ജീവിക്കാൻ വേണ്ടി അന്യരാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികൾക്കായി കെഎസ്എഫ്ഇ അവതരിപ്പിക്കുന്ന ചിട്ടിയാണ് പ്രവാസി ചിട്ടി. പ്രവാസികൾക്ക് സുരക്ഷിതമായ സമ്പാദ്യം നൽകുന്നോടൊപ്പം അവർക്ക് നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനുള്ള അവസരവും നൽകുന്നു എന്നതാണ് പ്രവാസി ചിട്ടികളെ ആകർഷകമാക്കുന്നത്. അടുത്തിടെ കേരളത്തിനു പുറത്തു താമസിക്കുന്നർക്കു കൂടി ഈ പ്രവാസി ചിട്ടി ലഭ്യമാക്കിയതോടെ മലയാളികൾ എന്നും നെഞ്ചിലേറ്റുന്ന ഈ നിക്ഷേപമാർഗം കൂടുതൽ പേരിലേക്കെത്തുകയാണ്.
പ്രവാസി ചിട്ടിയുടെ കരാർ ഒപ്പിടുന്നതും പണം നൽകുന്നതും ഉൾപ്പെടെ തുടക്കം മുതൽ അവസാനം വരെയുള്ള നടപടി ക്രമങ്ങൾ ഓൺലൈനാണെന്നുള്ളതാണ് പ്രത്യേകത. ലോകത്തിന്റെ ഏതു കോണിലിരുന്നും ചിട്ടിയിൽ പങ്കെടുക്കാൻ ഇത് അവസരമൊരുക്കും. ഒപ്പം മറ്റു ചില സവിശേഷതകളുമുണ്ട്. ചിട്ടിയോടൊപ്പം നൽകുന്ന ഇൻഷുറൻസ് പരിരക്ഷ പ്രവാസി ചിട്ടികളുടെ പ്രത്യേകതയാണ്. 10 ലക്ഷം രൂപ വരെ സലയുള്ള ചിട്ടിയിൽ ചേരുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാണ്. ദൗർഭാഗ്യവാശാൽ ചിട്ടിയുടമ മരണപ്പെടുകയോ അംഗവൈകല്യം മൂലം ജോലി ചെയ്യാനാകാത്ത സ്ഥിതിയോ വന്നാൽ പിന്നെ തവണ അടയ്ക്കണ്ട. ചിട്ടിത്തുക ഇതിനിടയിൽ ലഭിച്ചവരാണെങ്കിലും പരിരക്ഷ തുടരും. ചിട്ടി ലഭിക്കാത്തവർക്കാണിത് സംഭവിച്ചതെങ്കിൽ നോമിനിക്ക് വേണമെങ്കിൽ ചിട്ടി പിടിക്കാം.ഇനി ചിട്ടി പിടിക്കാത്ത പക്ഷം മുഴുവൻ തുകയും തിരികെ ലഭിക്കും. ഈ ഘട്ടത്തിലെല്ലാം ഇന്‍ഷുറൻസ് പരിരക്ഷ ഉള്ളതിനാൽ ചിട്ടിയുടെ തുടർതവണകൾ അടക്കേണ്ടതില്ല. ഒരാൾക്ക് ഒന്നോ അതിലധികമോ ചിട്ടികളിൽ ചേരാം. ചിട്ടിയിൽ ചേരുന്നതിന് സാധുതയുള്ള വിസയും പാസ്പോർട്ടും ആവശ്യമാണ്. ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്നാലും ചിട്ടിയുടമയ്ക്ക് സാധിക്കുമെങ്കിൽ ഈ ചിട്ടിയിൽ തുടരാവുന്നതാണ്.
ചിട്ടിയിൽ ചേർന്നയാൾക്ക് വിദേശത്ത് മരണം സംഭവിച്ചാൽ മൃതശരീരം നാട്ടിലെത്തിക്കുന്നത് ഒപ്പം വരുന്ന ആൾക്കുള്ള വിമാന ടിക്കറ്റ് അടക്കമുള്ള ചെലവിന് പരമാവധി ഒരു ലക്ഷം രൂപവരെ നൽകും. മറ്റൊരു സവിശേഷത ചിട്ടിയിൽ ചേർന്നിട്ടുള്ള, വരിസംഖ്യ കൃത്യമായി അടയ്ക്കുന്ന, പ്രവാസി ക്ഷേമ ബോർഡിൽ അംഗത്വമുള്ളവർക്ക് അവരുടെ വരിസംഖ്യ കുറഞ്ഞത് 10,000 രൂപയാണെങ്കിൽ അവർക്ക് പെൻഷൻ ലഭ്യമാക്കാനുള്ള പ്രീമിയം കെഎസ് എഫ്ഇ അടയ്ക്കും.
വിദേശപ്പണ വിനമയചട്ടം(ഫെമ) പ്രവാസി ചിട്ടിക്കും ബാധകമാണ്.പ്രവാസികൾക്ക് ബാങ്കിങ് ചാനലുകൾ വഴി തിരികെ കൊണ്ടു പോകില്ലെന്ന വ്യവസ്ഥയിൽ വിദേശത്തു നിന്നു പണമയക്കാം. പ്രവാസി ചിട്ടിയിലെ ചിട്ടിപ്പണവും സെക്യൂരിറ്റിയും കേരള സർക്കാരിന്റെ കിഫ്ബിയിലാണ് നിക്ഷേപിക്കുന്നത്. കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കുന്നതിന്റെ ഭാഗമായി നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകാനുള്ള അവസരവും പ്രവാസിക്കു ലഭിക്കും. ഇവർക്ക് തങ്ങളുടെ പണം ഏതു മേഖലയിലെ വികസനത്തിനുപയോഗിക്കണം എന്നു നിര്‍ദേശിക്കാൻ പ്രവാസി ചിട്ടി വെബ്സൈറ്റിൽ അവസരമുണ്ട്.
∙ചിട്ടി ഒറ്റനോട്ടത്തിൽ
കൈയിലൊതുങ്ങുന്ന തുക സ്ഥിരമായി നിക്ഷേപിച്ച് സമ്പത്ത് സൃഷ്ടിക്കാനുപയോഗപ്പെടുത്താം.
വിവിധ ജീവിതഘട്ടങ്ങളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.
ലേലക്കിഴിവ് ലഭിക്കുന്നതിനാൽ ഉയർന്ന ലാഭം കിട്ടും
ലളിതമായ നടപടികളും നിബന്ധനകളും
സാധാരണക്കാർക്കും സമ്പന്നർക്കും അനുയോജ്യം
ഓഹരി വിപണിയിലേയോ സമ്പദ് വ്യവസ്ഥയിലേയോ ചാഞ്ചാട്ടങ്ങൾക്ക് വിധേയമല്ല.
ആവശ്യം വന്നാൽ വിളിച്ചെടുക്കാമെന്നതിനാൽ ഏതു പ്രതിസന്ധിയിലും പണം ഉറപ്പാക്കാം.
ഏതാണ്ട് എല്ലാ നിക്ഷേപങ്ങളിൽ നിന്നു ലഭിക്കുന്ന വരുമാനത്തിനും ടിഡിഎസ് ബാധകമാണ്. എന്നാൽ ചിട്ടിയിൽ നിന്നു ടിഡിഎസ് പിടിക്കില്ല.
പ്രവാസി ചിട്ടികളെക്കുറിച്ച് കൂടുതലറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://pravasi.ksfe.com