കുട്ടികളെ പിടി കൂടിയാൽ

പഠിക്കാനും പടം വരയ്ക്കാനും മിടുക്കിയായ 12 വയസുകാരി ലക്ഷ്മി ആർ സി. സി യിൽ ചികിത്സയ്ക്കെത്തുന്നത് 1999 ലാണ്. കടുത്ത വയറുവേദനയും ഛർദിയും ഉണ്ടായി അടുത്തുള്ള ആശുപത്രിയിൽ സ്കാൻ ചെയ്തപ്പോഴാണ് അണ്ഡാശയത്തിൽ മുഴയുള്ളതായി കണ്ടുപിടിച്ചത്. അടിയന്തരമായി ശസ്ത്രക്രിയക്കു വിധേയയായ ലക്ഷ്മിയുടെ ഇടത്തെ അണ്ഡാശയത്തിലെ മുഴ പൂർണമായും നീക്കം ചെയ്തു. പതോളജി പരിശോധനയിലൂടെ കാൻസറാണ് എന്നു കണ്ടെത്തി. മാത്രമല്ല അപ്പോഴേക്കും രണ്ടു ശ്വാസകോശങ്ങളിലേക്കും കാൻസർ പടർന്നുകഴിഞ്ഞിരുന്നു. ലക്ഷ്മിക്ക് ഇനി ആറുമാസത്തിൽ താഴേയേ ആയുസ്സുള്ളൂ എന്ന് ഡോക്ടർമാർ വിധിയെഴുതി. ജീവിതം അവസാനിപ്പിച്ചാലോ എന്ന ചിന്തയുമായാണ് ഏക മകളായ ലക്ഷ്മിയെയും കൊണ്ട് അവളുടെ മാതാപിതാക്കൾ ആർ. സി. സി യിൽ എത്തിയത്.

പരിശോധനകളിലൂടെ ലക്ഷ്മിയുടെ രോഗം അണ്ഡാശയത്തിലെ ഒരുതരം അർബുദം ആണെന്നും ഗുരുതരമായ നാലാമത്തെ സ്റ്റേജിലാണെന്നും സ്ഥിരീകരിച്ചു. ഡോക്ടർ സമാധാനിപ്പിച്ചുകൊണ്ടു ലക്ഷ്മിയോടും അച്ഛനമ്മമാരോടും പറഞ്ഞു. നമുക്ക് ആറുകോഴ്സ് കീമോതെറപ്പി(കാൻസറിന്റെ മരുന്നുചികിത്സ) കൂടി എടുക്കണം. മൂന്നാഴ്ച കൂടുമ്പോൾ കൃത്യമായി ആർ. സി. സിയിൽ വരണം. അഡ്മിഷന്റെ ആവശ്യമില്ല. ഇൻജക്ഷനുശേഷം വീട്ടിലേക്കു തിരിച്ചുപോകാം. എല്ലാം ശരിയാകും.

