പുരുഷന്മാരിലെ കാൻസറുകൾ

ഇന്ത്യയിൽ കാൻസർ രോഗം കൂടുതലായി ബാധിക്കുന്നതു സ്ത്രീകളെയാണെങ്കിലും വികിസിതരാജ്യങ്ങളിൽ പുരുഷന്മാർക്കാണു മുൻതൂക്കം. കേരളത്തിലെ കാൻസറിന് വികസിത രാജ്യങ്ങളിലെ നിരക്കുകളോടാണു സാമ്യം. നമ്മുടെ നാട്ടിൽ ഏഴ് പുരുഷന്മാരിൽ ഒരാൾക്കും ഒമ്പത് സ്ത്രീകളിൽ ഒരാൾക്കും അവരുടെ ജീവിതകാലത്തിൽ കാൻസർ വരാൻ സാധ്യതയുണ്ടെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. പുരുഷന്മാർ ഡോക്ടറെ കാണുന്നതിലും രോഗനിർണയം നടത്തുന്നതിലും സ്ത്രീകളെക്കാൾ പിന്നിലാണ്. ഫലമോ സ്ത്രീകളെക്കാൾ 16% കൂടുതൽ കാൻസറുകൾ ഉണ്ടാകാനും കാൻസർ മൂലമുള്ള മരണം സ്ത്രീകളെക്കാൾ 40 ശതമാനം അധികമായും കാണുന്നു.

പുരുഷന്മാരിൽ കണ്ടുവരുന്ന പ്രധാന കാൻസറുകൾ വായിലെ കാൻസർ, ശ്വാസകോശ കാൻസർ പുരുഷഗ്രന്ഥിയുടെ (പ്രോസ്റ്റേറ്റ്)കാൻസർ, വൻകുടലിലെ കാൻസർ എന്നിവയാണ്. വായയിലെ കാൻസറും ശ്വാസകോശ കാൻസറും പുകയില ഉപയോഗിക്കാതിരുന്നാൽ ഒരുപക്ഷേ , പൂർണമായും തടയാം. പ്രോസ്റ്റേറ്റ് കാൻസറും വൻകുടലിന്റെ കാൻസറും നേരത്തെയുള്ള സ്ക്രീനിംഗ് ടെസ്റ്റുകൾ വഴി മുൻകൂട്ടി കണ്ടുപിടിക്കാം. തുടർന്ന് വളരെ ലഘുവായ ഒരു ശസ്ത്രക്രിയ വഴി പൂർണമായും സുഖപ്പെടുത്താം. പുരുഷന്മാരിലെ ഏറ്റവും പ്രധാനപ്പെട്ട നാലു കാൻസറുകൾ (ഇവയെല്ലാം കൂടി മൊത്തം കാൻസറിന്റെ 70 ശതമാനം വരും) ഒന്നുകിൽ പൂർണമായും തടയുകയോ അല്ലെങ്കിൽ നേരത്തെ കണ്ടുപിടിക്കുക വഴി പൂർണമായും സുഖപ്പെടുത്തുകയോ ചെയ്യാം എന്നത് വളരെ ആശ്വാസകരമായ കാര്യമാണ്.

ശ്വാസകോശ കാൻസർ
ഇന്ത്യയിൽ (ലോകത്തിലും) ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന തും മരണകാരണവുമായ കാൻസറായി ശ്വാസകോശത്തിലേത് മാറിയിരിക്കുന്നു. ഏറ്റവും ദുഃഖകരമായ വസ്തുത ശ്വാസകോശ കാൻസറിന്റെ ചികിത്സമൂലം അസുഖം ഭേദമാകുന്നത് 1950കളിൽ 5 % മാണെങ്കിൽ1994 ആകുമ്പോൾ അതു വെറും 15 ശതമാനം മാത്രമായേ വർധിച്ചുള്ളൂ. പക്ഷേ, മറ്റു കാൻസറുകൾ പലതും ഈ കാലയളവിൽ 50 മുതൽ 60 ശതമാനം വരെ പൂർണമായി സുഖപ്പെടുത്താമെന്ന അവസ്ഥ കൈവരിച്ചു. നമ്മുടെ നാട്ടിൽ ശ്വാസകോശ കാൻസർ പിടിപെടുന്നവരിൽ പുകവലിക്കുന്നവരാണു കൂടുതലെങ്കിലും അല്ലാത്തവരിലും കാണുന്നുണ്ട്.

