പടക്കം പൊട്ടീ, പൊട്ടീല്ല, പിന്നെ ശരിക്കും പൊട്ടിയപ്പഴോ...
വീണ ചിറക്കൽ
കഴിഞ്ഞ കൊല്ലം വരെയും വിഷുവെന്നാൽ കണിക്കൊന്നയും കണിയും കൈനീട്ടവും പിന്നെ അൽപസ്വൽപം പടക്കം പൊട്ടിക്കലും മാത്രമായിരുന്നു. അതിനപ്പുറം ഓർമകളൊന്നും പറയാനുള്ള ഒരു വിഷുവും കടന്നു പോയിരുന്നില്ല. എന്നാൽ കഴിഞ്ഞ വിഷു ഒരഡാറു വിഷുവായിരുന്നു. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയതിനു ശേഷമുള്ള ആദ്യത്തെ വിഷുവാണ്. ഇഷ്ടംപോലെ പടക്കങ്ങളുമുണ്ട്. പടക്കം പൊട്ടിക്കാൻ തുടങ്ങുമ്പോഴേക്കും ഭർത്താവിന്റെ വക കമന്റുകൾ വരുന്നുണ്ടായിരുന്നു ‘ശ്രദ്ധിച്ചു ചെയ്യ്, നോക്കണം, അങ്ങനെ, ഇങ്ങനെ...’ എന്നൊക്കെ. വീട്ടിലാണെങ്കിൽ ആ റോൾ അമ്മയുടേതാണ്. സംഗതി പടക്കത്തിന്റെ ശബ്ദം കേൾക്കുമ്പോഴേക്കും വാതിലടച്ചു കുറ്റിയിടുന്നയാളാണെങ്കിലും ഇടയ്ക്കിടെ പൊട്ടിക്കുന്നതു ഞാനാണോയെന്നറിയാൻ പുറത്തേക്കു വരുന്നതും ‘ഇടവും പുറവും നോക്കാത്ത, ശ്രദ്ധ തീരെയില്ലാത്ത പെണ്ണാണ്, നോക്കണം’ എന്നു പറഞ്ഞ് അച്ഛനെ കുറ്റപ്പെടുത്തുന്നതും കാണാം.
ഇക്കുറി ഭർത്താവു പറയുമ്പോഴും 'ഈ എന്നോടോ ബാലാ' എന്ന മട്ടില്‍ ഒരായിരം പടക്കങ്ങൾ പൊട്ടിച്ച വമ്പോടെ അങ്ങു െപാട്ടിക്കാൻ തുടങ്ങി. ഒന്നേ, രണ്ടേ, മൂന്നേ.... കൂട്ടത്തിൽ അച്ഛനും കസിൻസും ചേട്ടന്റെ മോനുമൊക്കെയുണ്ട്. വിഷുവിനല്ലെങ്കില്‍ പിന്നെപ്പഴാ പടക്കം പൊട്ടിക്കുന്നെ എന്നൊക്കെപ്പറഞ്ഞു ഭർത്താവിനെ കളിയാക്കി മൽസരത്തോടെ പൊട്ടിക്കുകയായിരുന്നു ഞങ്ങൾ. നല്ല യമണ്ടൻ ഓലപ്പടക്കങ്ങൾ ഓരോന്നായി പൊട്ടിച്ചോണ്ടിരിക്കുന്നതിനിടയിൽ തിരികൊളുത്തി വലിച്ചെറിയാൻ നിന്ന ഒരു പടക്കം കത്തിയില്ലെന്ന തോന്നൽ. രണ്ടാംവട്ടം വീണ്ടും കത്തിക്കാൻ തുടങ്ങുമ്പോൾ ഭർത്താവ് വിളിച്ചു കൂവുന്നുണ്ട് അതു കത്തിത്തുടങ്ങിക്കാണും വലിച്ചെറിയെന്ന്, പക്ഷേ എനിക്കത്ര തീർച്ച പോരായിരുന്നു. മൂന്നാംവട്ടവും തിരികൊളുത്തി വലിച്ചെറിഞ്ഞതേ ഓർക്കുന്നുള്ളു. പിന്നെ കേട്ടത് ചെവിയിലൂടെ ഒരു തീവണ്ടിച്ചൂളമായിരുന്നു.
