Vishu 2018

Vishu 2018

മണിക്കിലുക്കമില്ലാതെ മറ്റൊരു വിഷുക്കാലം

സിജിത അനിൽ

കലാഭവൻ മണിയെന്ന അതുല്യപ്രതിഭ മലയാള സിനിമയിൽ അവശേഷിപ്പിച്ചിട്ടു പോയ സ്ഥാനം ഇന്നും ഒഴിഞ്ഞുതന്നെ കിടക്കുകയാണ്. മണിക്കു പകരക്കാരൻ ആവാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഓരോ ആഘോഷങ്ങളും കടന്നു വരുമ്പോൾ മണിയുടെ ഓർമ്മകളും കടന്നു വരും. ഏതൊരു ശരാശരി മലയാളിക്കും സമൃദ്ധവും സംഭവബഹുലവുമായ ആഘോഷങ്ങൾ പലപ്പോഴും പല സാങ്കേതികകാരണങ്ങളാലും ‘ഗൃഹാതുരമായ ചില സ്മരണകള്‍’ മാത്രമാണ്. പക്ഷേ ചില പച്ചയായ മനുഷ്യര്‍ ഉണ്ടായിരുന്നു നമുക്കിടയില്‍. വിഷുവും ആഘോഷങ്ങളും തങ്ങളുടെ ജീവസ്സുറ്റ സാന്നിദ്ധ്യം കൊണ്ടു മാത്രം ചരിത്രത്തിലെ ഏടുകളാക്കി ചൈതന്യവത്താക്കിയവര്‍. തീര്‍ച്ചയായും മണി അങ്ങനെ ഒരാളായിരുന്നു. കലാഭവന്‍ മണിയെന്ന സിനിമാതാരവും മണിയെന്ന നാടന്‍ പാട്ടുകാരനും ചാലക്കുടിയിലെ സൗഹൃദവഴികളിലെ പ്രിയപ്പെട്ട മണിച്ചേട്ടനും ആഘോഷനാളുകളിലെ പൂത്തുമ്പി തന്നെയായിരുന്നു എന്നും. ആഘോഷങ്ങളുടെയും പ്രസരിപ്പിന്‍റെയും തുടിച്ചാര്‍ത്ത് ഉല്ലസിക്കുന്നവരുടെ കൂട്ടായ്മകളുടെ മത്സരവേദികളിലെ വാശിക്കുറുമ്പുകളിലും ഒക്കെയായിരുന്നു ഒരുകാലത്ത്. മണിയുടെ നാടന്‍ ജീവിതവും നാട്ടുകാരുമായുള്ള ഇടപഴകലുകളും അറിഞ്ഞിട്ടുള്ള ഏതൊരു മലയാളിക്കും മണിയുടെ വിഷുവും ഓണവും എങ്ങനെയായിരുന്നിരിക്കും എന്ന് ആരും പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

മണി തന്നെ ഒരാഘോഷമായിരുന്നു ചാലക്കുടിക്കാര്‍ക്കും മണിയുടെ ലോകമെമ്പാടുമുള്ള സുഹൃത്തുക്കള്‍ക്കും. കദനത്തിന്റെ നാള്‍വഴികള്‍ മറകളേതുമില്ലാതെ നാടിനോടും നാട്ടുകാരോടും പങ്കിട്ടു കരഞ്ഞും ചിരിച്ചും..പിന്നെ കരയിച്ചും മണി നമുക്കിടയില്‍ നാമറിയാതെ നമ്മുടെ ആരോ ആയി മാറി. മണി ആരായിരുന്നു നമുക്ക്? (എന്തല്ലായിരുന്നു നമുക്ക്..?) ഉടുക്കാന്‍ തുണിയില്ലാത്ത,കഴിക്കാന്‍ കഞ്ഞിവെള്ളമല്ലാതെ മറ്റൊരു ഭക്ഷണം കിട്ടാത്ത ഒരു വറുതിയുടെ കാലത്തും എല്ലാ സൗഭാഗ്യങ്ങളും കൈവന്ന നല്ല കാലത്തും തന്റെ കീഴാള സ്വത്വം ഉറക്കെ സമൂഹത്തിനു മുന്നില്‍ ലജ്ജയേതുമില്ലാതെ തുറന്നുകാട്ടി കലാഭവന്‍ മണി.

