വയറിന്റെ വേവ് ശമിപ്പിക്കാൻ ഒരുപിടി അരി എടുത്താൽ അന്ന് കണ്ണടയ്ക്കുമായിരുന്നു...
രമ്യ ബിനോയ്
തെക്കേ അതിരിലെ ചക്കരമാവിൽ നിന്നാണ് ആദ്യം ആ വിളി ഉയരുക... "വിത്തും കൈക്കോട്ടും..." വിഷുപ്പക്ഷി തന്റെ വരവറിയിക്കുന്നതാണ്. അതോടെ ഞങ്ങൾ കുട്ടികൾ മറുകൂക്കു കൂകും, "ചക്കയ്ക്കുപ്പുണ്ടോ... കള്ളൻ ചക്കയിട്ടു... കണ്ടാമിണ്ടണ്ട... കൊണ്ടെത്തിന്നോട്ടെ...ചക്കയിട്ട കള്ളന് വിശക്കുന്നുണ്ടാകും എന്ന ഗ്രാമ്യനന്മയോടെ പേരക്കുട്ടികൾ വളരണമെന്ന് മോഹിച്ച മുത്തശ്ശിമാർ പഠിപ്പിച്ച പാട്ട്... അതെ... അതായിരുന്നു ആ കാലം... കാഞ്ഞ വയറിന്റെ വേവ് ശമിപ്പിക്കാൻ ഒരുപിടി അരിയും മുളകും എടുത്താൽ അത് കണ്ണടയ്ക്കേണ്ട തെറ്റു മാത്രമായിരുന്നു അന്ന്...
വല്യ പരീക്ഷ കഴിഞ്ഞു സ്കൂൾ പൂട്ടിയിരിപ്പാണ്. നേരം പുലർന്നാൽ അന്തിയാകും വരെ, കൊയ്ത്തു കഴിഞ്ഞ പാടത്തു കളിച്ചുതിമിർത്തും തോട്ടിലെ ഇത്തിരി വെള്ളത്തിൽ തോർത്തുമുക്കി മീൻ പിടിച്ചും നടപ്പാണ്. അതിനിടയിൽ മുറ്റത്തരികിലെ കണിക്കൊന്ന മുറ്റത്തൊരു മഞ്ഞപ്പൂക്കളം തീർക്കാൻ തുടങ്ങുമ്പോളാണ് വിഷുവിനെ കുറിച്ച് ഓർമ വരിക. ഓണക്കാലത്തെ പോലെ ദിവസങ്ങൾ നീളുന്ന ആഘോഷമില്ലെങ്കിലും കോടിയണിയാൻ പറ്റിയില്ലെങ്കിലും വിഷുവും ഞങ്ങൾ കുട്ടികൾക്ക് സന്തോഷങ്ങളുടെ ചാകരക്കാലമാണ്.
വിഷുവിനു രണ്ടു ദിവസം മുൻപേ അമ്മയ്ക്ക് തിരക്കാകും. വീട് മുഴുവൻ കഴുകി വെടിപ്പാക്കും. എന്നിട്ടു കർക്കടകത്തിലെ സംക്രാന്തിക്കെന്ന പോലെ പഴംതുണിയും പൊട്ടിയ ചെരിപ്പും പഴയ ചൂലുമൊക്കെ കത്തിച്ചു കളയും. "ആണ്ടുപിറപ്പ് ഒന്നാന്തിയാ വരുന്നേ"ന്ന് ന്യായവും പറയും. ചിങ്ങത്തിലാണ് ആണ്ടുപിറപ്പെന്ന് മനസ്സിലാക്കി വച്ചിരിക്കുന്ന ഞങ്ങൾ പിള്ളേർ കാര്യമറിയാതെ അന്തം വിടും. കാർഷിക കലണ്ടറിനെ കുറിച്ചൊന്നും അന്ന് അറിയില്ല.
വിഷുവിനു തലേന്ന് 'അമ്മ തൊടിയിലേക്ക് ഇറങ്ങും. പയറും മത്തനും മാമ്പഴവും കൈതച്ചക്കയുമൊക്കെ മുറം നിറയെ ശേഖരിച്ചാണ് തിരിച്ചെത്തുക. ഒരു ചെറിയ ചക്കയുമുണ്ടാകും കണി വിഭവങ്ങളിൽ. കണിവെള്ളരി ഏതു വേണമെന്ന് കായ വിരിയുമ്പോൾ തന്നെ അമ്മക്ക് നിശ്ചയമുണ്ട്. ആ മനക്കണക്ക് കൃത്യമായിരിക്കുകയും ചെയ്യും. വിഷുവിനു തലേന്ന് അത് ആകെ മഞ്ഞ അണിഞ്ഞിട്ടുണ്ടാകും. പത്തായത്തിൽ നിന്നു കുറച്ച് നെല്ലെടുത്തു കുട്ടിപ്പറയിൽ നിറച്ചുവയ്ക്കും. ഉണക്കലരി നേരത്തെ ഉരലിൽ കുത്തി എടുത്തിട്ടുണ്ടാകും.