ആർക്കൊക്കെ എന്തുകൊണ്ട്?
പുകവലി : ശ്വാസകോശ കാൻസർ ഉണ്ടാകാനുള്ള പ്രധാനകാരണം പുകവലിയാണ് . ഒരു സിഗരറ്റ് കത്തുമ്പോൾ ഉണ്ടാകുന്ന പുകയിൽ ഏകദേശം 3000 രാസവസ്തുക്കളുണ്ട്. ഇതിൽ 60 എണ്ണം നേരിട്ടു കാൻസർ ഉണ്ടാക്കുവാൻ കഴിവുള്ളതാണ്. ദിവസത്തിൽ 1—14 എണ്ണം വരെ സിഗരറ്റ് വലിക്കുന്നവർ വലിക്കാത്തവരേക്കാൾ കാൻസർ വന്നു മരിക്കാനുള്ള സാധ്യത എട്ടു മടങ്ങ് കൂടുതലാണ് . 25 സിഗരറ്റ് വലിക്കുന്നവർക്ക് 25 മടങ്ങ് കൂടുതൽ സാധ്യതയുണ്ട്. പുകവലിയുടെ ദൈർഘ്യം കൂടുന്നതിനനുസരിച്ചു ശ്വാസകോശ കാൻസറിന്റെ സാധ്യതയും കൂടുന്നു. പുകവലി നിർത്തി 15 വർഷത്തിനുശേഷം ഒരാളുടെ ശ്വാസകോശ കാൻസറിന്റെ സാധ്യത പുകവലിക്കാത്തയാളുടേതിനു തുല്യമാകും. പുകവലിക്കാരുടെ സാമീപ്യം കൊണ്ടുണ്ടാകുന്ന പാസീവ് സ്മോക്കിങ്ങും കാൻസറിനു കാരണമാകും.
ആസ്ബസ്റ്റോസ് , നിക്കൽ ക്രോമിയം തുടങ്ങിയ വസ്തുക്കളുമായി ഇടപഴകുന്നവർക്കു ശ്വാസകോശകാൻസറിനു സാധ്യതയുണ്ട്
അന്തരീക്ഷമലിനീകരണം ശ്വാസകോശ കാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു
വിവിധതരത്തിലുള്ള അണുപ്രസരണങ്ങളും സാധ്യത കൂട്ടുന്നു.

രോഗനിർണയം
സ്കാനിങ്ങിലോ എക്സ്റേയിലോ സംശയം തോന്നിയാൽ പിന്നെ രോഗം സ്ഥിരീകരിക്കുന്നതിലുള്ള പരിശോധനകൾ ആവശ്യമായി വരുന്നു. സ്ഥിരീകരണത്തിനു ബയോപ്സി പരിശോധന കൂടിയേ തീരൂ. അസുഖം സംശയിക്കുന്ന ഭാഗത്തേക്ക് സൂചിയിറക്കി കാൻസർ കോശങ്ങൾ വലിച്ചെടുത്തോ, അല്ലെങ്കിൽ ചെറുതായി മുറിച്ചെടുത്തോ പരിശോധന നടത്തും . അല്ലെങ്കിൽ ബ്രോങ്കോസ്കോപ്പി എന്ന ഘഘുവായ മറ്റൊരു പരിശോധന വഴി നേരിട്ടു അസുഖമുള്ള ഭാഗത്തുനിന്നു സാമ്പിൾ എടുത്തു സ്ഥിരീകരിക്കാം.