അന്യന്‍റെ പറമ്പിലെ കളകളഞ്ഞും നീരൊഴുക്കിയും പുതുനാമ്പുകളുടെ പൊന്നു വിളയിക്കുമ്പോഴും രാമന്റെയും മക്കളുടെയും കഞ്ഞിയിലെ വെള്ളം കണ്ണീര്‍ മാത്രമായിരുന്ന ആ കാലമാണ്.. വറുതിയുടെ ആ നെരിപ്പോടുകളാണ്.. മണിയുടെ സര്‍ഗ്ഗപ്രതിഭയ്ക്ക് ഊടും പാവുമായത്. അതെ.. വെറും മണ്ണിലെ കാണാത്തരികളെപ്പോലും തനിത്തങ്കമാക്കുന്ന പ്രകൃതിയുടെ കനലാട്ടം.. തീയില്‍ തന്നെ കുരുത്തതാണ് മണിയുടെ സര്‍ഗ്ഗം. സൂര്യപ്രഭയില്‍ അതു വീണ്ടും പൊന്‍കലയായി. അതു ചരിത്രം.

കണ്ടതും കേട്ടതും അനുകരിക്കാനും അതു നാലാളുടെ മുന്നില്‍ പ്രകടിപ്പിക്കാനും കാട്ടിയ ഔത്സുക്യം മണിയുടെ തലവര മാറ്റിയെഴുതി. മാറ്റിയുടുക്കാന്‍ ഇല്ലാത്ത തുണിയും മാറാപ്പിലെ പ്രാരാബ്ദങ്ങളും മനസ്സു പ്രക്ഷുബ്ധമാക്കിയപ്പോഴും മണി ചിരിച്ചു.. ചിരിപ്പിക്കാന്‍ പാടുപെട്ടു. ചിരിപ്പിക്കുന്നവരുടെ ഉള്ളിലെ കനലും കണ്ണീരും ലോകം അറിയില്ലെന്നുള്ളത് എത്ര സത്യം!. ചിരിയോടൊപ്പം മണി കൂടെ കൂട്ടിയ വിയര്‍പ്പിന്‍റെ മണമുള്ള നാടന്‍ ശീലുകളുടെ പുനരവതരണം കൂടിയായപ്പോള്‍ മണിയെ കലാകേരളം കാത്തിരിക്കാന്‍ തുടങ്ങി. മണിയുടെ തന്നെ വാക്കുകളില്‍; "ജോലി കഴിഞ്ഞ്‌ വിയര്‍ത്തു കുളിച്ച്‌ വീട്ടില്‍ വരുന്ന അച്‌ഛന്‍ കുളിക്കും മുന്‍പ് വിയര്‍പ്പ്‌ ആറാനായി ഇരിക്കുമ്പോള്‍ പാട്ടുപാടും. വിയര്‍പ്പിന്‍റെയും വേദനകളുടെയും മണമുള്ള നാടന്‍ പാട്ടുകള്‍. പിന്നീട്‌ ആ പാട്ടുകള്‍ ഞാന്‍ ഏറ്റെടുത്തു. നശീകരണം നേരിട്ടു കൊണ്ടിരുന്ന നാടന്‍പാട്ട് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. നാടെങ്ങും നാടന്‍പാട്ട് ട്രൂപ്പുകള്‍ സജീവമായി. അതിനൊരു നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു".

കടുത്ത ദുരിതങ്ങളെ അതിജീവിക്കാനും അതേസമയം മാറ്റത്തിന്റെ ഹേതുവായി വര്‍ത്തിക്കാനും ഒരു വ്യക്തിക്ക് എങ്ങനെയെല്ലാം കഴിയുമെന്നതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് മണി. മണിയിലെ കല അദ്ദേഹത്തിന്റെ ദാരിദ്ര്യപൂര്‍ണ്ണമായ ബാല്യകാലത്തില്‍ വേരൂന്നി നില്ക്കുന്നതാണ്. അതുകൊണ്ടാണ് മണി എക്കാലത്തും അധ:സ്ഥിതരോട് സഹാനുഭൂതി പുലര്‍ത്തിയത്. പ്രശസ്തിയുടെ കൊടുമുടി കയറിയപ്പോഴും ചാലക്കുടിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാനുള്ള ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്തിയില്ല.