ലക്ഷ്മിക്കു ചികിത്സയ്ക്കിടയിൽ ഛർദിയും മുടികൊഴിച്ചിലുമല്ലാതെ മറ്റു പാർശ്വഫലങ്ങളൊന്നുമുണ്ടായില്ല. ഡോക്ടർ നിർദേശിച്ചതനുസരിച്ചു ലക്ഷ്മി ചികിത്സയോടൊപ്പം സ്കൂൾ പഠനവും തുടർന്നു. രണ്ടു മാസത്തിനുശേഷം നെഞ്ചിന്റെ എക്സ്റേയിൽ ശ്വാസകോശത്തിലെ മുഴകൾ വലുപ്പം കുറഞ്ഞതായി കണ്ടെത്തി. ആറുകോഴ്സ് കീമോതെറപ്പിക്കുശേഷം അവ പൂർണമായും അപ്രത്യക്ഷമായി. പിന്നീട് ഇടയ്ക്കുള്ള ചെക്കപ്പുകൾ മാത്രമായി ലക്ഷ്മിയുടെ വരവ്. ഇതിനിടെ ലക്ഷ്മി 14—ാം വയസിൽ ഋതുമതിയായി . പത്താം തരത്തിൽ ഉയർന്ന മാർക്കോടെ പാസ്സായി. പിന്നീട് എം.എ വരെ പഠിച്ച് ഉദ്യോഗവും കരസ്ഥമാക്കി. രണ്ടുവർഷം മുമ്പു വിവാഹിതയായ ലക്ഷ്മി ഇന്നു മിടുക്കിയായ ഒരു പെൺകുഞ്ഞിന്റെ അമ്മയുമാണ്. ലക്ഷ്മിയെപ്പോലെതന്നെ കുട്ടിയായിരിക്കുമ്പോൾ കാൻസറിനെ ധൈര്യപൂർവം നേരിട്ടു വിജയിച്ച അനേകം പേർ നമ്മുടെ കേരളത്തിലുണ്ട്. അവരിൽ ഓട്ടോറിക്ഷാ ഡ്രൈവർ മുതൽ മെഡിക്കൽ വിദ്യാർഥികൾ വരെ ഉൾപ്പേടുന്നു. ഏതൊരു സാധാരണക്കാരനെയും പോലെ എല്ലാ കർമരംഗങ്ങളിലും കാൻസർ വിമുക്തരായ കുട്ടികൾ എത്തിച്ചേർന്നിട്ടുണ്ട്.

മിക്കകുട്ടികളിലും രോഗം മാറും
തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിലെ ( ആർ. സി. സി)കണക്കു പ്രകാരം ഓരോ വർഷവും 12,000 രോഗികളാണു പുതിയതായി കാൻസർ രോഗം ബാധിച്ചു ചികിത്സയ്ക്കെത്തുന്നത്. ഇവരിൽ 14 വയസ്സിനു താഴെയുള്ളവരുടെ എണ്ണം 600 — 650 (അഞ്ചുശതമാനം) ഓളമാണ്. കുട്ടികളിൽ പ്രധാനമായും 10 തരം അർബുദരോഗങ്ങളാണ് കാണുന്നത്. ഈ കുട്ടികളിൽ 60 —70 ശതമാനം പേരെയും സുഖപ്പെടുത്താൻ കഴിയുന്നുമുണ്ട്. അച്ഛനമ്മമാർ വളരെയധികം വിഷമത്തോടെയും മാനസികസമ്മർദത്തോടെയുമാണു കുട്ടികളെയും കൊണ്ട് ആർ. സി. സിയിൽ വരുന്നത്. കാൻസർ എന്ന രോഗത്തിന്റെ പിടിയിൽ നിന്നും രക്ഷപ്പെടൽ ഇല്ല എന്നാണു മിക്കവരും ഇപ്പോഴും വിശ്വസിക്കുന്നത്. എന്നാൽ കുട്ടികളിലുണ്ടാകുന്ന കാൻസർ രോഗത്തിനെ സംബന്ധിച്ച് ഇതു തികച്ചും തെറ്റാണ്. ചികിത്സയോടു നല്ല രീതിയിൽ പ്രതികരിക്കുന്നതും രോഗനിവാരണം പലപ്പോലും സാധ്യമാകുന്നതുമാണു കുട്ടികളിലെ കാൻസർരോഗം.

പേരിലും സ്വഭാവത്തിലും കുട്ടികളിലെ കാൻസർ മുതിർന്നവരുടേതിലും തികച്ചും വ്യത്യസ്തമാണ്. കുട്ടികളിൽ ഏറ്റവും കൂടുതൽ കാണുന്നതു രക്താർബുദമാണ്. ബ്രെയിൻ ട്യൂമർരണ്ടാം സ്ഥാനത്തും ന്യൂറോബ്ലാസ്റ്റോമ മൂന്നാം സ്ഥാനത്തും ആണ് .

