വീടു പണിയാൻ വായ്പ എടുക്കാനുദ്ദേശിക്കുന്നവർക്ക് ചിട്ടി ഏറെ സഹായകമായിരിക്കും. ചിട്ടി വിളിച്ചെടുക്കാൻ ഭവന വായ്പയുടെ കാര്യത്തിലുള്ളതു പോലെ വലിയ പ്രക്രിയകളില്ല. സാധാരണ മട്ടിൽ ഒരു വായ്പ എടുക്കാൻ ബാങ്കിൽ ചെന്നാൽ നിരവധി ചോദ്യങ്ങളുണ്ടാകും . എന്തിനാണ് വായ്പ? എത്ര കാലം കൊണ്ടു തിരിച്ചടയ്ക്കാനാകും എന്നിവയെല്ലാം പരിശോധിക്കും. വായ്പ അനുവദിക്കുന്നതിന് നിരവധി നടപടിക്രമങ്ങളുമുണ്ടാകും. പ്രോസസിങ് ഫീസ്, ലീഗൽ ഫീസ്, വാല്യൂവേഷൻ ഫീസ് തുടങ്ങിയ പലതരം ഒളിഞ്ഞിരിക്കുന്നതും അല്ലാത്തതുമായ ചാർജുകൾ ഉണ്ട്. തന്നെയുമല്ല, ബാങ്ക് പണം കൈയിൽ തരില്ല. എന്താവശ്യത്തിനാണോ വായ്പ എടുക്കുന്നത് അവർക്കു മാത്രമേ പണം കൈമാറുകയുള്ളു. ഉദാഹരണത്തിന് ഒരു മെഷിനറി വാങ്ങാനുള്ള വായ്പയാണെങ്കിൽ അതിന്റെ വിതരണക്കാരന് നേരിട്ട് പണം കൊടുക്കുകയേ ഉള്ളു. വീടു പണിയാണെങ്കിൽ അതിന്റെ ഓരോ ഘട്ടവും നോക്കി പണിയുടെ പുരോഗതിക്കനുസരിച്ച് ബാങ്കുകൾ കരാറുകാരന് പണം കൈമാറുകയാണ് പതിവ്. അതേപോലെ സിബിൽ സ്കോർ കുറവുള്ളവർക്ക് ബാങ്ക് വായ്പ നൽകില്ല. എന്നാൽ ചിട്ടിക്ക് ഇക്കാര്യം ബാധകമല്ല. ചിട്ടി വിളിക്കുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടേതാണെങ്കിൽ ഡിസ്കൗണ്ട് കഴിഞ്ഞ് (പരമാവധി 30 ശതമാനം വരെ) 70000 രൂപ ലഭിക്കും. വായ്പ ആവശ്യമുള്ളവർക്ക് മികച്ച ഒരു ഹൈബ്രിഡ് ഉൽപ്പന്നമാണ് ചിട്ടി.