ശസ്ത്രക്രിയയും കീമോയും
ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചുകഴിഞ്ഞാൽ ഉടനെ ചെയ്യുന്നതു രോഗം ശരീരത്തിന്റെ ഏതൊക്കെ ഭാഗങ്ങളിലേക്കു പടർന്നിട്ടുണ്ട് എന്നു മനസിലാക്കുകയാണ്. രോഗം ആദ്യഘട്ടത്തിലാണെങ്കിൽ ഓപ്പറേഷനും അതിനുശേഷം കീമോതെറപ്പിയും നൽകാം. ഇതുവഴി പൂർണമായും സുഖപ്പെടുത്താം. പക്ഷേ 80 ശതമാനവും ചികിത്സിച്ചു മാറ്റാൻ പറ്റാത്ത അവസ്ഥയിലാണു കണ്ടേത്തുന്നത്. അതുകൊണ്ടു തന്നെ സാന്ത്വനചികിത്സയായി കീമോതെറപ്പി നൽകി രോഗിയുടെ പ്രയാസങ്ങൾ കുറയ്ക്കുകയും ജീവിതത്തിന്റെ ഗുണമേന്മ വർധിപ്പിക്കുകയുമാണ് ചെയ്യുന്നത്

കീമോ തെറപ്പിക്കു പുറമേ കൂടുതൽ ഫലപ്രദമായ ടാർജെറ്റഡ് തെറപ്പി യും ഇന്നുണ്ട്. കാൻസർകോശങ്ങളിലെ ചില പ്രത്യേകതരം തകരാറുകൾ കണ്ടു പിടിച്ച് അതിനെ മാത്രം ശരിയാക്കുന്നവിധത്തിൽ വളരെ സൂക്ഷ്മമായി ടാർജറ്റ് ചെയ്തു കാൻസറിനെ നശിപ്പിക്കുന്ന വിധത്തിൽ ചെയ്യുന്നതാണിത്. മൊത്തം ശ്വാസകോശ കാൻസർ രോഗങ്ങളിൽ 25 ശതമാനത്തിനാണ് ഇതു ഫലപ്രദമാകുക.

വായിലെ കാൻസർ
പുരുഷന്മാരിൽ കാണുന്ന സർവസാധാരണമായ കാൻസറുകളിൽ രണ്ടാമത്തേതാണു വായിലെ കാൻസർ. ചുണ്ട്, മോണ, നാക്ക്, കവിളുകൾ, തൊണ്ട എന്നീ ഭാഗങ്ങളിലെ കാൻസറുകൾ ഈ ഗണത്തിൽപ്പെടുന്നു. കൂടുതൽ രോഗികളും 50 വയസിനു മേലെയാണെങ്കിലും ദുശീലങ്ങൾ ഉള്ളവർക്ക് അസുഖം നേരത്തെ വരുന്നു,. സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാരിൽ ഈ കാൻസർ വരാനുള്ള സാധ്യത ഏകദേശം രണ്ടിരട്ടിയാണ്.

ആർക്കൊക്കെ, എന്തുകൊണ്ട്?
താഴെപറയുന്ന ഘടകങ്ങൾ ഉള്ളവർക്ക് വായിലെ കാൻസർ വരാൻ സാധ്യത കൂടുതലാണ്. പുകയില : 90 ശതമാനം വായിലെ കാൻസറുകളും പുകയില മൂലമാണ് ഉണ്ടാകുന്നത്. പുകവലി , മുറുക്ക് , മൂക്കുപൊടി വലിക്കൽ തുടങ്ങി വിവിധതരത്തിലുള്ള പുകയിലയുടെ ഉപയോഗം കാൻസറിനു കാരണമാകുന്നു. പുകയില അടങ്ങിയ ച്യൂയിംഗ്ഗം, ഹാൻസ്, പാൻമസാലകൾ എന്നിവയും വളരെ അപകടകാരികളാണ്. ചില പുകയില ഉൽപന്നങ്ങളിൽ ഗ്ലാസ് പൊടിച്ചു ചോർക്കുന്നതുമൂലം അത് ഉപയോഗിക്കുന്നവരിൽ ചെറുവ്രണങ്ങൾ ഉണ്ടായി വളരെ വേഗം കാൻസർ രൂപപ്പെടുന്നു. ഒപ്പം, മദ്യപാനവും ഉണ്ടെങ്കിൽ സാധ്യത ഏകദേശം 30 മടങ്ങ് കൂടുതലാണ്.
മദ്യപാനം : മദ്യപാനത്തിന്റെ തോതിനനുസരിച്ചു കാൻസറിന്റെ സാധ്യതയും കൂടുന്നു. മദ്യപിക്കാത്തവരെ അപേക്ഷിച്ച് ഏകദേശം ആറു മടങ്ങു സാധ്യത കൂടുതലാണ്
വെറ്റില മുറുക്ക് : സാധാരണയായുള്ള ഒരു വിശ്വാസമാണു പുകയില കൂടാതെയുള്ള വെറ്റില —അടയ്ക്ക മാത്രം ഉപയോഗിച്ചുള്ള വെറ്റില മുറുക്ക് അപകടകാരിയല്ല എന്നുള്ളത്. അടയ്ക്ക കാൻസറിന്റെ സാധ്യത വർധിപ്പിക്കും എന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വായിലെ പൊട്ടിയ പല്ല് , തള്ളിനിൽക്കുന്ന കൂർത്ത ഭാഗങ്ങളുള്ള പല്ല് എന്നിവയെല്ലാം തുടർച്ചയായി നാവിലും കവിളിലും തട്ടി വ്രണങ്ങൾ ഉണ്ടാകാനും അതു ചിലപ്പോൾ ഉണങ്ങാതെ കാൻസറായി രൂപാന്തരപ്പെട്ടു വരാറുണ്ട്. ഹൂമൻ പാപിലോമ വൈറസ് ബാധ പ്രത്യേകിച്ചു തൊണ്ട, നാക്കിന്റെ പിൻഭാഗം എന്നിവയിൽ കാൻസർ ഉണ്ടാക്കാം.