വിടരാൻ വെമ്പിനിൽക്കുന്ന കണിക്കൊന്ന കുലകൾ എത്തിക്കേണ്ടത് ഞങ്ങൾ കുട്ടികളാണ്. ഞങ്ങൾ അതിൽ കൈവയ്ക്കും മുൻപേ തൃക്കയിലെ വാസുദേവൻ നമ്പൂതിരി വരും, കോവിലിലെ കണ്ണന് കണിവയ്ക്കാനുള്ള കുലകൾ പൊട്ടിക്കാൻ. കണ്ണനുള്ളത് കൊണ്ടുപോയിക്കഴിഞ്ഞാൽ നമ്മുടെ ഊഴമാണ്. ഏതു മരശിഖരത്തിന്റെ തുഞ്ചത്തും നിമിഷനേരം കൊണ്ട് വലിഞ്ഞു കയറുന്ന എനിക്കാണ് പൂക്കുല പൊട്ടിക്കാനുള്ള ചുമതല. മറ്റു കുട്ടികൾ താഴെ നോക്കിനില്കുമ്പോൾ ഞാൻ ഗമയിൽ കൊന്നച്ചില്ലകളിൽ അണ്ണനെ പോലെ പാഞ്ഞുകളിക്കും. അടുത്ത വീട്ടുകാർക്കുള്ളതും വഴിപോക്കർ ചോദിച്ചാൽ കൊടുക്കാനുള്ളതുമൊക്കെ വെവ്വേറെ പൊട്ടിച്ചു വയ്ക്കും.
രാത്രി ഉറങ്ങും മുൻപാണ് കണിയൊരുക്കത്തിന്റെ മേളം. ഗുരുവായൂരപ്പന്റെ ചിത്രത്തിന് മുന്നിലാണ് കണിവയ്ക്കുന്നത്. ഫലമൂലങ്ങളും പച്ചക്കറികളും അരിയും നെല്ലുമൊക്കെ യഥാവിധി ഓട്ടുരുളിയിൽ ഒരുക്കിവയ്ക്കും. സ്വര്ണകസവുള്ള കോടിമുണ്ടും നാണയങ്ങളും സ്വർണവും വാൽകണ്ണാടിയുമൊക്കെ അതിലുണ്ടാകും. പിന്നെ ഉമിയിട്ടു തേച്ചുമിനുക്കി പൊൻനിറമാക്കിയ വിളക്കിൽ ഏഴു തിരിയിട്ടു വെച്ചിരിക്കും. അന്ന് നേരത്തെ കിടന്നുറങ്ങും. രാവിലെ അഞ്ചു മണിയാകുമ്പോൾ അമ്മ വന്ന് കണ്ണുപൊത്തി വിളിക്കും. ഇപ്പോൾ ഫെയ്‌സ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്യുന്ന കസവുടുത്തു മേക്കപ്പ് ഇട്ട സുന്ദര ചിത്രങ്ങൾ പോലെയല്ല യഥാർഥ കണികാണൽ. കിടക്കപ്പയിൽ നിന്ന് എഴുന്നേറ്റ പടി കണ്ണ് തുറക്കാതെയാണ് കാണിക്കു മുന്നിൽ എത്തുക. കൺതുറക്കുമ്പോൾ പൊൻപ്രഭയിൽ കുളിച്ചു മുന്നിൽ നില്കുകയാകും കണ്ണൻ. ആദ്യം ഭഗവാനെ നോക്കിയ ശേഷം ഓരോ കണിവിഭവങ്ങളിലും നോട്ടമെത്തണം. കണി കണ്ടു കഴിഞ്ഞാലുടൻ അച്ഛന്റെ വക കൈനീട്ടം. പിന്നെ കുളിച്ചു വന്ന് ഉമ്മറത്തിണ്ണയിൽ ഇരുന്നു "കണികാണും നേരം" ഉച്ചത്തിൽ ചൊല്ലും.
