എന്തേ, കൊന്നപ്പൂ നേരത്തേ പൂക്കുന്നു?
രവീന്ദ്രൻ കളരിക്കൽ
“കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, പൂക്കാതിരിക്കാനെനിക്കാവതില്ലേ......” എന്നാണു കവി ഡോ.കെ.അയ്യപ്പപ്പണിക്കർ പാടിയത്. വിഷുക്കാലമായാൽ കണിക്കൊന്നയ്ക്കു പൂക്കാതിരിക്കാനാവില്ല. എന്നാൽ, വിഷു എത്തുന്നതിന് ആഴ്ചകൾക്കു മുൻപേ നാടു മുഴുവൻ കണിക്കൊന്നകൾ പൂത്തുലഞ്ഞുനിൽക്കുകയാണ്. എന്തേ കൊന്ന നേരത്തേ പൂക്കുന്നു എന്നു ചിലർക്കെങ്കിലും സംശയമുണ്ടാകുക സ്വാഭാവികം.
കാഷ്യാ ഫിസ്റ്റുല എന്ന ശാസ്ത്രീയനാമമുള്ള കണിക്കൊന്ന വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന വിഭാഗത്തിൽ പെടുന്ന ട്രോപ്പിക്കൽ സസ്യമാണ്. സൂര്യൻ ഭൂമിക്കു നേരെ മുകളിൽ വരുന്ന ചൂടുകൂടിയ കാലത്താണ് ഇതു പൂക്കുന്നത്. എല്ലാ കൊല്ലവും ഉത്തരായണത്തിനിടയിൽ മാർച്ച് 21നടുത്ത് സൂര്യൻ ഭൂമധ്യരേഖയ്ക്കു നേർ മുകളിൽ വരുന്നു. ‘വിഷുവം’ എന്നറിയപ്പെടുന്ന, രാവും പകലും തുല്യമായ ദിവസമാണിത്. സ്വാഭാവികമായും ഇതിനടുത്ത ദിവസങ്ങളിൽ കണിക്കൊന്ന പൂക്കാൻ തുടങ്ങും.
എന്നാൽ, ആചാരപരമായ കാര്യങ്ങളിൽ മേടസംക്രമവും വിഷുവും കണക്കാക്കുന്നത് സ്ഥിരനക്ഷത്രത്തെ അടിസ്ഥാനമാക്കിയാണ്. നിരയനം എന്നറിയപ്പെടുന്ന ഈ രീതി അനുസരിച്ച് എല്ലാക്കൊല്ലവും മേടസംക്രമം വരുന്നത് ഏപ്രിൽ 14ന് അടുത്താണ്. അതുകൊണ്ടാണ് വിഷുനാളുകൾ എത്തുംമുൻപേ കണിക്കൊന്ന പൂക്കുന്നു എന്നു തോന്നുന്നത്.