രോഗലക്ഷണങ്ങൾ
ചുണ്ടിലോ, വായിലോ ഉള്ള ഉണങ്ങാത്ത വ്രണം. (സാധാരണയുള്ള നല്ല വേദനയുള്ള പെട്ടെന്നു മാറുന്ന വ്രണങ്ങളല്ല)
മോണയിലോ അല്ലെങ്കിൽ വായയിൽ എവിടെയെങ്കിലും ഉള്ള മുഴകൾ
വേദനയില്ലാത്ത ചുവന്നതോ അല്ലെങ്കിൽ വെളുത്തതോ ആയ കലകൾ പ്രത്യേകിച്ചും കവിളിന്റെ ഉൾഭാഗത്ത്.
വായ്ക്കകത്തുള്ള വേദന, രക്തസ്രാവം അല്ലെങ്കിൽ വായ്ക്ക് അകത്തുള്ള തരിപ്പ്
തുടർച്ചയായി നീണ്ടു നിൽക്കുന്ന തൊണ്ടവേദന
ഭക്ഷണം വിഴുങ്ങുമ്പോൾ ഉള്ള പ്രയാസം അല്ലെങ്കിൽ ചവയ്ക്കുമ്പോൾ ഉള്ള വേദന
ശബ്ദത്തിലെ വ്യത്യാസം, താടിയെല്ലിന്റെ വീക്കം, ചെവിയിലെ വേദന, പല്ല് തനിയെ ഇളകിവരിക തുടങ്ങിയവയും ലക്ഷണമാകാം.

ചികിത്സ
രോഗം സ്ഥിരീകരിച്ചു കഴിഞ്ഞാൽ അത് എത്രത്തോളം ഗൗരവമുള്ളതാണ് എന്നു പരിശോധിക്കുന്നതാണു സ്റ്റേജിങ്ങ് എന്നു പറയുന്നത്. വായിലെ കാൻസർ കഴുത്തിന്റെ വശങ്ങളിലെ കഴലകളിലേക്കു പടരുമ്പോൾ രോഗം വ്യാപിച്ചതാണെന്നു പറയും. ഇത്തരം രോഗം ശക്തിയായി ചികിത്സിക്കേണ്ടതായി വന്നേക്കാം. വായിലെ കാൻസർ ചികിത്സയ്ക്കും സർജറി, റേഡിയേഷൻ , കീമോ തെറപ്പി എന്നീ ചികിത്സകൾ ആവശ്യമായി വന്നേക്കാം. കാൻസർ അധികം പടർന്നിട്ടില്ലെങ്കിൽ സർജറി മാത്രം മതി . പക്ഷേ കഴുത്തിലേ കഴലകളിലേക്കു വ്യാപിച്ചിട്ടുണ്ടെങ്കിൽ കഴുത്തിലെ കഴലകളും നീക്കം ചെയ്യേണ്ടതായിട്ടുണ്ട്. പലപ്പോഴും റേഡിയേഷനും കീമോതെറപ്പിയും ഒന്നിച്ചാണു നൽകാറുള്ളത്. ഇതു ചികിത്സയുടെ ഗുണം വർധിപ്പിക്കും.

