Vishu 2018

Vishu 2018

കൊന്നമരത്തെ സ്നേഹിച്ചവൻ

ജി.പ്രമോദ്

ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നാണത്; സ്വന്തമായി ഒരു വീട്. വീടു നിർമിക്കാൻ വാങ്ങിയ സ്ഥലത്ത് തെങ്ങും മാവും പ്ളാവും തേക്കുമൊന്നുമില്ലെങ്കിലും വേണ്ട ഒരു കൊന്ന വേണമെന്നു വാശി പിടിച്ച ഒരു സുഹൃത്തുണ്ട്. അങ്ങനെയൊരാൾ സുഹൃത്താണെന്നു പറയുമ്പോൾ തന്നെ അഭിമാനമുണ്ട്. കൊന്നമരങ്ങളിൽ സ്വർണം വിളയുന്ന പുണ്യകാലം ഉദിച്ചുവരുംപോലെ ഒരഭിമാനം.

വീടെന്ന സ്വപ്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് തിരിച്ചറിയുന്നത് ഇടിഞ്ഞുപൊളിഞ്ഞ വീട്ടിൽ താമസിച്ചപ്പോഴോ വാടകമുറിയിൽ ഒട്ടിയ വയറുമായി അന്തിയുറങ്ങിയപ്പഴോ അല്ല; ആ സുഹൃത്തിന്റെ വാക്കുകൾ കേട്ടപ്പോൾ. അത്രവലിയ അടുപ്പമൊന്നുമില്ലെങ്കിലും സുഹൃത്തുതന്നെയാണവൻ.എടാ, പോടാ എന്നൊക്കെ വിളിച്ച് തോളത്ത് നോവിക്കാതെ ഒരടി കൊടുക്കാൻ സ്വാതന്ത്ര്യമുള്ളയാൾ. പുതുതായി നിർമിച്ച വീട്ടിൽ കയറിത്താമസിക്കുന്നതിനെക്കുറിച്ചു പറയാൻ വിളിച്ചപ്പോൾ അവൻ പറഞ്ഞു: വീടും കുടുംബവുമൊക്കെ വലിയ കാര്യങ്ങളാണ്. നിനക്കതിനുള്ള ഭാഗ്യമുണ്ട്. അധികമെന്തെങ്കിലും പറഞ്ഞ് നോവിപ്പിക്കാതിരിക്കാൻ പെട്ടെന്നു ഫോൺവച്ചു. വിവാഹം തകരുകയും കുടുംബവീട്ടിലെ ഒറ്റമുറിയിൽ ജീവിക്കുകയും ചെയ്യുന്ന അവൻ പറയുന്നതായിരിക്കും ശരി. വലിയ കാര്യമാണ് തകരാത്ത ഒരു കുടുംബം. പരസ്പരം മനസ്സിലാക്കുന്ന കുടുംബാംഗങ്ങൾ. പിന്നെ സ്വന്തമായി ഒരു വീടും.

നാളേറെക്കഴിഞ്ഞ് അവൻ വിളിച്ചു. അസാധാരണമായ തകർച്ചകൾ മാത്രമുള്ള ജീവിതത്തിലെ പുതിയ ഏതെങ്കിലും ദുരന്തത്തെക്കുറിച്ചു പറയാനായിരിക്കുമോ വിളിക്കുന്നതെന്നു പേടിച്ചു. അല്ല. കുറച്ചു സ്ഥലം വാങ്ങി. അവിടെയൊരു വീടു വയ്ക്കുകയാണ്. അപ്പോഴേക്കും വീണ്ടുമവൻ കുടുംബജീവിതത്തിലേക്കു കാലെടുത്തുവച്ചിരുന്നു. വീടു വയ്ക്കുകയാണെന്നു പറഞ്ഞപ്പോൾപോലുമില്ലാതിരുന്ന ആവേശത്തോടെ അവൻ പറഞ്ഞു: വീടു വയ്ക്കാൻ വാങ്ങിയ സ്ഥലത്ത് മുറ്റത്ത് കോണിൽ.ഒരു കൊന്നച്ചെടിയുണ്ട്. ചെറുതാണ്. പക്ഷേ, കൊന്ന പെട്ടെന്നു വളരും. ഒരുപക്ഷേ വീടുപണി കഴിയുമ്പോഴേക്കും പൂവിട്ടുവെന്നു വരാം. കൊന്ന പൂത്താലും ഇല്ലെങ്കിലും വീടുപണി വേഗം കഴിയണേ എന്നാഗ്രഹിച്ചു. കുറച്ചധികം തകർച്ചകളെ നേരിട്ടവനാണ്. ഈ ആഗ്രഹമെങ്കിലും തടസ്സമില്ലാതെ പൂർത്തിയാകട്ടെ. പരിഭവങ്ങൾ ഒഴിഞ്ഞ മനസ്സുമായി അവൻ ചിരിച്ചുകാണണം.