നേരം പുലർന്നു കഴിഞ്ഞാൽ ബന്ധുക്കളും അയൽവാസികളും വരവായി, കൈനീട്ടവുമായി. ആ സമയമാകുമ്പോഴേക്കും പാടത്തു പണിയുടെ മേൽനോട്ടം വഹിക്കുന്ന വർക്കി അപ്പൂപ്പനും കൊച്ചുമക്കളും കണി കാണാൻ വരും. ഞങ്ങൾക്ക് തന്ന പോലെ തന്നെ അച്ഛൻ അവർക്കും കൈനീട്ടം കൊടുക്കും. പിന്നെ എല്ലാവരെയും നിരത്തി ഇരുത്തി ഇഡ്‌ഡലിയും സാമ്പാറും ചട്ണിയും അമ്മ വിളമ്പും. കൂടെ കുറച്ചു ചക്ക ഉപ്പേരിയും ഉണ്ടാകും. തലേന്ന് വൈകിട്ട് പുഴുങ്ങാൻ വെച്ച കുമ്പിളപ്പവും കിട്ടും പ്രാതൽ കഴിഞ്ഞാൽ.
പിന്നെ ചേച്ചിമാർക്കും കൂട്ടുകാർക്കുമൊപ്പം ഉച്ചവരെ കളിച്ചു തിമിർക്കാം. ഉച്ചക്ക് ഉണ്ണാൻ കൂടെ പഠിക്കുന്ന കൂട്ടുകാരെ മുന്നേ ക്ഷണിച്ചിട്ടുണ്ടാകും. ഞങ്ങളെയും കൂട്ടുകാരെയും വീട്ടിൽ പണിക്കു വരുന്ന ചേച്ചിമാരുടെ മക്കളെയും പാടത്തു പണിക്കു വരുന്നവരുടെ കുട്ടികളെയുമൊക്കെ ഒന്നിച്ചിരുത്തി അമ്മ സദ്യ വിളമ്പും. നിലത്തു വിരിച്ചിട്ട പുല്പായയിൽ ചമ്രംപൂട്ടിയിരുന്നു വേണം സദ്യ ഉണ്ണാൻ. സദ്യക്കൊടുവിൽ വിളമ്പുന്ന അടപ്രഥമനാണ് ഏറ്റവും രുചി. പിന്നെ മുതിർന്നവരുടെ ഊഴമായി. അപ്പോഴും അമ്മ ഇരിക്കാറില്ല. എല്ലാറ്റിനുമൊടുവിൽ, അടുക്കളയിൽ ജോലി ചെയ്യുന്ന ചേച്ചിമാർക്കൊപ്പമാണ് അമ്മയുടെ ഊണ്.
അപ്പോഴേക്കും സദ്യയുടെ ആലസ്യം നമ്മളെ ഒട്ടൊന്നു വിട്ടൊഴിഞ്ഞിട്ടുണ്ടാകും. പിന്നെയും കളിക്കാൻ ഇറങ്ങുകയായി. വെയിൽ ചായുമ്പോൾ പാടത്തേക്ക് ഓടും. പിന്നെ അവിടത്തെ കളി കഴിഞ്ഞു സന്ധ്യയ്ക്കാണ് മടക്കം. കാള പൂട്ടിയ പോലെ ദേഹം നിറയെ ചേറുണ്ടാകും. പക്ഷേ അന്നു മാത്രം അമ്മ ഒന്നും പറയില്ല, വടിയെടുക്കില്ല. കുളിച്ചു വരാൻ പറഞ്ഞു വിടും. ഇതിനിടയിൽ വിഷുക്കൈനീട്ടം ചേർത്തുവച്ചു പടക്കം വാങ്ങിയിട്ടുണ്ടാകും. രാത്രി പടക്കം പൊട്ടിച്ചു തീരുന്നതോടെ വിഷു ആഘോഷത്തിനു കൊടിയിറങ്ങുകയായി.
പിന്നെ പത്താമുദയത്തിലെ കൃഷിയൊരുക്കങ്ങളൊന്നും ഞങ്ങൾ കുട്ടികൾ അറിഞ്ഞിരുന്നില്ല, കാരണം, "പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാൻ ഉണ്ണും" എന്നതായിരുന്നു അമ്മയുള്ള കാലത്തോളം ഞങ്ങളുടെ 'ഭക്ഷ്യസുരക്ഷാ നയം'.
ഒടുവിൽ ഒരു വിഷു ആഘോഷം കഴിഞ്ഞു മാസമൊന്നു തികയും മുൻപേ അമ്മ യാത്രയായി. അപ്പോഴും അടുക്കളയിൽ രണ്ടു ഭരണികൾ നിറയെ അമ്മ കണ്ണിമാങ്ങാ അച്ചാർ ഇട്ടുവച്ചിരുന്നു. പിന്നീട് വന്ന രണ്ടു വിഷുവിനും ഓണത്തിനും കണ്ണുനിറച്ച്, മനസ്സ് നിറയെ ഉണ്ണാൻ...