പ്രോസ്റ്റേറ്റ് കാൻസർ
പുരുഷന്മാരിൽ മൂത്രനാളത്തിന്റെ ആരംഭത്തിൽ രണ്ടു വശങ്ങളിലായി കാണുന്ന ഗ്രന്ഥിയാണു പ്രോസ്റ്റേറ്റ്. ഈ ഗ്രന്ഥി വലുപ്പം വയ്ക്കുന്നതു പലപ്പോഴും മൂത്ര തടസ്സത്തിനും മൂത്രം കൂടെക്കൂടെ ഒഴിക്കണമെന്നു തോന്നുന്നതിനും കാരണമാകും. പക്ഷേ, ഈ ലക്ഷണങ്ങൾ പലപ്പോഴും ബിനൈൻ പ്രോസ്റ്റേറ്റിക് ഹൈപ്പർട്രോഫി എന്ന കാൻസർ അല്ലാത്ത പ്രോസ്റ്റേറ്റിന്റെ വീക്കം കാരണമാണ് . പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു കാൻസർ വരുമ്പോഴും ഈ ലക്ഷണങ്ങൾ ഒക്കെ തന്നെയാണ് കാണാറുള്ളത്

ആർക്കൊക്കെ, എന്തുകൊണ്ട്?
പ്രത്യേകിച്ച് ഒരു കാരണം പറയുവാൻ പ്രയാസമാണ്. അടുത്ത ബന്ധുക്കളിലാർക്കെങ്കിലും പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടായിരുന്നുവെങ്കിൽ സാധ്യത ഏകദേശം രണ്ടു മടങ്ങാണ്. പ്രായം കൂടി വരുന്നതിനനുസരിച്ചു പ്രോസ്റ്റേറ്റ് കാൻസറിന്റെ സാധ്യതയും കൂടുന്നു. 50 വയസ്സിനു മുകളിലുള്ള 50 ശതമാനം പേർക്കും ഈ കാൻസറിന്റെ മുന്നോടിയായുള്ള പിൻ എന്ന മാറ്റം കാണാറുണ്ട്. പക്ഷേ , ഒരു ശക്തിയുള്ള കാൻസറായി മാറുന്നതു കുറഞ്ഞ ശതമാനം മാത്രം. പ്രോസ്റ്റേറ്റ് കാൻസർ ഹോർമോൺ ആശ്രയിച്ചു വളരുന്ന ഒരു കാൻസറാണ്. അതു കൊണ്ടു തന്നെ പൊണ്ണത്തടി അതായതു ശരീരത്തിൽ അമിതമായ കൊഴുപ്പ് ഉണ്ടായാൽ ഈ കാൻസറിന്റെ സാധ്യത വർധിക്കും.

രോഗലക്ഷണങ്ങൾ
കൂടെക്കൂടെയുള്ള മൂത്രം ഒഴിക്കൽ പ്രത്യേകിച്ചു രാത്രിയിൽ കൂടുതൽ പ്രാവശ്യം ഒഴിക്കേണ്ടിവരിക. അല്ലെങ്കിൽ മൂത്രശങ്ക
മൂത്രത്തിൽ രക്തം വരിക
ശുക്ലത്തിൽ രക്തം വരിക
മൂത്രം വരാൻ താമസമെടുക്കുക
മൂത്രമൊഴിച്ചതിനുശേഷം പൂർണമായി പോയില്ല എന്നുള്ള തോന്നൽ
മൂത്രം തുടർച്ചയായി പോകുന്നതിനു പകരം തുള്ളിയായി പോവുക