അഭിനേതാവെന്നതിനേക്കാള്‍ അദ്ദേഹത്തിലെ ഗായകനാണ് സാധാരണക്കാരനുമായി കൂടുതല്‍ അടുത്തു നിന്നത്. സാധാരണക്കാരന് മനസ്സിലാവുന്ന അനുഭവത്തില്‍ ആവിഷ്‌ക്കരിക്കപ്പെട്ട ഗാനങ്ങളിലുടെയാണ് മണി പ്രേക്ഷക മനസ്സില്‍ സ്ഥാനമുറപ്പിച്ചത്. ആടിയും പാടിയും സാധാരണക്കാരോടൊപ്പം സംവദിച്ചും അവരിലൊരാളായി പകര്‍ന്നാട്ടം നടത്തി മണി തന്നെ കേരളീയ മനസ്സില്‍ കുടിയിരുത്തുകയായിരുന്നു.

തന്റെ വഴികള്‍ തിരിച്ചറിയുകയും കടന്നു വന്ന വഴികള്‍ മറക്കാതെയിരിക്കുകയും ചെയ്ത മണിക്ക് നാടന്‍ പാട്ടുകള്‍ ഒരുപാട് രീതിയില്‍ ഒരു വൈകാരിക സംവേദനമായിരുന്നു. മണി തന്റെ വ്യക്തിത്വത്തെ കൂടുതല്‍ ആഘോഷമാക്കിയിരുന്നത് ഒരുപക്ഷേ നാടന്‍ പാട്ടിന്‍റെ തോഴനാവുമ്പോഴായിരുന്നു. പാടുമ്പോള്‍ മണിയുടെ ഭൂതകാലം, സാമുദായികത, ദാരിദ്ര്യത്തിലൂടെ കടന്നു വന്ന നാളുകള്‍ , ചാലക്കുടി എന്ന ദേശവും നാട്ടുകാരുമായുള്ള ബന്ധം എന്നിവ അടയാളപ്പെടുത്തുന്ന ഒരു "വ്യക്തിപരത" പ്രകടമായിരുന്നു. അതു വരെ ആരും ശ്രദ്ധിക്കാതെ ഉപേക്ഷിക്കപ്പെട്ട നാടന്‍ പാട്ടുകളുമായി മണിയെത്തിയപ്പോള്‍ തകര്‍ന്നടിഞ്ഞത് സംഗീതാസ്വാദനത്തെക്കുറിച്ചുള്ള മുന്‍ ധാരണകള്‍ മാത്രമല്ല, അതു വരെ ഇളകാതെ നിന്നിരുന്ന ഗായക സങ്കല്‍പ്പങ്ങള്‍ കൂടിയായിരുന്നു. കലാഭവന്‍ മണിയുടെ പേരുള്ള കോമഡി കാസറ്റുകള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്ന കാലം. നീട്ടിപ്പിടിച്ച "ങ്യാഹാ...ഹ്‌...ഹാ..... " എന്ന ചിരിക്കൊപ്പം ഇടതടവില്ലാതെ ഒഴുകി വന്ന പാട്ടുകള്‍ തന്നെയായിരുന്നു അക്കാലത്ത് ആ കാസറ്റുകളുടെയെല്ലാം പ്രധാന ആകര്‍ഷണം.

നാടന്‍ പാട്ടിലൂറുന്ന ഗ്രാമീണ നന്മയുമായി മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചും ഒരു സാധാരണക്കാരനായി മണി സിനിമയിലും പാട്ടുവഴികളിലും ഓരോ മലയാളമനസ്സിലും നിറഞ്ഞുനിന്ന ഒരു കാലം.. സഹനടനായും വില്ലനായും നായകനായും ഭാഷാഭേദമില്ലാതെ അഭ്രപാളികളില്‍ തിളങ്ങിയപ്പോഴും ജനിച്ചുവളര്‍ന്ന നാടും വീടും എന്നും മണിയെ മാടിവിളിച്ചുകൊണ്ടിരുന്നു. സിനിമയിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ചാലക്കുടിയിലെ ഗ്രാമവട്ടത്തിലേക്ക് ഓടിയെത്താനും കൂട്ടുകാര്‍ക്കിടയില്‍ താരജാഡകളില്ലാതെ ഒരുമിച്ച് ചേര്‍ന്ന് ജീവിതം ഒരു ആഘോഷമാക്കി മാറ്റാനും മണി എന്നും സമയം കണ്ടെത്തിയിരുന്നു.

