ഓരോ നിക്ഷേപകൻറേയും മനസിൽ ആദ്യമുയരുന്ന രണ്ടു ചോദ്യങ്ങളുണ്ട്. തൻറെ നിക്ഷേപം സുരക്ഷിതമാണോ? അതിൽ നിന്ന് എന്തു നേട്ടം കിട്ടും? ഈ രണ്ടു കാര്യങ്ങളിലും അനുകൂലമായ മറുപടിയാണ് സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുളള കെഎസ്എഫഇ ചിട്ടികളെ കുറിച്ചു ചിന്തിക്കുമ്പോൾ നിക്ഷേപകർക്കു ലഭിക്കുക. ചിട്ടി വിളിക്കാതെ തന്നെ കാലാവധി പൂർത്തിയാക്കുകയാണെങ്കിൽ അതിൽ നിന്ന് 10–12 ശതമാനം നേട്ടമുറപ്പിക്കാനാകും. ചിട്ടിയിൽ നിന്നു ടിഡിഎസ് പിടിക്കാറില്ല. ഇത് മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് വളരെ ആകർഷണീയമാണ്. മ്യൂച്ചൽ ഫണ്ടു നിക്ഷേപങ്ങൾക്ക് ചിട്ടിയെ അപേക്ഷിച്ച് ആകർഷകമായ വരുമാനം ലഭിക്കുമെന്ന് പറയാറുണ്ട്. അത് ശരിയുമായിരിക്കും. പക്ഷെ അത്തരം നിക്ഷേപങ്ങൾ വിപണിയുടെ നഷ്ട സാധ്യതകൾക്കനുസരിച്ചാണ് നേട്ടം നൽകുന്നത് എന്ന കാര്യം ഇവിടെ ശ്രദ്ധിക്കണം. ചിട്ടി അങ്ങനെയല്ല. ഈ നിക്ഷേപത്തിന് നഷ്ട സാധ്യത താരതമ്യേന കുറവാണ്. നിക്ഷേപകന് തികച്ചും സൗകര്യപ്രദവുമാണ്. വായ്പ വളരെ പെട്ടെന്നു കിട്ടും. റെക്കറിങ് ഡിപ്പോസിറ്റ് പോലുള്ള നിക്ഷേപങ്ങളുടെ ഈടിലും വായ്പ കിട്ടും. പക്ഷെ അതുവരെ അടച്ച തുകയുടെ പരിധി വരയേ വായ്പ ലഭിക്കൂ. എന്നാൽ ചിട്ടിയിലാകട്ടെ ഇനിയും അടയ്ക്കാനുള്ള തുകയ്ക്കു കൂടിയുള്ള വായ്പ ലഭിക്കും.
ഒരു വായ്പ തേടി ബാങ്കിൽ ചെല്ലുന്നയാൾക്ക് ഒരു പാട് ചോദ്യങ്ങൾ നേരിടേണ്ടി വരും. എന്തിനാണ് വായ്പ എടുക്കുന്നത് എത്രകാലത്തിനുള്ളിൽ അടച്ചു തീർക്കാൻ കഴിയും? അപേക്ഷകന്റെ തിരിച്ചടവ് ശേഷിയും തിരിച്ചടവ് കാലവും അറിയാനാണ് ഇത്തരം ചോദ്യങ്ങൾ.മറ്റൊന്ന് എടുത്ത വായ്പ അതേ ആവശ്യത്തിനു വേണ്ടി തന്നെയാണ് ഉപയോഗിക്കുന്നതെന്ന് അവർ ഉറപ്പു വരുത്തും. ബാങ്കിൽ നിന്ന് ഭവന വായ്പ എടുത്താൽ ഓരോഘട്ടവും പണി പൂർത്തിയാക്കുന്നതിന് അനുസരിച്ചു മാത്രമേ വായ്പയുടെ ഓരോ ഗഡുവും നൽകുകയുള്ളു. ഇനി ചിട്ടിയുടെ കാര്യം, ചിട്ടി വിളിക്കുകയാണെങ്കിൽ ഡിസ്കൗണ്ട് കഴിഞ്ഞിട്ട് ( 30ശതമാനം ആണ് ഡിസ്കൗണ്ട്) ബാക്കി തുക ഉടമയ്ക്കു നൽകും. അതായത് ഒരു ലക്ഷം രൂപയുടെ ചിട്ടിയാണെങ്കില്‍ 70000 രൂപ കൈയിൽ കിട്ടും. മറ്റ് നൂലാമാലകളൊന്നുമില്ല.അതായത് ചിട്ടി ഉപയോഗിച്ച് ഒരാൾക്ക് തന്റെ സാമ്പത്തികാവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താനാകും. അയാളുെട ഫണ്ട് മാനേജ്മെന്റ് ശേഷി ഉയരും. വായ്പ ആവശ്യമുള്ളവർക്ക് കൂടുതൽ ചോദ്യം ചെയ്യലുകളില്ലാതെ എളുപ്പത്തിൽ ലഭിക്കുന്ന ഹൈബ്രിഡ് ഉൽപ്പന്നമാണ് ചിട്ടി.