രോഗനിർണയം
പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഒരു പ്രോട്ടീൻ ആണ് PSA അഥവാ പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ. ഇതിന്റെ രക്തത്തിലെ അളവു നോക്കിയാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവർത്തനത്തെക്കുറിച്ച് ധാരണ കിട്ടും. പ്രോസറ്റേറ്റ് ഗ്രന്ഥിയുടെ എല്ലാത്തരം വീക്കത്തിലും രക്ത ത്തിലെ PSA യുടെ അളവ് കൂടും. കാൻസറിൽ PSA കൂടുന്ന തോത് അസാധാരണമാം വിധം അധികമായിരിക്കും. 50 വയസ്സിനു മുകളിലുള്ളവർ വർഷത്തിൽ ഒരിക്കൽ PSA ചെയ്തു നോക്കുന്നതു പ്രോസ്റ്റേറ്റ് കാൻസർ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കും.
പ്രോസ്റ്റേറ്റ് ബയോപ്സി : PSA കൂടുതലായി കാണുകയോ അല്ലെങ്കിൽ പ്രോസ്റ്റേറ്റിന്റെ രോഗലക്ഷണങ്ങൾ വല്ലാതെ അനുഭവപ്പെടുകയോ അതുമല്ലെങ്കിൽ മലദ്വാരത്തിലൂടെയുള്ള പരിശോധനയിൽ പ്രോസ്റ്റേറ്റിന് അപാകത ഡോക്ടർക്കു തോന്നുകയാണെങ്കിൽ പ്രോസ്റ്റേറ്റ് ബയോപ്സി ചെയ്യണം. ഇതു കാൻസർരോഗം ഉണ്ടോ ഇല്ലയോ എന്നു സ്ഥിരീകരിക്കുവാൻ സഹായിക്കും

ചികിത്സ
രോഗം സ്ഥിരീകരിച്ചാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നിട്ടുണ്ടോ എന്നു പരിശോധിക്കണം. രോഗം പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ മാത്രം ഒതുങ്ങി നില്ക്കുന്ന അവസ്ഥയിൽ മൂന്നുതരം ചികിത്സ ലഭ്യമാണ്. ഹോർമോൺ ചികിത്സ, സർജറി, റേഡിയേഷൻ എന്നിവ. രോഗിയുടെ ആരോഗ്യസ്ഥിതി വ്യക്തമായി അപഗ്രഥിച്ചു മാത്രമേ ശസ്ത്രക്രിയ ചെയ്യാറുള്ളൂ. 70 വയസ്സിനു മുകളിലുള്ളവർക്കു പലപ്പോഴും സർജറി ചെയ്യാറില്ല. വർഷങ്ങളായി അവലംബിച്ചു പോയിരുന്ന ഒരു ചികിത്സാരീതിയാണു വൃഷണങ്ങൾ നീക്കം ചെയ്യുക എന്നത്. കാൻസർ ഏതു സ്റ്റേജിലാണെങ്കിലും വൃഷണങ്ങൾ നീക്കം ചെയ്യുക പതിവായിരുന്നു. എന്നാൽ നീക്കം ചെയ്യാതെ രോഗം ചികിത്സിക്കാനുള്ള പുതിയ മരുന്നുകൾ ഇന്നു ലഭ്യമാണ്. റേഡിയേഷൻ ചികിത്സ ആഴ്ചയിൽ അഞ്ചുദിവസം വച്ച് ആറാഴ്ച ചെയ്യേണ്ടതുണ്ട്.

വൻകുടലിൽ കാൻസർ
കഴിഞ്ഞ ഏതാനും വർഷത്തിനുള്ളിൽ കേരളത്തിൽ വർധിച്ചുവരുന്നതായി കാണുന്ന കാൻസറാണ് വൻകുടലിലെ കാൻസർ. പലപ്പോഴും വളരെ വൈകി മാത്രം കണ്ടുപിടിക്കപ്പെടുന്ന ഒരസുഖമാണിത്

രോഗനിർണയം
മലദ്വാരത്തിലൂടെ ഒരു കുഴൽ കടത്തിയോ വിരൽ കടത്തിയോ പരിശോധിച്ചറിയാം. വൻകുടലിന്റെ ഉൾഭാഗം മുഴുവൻ ഒരു കുഴലിന്റെ സഹായത്താലും (കൊളോണോസ്കോപ്പി) പരിശോധിക്കാം. മല പരിശോധന നടത്തി മലത്തിൽ രക്തത്തിന്റെ അംശമുണ്ടോ എന്ന പരിശോധനയും സഹായകമാണ്

