകും. ചികിത്സാച്ചെലവുകൾ ഉണ്ടാകും. മേടം തൊട്ടു നാലു മാസങ്ങളിൽ പുതിയ കർമ പദ്ധതികളുടെ വിജയം അനുഭവിക്കാനാകും. സഹോദരസ്ഥാനീയർ സഹായം നൽകും. ചിങ്ങം മുതൽ ധനു വരെ ദീർഘ യാത്രകൾക്കുള്ള അവസരം, കർമരംഗത്ു പുതിയ ചുമതലകൾ എന്നിവയുണ്ടാകും. മകരം മുതൽ മീനം വരെ ബന്ധുക്കൾക്കു ക്ലേശം, വാഹനങ്ങളുടെ ക്രയവിക്രയം.

ചോതി 
സങ്കീർണമായ പ്രശ്നങ്ങളെ നേരിടേണ്ടി വരുന്ന വർഷമായിരിക്കും. എന്നാൽ ഇവയെ പരിഹരിക്കാൻ ഈ നക്ഷത്രക്കാർക്കു കഴിയും. ധനസംബന്ധമായ കണക്കുകൂട്ടലുകൾ പിഴയ്ക്കുന്നതുമൂലം പ്രയാസങ്ങൾ ഉണ്ടാകും. ജോലിയുമായി ബന്ധപ്പെട്ടു പ്രയാസങ്ങളുണ്ടാകില്ല. വ്യാപാരം, കൃഷി എന്നിവയിലെ ലാഭനഷ്ടങ്ങൾ മാറി മറിഞ്ഞുകൊണ്ടിരിക്കും. ഉന്നത പഠന രംഗത്തുള്ളവർക്കു പ്രതീക്ഷകൾ സാക്ഷാത്കരിക്കപ്പെടും. ആരോഗ്യസ്ഥിതി തൃപ്തികരമാകില്ല. മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തിക പ്രതിസന്ധികളുണ്ടാകും. പരീക്ഷകളിൽ ഉന്നത വിജയം നേടും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ സാമ്പത്തിക പ്രശ്നങ്ങൾക്കു ചെറിയ തോതിൽ പരിഹാരങ്ങളുണ്ടാകും. തുലാം, വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കുടുംബപരമായ ശിഥിലതകൾ വിഷമങ്ങൾക്കു കാരണമാകും. കുംഭം, മീനം മാസങ്ങളിൽ ധനാഗമം, ദേഹാരിഷ്ട് എന്നിവയുണ്ടാകും.

വിശാഖം 
വേണ്ടത്ര ആലോചനയില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ ജീവിതത്തിൽ വഴിത്തിരിവുകളുണ്ടാക്കുന്ന വർഷമായിരിക്കും. സാമ്പത്തിക ഇടപാടുകളിൽ വിശ്വാസ്യത പുലർ‌ത്താൻ കഴിഞ്ഞെന്നു വരില്ല. തൊഴിൽരംഗത്തു മേലധികാരികൾ തെറ്റിദ്ധാരണയോടെ പെരുമാറും. പുതിയ പദ്ധതികൾക്കായി പണം നിക്ഷേപിക്കാൻ സാധിക്കും. കൃഷി ആദായകരമാകും. ഈ മേഖലയിൽ ബഹുമതികൾ ലഭിക്കും. ആരോഗ്യപരമായ ക്ലേശങ്ങൾ കുറവായിരിക്കും. മേടം മുതൽ കന്നി വരെയുള്ള മാസങ്ങളിൽ സ്വസ്ഥതയില്ലായ്മ, ശാരീരിക ക്ഷീണം എന്നിവയുണ്ടാകും. തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ വ്യാപാരം പുഷ്ടിപ്പെടും. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട തർക്കം പരിഹൃതമാകും. മകരം, കുംഭം, മീനം മാസങ്ങളിൽ അനുകൂല ഫലങ്ങൾ ഉണ്ടാകും.

