സ്നേഹം കൊണ്ട് ചികിത്സിച്ച്...
തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നും എല്ലാ മനുഷ്യരിലും ഈശ്വരഭാവമുണ്ടെന്നുമാണ് അദ്വൈതസിദ്ധാന്തം നമ്മെ പഠിപ്പിക്കുന്നത്. ഈ സിദ്ധാന്തം പൂർണമായും ഉൾക്കൊണ്ട, ആ രീതിയിൽ ജീവിതം ഉഴിഞ്ഞുവച്ച ഋഷിസമാനനായ ഒരു ഭിഷഗ്വരനാണു കാൻസർ സ്പെഷലിസ്റ്റായ ഡോ. വി. പി. ഗംഗാധരൻ . യേശുദാസിന് ഒരു പരിചയപ്പെടുത്തൽ വേണ്ടാത്തതുപോലെ ഡോ. ഗംഗാധരനെയും അറിയാത്ത മലയാളികൾ കാണില്ല. ബൗദ്ധികമായും മാനസികമായും അസാധാരണമായ ഉന്നതതലങ്ങളിൽ എത്തിനിൽക്കുന്ന ഈ ഡോക്ടർ, പക്ഷേ രോഗികൾക്കും ഒപ്പമുള്ളവർക്കും എപ്പോഴും ഏറ്റവും അഭിഗമന്യനാണ്. നമ്മളിൽ ഒരാളായിട്ടേ എല്ലാവർക്കും തോന്നുകയുള്ളൂ. ജീവിതം അസ്തമിച്ചു, ഇനി അന്ധകാരമേയുള്ളു എന്നു തോന്നി നിൽക്കുമ്പോഴാണു പലരും ഈ ഡോക്ടറുടെ മുന്നിൽ ചെന്നുപെടുന്നത്. ആ നിമിഷം മുതൽ ഒരു ഈശ്വരസാന്നിധ്യം അവർക്ക് അനുഭവപ്പെടുന്നു. കഴിയുന്നതും സത്യസന്ധമായി, വസ്തുനിഷ്ഠമായി, എന്നാൽ പേടിപ്പിക്കാതെ, ഡോക്ടർ രോഗികളോടു കാര്യങ്ങൾ പറയുന്നു. പലർക്കും ഈ സ്നേഹമസൃണമായ സംസാരം തന്നെ ചികിത്സയുടെ ഒരു ഭാഗമായി വർത്തിക്കാറുണ്ടെന്നു പറയുന്നു. സാധാരണക്കാർക്കുപോലും നമുക്കാരുമില്ല എന്ന തോന്നൽ ദുസ്സഹമാണ്. അപ്പോൾ ഒരു കാൻസർ രോഗിയെക്കുറിച്ചു പറയാനുണ്ടോ? ഈ സന്ദർഭത്തിലാണു ഡോ. ഗംഗാധാരനെപ്പോലെയൊരാൾ പ്രസക്തനാവുന്നത്
മുഴുവൻ സമയവും രോഗികൾക്കായി
ഉള്ളിലും പുറമേയും ഒരു തികഞ്ഞ സന്യാസി തന്നെയാണു ഡോ. ഗംഗാധരൻ. സമ്യക്കായി ന്യാസിക്കുന്ന (വേണ്ടതുപോലെ വേണ്ടെന്നു വയ്ക്കുന്ന) ആളാണല്ലോ സന്യാസി. പണത്തിനോ പ്രശസ്തിക്കോ വേണ്ടി ഈ ഡോക്ടർ ഒന്നും ചെയ്യാറില്ല. രാവിലെ 7 മുതൽ രാത്രി 9 വരെ ഒ. പി യുള്ള എത്ര ഡോക്ടർമാർ കാണും? തന്റെ രോഗിയുടെ ശസ്ത്രക്രിയയ്ക്കു വേണ്ട പണം ആ രോഗി കിടക്കുന്ന വേറെ ഹോസ്പിറ്റലിൽ പോയി കൊടുത്തു രാത്രി വണ്ടിക്കുതന്നെ തന്റെ ഹോസ്പിറ്റലിലേക്കു മടങ്ങുന്ന മറ്റൊരു ഡോക്ടറെ കണ്ടെത്തുക എളുപ്പമാണോ?
