KSFE Chitti
KSFE Chitti
KSFE Chitti

ഒരാളുടെ നിക്ഷേപ പോർട്ട് ഫോളിയോയിൽ ചിട്ടിക്ക് എത്രത്തോളം പ്രാധാന്യമുണ്ട്?

പി ജി സുജ

കരുതലോടെ ആസൂത്രണം ചെയ്ത് ഉപയോഗിച്ചാൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ സാമ്പത്തിക ആവശ്യങ്ങളെല്ലാം ചിട്ടിയിലൂടെ സാധ്യമാക്കാനാവും. പല കാലാവധികളിൽ പൂർത്തിയാകുന്ന ചിട്ടികളുടെ ശേഖരം ഇതിനായി പ്രയോജനപ്പെടുത്താം. ഉദാഹരണത്തിന് പുതിയതായി ജോലി ലഭിച്ച ഒരു ചെറുപ്പക്കാരൻ അഞ്ചു വർഷത്തിനു ശേഷം അയാളുടെ വിവാഹം ലക്ഷ്യം കാണുന്നുവെങ്കിൽ അഞ്ചു വർഷ കാലാവധിയുള്ള ചിട്ടിയിൽ ചേരാം. അത്രയും കാലം അതായത് 60 മാസം അയാൾ ചിട്ടിയിൽ നിക്ഷേപകനായി തുടരുകയാണെങ്കിൽ അയാൾക്ക് 10–12 ശതമാനം വരെ വരുമാനം ലഭിക്കും. ടിഡിഎസ് നൽകേണ്ടതുമില്ല. 100 ശതമാനം സുരക്ഷിതത്വവുമുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ അയാൾക്ക് ലേലക്കിഴിവ് കിഴിച്ച് 95 ശതമാനം തുകയും തിരികെ കിട്ടും.

അതേ സമയം അയാൾ അടയ്ക്കേണ്ടതിന്റെ 85 ശതമാനം തുകയേ അടച്ചിട്ടുണ്ടാകു. ഇനി അയാളുടെ വിവാഹം കഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞ് കുട്ടി മതിയെന്നാണെങ്കിൽ അതിനനുസരിച്ച് കാലാവധിയുള്ള ചിട്ടിയിൽ ചേരാം. ഇനി കുട്ടിയുെട വിദ്യാഭ്യാസമാണ് ലക്ഷ്യമിടുന്നതെങ്കിൽ അതിനനുസരിച്ചും ചിട്ടിയിൽ നിക്ഷേപിക്കാം. 30 മാസം മുതൽ 120 മാസം വരെയുള്ള ചിട്ടികൾ ഇങ്ങനെ വ്യക്തിയുടെ ആവശ്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. സ്വന്തമായി വീട്, വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം തു‍ടങ്ങിയ ആവശ്യങ്ങളെല്ലാം ഇതിലൂടെ യാഥാർത്ഥ്യമാക്കാനാകും. റിട്ടയർമെന്റാണ് ലക്ഷ്യമെങ്കിൽ അതിനു വേണ്ടിയും ചിട്ടിയെ ഉപയോഗപ്പെടുത്താനാകും. തവണകളായി അടയ്ക്കാനും കൂടുതൽ തുക വേണമെങ്കിൽ അതിനനുസരിച്ച് തിരഞ്ഞെടുക്കാനുമൊക്കെ സാധിക്കും.

ഒരു യാത്രപോകാനാണ് ഉദ്ദേശമെങ്കിൽ അത് എന്നു വേണമെന്ന് ആലോചിച്ച് ആ കാലാവധിയിലേക്കു ലഭ്യമാകുന്ന വിധത്തിൽ ചിട്ടിയെടുക്കുന്നത് അഭികാമ്യമാകും. സുരക്ഷ, സൗകര്യം, ഉറപ്പുള്ള മികച്ച വരുമാനം ഇവയെല്ലാം നൽകുന്ന നിക്ഷേപരീതിയായതുകൊണ്ടാണ് സാധാരണക്കാർക്കിടയിലും വിദഗ്ധർക്കിടയിലും ചിട്ടി ഒരു പോലെ സ്വീകാര്യമായ നിക്ഷേപ മാർഗമാകുന്നത്.