അനിഴം 
വലിയ പ്രയാസങ്ങൾ അനുഭവപ്പെടാത്ത വർഷമായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. കർമരംഗത്ത് അംഗീകാരം ലഭിക്കും. വ്യാപാര സ്ഥലം മാറേണ്ടി വരുന്നതു ഗുണകരമാകും. കാർഷികാദായം ബാധ്യതകൾ തീർക്കാൻ ഉപകരിക്കും. വിദ്യാർഥികൾക്ക് ഉന്നത പഠനത്തിനു സൗകര്യമുണ്ടാകും. ഗൗരവതരമായ ദേഹാരിഷ്ടുകൾ ഉണ്ടാകില്ല. മേടം മുതൽ കർക്കടകം വരെയുള്ള മാസങ്ങളിൽ സമ്പാദ്യം മെച്ചപ്പെടുത്താനും ജീവിത സൗകര്യങ്ങൾ വർധിപ്പിക്കാനും കഴിയും. ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ അന്യദേശവാസ യോഗം, ഭാഗ്യാനുഭവം എന്നിവയുണ്ടാകും. വൃശ്ചികം മുതൽ മീനം വരെയുള്ള മാസങ്ങളിൽ കർമരംഗത്തു സ്ഥാനക്കയറ്റം, ഗൃഹനിർമാണം, അതിഥി സൽക്കാരത്തിനുള്ള അവസരം, ലഘുവായ ദേഹാരിഷ്ട് എന്നിവയുണ്ടാകും.

തൃക്കേട്ട 
സാമ്പത്തിക വിനിയോഗം നല്ലപോലെ ആലോചിച്ചു മാത്രമേ ഈ നക്ഷത്രക്കാർ നടപ്പിലാക്കൂ എന്നതു ഗുണകരമായി ഭവിക്കും. തൊഴിൽസംബന്ധമായ തർക്കങ്ങൾ അനുകൂലമായി പരിണമിക്കും. കച്ചവടത്തിൽ നിന്നു ലാഭവിഹിതം താൽക്കാലികമായി കുറയും. കൃഷിയോടു കാണിക്കുന്ന താൽപര്യത്തിനനുസരിച്ചു ഫലം കിട്ടാനിടയില്ല. ആരോഗ്യകാര്യങ്ങളിൽ ജാഗ്രത കാണിക്കണം.മേടം മുതലുള്ള നാലു മാസങ്ങളിൽ സുഹൃത്തുക്കളിൽ നിന്നു സഹായം, സന്താന ഗുണം, ബന്ധുക്ലേശം എന്നിവയുണ്ടാകും. ചിങ്ങം മുതൽ വൃശ്ചികം വരെയുള്ള മാസങ്ങളിൽ ധനാഗമം, കുടുംബ ശ്രേയസ്സ്, സ്വത്തു വാങ്ങൽ എന്നിവയുണ്ടാകും. ധനു മുതൽ മീനം വരെയുള്ള മാസങ്ങളിൽ എതിരാളികൾക്കുമേൽ ജയം നേടാനും സ്ഥാനമാനങ്ങൾ കൈവരിക്കാനും കഴിയും.

മൂലം 
സാമ്പത്തിക കാര്യങ്ങളിൽ കൃത്യത പാലിക്കാൻ കഴിയാതെ പോകുന്നതുമൂലം പുതിയ ബാധ്യതകൾ സൃഷ്ടിക്കപ്പെടാനിടയാകും. ജോലി മാറ്റത്തിനുള്ള ശ്രമം വിജയിക്കും. വ്യാപാരരംഗത്തു നിലനിന്നിരുന്ന ക്ഷീണാവസ്ഥ മാറാൻ തുടങ്ങും. ഉന്നത പഠന രംഗത്തുള്ളവർ‌ക്കു തൊഴിൽ സാധ്യത വർധിക്കും. ആരോഗ്യസ്ഥിതി മോശമാകില്ല. മേടം, ഇടവം, മിഥുനം മാസങ്ങളിൽ പുതിയ സൗഹൃദങ്ങളുണ്ടാക്കാനും ജനസമ്മിതി വർധിപ്പിക്കാനും കഴിയും. കർക്കടകം മുതൽ തുലാം മാസം വരെ സാമ്പത്തിക വളർച്ചയുണ്ടാകും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ കുടുംബയാത്രകൾ, ദേഹാരിഷ്ട് എന്നിവയുണ്ടാകും. കുംഭം, മീനം മാസങ്ങളിൽ ചെലവുകൾ വർധിക്കും.