മനോരമ ആരോഗ്യത്തിനുവേണ്ടി ഡോ. ഗംഗാധരൻ അനുവദിച്ച അഭിമുഖം കഴിഞ്ഞപ്പോൾ ഉച്ചയ്ക്ക് ഒന്നര . അപ്പോഴാണു ഡോക്ടർ പറയുന്നത് ബ്രേക്ഫാസ്റ്റ് ആയിട്ടില്ല എന്ന്! അതാണു സന്യാസിയായ യഥാർഥ വൈദ്യനായ ഡോ. ഗംഗാധരൻ (ഡോക്ടർ എന്നാൽ ചികിത്സകൻ എന്നേ അർഥമുള്ളൂ. എന്നാൽ വൈദ്യൻ എന്ന പദത്തിന്റെ അർഥം വേദജ്ഞൻ എന്നാണ്)
ആർ. സി. സി വിട്ടതിനെപ്പറ്റി
എന്റെ കുഞ്ഞിനെ എന്നതുപോലെ സ്നേഹിച്ച, ശ്രദ്ധിച്ച എല്ലാം കൊടുത്ത സ്ഥാപനമായിരുന്നു തിരുവന്തപുരത്തെ റീജീയണൽ കാൻസർ സെന്റർ പക്ഷേ, അവിടെ എന്റെ രോഗിയിൽ ഞാൻ അറിയാതെ മരുന്നു പരീക്ഷണം നടത്തി. എന്റെ നിരപരാധിത്വം അറിയാതെ ആ രോഗി എനോടു ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഞാൻ നീറിപോയി. പരീക്ഷണസമയത്ത് ആ രോഗി അനുഭവിച്ചതിനേക്കാൾ ബുദ്ധിമുട്ടാണ് അയാളുടെ ചോദ്യത്തിന് ഉത്തരം പറയാനാകാതെ നിൽക്കേണ്ടി വന്നപ്പോൾ എനിക്കു തോന്നിയത്. അധാർമികതയ്ക്കു കൂട്ടുനിൽക്കാൻ എനിക്കാവില്ല. ഡോക്ടർ പറഞ്ഞു.
ഇന്നസെന്റിന്റെ പ്രസാദാത്മകത്വം
പ്രസദാത്മകമായ , പ്രസന്നതയോടുകൂടിയുള്ള നമ്മുടെ ജീവിതവീക്ഷണം(പോസിറ്റീവ് അറ്റിറ്റ്യൂഡ്) മറ്റേതു രോഗത്തിൽ നിന്നുമുള്ള മോചനത്തിനെന്നപോലെ കാൻസർ രോഗത്തിൽ നിന്നുമുള്ള മോചനത്തിനും വളരെ സഹായിക്കും. വളരെ ഗൗരവക്കാരനായ കാൻസറിനെപോലും ചിരിപ്പിച്ചു നിസ്സാരീകരിക്കാൻ നടൻ ഇന്നസെന്റിനു കഴിഞ്ഞു. ഇതിനു നമുക്കും കുറെയൊക്കെ കഴിയും, നാം മനസ്സുവച്ചാൽ
ചിത്രങ്ങൾ, സമ്മാനങ്ങൾ
ഡോ. ഗംഗാധരന്റെ തൃപ്പൂണിത്തുറ പേട്ടയിലെ വീട്ടിൽ (ചിത്തിര) ചെന്നാൽ നമ്മെ ആദ്യം ആകർഷിക്കുന്നത് അവിടെ മുറികളെല്ലാം നിറച്ചുവച്ചിരിക്കുന്ന ചിത്രങ്ങളും സ്മാരകങ്ങളുമാണ്. ഇതെല്ലാം രോഗികൾ നന്ദിസൂചകമായി ഡോക്ർക്കു സമ്മാനിച്ചതാണ്. ഇവയിൽ പലതിന്റെയും സ്രഷ്ടാക്കൾ രോഗികൾ തന്നെയാണ്. ചിലർ തങ്ങളുടെ അനുപമസൃഷ്ടികളെ ഡോക്ടറെ ഏല്പിച്ചു മൺമറഞ്ഞുപോവുകയും ചെയ്തു .വർഷങ്ങൾക്കു മുമ്പ് മരിച്ചുപോയ രോഗികളുടെ ബന്ധുക്കളുമായും പോലും ഡോക്ടർ ഗംഗാധരന് ഇപ്പോഴും ബന്ധമുണ്ടെന്നു പറയുമ്പോൾ ഇത് ഒരു അസാധാരണ മനുഷ്യൻ തന്നെ എന്നു വ്യക്തമല്ലേ? മേല്പത്തൂർ നാരായണ ഭട്ടിതിരി പാടിയതുപോലെ ഈ ഡോക്ടറുടെ കാലത്തു ജീവിച്ചിരിക്കാൻ കഴിയുന്നതു ഹന്ത ഭാഗ്യം ജനാനാം! എന്നു കരുതുന്നവർ പതിനായിരക്കണക്കിനുണ്ട്. ഒരു രോഗിയും ഡോക്ടറെ മുഷിപ്പിക്കുന്നില്ല. എല്ലാവരേയും തന്റെ ഉള്ളിലേക്കു ഡോക്ടർ സ്വീകരിക്കുന്നു. വിഷാദം ഘനീഭവിച്ചു നിൽക്കുന്ന ഒരു ചെറുചിരിയോടെ.