കുറച്ചു നേരത്തേക്ക് അതങ്ങനെ തന്നെയുണ്ടായിരുന്നു. ചെവിക്കെന്തോ കാര്യമായി പറ്റിയെന്നാണ് ആദ്യം തോന്നിയത്, പതിയെ കയ്യിലേക്കു നോക്കിയപ്പോൾ കറുത്തു കിടക്കുകയാണ്. ‘ഒരു വെടിയും പുകയും, പിന്നൊന്നും ഓർമയുണ്ടായിരുന്നില്ല’ എന്ന സിനിമാ ഡയലോഗു പോലെയായിരുന്നു അവസ്ഥ. ചേട്ടൻ വന്ന് കൈ നോക്കി കുഴപ്പമില്ലെന്നു പറയുമ്പോഴും കയ്യിലേക്കു പിന്നീടൊന്നു നോക്കാൻ പേടി തോന്നിയിരുന്നു, അത്രയ്ക്കു നീറ്റലായിരുന്നു. കൈ പതിയെ കഴുകി നോക്കിയപ്പോഴാണ്, പടക്കം െപാട്ടിയതിന്റെ ചില്ലറ ശേഷിപ്പുകൾ കൈപ്പത്തിക്കുള്ളിൽ അവിടവിടെയായി കിടപ്പുണ്ട്. പിന്നെ ചുറ്റൂള്ളതൊന്നും കാണാൻ പറ്റാത്തത്ര വിധം നീറ്റലും പുകച്ചിലുമായിരുന്നു. കരയില്ലെന്നുറച്ചു നിക്കുമ്പോഴും കണ്ണിലൂടെ വെള്ളം ഊർന്നൂർന്നു വീണു.
ഭര്‍ത്താവും നാത്തൂനുമൊക്കെ അപ്പുറത്തും ഇപ്പുറത്തും നിന്ന് ഊതിയും വീശിയുമൊക്കെ തരുന്നുണ്ട്. 'ഇതിന്റെയൊക്കെ വല്ല കാര്യോണ്ടായിര്ന്നാ' എന്ന് ഭർത്താവിന്റെ കണ്ണുകൾ പറയുന്നുണ്ടോ, ഹേയ് േതാന്നിയതാവും. ഒപ്പം ഐസ് വെക്കാൻ കക്ഷി ശ്രമിച്ചെങ്കിലും നീറ്റലിന്റെ കാഠിന്യത്തിൽ അതു മുഴുമിക്കാൻ ഞാൻ സമ്മതിച്ചില്ല. അൽപസമയം കഴിയുമ്പോഴേക്കും ഒകെ ആകുമായിരിക്കും എന്നു കാത്തിരുന്നതു വെറുതെയായി, വേദനയും പുകച്ചിലും കൂടിക്കൂടി വന്നു. ആശുപത്രിയില്‍ പോകാതെ രക്ഷയില്ലെന്നായതോടെ നേരെ വിട്ടു, അടുത്തുള്ള നിർമല ഹോസ്പിറ്റലിലേക്ക്.
വിഷു ആയതുകൊണ്ടാകും ആശുപത്രിയിൽ തിരക്കു തീരെയില്ലായിരുന്നു, പടക്കം പൊട്ടിച്ചു കൈപൊള്ളി വരുന്ന യുവതിയെ കണ്ട നഴ്സുമാരിൽ ചിലർ കളിയാക്കി ചിരിക്കുന്നുണ്ടോ ഹേയ് അതും തോന്നിയതാകും. കൈ പതിയെ ക്ലീൻ ചെയ്ത് മരുന്നു വെച്ച് ഇൻജക്‌ഷനും വച്ചു തിരികെ വിടുമ്പോൾ ആ സുന്ദരിയായ നഴ്സു പറഞ്ഞതാണ് ഏറ്റവും രസം, ഇവിടെ പടക്കം പൊട്ടിച്ച് ഒരു പെൺകുട്ടിയെ കൊണ്ടുവരുന്നത് ഇതാദ്യമാണെന്ന്. ‘അതെന്താ പടക്കം പൊട്ടിക്കൽ ആണുങ്ങളുടെ കുത്തകയാണോ മിഷ്ടർ?’ എന്നു ചോദിക്കണമെന്നൊക്കെ ഉണ്ടായിരുന്നെങ്കിലും കൊറേനേരത്തേക്ക് കിളിപോയ അവസ്ഥയായിരുന്നോണ്ട് മിണ്ടാതിരുന്നു.
തിരിച്ചു വീട്ടിലെത്തി വേദനയ്ക്കൊക്കെ ഒരാക്കം വന്നപ്പോൾ ഭര്‍ത്താവ് ആരോടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു ‘അതേയ് പണ്ടൊരു പഴഞ്ചൊല്ലുണ്ടായിരുന്നില്ലേടാ അതെന്തായിരുന്നു’. ഏതു പഴഞ്ചൊല്ലെന്നു ഞാൻ, ‘അറിയാത്ത പിള്ള... എന്നൊക്ക പറഞ്ഞിട്ടുള്ള അതിന്റെ ബാക്കി എന്തായിരുന്നു...’. തിരിച്ചു പറയാനുള്ളത് കേൾക്കാൻ നിക്കാതെ എനിക്കുള്ള ഭക്ഷണം എടുത്തുവരാൻ പോയ ഭർത്താവിനോട് മനസ്സിൽ ഞാൻ പറഞ്ഞു ‘അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും’ എന്നാണോ ചേട്ടാ എന്ന്...