പൂരാടം 
ധനസമ്പാദ്യം വർധിപ്പിക്കാൻ കഴിയുന്ന വർഷമായിരിക്കും. കർമരംഗത്തു സ്ഥാനക്കയറ്റത്തെച്ചൊല്ലി തർക്കമുണ്ടാകും. വ്യാപാരം പങ്കാളികളൊത്തു വിപുലീകരിക്കാനാകും. കാർഷികാദായം ഉപകരിക്കപ്പെടാതെ പോകും. പഠന രംഗത്തുള്ളവർക്കു സദ്ഫലങ്ങൾ ഉണ്ടാകും. രോഗങ്ങൾ ശല്യപ്പെടുത്താനിടയുണ്ട്. മേടം മുതൽ കർക്കടകം വരെ സാമ്പത്തിക സ്ഥിതി അനുകൂലമാകുകയും ഗൃഹനിർമാണം പോലുള്ള കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യും. ചിങ്ങം മുതൽ ധനു വരെയുള്ള മാസങ്ങളിൽ വ്യാപാരത്തിൽ നിന്ന് അപ്രതീക്ഷിത ലാഭം, കർമ ലബ്ധി, ശാരീരിക ക്ഷീണം എന്നിവയുണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ ലഘുവായ സാമ്പത്തിക പ്രശ്നം, സഹോദര സ്ഥാനീയർക്ക് ഉയർച്ച, കുടുംബത്തിൽ ഐക്യമില്ലായ്മ എന്നിവയുണ്ടാകും.

 ഉത്രാടം
പൊതുവേ പ്രയാസങ്ങൾ കുറയുന്ന വർഷമായിരിക്കും. സാമ്പത്തികാഭ്യുന്നതി പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും ആവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ട് അനുഭവപ്പെടില്ല. ജോലി സ്ഥിരത ലഭിച്ചിട്ടില്ലാത്തവർക്ക് ഈ വർഷത്തിൽ ജോലി സ്ഥിരത ഉറപ്പിക്കാം. വ്യാപാരം നഷ്ടത്തിലാവില്ല എന്നു കരുതാവുന്നതാണ്. കൃഷി ഉപജീവനമാർഗമാക്കിയവർക്കു ചെറിയ പ്രയാസങ്ങളുണ്ടാകും. പരീക്ഷകളിൽ മികച്ച വിജയമുണ്ടാകും. ആരോഗ്യ ക്ലേശങ്ങൾ വല്ലാതെ ബുദ്ധിമുട്ടിക്കുകയില്ല. മേടം, ഇടവം, മിഥുനം മാസങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയും. ആലോചിക്കാതെ വാക്കുകൊടുത്തു വിനകൾ സൃഷ്ടിക്കും. കർക്കടകം മുതൽ വൃശ്ചികം വരെ ഭയപ്പാട്, സഹോദര ക്ലേശം, ധനലാഭം എന്നിവയുണ്ടാകും. ധനു മുതൽ മീനം വരെയുള്ള മാസങ്ങളിൽ കലഹങ്ങളിൽ നിന്നു വിട്ടു നിൽക്കാൻ ശ്രദ്ധിക്കണം.

തിരുവോണം
ലാഭകരമല്ലാത്ത കാര്യങ്ങൾക്കായി ധനം വ്യയം ചെയ്തു ഖേദിക്കാനിടവരും. കർമരംഗത്തു തടസ്സങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. കച്ചവട രംഗത്തു കടുത്ത എതിർപ്പുകളെ അതിജീവിക്കേണ്ടി വരും. കാർഷികാദായം ആശ്വാസകരമാകും. വിദേശത്തു പോയി പഠനം നടത്താൻ ശ്രമിക്കുന്നവർക്ക് അനുകൂലാവസ്ഥയുണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം. മേടം മുതൽ ചിങ്ങം വരെ ഗുണഫലങ്ങൾക്കായിരിക്കും പ്രാമുഖ്യം. ബന്ധുക്കളിൽ നിന്നു സഹായം ലഭിക്കും. കന്നി, തുലാം, വൃശ്ചികം, ധനു മാസങ്ങളിൽ ധനനഷ്ടം, ശത്രുഭയം, മനോവ്യഥ എന്നിവയുണ്ടാകും. തുടർ മാസങ്ങളിൽ കുടുംബാഭിവൃദ്ധി, ദീർഘയാത്ര, കാര്യവിജയം എന്നിവയുണ്ടാകും.