രക്താർബുദം
കുട്ടികൾക്കുണ്ടാവുന്ന അർബുദത്തിന്റെ മുന്നിൽ ഒരു ഭാഗവും രക്താർബുദം ആണ്. രോഗം ആരംഭിക്കുന്നത് എല്ലുകൾക്കുള്ളിലെ മജ്ജയിലാണ്. പൂർണവളർച്ച പ്രാപിക്കാത്ത ശ്വേതരക്താണുക്കൾ മജ്ജയ്ക്കുള്ളിൽ പെരുകുന്നതാണു രോഗകാരണം. മജ്ജയുടെ സാധാരണ പ്രവർത്തനം തകരാറിലാകുന്നതോടെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. വിളർച്ച, രക്തസ്രാവം, വിട്ടുമാറാത്ത പനി എല്ലുകൾക്കും സന്ധികൾക്കും വേദന / വീക്കം , കഴലകൾ , പ്ലീഹ, വൃഷണം എന്നിവയുടെ വീക്കം തുടങ്ങിയവയാണു പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ. രക്തസ്രാവം ചിലപ്പോൾ ചർമത്തിൽ കാണുന്ന കൊതുകു കടിച്ചതു പോലെയുള്ള ചുവന്ന കുത്തുകളോ, നീലിച്ച വലിയ പാടുകളോ ആകാം. ചിലപ്പോൾ മൂക്കിൽ നിന്നു രക്തസ്രാവം ഉണ്ടാകാം. അതുമല്ലെങ്കിൽ മൂത്രം, മലം എന്നിവയുടെ കൂടെ രക്തം കലർന്നു പോകുന്നതും ആകാം.

മുകളിൽ പറഞ്ഞ ഒന്നിലധികം രോഗലക്ഷണങ്ങൾ കുട്ടിക്ക് ഉണ്ടെങ്കിൽ രോഗം നിർണയിക്കുന്നതിനുള്ള പരിശോധനകൾ ആവശ്യമാണ്. രക്തപരിശോധയിൽ ഹീമോഗ്ലോബിൻ കുറയുക , പ്ലേറ്റ്ലെറ്റ് കുറയുക, വെളുത്ത രക്താണുക്കളുടെ അളവ് കൂടുക(അപൂർവമായി കുറയുകയും ചെയ്യാം) മുതലായവ സൂചനകളാണ്. തുടർന്ന് മജ്ജ പരിശോധനയിലൂടെയാണു രോഗം സ്ഥിരീകരിക്കുന്നത്. ഫ്ളോസൈറ്റോമെട്രി സൈറ്റോജനറ്റിക്സ് എന്നീ പരിശോധനകളിലൂടെ രക്താർബുദത്തിനെ വീണ്ടും തരംതിരിക്കാനാവൂം. പ്രധാനമായും മൂന്നുതരം രക്താർബുദം ആണു കുട്ടികളിൽ കാണുന്നത്.
1. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ . കുട്ടികൾക്കുണ്ടാകുന്ന രക്താർബുദത്തിന്റെ 75 ശതമാനവും ഈ വിഭാഗത്തിൽപ്പെട്ടതാണ്
2. അക്യൂട്ട് മയ്ലോയിഡ് ലുക്കീമിയ. ഇതു ചികിത്സയിലൂടെ മാറാൻ ബുദ്ധിമുട്ടുള്ള തരം കാൻസർ ആണ്. ഭാഗ്യവശാൽ കുട്ടികളിലെ ലുക്കീമിയയിൽ, 20 ശതമാനം മാത്രമാണു ഇത്.
3. ക്രോണിക് മയലോയിഡ് ലുക്കീമിയയാണ് മൂന്നാമത്തെ വിഭാഗം