ഓണത്തിനും ക്രിസ്തുമസ്സിനും വിഷുവിനുമെല്ലാം മണി ചാലക്കുടിയില്‍ പറന്നെത്തി തന്റെ കൂട്ടുകാര്‍ക്കൊപ്പം ആ ദിനങ്ങളെ അവിസ്മരണീയമാക്കാന്‍. മണി വന്നാല്‍ നാട്ടുകാര്‍ക്ക് അതൊരു ഉത്സവമാണ്. പാട്ടുപാടിയും കൂട്ടുകൂടിയും രാവും പകലും ആ ഉത്സവമേളം നീണ്ടുനില്‍ക്കുമായിരുന്നു. ലുങ്കിയും ബനിയനും ധരിച്ച് ചാലക്കുടി പട്ടണത്തിലൂടെ ബൈക്കോടിച്ച് പോവുക മണിക്ക് എന്നും ഹരമായിരുന്നു. തിരക്കുകള്‍ക്കിടയില്‍ നിന്ന് വീട്ടിലെത്തുന്ന മണി സായാഹ്നങ്ങളില്‍ ബൈക്കോടിച്ച് ചാലക്കുടി ടൗണിലും മാര്‍ക്കറ്റിലും കറങ്ങുന്നത് അവിടുത്തുകാര്‍ക്ക് സ്ഥിരം കാഴ്ചയായിരുന്നു.

നടനവൈഭവം നാടുകള്‍ കടന്നു തിമിര്‍ത്താടിയപ്പോഴും സാക്ഷാല്‍ ഗാനഗന്ധര്‍വ്വനെക്കാളും പാട്ടിനു പ്രതിഫലം കൂട്ടി വാങ്ങിയപ്പോഴും മണി തന്റെ സ്വത്വത്തെ മറന്നില്ല. ഒറ്റപ്പെട്ടു പിച്ചവെച്ച ഇല്ലായ്മയുടെ നാട്ടുവഴികളില്‍ മണി തന്റെ സമ്പാദ്യത്തിന്റെയും കരുതലുകളുടെയും സ്നേഹനദികള്‍ ഒഴുക്കി ജീവിച്ചു. ചാലക്കുടിപ്പുഴ ഒരിക്കല്‍ കേള്‍ക്കാതെതെകേട്ട നിശബ്ദവിലാപങ്ങളെ മണി വീണ്ടും സ്നേഹസമ്മിശ്രമായ മധുരഗീതികളാക്കി. മറുചെവിയറിയാതെപോലും മണി പാടിയ കാരുണ്യഗീതങ്ങളെത്രയെത്ര.. മനസ്സിന്‍റെ മഹത്വം മണിയുടെ വേഷഭൂഷാദികളെ അപഹരിച്ചില്ലെന്നത് എടുത്തുപറയേണ്ട ഒന്നാണ്.

മണിയുടെ ആഘോഷങ്ങൾ പല വൈവിദ്ധ്യങ്ങളാല്‍ സ്മരണീയമാണ്. മണി ഒരു 'പൊന്‍താര'മായ ശേഷമുള്ള ചില ആഘോഷാനുഭവങ്ങള്‍ മണി തന്നെ പറഞ്ഞുകേട്ടതും ഓര്‍മ്മയില്‍ വരുന്നു.

