ബോഡിയിൽ മാത്രമല്ല ലുക്കിലും കാര്യമുണ്ട്: ഷിനു
ഓ ഈ സിക്സ് പാക്കിലൊക്കെ എന്തിരിക്കുന്നു...ചുമ്മാ ഷോയ്ക്ക് അത്രേയുള്ളൂ...ഇങ്ങനെയൊക്കെ പറയുമെങ്കിലും ആ ഗെറ്റപ്പിലുളള ചേട്ടൻമാരെ കാണുമ്പോൾ അൽപം കുശുമ്പോടെ മാത്രം നോക്കിനിൽക്കുന്നവരാണ് നമുക്കിടയിൽ അധികവും. ആ കുശുമ്പ് കുറച്ചിരട്ടിയാക്കും ഈ ഷിനു ചൊവ്വയെ കുറിച്ച് അറിയുമ്പോൾ. സിക്സ് പാക്ക് ഫിറ്റ് ബോഡിയും ചുള്ളൻ ലുക്കുമുള്ള ഷിനു. നല്ല സിക്സ് പാക്ക് ഫിറ്റ് ബോഡി കിട്ടുവാന്‍ പരിശീലിപ്പിക്കുന്ന ട്രെയിനർമാരേയും മസിൽ പെരുപ്പം കാണിച്ച് അമ്പരപ്പിക്കുന്ന ബോഡി ബിൽഡർമാരേയും മാത്രം കണ്ട് പരിചയിച്ച നമ്മൾ ഷിനുവിനെ തീർച്ചയായും അറിഞ്ഞിരിക്കണം. ബോഡി ബിൽഡിങിൽ തുടങ്ങി ഫിറ്റ്നസ് മോഡൽ രംഗത്ത് തിളങ്ങുന്ന ഷിനുവിനെ കുറിച്ച്.
ഫിറ്റ്നസും ഭംഗിയും ഒരുപോലെ ഒത്തിണങ്ങിയ ഷിനു ഈ രംഗത്ത് എത്തിയ എണ്ണംപറഞ്ഞ മിടുക്കരിൽ ഒരാളാണ്. ഫിറ്റ്നസ് മോഡലിങിൽ ലോകത്ത് ആറാം സ്ഥാനക്കാരനാണ് ഷിനു ചൊവ്വ.
ഒരു മണിക്കൂറിന് അയ്യായിരം
ശരീര കരുത്തിന്റെ ബലത്തിൽ ഗോദയിലിറങ്ങിയും മിസ്റ്റർ പട്ടം നേടിയും വീറ് കാണിക്കുന്ന വമ്പൻമാരുള്ള കണ്ണൂരിന്റെ മണ്ണിൽ ജനിച്ചു വളർന്ന ഷിനുവിന് അവർ തന്നെയാണു പ്രചോദനമായത്. അവരൊക്കെ ബോഡി ബിൽഡിങിലാണു മിന്നിയതെങ്കിൽ ഷിനുവിനെ കാത്തിരുന്നത് ഫിറ്റ്നസ് മോഡൽ എന്ന ഗ്ലാമർ ലോകമാണ്. ഫിറ്റ്നസ് ട്രെയിനറായും ഫിറ്റ്നസ് മോഡലായും അറിയപ്പെടുന്ന ഒരു മണിക്കൂറിൽ 5000 രൂപയാണ് ഷിനു ഫിറ്റ്നസ് ട്രെയിനിങിന് പ്രതിഫലം വാങ്ങുന്നത്! ഒപ്പം മോഡലിങുമുണ്ട്. ഒശരീര സൗന്ദര്യത്തിൽ പുതിയ മാനങ്ങളും മത്സരങ്ങളും കാത്തിരിക്കുകയാണ് ഷിനു.
പട്ടങ്ങളുടെ പെരുമഴ!