ലുക്കീമിയ ചികിത്സ
അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ ചികിത്സ പ്രധാനമായും കീമോതെറപ്പി ആണ്. ഇതു രണ്ടരവർഷത്തോളം നീളുന്നതാണ് ആദ്യത്തെ ഒരു മാസത്തെ മരുന്നുചികിത്സ (ഇൻഡക്ഷൻ കീമോതെറപ്പി) കഴിയുമ്പോൾതന്നെ 95 ശതമാനം കുട്ടികളിലും രോഗം നിയന്ത്രണത്തിൽ ആയിട്ടുണ്ടാവും. അതിനുശേഷം അഞ്ചുമാസംകൂടി അടുപ്പിച്ചുള്ള കുത്തിവയ്പുകൾ ഉണ്ട്. പിന്നീട് രണ്ടു വർഷത്തോളം മാസംതോറും ഒരു ഇഞ്ചക്ഷനും ഗുളികകളും കൃത്യമായി കഴിക്കണം. കുട്ടിക്ക് ഈ സമയത്ത് സ്ക്കൂളിൽ പോകാനും പഠനം തുടരാനുമൊക്കെ സാധിക്കും.

രണ്ടാമത്തെ വിഭാഗമായ അക്യൂട്ട്മയ്ലോയിഡ് ലുക്കീമിയയുടെ ഉത്തമ—മായ ചികിത്സ മജ്ജ മാറ്റിവയ്ക്കൽ ആണ്. കീമോതെറപ്പി ചികിത്സയുടെ ഫലപ്രാപ്തി 30 ശതമാനത്തിൽ താഴേയേ ഉള്ളൂ.

ബ്രെയിൻ ട്യൂമർ
കുട്ടികളിൽ മുഴയായി കണ്ടുവരുന്ന അർബുദങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്നതു മസ്തിഷകത്തിലാണ്. തലവേദനയും ഛർദിയും ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ തലയുടെ വലുപ്പം കൂടുന്നതുമാണു സാധാരണ ലക്ഷണങ്ങൾ. തലവേദനയും ഛർദിയും ദിവസേന ആവർത്തിക്കുകയാണെങ്കിൽ മാതാപിതാക്കൾ ഗൗരവമായി എടുക്കേണ്ടതും കൂടൂതൽ പരിശോധനകൾ നടത്തേണ്ട—തുമാണ്.

സി. ടി, എം. ആർ. ഐ സ്കാനിങ്ങുകളിലൂടെ കൃത്യമായി രോഗം നിർണയിക്കാനാവും . ഓപ്പേറഷനാണ് പ്രധാന ചികിത്സ. ന്യൂറോസർജറി വിഭാഗമുള്ള ആശുപത്രികളിൽ ഓപ്പറേഷനുള്ള സൗകര്യമുണ്ടായിരിക്കും. ശസ്ത്രക്രിയയ്ക്കുശേഷം പതോളജി റിപ്പോർട്ടനുസരിച്ചു റേഡിയേഷനോ കീമോതെറപ്പിയോ ചിലപ്പോൾ വേണ്ടിവന്നേക്കാം.

ലിംഫോമ ആദ്യമേ കണ്ടെത്താം
ഇതു കഴലകൾക്ക് ഉണ്ടാകുന്ന കാൻസർ ആണ്. കഴലകളുടെ (കഴുത്ത്, കക്ഷം, ഇടുപ്പ്, വയർ, നെഞ്ചിനുള്ളിൽ) വീക്കം ആണു പ്രധാനപ്പെട്ട രോഗ ലക്ഷണം. ലിംഫോമ രണ്ടുതരം ഉണ്ട്.
1. ഹോഡ്ജ്കിൻസ് ലിംഫോമ
2. നോൺഹോഡ്ജ്കിൻസ് ലിംഫോമ. ഹോഡ്ജ്കിൻസ് ലിംഫോമയ്ക്ക് കടുത്ത പനി, ശരീരഭാരം ആറുമാസത്തിനകം 10 ശതമാനത്തിലധികം കുറയുക എന്നീ ലക്ഷണങ്ങൾ ചിലപ്പോൾ കണ്ടേക്കാം. . വീക്കം ബാധിച്ച കഴലയുടെ ബയോപ്സി പരിശോധനയിലൂടെയാണു രോഗം സ്ഥിരീകരിക്കുന്നത്. ചികിത്സയിൽ കീമോതെറപ്പിയാണു പ്രധാനം. ഹോഡ്ജ്കിൻസ് ലിംഫോമക്കു ചിലപ്പോൾ റേഡിയേഷൻ ചികിത്സയും വേണ്ടിവന്നേക്കാം. ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനായാൽ 90 ശതമാനം വരെ രോഗനിവാരണം സാധ്യമായേക്കാം.