അട്ടപ്പാടിയിലെ ആയിരത്തോളം ആദിവാസികള്‍ക്കൊപ്പം വിഷുവും ഓണവുമൊക്കെ ആഘോഷിച്ചപ്പോഴും സാഹോദര്യചൈതന്യം മണിയുടെ മനസ്സിനെ ധന്യമാക്കിയിട്ടുണ്ട്. വിയര്‍പ്പിന്‍റെ സുഗന്ധം കൊണ്ടു അവിസ്മരണീയമായ ഒരോണം. ആ ആദിവാസി കോളനിയിലെ മുഴുവന്‍ പേര്‍ക്കും സദ്യയും ഓണക്കോടിയും മണി ഏര്‍പ്പാടാക്കിയിരുന്നു. പക്ഷേ സംഘാടകരില്‍ ആരുടെയോ പിഴവു കൊണ്ടോ എന്തോ ഒരാള്‍ക്കു മാത്രം ഷര്‍ട്ടും മുണ്ടും കിട്ടിയില്ല. വിഷമത്തോടെ അയാളത് മണിയോട് പറഞ്ഞപ്പോള്‍ മണി ധരിച്ചിരുന്ന സ്വന്തം ഓണക്കോടി അയാള്‍ക്കു കൊടുത്തിട്ട് പകരം അയാളുടെ വിയര്‍പ്പില്‍ കുതിര്‍ന്നു മുഷിഞ്ഞ വസ്ത്രം സന്തോഷത്തോടെ പകരം വാങ്ങി ധരിച്ചു. മണിയുടെ തന്നെ വാക്കുകളില്‍; "വര്‍ഷങ്ങള്‍ക്കുശേഷം യഥാര്‍ത്ഥ വിയര്‍പ്പിന്‍റെ മണം ഞാന്‍ ശ്വസിക്കുകയായിരുന്നു... എന്‍റെ അച്ഛന്‍റെ കഷ്ടപ്പാടിന്റെയും അധ്വാനത്തിന്റെയും മണം.. തിരിച്ചുപോരുമ്പോള്‍ എന്‍റെ മനസ്സ് ഒരുപാട് നിറഞ്ഞിരുന്നു. ഒരു നുള്ള് ചോറ് ഉള്ളില്‍ ചെല്ലാഞ്ഞിട്ടുപോലും..."

ദാരിദ്ര്യത്തിന്‍റെ വിലയറിഞ്ഞു വളര്‍ന്ന താരമായതിനാല്‍ സാമൂഹ്യ സേവന രംഗത്തും മണി സാന്നിധ്യമറിയിച്ചു. സ്വന്തം നാട്ടിലുള്ളവരെ തന്നെ സഹായിക്കാനായിരുന്നു മണി മുന്നില്‍ നിന്നത്. ലോകത്തെവിടെയായിരുന്നാലും മണിക്കൊപ്പം ചാലക്കുടിയിലെ തന്‍റെ ഉറ്റസുഹൃത്തുക്കളെയും ഒപ്പം കൂട്ടിയിരുന്നു. അവശതയനുഭവിക്കുന്നവര്‍ക്ക് കൈയ്യയച്ച് സഹായം ചെയ്യുന്നതിലും മണി മടി കാട്ടിയില്ല. മണിയില്ലാത്ത ഒരു ചാലക്കുടിയെക്കുറിച്ച് അന്നാട്ടുകാര്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. അത്രയ്ക്കുണ്ടായിരുന്നു മണിയ്ക്ക് ആ നാടുമായുള്ള ബന്ധം. ഷൂട്ടിംഗ് തിരക്കിലല്ലെങ്കില്‍ മണിയുണ്ടാകും ചാലക്കുടിയിലെ ഏതു പരിപാടിയ്ക്കും. അതു കലാപരിപാടിയായാലും, ഉത്സവമായാലും, പള്ളിപ്പെരുന്നാളായാലും, ഓണാഘോഷമായാലും. മണിയെ വിട്ട് അവര്‍ക്കൊരു ആഘോഷമില്ല. ചാലക്കുടിക്കാരുടെ ആ ഉറ്റ സുഹൃത്തിനെയാണ് ഇന്നവര്‍ക്കു നഷ്ടമായിരിക്കുന്നത്. മണിയുടെ വിയോഗത്തില്‍ മലയാളക്കരയൊന്നാകെ തേങ്ങുമ്പോഴും, ചാലക്കുടിക്കാര്‍ വേദന ഉള്ളില്‍ അമര്‍ത്തി പറയും; "ഇല്ല... ഞങ്ങളുടെ മണി മരിച്ചിട്ടില്ല. അവന്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടെന്ന്". കാരണം മണി ജീവിക്കുന്നത് അവരുടെ ഹൃദയങ്ങളിലാണ്.

