Vishu 2018

Vishu 2018

വിഷുവും അമ്മയോർമ്മകളും !

ശ്രീപാര്‍വതി

‌‌

''എന്താണു കൊന്നേ നീയാദ്യം പൂത്തൂ?

വിഷുവെത്തുവാനിനിയും നേരമെത്ര!

കണിവയ്ക്കാനൊരോമല്‍ കണ്‍കുടത്തെ

അന്നും നീ നിന്‍ ചില്ലയില്‍ നിര്‍ത്തീടേണം."

മാസം തെറ്റി പൂത്ത കൊന്ന പൂക്കളോടു പിണങ്ങിയിട്ടാവണം വേനൽ മഴയും നേരത്തേയെത്തിയത്. പ്രകൃതിയുടെ പിണക്കങ്ങളിലേക്ക് ആധിയോടെ നോക്കിയിരിക്കുമ്പോൾ പഴുത്തു കുലച്ചു വീണു പോയി തീർന്ന മാവുകളും പ്ലാവുകളും പരിഭവം പറയുന്നു. പൊൻകണിക്കൊരുങ്ങി നിന്നവരായിരുന്നുവല്ലോ ഞങ്ങളും എന്നു നിലവിളിക്കുന്നു. കാലം തെറ്റുമ്പോൾ എല്ലാം അങ്ങനെയാണ്, കുട്ടിക്കാലം പോലും ചിലപ്പോൾ വേനൽ മഴയ്‌ക്കൊപ്പം പെയ്‌തൊലിച്ചങ്ങു പോകും.

അതിരാവിലെ തട്ടിയുണർത്തുന്ന അമ്മക്കൈകളുടെ തണുപ്പ് തൊടുമ്പോൾ മനസിലാകും, 'അമ്മ കുളിച്ചിരിക്കുന്നു, അടുപ്പിന്റെ മണവുമില്ല, അലമാരയിലെ പാറ്റാഗുളികയുടെ മണമാണിപ്പോൾ അമ്മയ്ക്ക്, ആ കിടപ്പു മുറിക്കും. അമ്മയെ മണത്ത് കണ്ണടച്ചു പിടിച്ച് എഴുന്നേൽക്കുമ്പോൾ കണ്ണുകളിൽ അമ്മക്കൈകൾ. എങ്ങാനും കണ്ണു തുറന്നാൽ നഷ്ടമായിപ്പോകുന്ന നീണ്ട ഒരു വർഷത്തിന്റെ പൊൻകണിയൊരുക്കുമ്പോൾ 'അമ്മ തന്നെ ചേർത്തു പിടിച്ച് കണി കാണിക്കുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ടാവണം, പക്ഷെ ഇത്ര പുലർച്ചെ, അച്ഛനും എഴുന്നേൽക്കും മുൻപ് , തലേന്നു രാത്രിയിൽ കത്തിച്ചു വച്ച നിലവിളക്കിന്റെയും പൊൻകണിയുടെയും അടുത്തുവരെ കണ്ണു തുറക്കാതെ 'അമ്മ ഒറ്റയ്ക്ക് പോയിട്ടുണ്ടാകുമോ? എന്തായാലും എല്ലാ വർഷവും അമ്മയുടെ ദിവസങ്ങൾ വെയിലേറ്റു വാടിയ കൊന്ന പൂവു പോലെ വിളർത്തിരുന്നിരുന്നു.

അഞ്ചു തിരിയിട്ടു കത്തിച്ചു വച്ച നിലവിളക്കിന്റെ മുന്നിൽ നിൽക്കുമ്പോൾ ചന്ദനത്തിരിയുടെ ഗന്ധത്തിൽ അമ്മയുടെ പാറ്റാഗുളിക മണം ഇട കലരും. വലിയ തട്ടത്തിൽ ഒരു കിണ്ടി വെള്ളം, അമ്മയുടെ അലക്കി തേച്ച നേര്യത്, അതിനു മുകളിൽ ഒന്നു വാടിത്തുടങ്ങിയ കൊന്നപ്പൂ മണികൾ, തലേന്നു പറമ്പിലെ മൂവാണ്ടൻ മാവിനെ ഉറുമ്പുകൾക്കു താമസിക്കാൻ കൊടുത്തെന്നു പറഞ്ഞു വഴക്കുണ്ടാക്കി പറിച്ചെടുത്ത പുലിയാണ് മൂവാണ്ടൻ മാങ്ങകൾ, കണി വെള്ളരി, അച്ഛന്റെ വിരലിൽ നിന്നും തലേന്ന് രാത്രി ഊരിയെടുത്ത സ്വർണ മോതിരം...  കണിക്കൊന്ന പറിക്കുന്നതു മുതൽ ഒരുക്കുന്നതിനു തൊട്ടു മുൻപു വരെ ഓടി നടന്നു പണിയെടുത്താലും കണിയൊരുക്കുന്ന അവകാശം അമ്മയുടേതാണ്. ഇഷ്ടം അല്ലാഞ്ഞിട്ടല്ല, രാവിലെ പൊൻ കണി കാണുമ്പോൾ അതിൽ അമ്മയെ മണക്കണം....