അവിട്ടം
ധനപരമായ വളർച്ച, കുടുംബ പുഷ്ടി എന്നിവയുണ്ടാകും. കർമരംഗത്തു നല്ല അഭിപ്രായം ഉണ്ടാക്കാൻ കഴിയും. വ്യാപാരം അഭിവൃദ്ധിപ്പെടും. മെച്ചപ്പെട്ട രീതിയിൽ കൃഷി ചെയ്യാനുള്ള ശ്രമം വിജയിക്കും. വിദ്യാഭ്യാസ രംഗത്തു ചെറിയ തടസ്സങ്ങളുണ്ടാകും. ദേഹാരോഗ്യം മെച്ചപ്പെടും.മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധനലാഭം, അന്യദേശ വാസം, പുണ്യസ്ഥല സന്ദർശനം എന്നിവയുണ്ടാകും. കർക്കടകം, ചിങ്ങം, കന്നി മാസങ്ങളിൽ ബന്ധുക്ലേശം, ജോലിയിൽ സ്ഥാനക്കയറ്റം എന്നിവയുണ്ടാകും. തുലാം മുതൽ ധനു വരെ ചെലവുകളിൽ വർ‌ധന, മനസ്സുഖം, സന്താന ശ്രേയസ്സ് എന്നിവയുണ്ടാകും. മകരം, കുംഭം, മീനം മാസങ്ങളിൽ എതിരാളികളുടെ മേൽ ജയം, സ്ഥലംമാറ്റം എന്നിവയുണ്ടാകും.

ചതയം 
നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന വർഷമായിരിക്കും. സാമ്പത്തികസ്ഥിതി അനുകൂലമാകും. കർമരംഗത്തു സ്വന്തം കഴിവുകൾ വേണ്ടവിധം പ്രകടിപ്പിക്കാൻ കഴിയും. വ്യാപാരം മെച്ചപ്പെടുത്താനായി കൂടുതൽ മൂലധനം നിക്ഷേപിക്കാൻ സാധിക്കും. കാർഷികാദായം പ്രതീക്ഷിക്കാം. ഉന്നത പഠനത്തിനു ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. ആരോഗ്യ കാര്യങ്ങളിൽ വേവലാതി വേണ്ട. മേടം മുതൽ ചിങ്ങം വരെയുള്ള മാസങ്ങൾ വളരെ അനുകൂലമായിരിക്കും. വിദേശയാത്രയ്ക്കു ശ്രമിക്കാവുന്നതാണ്. കന്നി മുതൽ ധനു വരെയുള്ള മാസങ്ങളിൽ ഗൃഹനിർമാണശ്രമം വിജയിക്കും. ബന്ധുക്ലേശം ഉണ്ടാകും. മകരം മുതൽ മീനം വരെയുള്ള മാസങ്ങളിൽ അപ്രതീക്ഷിത ചെലവുകൾ, സുഹൃത്തുക്കളുമായി പിണക്കങ്ങൾ എന്നിവയുണ്ടാകും.

പൂരുരുട്ടാതി 
പൊതുവേ വിപരീത ഫലങ്ങൾ കുറയുന്ന വർഷമായിരിക്കും. സാമ്പത്തികമായി മുന്നോട്ടു പോകാനാകുമെന്ന ആത്മവിശ്വാസം ജനിപ്പിക്കുന്ന അനുഭവങ്ങളുണ്ടാകും. തൊഴിൽപരമായി ദോഷാനുഭവങ്ങൾ ഉണ്ടാകില്ല. കച്ചവടം കൂടുതൽ ലാഭകരമാക്കാൻ സാധിക്കും. കാർഷിക വിളകൾക്കു മെച്ചപ്പെട്ട വിപണന സൗകര്യം ലഭിക്കും.ചെറിയ അസുഖങ്ങൾ ബാധിക്കും. മേടം, ഇടവം, മിഥുനം മാസങ്ങളിൽ ധനാഗമത്തിനുണ്ടായിരുന്ന തടസ്സങ്ങൾ ഒഴിവാകും. പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാൻ കഴിയും. കർക്കടകം, ചിങ്ങം, കന്നി, തുലാം മാസങ്ങളിൽ സർക്കാർ ആനുകൂല്യങ്ങൾ മുഖേന പുതിയ കർമപദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കാൻ കഴിയും. വൃശ്ചികം, ധനു, മകരം മാസങ്ങളിൽ ശാരീരികാസ്വസ്ഥതകളുണ്ടാകും. കൃഷി ആദായകരമാകും. കുംഭം, മീനം മാസങ്ങളിൽ വാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കും. സന്താന ഭാഗ്യം ഉണ്ടാകും.