പത്തു വർഷത്തിലേറെയായി ഈ രംഗത്തുള്ള ഷിനുവിനെ തേടി നിരവധി മത്സര വിജയങ്ങളാണ് എത്തിയത്. കേരള ബോഡി ബിൽഡിങ് അസോസിയേഷനിലെ എം.കെ. കൃഷ്ണ കുമാർ, വി.സി. സുരേന്ദ്രൻ എന്നിവരെ കണ്ടുകൊതിച്ചാണ് ഷിനുവും ഈ രംഗത്തേയ്ക്കെത്തുന്നത്. തീരെ മെലിഞ്ഞ കോളജ് വിദ്യാർഥി ജിമ്മിലൊക്കെ പോയി തുടങ്ങിയതോടെ എല്ലാവർക്കും കൗതുകമായി. പതിയെ അവരും ഷിനുവും ഒരുപോലെ സീരിയസായി. ഷിനുവിന്റെ ആഗ്രഹത്തിനും പ്രയത്നത്തിനും മുന്നില്‍ മിസ്റ്റർ കണ്ണൂർ, മിസ്റ്റർ ബംഗലുരു, മിസ്റ്റർ കർണാടക പട്ടങ്ങൾ തേടിവന്നു.
ബെംഗലുരുവിലേക്കു ചേക്കേറിയതാണ് ബോഡി ബിൽഡറിൽ നിന്നു ഫിറ്റ്നസ് മോഡലിങിലേക്ക് ഷിനുവിനെ എത്തിച്ചത്. ഫിറ്റ്നസ് മോഡലിങ് അത്രയ്ക്കു പേരും പെരുമയൊന്നും നേടിയില്ലെങ്കിലും സംഗതി കൊള്ളാമെന്ന് ഷിനുവിനു തോന്നി. അതിനു എല്ലാ പ്രോത്സാഹനവുമായി കൃഷ്ണകുമാറും സുരേന്ദ്രനും ഒപ്പം നിന്നു. മിസ്റ്റർ ഇന്ത്യ മത്സരത്തിൽ ആദ്യ വർഷം മെഡെലൊന്നും നേടാനായില്ലെങ്കിലും പിറ്റേ വർഷം ആദ്യ അഞ്ചിലെത്തി. അവിടെ നിന്ന് അങ്ങോട്ട് കയറ്റം തന്നെയായിരുന്നു.
മിസ്റ്റർ ഇന്ത്യ മത്സരത്തിൽ അഞ്ചാം സ്ഥാനം നേടിയ ഷിനു ഫിറ്റ്നസ് മത്സരത്തിൽ ദേശീയ തലത്തിൽ ജേതാവാകുന്ന ആദ്യ മലയാളിയാണ്. അതുവഴി ഏഷ്യൻ ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാനായി. ഈ മത്സരത്തിൽ പങ്കെടുത്ത ഏക മലയാളിയും ഷിനു തന്നെ. മിസ്റ്റർ ഇന്ത്യ, മിസ്റ്റർ ഏഷ്യ, മിസ്റ്റർ വേൾഡ് മത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഷിനു ഇപ്പോൾ.
സിനിമയും സിനിമാക്കാരും മോഡലിങും
ഫിറ്റ്നസ് മോഡൽ ആയതോടെ വന്നു ചേർന്ന അവസരങ്ങൾ നിരവധിയാണ്. ഒരു റഷ്യൻ ചിത്രത്തിൽ
ചെറിയ വേഷത്തിൽ അഭിനയിച്ചു. കാംന ജെഠ്മലാനി, ഗഗൻ ബദേരിയ, ദീപിക കാമയ തുടങ്ങിയ
അഭിനേതാക്കളുടെ ഫിറ്റ്നസ് ട്രെയിനറും ഷിനുവാണ്. കായികോപകരണങ്ങൾ നിർമ്മിക്കുന്ന
പ്രമുഖ കമ്പനികളിലെ മോഡലുമാണ് ഷിനു.
