അന്ന് വിഷുവിന് സദ്യ ഉണ്ടെങ്കിലായി, ഇത്തവണ എങ്ങനെയിരിക്കുമോ?
ലക്ഷ്മി വിജയൻ
അങ്ങു വടക്കോട്ടാണ് വിഷുവിന് പൂത്തിരിയത്രയും. പടക്കം പൊട്ടിക്കലൊക്കെയായി തെക്കുള്ളവരേക്കാൾ വിഷുവിന് ഇത്തിരി ആഘോഷം കൂടുതലാണ് അവർക്ക്. നമുക്ക് അത് ദീപാവലിക്കാണ്. അതുകൊണ്ട് വിഷുവിനെന്താ പരിപാടിയെന്നു തെക്കോട്ടുള്ളവരോടു ചോദിച്ചാൽ...ഓ കൈനീട്ടമൊക്കെ കിട്ടി കണി കണ്ടു...അങ്ങനെയങ്ങു പോയി എന്നാണ് മിക്കവരും പറയാറ്. നമ്മുടെ സ്വന്തം ഇന്ദ്രൻസേട്ടനും അതുപോലെ തന്നെ. വിഷുവിനെക്കുറിച്ചൊക്കെ ചോദിച്ചാൽ ഞാനെന്താണ് പറയേണ്ടത് എന്നു തന്നെയറിയില്ല. നമുക്ക് പടക്കം പൊട്ടിക്കലൊക്കെയങ്ങ് ദീപാവലിക്കല്ല...എങ്കിലും ഇത്തവണത്തെ വിഷു ഇന്ദ്രൻസേട്ടനു സ്പഷലാണ്. കാരണം, ജീവിതത്തിലേക്ക് ആദ്യമായി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം എത്തിയതിനു ശേഷമുള്ള വിഷുവാണ്.
ഇത്തവണ സ്പഷലാണ്, അതു ശരിയാണ്. കുറച്ചു പടക്കമൊക്കെ പൊട്ടിക്കണം എന്നൊക്കെ കരുതുന്നു...ചുമ്മാ പറഞ്ഞതാണ്. എന്നെ സംബന്ധിച്ച് അങ്ങനെ വിഷു ഓർമകളൊന്നും ഒത്തിരിയില്ല. എങ്കിലും കൈനീട്ടക്കാര്യം മറന്നു പോയിട്ടില്ല. കുഞ്ഞിലേ എല്ലാവരിൽ നിന്നും കൈനീട്ടം വാങ്ങാനുള്ള യാത്രയാണ്. അന്നു വൈകുന്നേരമാകുമ്പോൾ ഞങ്ങൾ പിള്ളേരെല്ലാം കൂടി കളക്ഷൻ നോക്കും ആർക്കാണ് കൂടുതൽ കിട്ടിയത് എന്നറിയാൻ. അതുകഴിഞ്ഞാൽ അതു കുടുക്കയിലിട്ടു വയ്ക്കും. പിറ്റേ വിഷുവിന് അമ്മയ്ക്ക് കൊടുക്കും അല്ലെങ്കിൽ എന്തെങ്കിലും ചെറിയ ആഗ്രഹങ്ങളൊക്കെ സാധിക്കും, അത്രതന്നെ.
വിഷുവൊന്നും മനസ്സിനോടു ചേർന്നു നിൽക്കുന്നില്ല എനിക്ക്. കാരണം എന്താണെന്ന് അറിയില്ല. കണി കാണണം എന്ന നിർബന്ധമില്ല. പക്ഷേ എങ്കിലും ആ ദിനം സന്തോഷമായിരുന്നു മിക്കപ്പോഴും. ചെറിയൊരു സദ്യയോ മറ്റോ ഉണ്ടായാലായി. എങ്കിലും അതൊരു നന്മ നിറഞ്ഞ പങ്കുവയ്ക്കലിന്റെ ഓർമയാണ് സമ്മാനിക്കുന്നത്. വീട്ടിലെ ഏറ്റവും മുതിർന്നയാൾ എല്ലാവർക്കും ഒരു ചെറിയ സമ്മാനം പോലെ നിറഞ്ഞ ചിരിയോടെ കൈ നീട്ടം തരുന്നു.
അതുകഴിഞ്ഞ് നാട്ടിലേക്കിറങ്ങുമ്പോൾ പരിചയമുളളവർ തമ്മിലും അങ്ങനെ ചെയ്യുന്നു. അത് ഇന്നും തുടരുന്നുണ്ട്. എങ്കിലും സിനിമയിലെത്തിയതിനു ശേഷം മിക്ക വിഷുവും സെറ്റുകളിലായിരിക്കും. ആ ദിനം എന്നത്തേയും പോലെയങ്ങു കടന്നുപോകും. ഇത്തവണ എങ്ങനെയായിരിക്കും എന്നറിയില്ല. ഒരു സിനിമയുടെ ഷൂട്ടിങിലാണ് ഇപ്പോൾ..