 ഉത്രട്ടാതി
പ്രതീക്ഷിച്ചപോലെ കാര്യങ്ങൾ നടക്കാത്ത സ്ഥിതിയുണ്ടാകും. ധനസൗകര്യം വർധിക്കുമെങ്കിലും അതു വേണ്ടപോലെ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നുവരും. ജോലിയിൽ ശരിയായി ശ്രദ്ധിക്കാൻ കഴിയാതെ വരും. വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവർക്ക് അർഹിച്ച ലാഭം കിട്ടാതിരിക്കും. വിദ്യാർഥികൾക്കു പഠനരംഗത്തും പാഠ്യേതര രംഗത്തും ശോഭിക്കാനാകും. ആരോഗ്യപരമായി പ്രയാസങ്ങളുണ്ടാകില്ല.മേടം മുതൽ കർക്കടകം വരെ സാമ്പത്തിക പ്രയാസങ്ങളും മനോവ്യഥകളും ഉണ്ടാകും. ചിങ്ങം മുതൽ വൃശ്ചികം വരെ സാമ്പത്തിക പ്രയാസങ്ങൾക്കു കുറവുണ്ടാകും. കർമപരമായും ഈ മാസങ്ങൾ ഗുണകരമായിരിക്കും. ധനു മുതൽ മീനം വരെയുള്ള മാസങ്ങളിൽ അന്യദേശങ്ങളിൽ പോകാനവസരം ഉണ്ടാകും. മാതൃബന്ധുക്കളിൽ നിന്നു ഗണ്യമായ സഹായം ലഭിക്കും.

രേവതി 
പൊതുവെ ഗുണഫലങ്ങൾ ഉണ്ടാകുന്ന വർഷമാണ്. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയുണ്ടാകും. കർമരംഗത്ത് ഉയർച്ചയുണ്ടാകും. ബിസിനസ് വികസിപ്പിക്കാനുള്ള ആസൂത്രണങ്ങൾ വിജയിക്കും. കർഷകർക്കു ഗുണകരമായ വർഷമായിരിക്കും. പഠനരംഗത്തുള്ളവർക്കു ചെറിയ പ്രയാസങ്ങളുണ്ടാകും. ചികിത്സാച്ചെലവുകളുണ്ടാകും. വർഷത്തിലെ ആദ്യ നാലു മാസങ്ങളിൽ അപവാദങ്ങൾ കേൾക്കാനിടവരും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ചിങ്ങം മുതൽ വൃശ്ചികം വരെ കൂടുതൽ ജോലിത്തിരക്ക്, യാത്രാക്ലേശം, ഭാഗ്യസിദ്ധി എന്നിവയുണ്ടാകും. ധനു മുതൽ മീനം വരെ ധനലാഭം, സന്തോഷാനുഭവം, സ്ഥാനലബ്ധി എന്നിവയുണ്ടാകും.

Related Articles
വിഷുച്ചിത്രങ്ങൾ വരവായി, ഇനി എല്ലാം മറന്നുള്ള ആഘോഷം!
വരൂ, പോകാം പാണ്ഡവർ പ്രതിഷ്ഠിച്ച ആ അഞ്ച് ക്ഷേത്രങ്ങളിലേക്ക്...
വിഷുവിന് തട്ടീം മുട്ടീം, മിനിസ്ക്രീനിലെ പ്രിയ താരങ്ങളുടെ വിശേഷങ്ങൾ
ഇത്തവണത്തെ വിഷുവിന് ഇരട്ടിമധുരമാണ്, ലോകറെക്കോർഡും വിദേശയാത്രകളും
മെഡിക്കൽ കോളജിൽ ഒരു വിഷു ആഘോഷം, ഒരിക്കലും മറക്കില്ല
മയ്യഴിയിൽ നിന്നു ന്യൂ‍‍ഡൽഹിയിലേക്കു പറിച്ചുനടുന്നതു വരെയുള്ള വിഷുക്കാലം
ആ ദീപപ്രഭയ്ക്ക് ഒരിക്കലും മങ്ങലേൽക്കില്ല എന്റെ മനസ്സിൽ
സമ്പൂർണ്ണ വിഷുഫലം 2017, ഓരോ നക്ഷത്രക്കാരുടെയും ഗുണദോഷ നിരൂപണം
© Copyright 2017 Manoramaonline. All rights reserved....