പകൽ ജോലി വൈകുന്നേരം ഫിറ്റ്നസ്
ഒരു
കിലോ ചിക്കൻ ഉൾപ്പെടെയുള്ള പ്രോട്ടീൻ ഏറെയുള്ള ആഹാരമാണു സ്ഥിരം കഴിക്കാറ്. അതിനേക്കാളുപരി ഈ രംഗത്തോടുള്ള പാഷനാണ് ഷിനുവിന്റെ ഊർജം. ശരീരവും മനസ്സും ഒരുപോലെ കൊണ്ടുപോയാൽ മാത്രം നിലനിൽക്കാവുന്ന ഈ രംഗത്തിനൊപ്പം മത്സരങ്ങള്‍ക്കും ഡെഡ്‍ലൈനിനും ഒരു കുറവുമില്ലാത്ത മാർക്കറ്റിങ് മാനേജരായും ഷിനു തിരക്കിലാണ്. നിർമല കോളജിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റി പാലയാട് ക്യാംപസിൽ നിന്ന് എംബിഎയും ഷിനു സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ന് ഈ കാണുന്ന പോലെയായത് കുറേ കഷ്ടപ്പെട്ടിട്ടാണ്. അച്ഛനും അമ്മയും തീർത്തും സാധാരണ ചുറ്റുപാടിലുള്ളവരാണ്. അവരെക്കൊണ്ടു കഴിയുന്നതായിരുന്നില്ല എന്റെ ട്രെയിനിങ്ങും ഇതിനു വേണ്ടിയുള്ള യാത്രയ്ക്കും ഒക്കെയുള്ള ചിലവ്. എന്റെ ആഗ്രഹത്തിന്റെ ബലമായിരുന്നു ആദ്യം ഒപ്പംനിന്നത്. ടി.വി.പോളി, എഡ്‍വിൻ വിൽസൺ എന്നിവരാണ് എല്ലാ പിന്തുണയും ഇതുവരെ തന്നത്. തായ്‍ലന്‍ഡിൽ നടക്കുന്ന മിസ്റ്റർ വേൾഡ് മത്സരത്തിന്റെ സ്പോൺസർ ഗോകുലം ഗോപാലൻ സർ വരെ ഒത്തിരിപ്പേർ ഈ യാത്രയിൽ എന്റെ കൈപിടിച്ചു.
ഇപ്പോള്‍ ശരീരത്തേയും മനസ്സിനേയും ഒരുപോലെ സന്തോഷപ്പെടുത്തുന്ന ഫിറ്റ്നസ് എന്ന പാഷനും മാർക്കറ്റിങ് രംഗത്തെ ജോലിയ്ക്കും ഒപ്പം എനിക്ക് ഊർജത്തോടെ നിൽക്കാനാകുന്നത് കുറേ പേരുടെ സഹായംകൊണ്ടാണ്. അതൊന്നും മറക്കാനാകില്ല.'' ഷിനു പറയുന്നു.
കണ്ണൂർ കൂത്തുപറമ്പ് മൂന്നാം പീഠിക കണ്ടേരിക്കരയിലെ നാണുവിന്റെയും ഓമനയുടെയും മകനാണ് ഷിനു. ഭാര്യ ബിനി ബാലകൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറാണ്
ഫിറ്റ് ആയിരിക്കണം എന്തായാലും!
എന്റെ അച്ഛനും അമ്മയും നല്ല ഫിറ്റ് ബോഡിയുള്ളവരാണ്. അതും എന്റെ ശരീര ഘടനയെ സഹായിച്ചിട്ടുണ്ട്. എങ്കിലും അത് നിലനിർത്തുവാൻ ഞാൻ ഏറെ പരിശ്രമിക്കുകയും ചെയ്തു. ഫിറ്റ് ബോഡി വ്യക്തിത്വത്തിന്റെ ഭാഗമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിക്സ് പാക്കിനോടു താല്‍പര്യമില്ലെങ്കിലും മടിയൊക്കെയാണെങ്കിലും ശരീരം ഫിറ്റ് ആയിരിക്കേണ്ടത് ആവശ്യകതയാണെന്നാണ് എന്റെ പക്ഷം. എല്ലാവരും അങ്ങനെതന്നെ ആയിരിക്കണം. ആരോഗ്യം സംരക്ഷിക്കുവാൻ നമ്മളെല്ലാവരും ബാധ്യസ്ഥരാണ്. അതിനു മടി േവണ്ട.