ഉറക്കത്തിന്‍റെ ഏതോ കരങ്ങളില്‍ ഊയലാടുമ്പോള്‍ കാണുന്ന ഒരു സ്വപ്നം പോലെയാണ്, പലപ്പോഴും വിഷുക്കണി. ഉറക്കം മായാതെ കണികാണുമ്പോഴും കണ്ണിലൊളിച്ചിരിപ്പുണ്ടാകും. അതു പോവുക അച്ഛന്‍ പടക്കമെടുക്കുമ്പോഴാണ്. പൂത്തിരി, കമ്പിത്തിരി, ചക്രം അങ്ങനെ നാനാതരങ്ങള്‍. ഓലപ്പടക്കം പൊട്ടിക്കാനുള്ള അവകാശം അച്ഛനുമാത്രമുള്ളതാണ്. കുട്ടികള്‍ അതില്‍ തൊട്ടു കളിച്ചാല്‍ വഴക്കുറപ്പ്. എങ്കിലും ഒരിക്കല്‍ ഒന്നു പരീക്ഷിക്കുക തന്നെ ചെയ്തു. കത്തിച്ചുടനെ വലിച്ചെറിഞ്ഞു, വലിയ ഒച്ചയില്‍ മുറ്റത്തു കിടന്ന് അതു പൊട്ടുമ്പോള്‍ ധീരയായവളുടെ ഭാവം. വഴക്കു കിട്ടിയില്ലെങ്കിലും ഓലപ്പടക്കം മാറ്റി വയ്ക്കപ്പെട്ടു. പിന്നീട് പരീക്ഷണങ്ങള്‍ പൂത്തിരിയിലും മത്താപ്പിലും. ചക്രം നിലത്തിട്ട് കറക്കുമ്പോള്‍ എത്ര ദൂരെ നിന്നാലും തീപ്പൊരി പറന്നു വരുമ്പോള്‍ അറിയാതെ കാലുയര്‍ത്തും.

കണിക്കൊന്നകള്‍ക്ക് എത്രമാത്രം ഗൃഹാതുരമായ കഥകള്‍ പറയാനുണ്ടാകും. ഉണ്ണിക്കണ്ണന്‍റെ പൊന്നരഞ്ഞാണത്തിന്‍റെ കിലുക്കത്തില്‍ ഇപ്പോഴും കൊന്നമരങ്ങള്‍ നൃത്തം ചെയ്യാറുണ്ടത്രേ. എന്നോ ഒരിക്കല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരുണ്ണിയുടെ ആത്മ വേദനയും കണ്ണന്‍ അവനു ദാനമായി നല്‍കിയ പൊന്നരഞ്ഞാണവും കണിക്കൊന്നയായ് പുനര്‍ജനികുമ്പോള്‍  എത്രമാത്രം കഥകള്‍ വിടരുന്നുണ്ടാകും ഓരോ ഇതളിലും?

മനുഷ്യന്‍റെ വൈകാരികതകളുടെ നിറമാണ്, മഞ്ഞ. അതുകൊണ്ടു തന്നെയാകണം ഒരു വര്‍ഷത്തിന്‍റെ തയ്യാറെടുപ്പിനായി നില്‍ക്കുമ്പോഴും നാം അതേ വൈകാരികതയെ കണികാണാനായി വെക്കുന്നത്. നിലവിളക്കിന്‍റെ മുന്നിലിരിക്കുമ്പോള്‍ കൊന്നപൂവുകള്‍ക്ക് സ്വര്‍ണവര്‍ണമാണ്. ഉണ്ണിക്കണ്ണന്‍റെ പൊന്നരഞ്ഞാണം പോലെ തന്നെ.

ഇപ്പോൾ മാർച്ച് ആദ്യം തന്നെ പൂത്തു മറിഞ്ഞ കണിക്കൊന്നകൾ വാടി തുടങ്ങിയിരിക്കുന്നു! വിളറി വെളുത്തു പോയ മഞ്ഞത്തലകൾ പേടിപ്പിക്കുന്നു. കണിയൊരുക്കാൻ സമയമാകുമ്പോഴേക്കും അവയൊക്കെയും താഴെയുതിർന്നു പോകുമല്ലോ എന്നോർക്കുമ്പോൾ കാലങ്ങൾ മാറേണ്ടിയിരുന്നില്ല എന്നു തോന്നും. രാത്രിയിൽ ഒറ്റയ്ക്കിരുന്നു കണിയൊരുക്കുമ്പോൾ അമ്മയുള്ള ആ വീട്ടിലേക്കു മടങ്ങാൻ തോന്നും. രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണടച്ചും ഇടയ്ക്കു കണ്ണു തുറന്നും തപ്പി തടഞ്ഞും കണിയുടെ മുന്നിലെത്തുമ്പോൾ നഷ്ടമായിപ്പോയ പാറ്റാഗുളികയുടെ ഗന്ധം അടുത്ത വർഷത്തേക്കുള്ള ഓർമ്മപ്പെടുത്തലാകുന്നു. 