എങ്ങനെ തടയാം
50 മുതൽ 60 ശതമാനം വരെയുള്ള വൻകുടലിൽ കാൻസറുകളും ഭക്ഷണവുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ചു കൊഴുപ്പു കൂടിയ മാട്ടിറച്ചിയുടെ അമിത ഉപയോഗം ചുവന്ന ഇറച്ചി കൂടുതലായി കഴിക്കുന്നവർക്ക് ഈ അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. സസ്യാഹാരം കൂടുതൽ കഴിക്കുകയും ഭക്ഷണത്തിൽ നാരിന്റെ അംശം കൂട്ടുകയും ചെയ്താൽ ഈ കാൻസർ സാധ്യത കുറയ്ക്കാം.

ചികിത്സ
അസുഖത്തിന്റെ വ്യാപ്തി അല്ലെങ്കിൽ സ്റ്റേജിനനുസരിച്ചാണു ചികിത്സിക്കുന്നത്. കാൻസർ നേരത്തെ കണ്ടുപിടിക്കുകയാണെങ്കിൽ സർജറി മാത്രം മതിയാകും. കുറച്ചധികം പടർന്നിട്ടുള്ള കാൻസറിനു കീമോതെറപ്പിയും റേഡിയേഷനും നടത്തിയതിനുശേഷം സർജറി ചെയ്യുന്നതായിരിക്കും ഉത്തമം. ഈ കാൻസറിനു സർജറിയും റേഡിയേഷനും കീമോതെറപ്പിയും എന്നിങ്ങനെ മൂന്നുതരം ചികിത്സയും ആവശ്യമാണ്.

ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം കൊളോസ്റ്റമി അഥവാ വൻകുടലിന്റെ അസുഖം വന്ന ഭാഗം സർജറി വഴി നീക്കി മലം പോകുന്നതിനു വേണ്ടി ശരീരത്തിനു പുറത്തേക്ക് (ബാഗിലേക്ക്) വച്ചു പിടിപ്പിക്കുന്ന രീതിയാണ്. ഇതു പലപ്പോഴും രോഗികൾക്ക് പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞെന്നുവരില്ല. പക്ഷേ, അസുഖം വന്നുകഴിഞ്ഞാൽ രോഗം പൂർണമായി മാറുന്നതിനുവേണ്ടി കുറച്ചു വിട്ടു വീഴ്ചകൾ ചെയ്യുന്നതിൽ രോഗി തയാറാവണം

ശ്വാസകോശാർബുദം: ചുമയും ശബ്ദമാറ്റവും
വൈകിമാത്രം തിരിച്ചറിയുന്നതാണ് ശ്വാസകോശാർബുദത്തിന്റെ ചികിത്സയിലെ പ്രധാന തടസം . നാലിലൊന്നു രോഗികളിൽ മറ്റാവശ്യങ്ങൾക്കായി നടത്തുന്ന നെഞ്ചിന്റെ എക്സറേ പരിശോധനയിൽ രോഗം തുടക്കത്തിൽ തിരിച്ചറിയാറുണ്ട്. അവരിൽ ചികിത്സ ഫലപ്രദവുമാണ്

നിർത്താതെയുള്ള ചുമ, നീണ്ടകാലമായുള്ള ചുമ, പുകവലിക്കാരിലുള്ള ചുമയിൽ ഉള്ള വ്യത്യാസം, ചുമയോടൊപ്പം രക്തം തുപ്പുക, നെഞ്ചുവേദന, ശ്വാസംമുട്ട് അല്ലെങ്കിൽ കുറച്ചു ശരീരം അനങ്ങുമ്പോഴേക്കും ശ്വസം തീരെ കിട്ടാതെ വരിക, ശബ്ദത്തിലുള്ള വ്യത്യാസം, ജോലി ചെയ്യാൻ ആയാസമേറുക തുടങ്ങിയ ലക്ഷണങ്ങൾ അർബുദത്തിന്റെതാകാം. എന്നാൽ ഇവ ശ്വാസകോശസംബന്ധമായ ഏതു രോഗത്തിന്റെയും ലക്ഷണമാണ്. അതുകൊണ്ടുതന്നെ വിദഗ്ധനായ ഡോക്ടർക്കു മാത്രമേ തിരിച്ചറിയാനാകൂ.