ഒരു ഒഴിവു കിട്ടിയപ്പോൾ മുന്നറിയിപ്പു കൊടുക്കാതെ വീടുപണി നടക്കുന്ന സുഹൃത്തിന്റെ സ്ഥലത്തേക്കു കയറിച്ചെന്നു. തൊഴിലാളികൾ കുറച്ചുപേരുണ്ട്. നാട്ടുകാരേക്കാളധികം ഇതരസംസ്ഥാനക്കാർ. ഓടിനടക്കുന്ന സുഹൃത്തിന്റെ മുഖത്ത് ഒരു മങ്ങലുണ്ടോ. വിശേഷങ്ങളൊക്കെ ചോദിച്ചു. തിരിച്ചുപോകാൻ ഇറങ്ങിയപ്പോൾ കാത്തുവച്ച ആ ചോദ്യം ചോദിച്ചു (ചോദിക്കേണ്ടിയിരുന്നില്ലെന്നു പിന്നീടു തോന്നിയെങ്കിലും) –– നീ പറഞ്ഞ കൊന്നമരമെവിടെ ? പൂവിട്ടോ ? സുഹൃത്തിന്റെ മുഖം കുറച്ചുകൂടി മങ്ങി. മുറ്റത്തെ ഒരു കോണിലേക്ക് അവൻ വിരൽചൂണ്ടി. ചെറിയൊരു തടം. രാവിലെ വെള്ളമൊഴിച്ചതിന്റെ നനവ്. പകുതി ഉണങ്ങിയ ഒരു കമ്പും.

പൊന്നുപോലെ നോക്കിയ കൊന്നയാണ്. ആസ്സാമിൽനിന്നും ബംഗാളിൽനിന്നുമൊക്കെ വരുന്നവർക്ക് ഇതു വല്ലതുമറിയുമോ. പണിക്കാർ കട്ട കൊണ്ടു മറിച്ചതു കൊന്നയുടെ മുകളിൽ. ഞാൻ തന്നെ കട്ടയെടുത്തു മാറ്റി. ഒടിഞ്ഞുപോയിരുന്നു. ഇനി കിളിക്കില്ലെന്നാണു കരുതിയത്. കുറേദിവസമായി വെള്ളമൊഴിക്കുന്നുണ്ട്. ഇപ്പോഴിതാ തളിർത്തുവരുന്നുണ്ട്. ചുറ്റും ഒരു വേലി കെട്ടണം. വേഗം വളരട്ടെ കൊന്ന എന്നാശംസിച്ചു; വീടുപണി പൂർത്തിയാകട്ടെ എന്നും.

കുറേനാളത്തേക്കു സുഹൃത്തിന്റെ വിവരമൊന്നുമുണ്ടായില്ല. തിരക്കാനും കഴിഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞ് ഒടുവിലവൻ വിളിച്ചു. വീട്ടിൽ കയറിത്താമസിക്കുകയാണ്; വരണം. കൊന്ന വളർന്നോ എന്നു ചോദിച്ചില്ല. പൊന്നു വിളഞ്ഞോ എന്നും ചോദിച്ചില്ല. പരിചയത്തിലുള്ള ഒരു ചിത്രകാരനെ വിളിച്ചു പറഞ്ഞു: ഒരു ചിത്രം ചെയ്തുതരണം. പുതിയൊരു വീടിന്റെ ഭിത്തിയിൽ തൂക്കാനാണ്. പൊന്നുവിളഞ്ഞ ഒരു കൊന്നമരം.