ന്യൂറോബ്ലാസ്റ്റോമ
ന്യൂറോബ്ലാസ്റ്റോമ എന്ന അർബുദം നട്ടെല്ലിന്റെ ഇരുവശത്തും ചെയിൻപോലെ കാണ—പ്പെടുന്ന സിംപതെറ്റിക് നെർവസ് സിസ്റ്റത്തിലും വൃക്കകളുടെ തൊട്ടു മുകളിലുള്ള അഡ്രീനൽ ഗ്രന്ഥിയിലും മുഴ പോലെയാണ് ആരംഭിക്കുന്നത്. ഇവ രണ്ടും ശരീരത്തിന്റെ ഉള്ളിൽ ആയതിനാൽ പ്രാരംഭ—ത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കാണില്ല. ട്യൂമർ വളരുന്നതനുസരിച്ച് അടുത്തുള്ള അവയവങ്ങളിലേക്കും എല്ലുകൾ, മജ്ജ, കരൾ എന്നിവിടങ്ങളിലേക്കും രോഗം വ്യാപിക്കുന്നു. പലപ്പോഴും വളരെ വൈകി ഈ ഘട്ടത്തിലാണു രോഗം കണ്ടുപിടിക്കാൻ സാധ്യമാകുന്നത് . വയറിനകത്തു മുഴ മൂലമുള്ള വയറുവീക്കം, നട്ടെല്ലിനകത്തുള്ള സുഷുമ്നാനാഡിയെ ബാധിക്കുമ്പോൾ കാലുകളുടെ ചലനശേഷി കുറയുന്നത്, മലമൂത്രവിസർജനത്തിനു തടസ്സം എന്നിവയാണു പ്രധാന രോഗലക്ഷണങ്ങൾ. ബയോപ്സിയിലൂടെയാണു രോഗനിർണയം സാധ്യമാകുന്നത്. ശസ്ത്രക്രിയയും കീമോതെറപ്പിയും ചിലപ്പോൾ റേഡിയേഷനും ചേർന്നുള്ള ചികിത്സയാണ് ഈ രോഗത്തിന് ഉത്തമം. കീമോതെറപ്പി നൽകി അർബുദം ചുരുങ്ങിയതിനുശേഷം ശസ്ത്രക്രിയ ചെയ്യാറാണു പതിവ്.

നെഫ്രോബ്ലാസ്റ്റോമ
വൃക്കയെ ബാധിക്കുന്ന ഈ കാൻസർ , വിൽമസ് ട്യൂമർ എന്നും അറിയപ്പെടുന്നു. ചികിത്സയോടു നല്ല രീതിയിൽ പ്രതികരിക്കുന്ന ട്യൂമറായതിനാൽ ജെന്റിൽമാൻട്യൂമറും എന്നും അറിയപ്പെടുന്നു. പ്രധാന ലക്ഷണങ്ങൾ വയറിനുള്ളിൽ കാണപ്പെടുന്ന മുഴ, രക്താതിസമ്മർദം, മൂത്രത്തിൽ രക്തം കലർന്നു പോവുക എന്നിവയാണ്. സ്കാനിങ്ങിലൂടെരോഗം നിർണയിക്കാനാവും. ശസ്ത്രക്രിയയും കീമോതെറപ്പിയുമാണു പ്രധാന ചികിത്സ. ചില കുട്ടികൾക്കു റേഡിയേഷനും വേണ്ടിവരാം. ഒന്നാം ഘട്ടത്തിൽതന്നെ രോഗം കണ്ടെത്താനായാൽ ചികിത്സാഫലപ്രാപ്തി 90 —95 ശതമാനം വരെയാണ്.