വിഷു കൈനീട്ടം ആദ്യമായി കിട്ടിയത് അച്ഛന്‍റെ കയ്യില്‍ നിന്നാണ്. തീരെ കുഞ്ഞു ക്ലാസ്സിലെ ഒരു പെണ്‍കുട്ടിക്ക് ആ ഒരു രൂപാ പോലും എത്ര മാത്രം പ്രധാനമാണെന്ന് ഇന്നുമറിയുന്നു. അനിയത്തി കിട്ടുന്ന കൈനീട്ടമൊക്കെ സൂക്ഷിച്ചു വയ്ക്കും. വര്‍ഷാവസാനം അവളുടെ കുടുക്കയില്‍ പത്തും ഇരുപതും രൂപയുണ്ടാകും, അന്നത്തെ ചെറിയ സമ്പാദ്യം. പക്ഷേ നമുക്ക് കിട്ടുന്ന കൈനീട്ടങ്ങളെല്ലാം സ്കൂളിനടുത്ത കടയിലെ മിഠായി ഭരണികള്‍ തിന്നു തീര്‍ക്കും. എങ്കിലും കൈനീട്ടത്തിനു കുറവുണ്ടായിരുന്നില്ല. അച്ചന്‍റെ വക, അമ്മയുടെ വക, പിന്നെ അമ്മമ്മ, അമ്മാവന്‍ .പിന്നെ അയല്‍വക്കത്തെ വീടുകളില്‍ ഒന്നാന്തീയതി കണി കാണിക്കാന്‍ ചെല്ലുമ്പോള്‍ കിട്ടുന്ന തുട്ടുകള്‍.

ഒന്നാം തീയതി ഇരിക്കുക എന്നത് ഒരു വിശ്വാസമാണ്. രാവിലെ വീട്ടിലേക്ക് മറ്റാരെങ്കിലും കയറി വരുന്നതിനു മുന്‍പ് നമ്മള്‍ ആ വീട്ടില്‍ ചെല്ലണം. വിളക്കു കൊളുത്തുന്ന മുറി വരെ കയറാം. അഞ്ചു മിനിറ്റ് പ്രാര്‍ഥന. പിന്നെ ചിലപ്പോള്‍ ഭക്ഷണം അവിടുന്ന്, എന്തായാലും കൈനീട്ടം കിട്ടും. അങ്ങനെ എത്ര വീടുകള്‍, എത്ര കൈനീട്ടങ്ങള്‍. എണ്ണ തേച്ച് കുളിച്ച് വിഷുവിന്, അമ്മയുടെ കയ്യില്‍ നിന്ന് കിട്ടിയ കോടിയുടുത്ത് പിന്നെ അലഞ്ഞു നടപ്പ്.

എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു. എങ്കിലും ഓര്‍മകള്‍ക്കെന്താണ്, മങ്ങലേല്‍ക്കാത്തത്? ചിത്രങ്ങള്‍ പലതും നിറമിളകി പോയിരിക്കുന്നു. എങ്കിലും ഇന്നും ആഘോഷിക്കുന്നു വിഷു. ഓര്‍മ്മകളില്‍ ചേര്‍ന്നു നിന്ന് ആനന്ദിക്കുമ്പോള്‍ വിഷു ദിനത്തിന്‍റെ നന്‍മ നിറയുന്നു. ഉള്ളില്‍ ഒരു കണ്ണന്‍ ആര്‍ത്തു ചിരിക്കുന്നു. ഇപ്പോള്‍ സ്വയം കണ്ണിറുക്കിയടച്ച് കണി വച്ച മുറിയിലേക്കു നടക്കുമ്പോള്‍ ഇടയ്ക്കെങ്കിലും കണ്ണുകള്‍ പാളി തുറന്നു പോകുന്നു. വലിയൊരു ശൂന്യത അപ്പോള്‍ നിറയും. പിന്നെ നിലവിളക്കിനു മുന്നില്‍ കൊളുത്തി വച്ച ദീപത്തിനു മുന്നില്‍ പട്ടുടയാട അണിഞ്ഞ ഉണ്ണിക്കണ്ണനെ കാണുമ്പോള്‍ കണിക്കൊന്ന കാണുമ്പോള്‍ പിന്നെയും കാലം പിന്നോട്ടു ചലിക്കുന്നു. ആ പഴയ പൊന്നരഞ്ഞാണത്തിന്‍റെ കഥ വെറുതേ ഓര്‍ക്കുന്നു, പിന്നെ അതു പറഞ്ഞു തന്ന അമ്മയേയും. വിഷുവിന്റെ ഓർമ്മയെന്നാൽ അത് അമ്മതന്നെയാണ്!‌‌

© Copyright 2018 Manoramaonline. All rights reserved....