ഏതു മനുഷ്യന്‍റെയും മരണം നമ്മിലും ഒരു കുറവുവരുത്തുന്നുണ്ട്. അത് പ്രിയപ്പെട്ടവരുടെയോ ഉറ്റവരുടെതോ ആകുമ്പോൾ നഷ്ടത്തിന്‍റെയും വേദനയുടെയും ആഴം കൂടുന്നു .ചിരികൊണ്ടും കഴിഞ്ഞകാല ജീവിതത്തിന്‍റെ വേദനകളുടെ കണ്ണീരുകൊണ്ടും മലയാളികളുടെ മനസ്സുകീഴടക്കിയ കലാഭവൻ മണി അകാല വേർപാടിലൂടെ കാലത്തിന്റെ കറുത്ത തിരശ്ശീലക്കു പിന്നിലേക്ക് മറയുമ്പോൾ മലയാളിക്ക് കൂടെയുള്ള ഒരാൾ നഷ്ടമായതുപോലെ തോന്നുന്നുവെങ്കില്‍ അതിനു കാരണം മണി തികച്ചും ജനകീയനായിരുന്നു എന്നതു മാത്രം. പച്ചയായ ജീവിതാനുഭവങ്ങളുടെ പരുഷത ഏറെ അറിഞ്ഞ മണി സിനിമയുടെ ആർഭാടങ്ങളിലേക്ക് വന്നപ്പോഴും ജനങ്ങളോടൊപ്പം ഉണ്ടായിരുന്നു.

തന്‍റെ കുടുംബത്തിനു ആരും കണ്ടാല്‍ കൊതിക്കുന്ന ഒരു "മണിക്കൂടാരം" തന്നെ ഒരുക്കിയ മണി തനിക്കു മാത്രം സ്വന്തമായ നിമിഷങ്ങളെ ആസ്വദിക്കാന്‍ തന്‍റെ അച്ഛന്റെ വിയര്‍പ്പിറ്റ് ഉര്‍വ്വരമായ ഭൂമി തന്നെ തിരഞ്ഞെടുത്തു. പണം വന്നപ്പോള്‍ അച്ഛന്‍ പണിയെടുത്ത പറമ്പുകള്‍ ഒന്നൊന്നായി വാങ്ങിയിട്ട് "എന്റെ അച്ഛന്‍റെ വിയര്‍പ്പു വീണ മണ്ണ് ഞാന്‍ വാങ്ങി" എന്നു മണി അഭിമാനത്തോടെ പറഞ്ഞപ്പോള്‍ അത് അഹങ്കാരമായി ആരും കണ്ടില്ല. മറിച്ച്, ഒന്നുമല്ലാതിരുന്ന ഒരു കാലത്തിന്റെ മറുപുറമായാണ് നാം കണ്ടത്. മലയാളികള്‍ക്കാകമാനം "മണികിലുക്ക"മായി മാറിയ മണി പക്ഷെ ചിലര്‍ക്കെങ്കിലും വെറും മണി(money) മാത്രം ആയിരുന്നുവെന്നറിഞ്ഞതും ആ മരണത്തിലെ ദുരൂഹതകള്‍ ഒരു സമസ്യ ആയതും ഓരോ മലയാളമനസ്സിലെയും മുറിവ് തന്നെ. ആ 'മണി കണ്ഠത്തിൽ' നിന്നും മലയാളികൾക്ക് ലഭിച്ച ഗാനത്തിന്റെ ഒടുവിലത്തെ വരികള്‍ എന്തിനോ നമ്മെ അസ്വസ്ഥരാക്കുന്നു. കലാഭവന്‍ മണിയുടെ അവസാനത്തെ ഗാനം അറം പറ്റിയോ എന്നു ആരും ചിന്തിച്ചുപോകും. "നേരെ പടിഞ്ഞാറ് സൂര്യന്‍..താനേ മറയുന്ന സൂര്യന്‍.. ഇന്നലെ ഈ തറവാട്ടില്‍ തത്തിക്കളിച്ചൊരു പൊന്‍സൂര്യന്‍ ...തെല്ലുതെക്കുപുറത്തെ മുറ്റത്ത്...ആറടിമണ്ണിലുറങ്ങിയല്ലോ" .................... മണിയുടെ ചിരിയും ഭാഷണങ്ങളും നവരസങ്ങളും ഗാനങ്ങളും നമ്മുടെ ഹൃദയങ്ങളിലാണ് ആര്‍ത്തലച്ചു പെയ്തത്.. ആ അലയൊലികൾ ഒരിക്കലും അവസാനിക്കില്ല....

© Copyright 2018 Manoramaonline. All rights reserved....