സമ്മാനവുമായി ചെന്നപ്പോൾ കണ്ണുടക്കിയതു പുതുപ്പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന വീട്ടിലല്ല; മുറ്റത്തിന്റെ കോണിൽ.അവിടെയെവിടെയെങ്കിലുമുണ്ടോ പൂത്തുവിടർന്ന ആ കണിക്കൊന്ന. വിഷുക്കാലമല്ലേ... പൂക്കാതിരിക്കാനെനിക്കാവതില്ലേ എന്നു പാടുന്ന ആ പൊൻമരം. ഇല്ല, കുറച്ചു ചെടികൾ പൂത്തും പൂക്കാതെയും നിൽക്കുന്നുണ്ടെങ്കിലും കണിക്കൊന്നയില്ല.

അന്നതിനെക്കുറിച്ചൊന്നും ചോദിച്ചില്ല. പിന്നീടൊരു ദിവസം അവൻ വിളിച്ചതു സമ്മാനത്തിനു നന്ദി പറയാൻ. കയറിച്ചെല്ലുമ്പോൾ തന്നെ കാണാനാകുന്ന വിധം തൂക്കിയിട്ടുണ്ടത്രേ ആ ചിത്രം. അപ്പോൾ ചോദിക്കാതിരിക്കാനായില്ല– നീ പറഞ്ഞ കൊന്നയെവിടെ. മുറ്റത്തെങ്ങും കണ്ടില്ലല്ലോ.

ഒന്നും പറയണ്ടെന്റെ ഇഷ്ടാ...ഒരിക്കൽ ഒടിഞ്ഞുപോയ മരമാണ്. കഷ്ടപ്പെട്ടു ഞാൻ വളർത്തിക്കൊണ്ടുവന്നു. കൊമ്പുകളൊക്കെ അങ്ങ് ഉയർന്നു. നിറയെ പച്ചപ്പും. ഈ വിഷുവിന് കൊന്നപ്പൂവിന് അയലത്തെ മതിലു ചാടേണ്ടല്ലോ എന്നാലോചിച്ചതുമാണ്. ഞാൻ വീട്ടിലില്ലാതിരുന്ന ഒരു ദിവസം വൈദ്യുതിവകുപ്പ് ജീവനക്കാർ റോഡിലേക്കു ചാഞ്ഞുവളർന്ന മരക്കൊമ്പുകളൊക്കെ മുറിച്ചു. കൂട്ടത്തിൽ നമ്മുടെ കൊന്നയും. ഏറ്റവുമുയർന്ന കൊമ്പ് വലിച്ചടർത്തിയപ്പോൾ ഏതാണ്ടു മുഴുവനായി തന്നെ അതൊടിഞ്ഞുപോയി. വഴക്കുണ്ടാക്കിയിട്ട് എന്തു കാര്യം. കൊന്നയ്ക്ക് വലിയ ബലമൊന്നുമില്ല. പെട്ടെന്ന് ഒടിഞ്ഞുപോകും. കുറ്റി നിർത്തിയിട്ടുണ്ട് കേട്ടോ.

പുതിയ വീട്ടിൽ സന്തോഷത്തോടെ താമസിക്കട്ടെ എന്റെ സുഹൃത്ത്. ഇനിയും തകർച്ചകൾ ഏറ്റുവാങ്ങാനുള്ള കരുത്തില്ല അവന്. കണ്ണീരിൽനിന്നു കെട്ടിപ്പൊക്കിയതാണവന്റെ വീട്. തകർന്ന സ്വപ്നങ്ങളിൽനിന്നു കൂട്ടിയോജിപ്പിച്ചതാണവന്റെ ജീവിതം. രണ്ടു തവണ ഒടിഞ്ഞുപോയെങ്കിലും കുറ്റി മാത്രം നിൽക്കുന്ന ആ കൊന്ന ഇനി വളരും. കായ്ക്കും . പൂക്കും. ബലമില്ലാത്ത ആ മരത്തിന്റെ കൊമ്പുകളിൽ മഞ്ഞക്കൈലേസുകൾ തൂക്കിയതുപോലെ കുലയായി വിടരും പൂക്കൾ. അതുകണ്ടവൻ ചിരിക്കും. ആ രംഗം മനസ്സിലോർത്തു ചിരിക്കട്ടെ ഞാനും; ഈ വിഷുക്കാലത്ത്.

© Copyright 2018 Manoramaonline. All rights reserved....