റെറ്റിനോബ്ലാസ്റ്റോമ
കണ്ണിനകത്തുള്ള റെറ്റിനയെ ബാധിക്കുന്ന അർബുദമാണിത്. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളിലാണിതു കാണപ്പെടുന്നത്. കണ്ണിലെ കൃഷ്ണമണിക്കുള്ളിൽ പ്രകാശം വീഴുമ്പോൾ പൂച്ചക്കണ്ണു പോലെ കാണപ്പെടുന്ന വെളുത്ത നിറമാണ് പ്രധാന രോഗലക്ഷണം. ഇത്തരത്തിൽ സംശയം തോന്നിയാൽ ഉടനെതന്നെ ഒരു നേത്രരോഗവിദഗ്ധനെ സമീപിക്കേണ്ടതാണ്. വൈകുംതോറും അർബുദം കണ്ണിന്റെ ഞരമ്പിലേക്കും തലച്ചോറിലേക്കു പടരാനും കാഴ്ച ശക്തി നശിക്കാനും സാധ്യതയുണ്ട്.

അസ്ഥിയെ ബാധിക്കുന്ന ട്യൂമർ
ഓസ്റ്റിയോ സാർകോമ, ഇവിംഗ്സ് സാർകോമ എന്നിവയാണ് ബോൺ ട്യൂമറുകളിൽ പ്രധാനം. എല്ലുകളിൽ കാണുന്ന അസാധാരണമായമുഴയും ചിലപ്പോൾ വേദനയുമാണ് ലക്ഷണങ്ങൾ. ഇവിംഗ്സ് സാർകോമയുടെ പ്രധാന ചികിത്സ ഒരു വർഷം നീണ്ട കീമോതെറപ്പിയും റേഡിയേഷനോ ശസ്ത്രക്രിയയോ ആണ് . ഓസ്റ്റിയോ സാർകോമയ്ക്ക് കീമോതെറപ്പിയും ശസ്ത്രക്രിയയുമാണു വേണ്ടത്. കഴിഞ്ഞ അമ്പതു വർഷത്തെ ചികിത്സാരംഗത്തെ പുരോഗതി വച്ചു നോക്കുമ്പോൾ, സമീപഭാവിയിൽ തന്നെ കാൻസർ ബാധിച്ച മിക്കവാറും കുട്ടികൾക്കും ചികിത്സയിലൂടെ പൂർണസൗഖ്യം പ്രാപ്താമാക്കുവാൻ നമുക്കു സാധിക്കുമെന്നു കരുതാം.

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കുട്ടികളിലെ കാൻസറിനു സാധാരണ കാണാറുള്ള ചില പ്രധാന ലക്ഷണങ്ങളാണ് വിട്ടുമാറാത്ത പനി, വിളർച്ച, രക്തസ്രാവം, എല്ലുകളുടെ വേദന, സന്ധികളിലൂടെ വീക്കമോ വേദനയോ തുടങ്ങിയവ. അവയ്ക്കു പുറമേ കഴലവീക്കം, കരൾ, പ്ലീഹ, വൃഷണം മുതലായവയുടെ വീക്കം , ശരീരത്തിൽ പുതുതായി കാണപ്പെടുന്ന മുഴകൾ, കണ്ണിലെ കൃഷ്ണമണിക്കുള്ളിലെ വെളുത്ത നിറം , ഛർദി, തലവേദന, വയറിനകത്തുള്ള മുഴ, വീക്കം മുതലായ ലക്ഷണങ്ങളും കാണാം. മറ്റു രോഗങ്ങളുടെ ഭാഗമായും ഇതേ ലക്ഷണങ്ങൾ സാധാരണ കാണാം. അതിനാൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.

ഡോ. പ്രിയാ കുമാരി
അഡീഷണൽ പ്രഫസർ പീഡിയാട്രിക് ഓങ്കോളജി
റീജിയണൽ കാൻസർ സെന്റർ, തിരുവനന്തപുരം

© Copyright 2017 Manoramaonline. All rights reserved....