വായിലെ കാൻസർ : നേരത്തേ കണ്ടെത്താൻ
പല്ലു തേച്ചു കഴിഞ്ഞു വായ കഴുകി കഴിഞ്ഞതിനുശേഷം അഞ്ചു മിനിറ്റു കണ്ണാടിയുടെ മുമ്പിൽ ചെലവഴിക്കാമെങ്കിൽ എളുപ്പം ഈ രോഗം കണ്ടുപിടിക്കാം. വായ സൂക്ഷ്മമായി നോക്കണം. ആദ്യം വായയുടെ മുന്നിലെ അറ്റം തുടങ്ങി മോണയുടെ ഭാഗം തൊണ്ട അവസാനമായി കവിളുകളുടെ ഉൾഭാഗം എന്നിങ്ങനെ പരിശോധിക്കുക. സംശയകരമായ പാടുകളോ , വ്രണങ്ങളോ മുഴകളോ , വേദനയുള്ള ഭാഗങ്ങളോ കണ്ടാൽ ഉടനെ ഒരു ഡെന്റിസ്റ്റിനെ അല്ലെങ്കിൽ ഒരു സർജനെ സമീപിച്ചു ബയോപ്സി ടെസ്റ്റ് നടത്താം.

വൻകുടലിലെ കാൻസർ : വയറിളക്കവും മലബന്ധവും
രോഗലക്ഷണങ്ങൾ പലപ്പോഴും ആരംഭദശയിൽ വളരെ പ്രകടമായികൊള്ളണമില്ല. എങ്ങിലും ഇനി പറയുന്ന രോഗലക്ഷണങ്ങൾ ഉള്ളവർ കൂടുതൽ പരിശോധന ചെയ്യുന്നതു നല്ലതായിരിക്കും
മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം
ശോധന ശരിയാംവണ്ണം ആകാത്തവർ ഒരിക്കൽ വയറിളകി പോവുക അതുകഴിഞ്ഞു മലബന്ധമായി മാറി വരിക
മലബന്ധം മാത്രമായി വരിക
മലദ്വാരത്തിനടുത്ത് വേദന, പുകച്ചിൽ , അസ്വസ്ഥത
മലത്തിൽ കഫം ധാരാളമായി പോവുക

പലരും വൻകുടലിൽ നിന്നുള്ള രക്തസ്രാവം പൈൽസ് ആണ് എന്നു തെറ്റിദ്ധരിച്ചു സ്വയം ചികിത്സ നടത്താറുണ്ട്. പിന്നീട് മലം പോകാൻ പ്രയാസമോ വേദനയോ ഉണ്ടാകുമ്പോൾ മാത്രമേ കാൻസറാണെന്ന് സംശയിക്കുകയുള്ളൂ. അപ്പോഴേക്കും അസുഖം മൂർച്ഛിച്ചിട്ടുണ്ടാവും. ഏതു രക്തസ്രാവവും വിദഗ്ധനായ ഒരു ഡോക്ടറെ കൊണ്ടു പരിശോധിപ്പിച്ചു കാൻസറല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

ഡോ. നാരായണൻ കുട്ടി വാര്യർ
സീനിയർ കൺസൾട്ടന്റ് ഹെഡ്, ഓങ്കോളജി സെന്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്

© Copyright 2017 Manoramaonline. All rights reserved....
കുട്ടികളെ പിടി കൂടിയാൽ
കാൻസർ കൂടുന്നുവെന്നതിൽ സംശയമില്ല
പുരുഷന്മാരിലെ കാൻസറുകൾ
രൂപഭംഗി കുറയാതെ ശസ്ത്രക്രിയ
കാൻസർ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്നേഹം കൊണ്ട് ചികിത്സിച്ച്...
ചിക്കനിൽ നിന്നും കാൻസർ
കാൻസർ വീട്ടിൽ നിന്നും : ശ്രദ്ധിക്കൂ ഈ 6 കാര്യങ്ങൾ