മാത്യു ജോൺ
പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണ് ഈ ജൂലൈ
നാലിന് അമേരിക്ക ആഘോഷിക്കുന്നത്. പ്രസിഡന്റ് ട്രംപും ഫസ്റ്റ് ലേഡി മെലാനിയ ട്രംപും
ആയിരിക്കും ജൂലൈ 4 ആഘോഷങ്ങൾക്ക് ഈ വർഷം നേതൃത്വം നൽകുക. മേക്ക് അമേരിക്ക ഗ്രേറ്റ്
എഗൈൻ (Make America Great Again) എന്ന മുദ്രാവാക്യവുമായി എല്ലാ പ്രവചനങ്ങളും
കാറ്റിൽപ്പറത്തി ഡോണൾഡ് ജെ. ട്രംപ് എന്ന ന്യൂയോർക്ക് ബിസിനസുകാരൻ ലോകത്തിലെ ഏറ്റവും
ശക്തനായ ഭരണാധികാരിയുടെ പദവിയിലെത്തുകയായിരുന്നു. അമേരിക്കയുടെ 240 വർഷത്തെ
ചരിത്രത്തിൽ തന്നെ ആദ്യമായാണ് രാഷ്ട്രീയത്തിലോ സൈന്യത്തിലോ മുൻപരിചയമില്ലാത്ത ഒരു
വ്യക്തി പ്രസിഡന്റാവുന്നത്. അതുകൊണ്ടു തന്നെ സ്ഥാനാർഥി പ്രഖ്യാപനം മുതൽ നവംബർ
എട്ടിന്റെ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതു വരെ ട്രംപ് എന്ന പ്രതിഭാസത്തെ
അർഹിക്കുന്ന ഗൗരവത്തോടെ ആരും തിരച്ചറിഞ്ഞതുമില്ല. ഒടുവിൽ 50ൽ 30 സ്റ്റേറ്റുകളും 304
ഇലക്ടറൽ വോട്ടുകളും നേടിക്കൊണ്ട് 1988 നു ശേഷം ഒരു റിപ്പബ്ലിക്കൻ സ്ഥാനാർഥി നേടുന്ന
ഏറ്റവും തിളക്കമാർന്ന വിജയം കരസ്ഥമാക്കുകയായിരുന്നു.
ട്രംപ് ഒരു
സാമ്പ്രദായിക സ്ഥാനാർഥി അല്ലാത്തതിനാൽ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പക്ഷത്തു
പോലും പിളർപ്പ് വ്യക്തമായിരുന്നു. മുൻ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ
പക്ഷത്തെ പല പ്രമുഖരും ട്രംപിനോടൊപ്പം നിൽക്കാൻ മടിച്ചു. റിപ്പബ്ലിക്കൻ
സ്ഥാനാർഥികൾക്കു പ്രചാരണച്ചെലവിനു പരമ്പരാഗതമായി സാമ്പത്തിക സഹായം നൽകുന്ന
സാമ്പത്തിക ശക്തികൾക്കും ട്രംപിനു വേണ്ടി പണം ചെലവാക്കാൻ ആത്മവിശ്വാസം ഉണ്ടായില്ല.
ശതകോടീശ്വരനായ ട്രംപ് പ്രചാരണത്തിന് സ്വന്തം പണം ആയിരിക്കും ചെലവഴിക്കുകയെന്ന്
പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
മുഖ്യധാരാ മാധ്യമങ്ങളാവട്ടെ യാതൊരു
മറയുമില്ലാതെ ട്രംപിനെതിരെ രംഗത്തു വരുകയും ചെയ്തു. പ്രചാരണ യോഗങ്ങളിൽ മുഖ്യധാരാ
മാധ്യമങ്ങളെ കടന്നാക്രമിക്കാൻ ട്രംപ് മടിച്ചതുമില്ല. അഭിപ്രായ വോട്ടെടുപ്പുകളും
രാഷ്ട്രീയ വിശകലന പണ്ഡിതരും എല്ലാം ട്രംപിന്റെ വിജയസാധ്യത എഴുതിത്തള്ളുന്നതിൽ അശേഷം
സംശയവുമില്ലായിരുന്നു. ഈ എതിർപ്പുകളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് അമേരിക്കയുടെ
45–ാം പ്രസിഡന്റായി ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ നവംബർ
എട്ടിന്റെ ഫലം വരുമ്പോൾ അത് അത്ഭുതകരവും അവിശ്വസനീയവുമാകുകയായിരുന്നു.
അമേരിക്കയുടെ രാഷ്ട്രീയത്തിലും ഭരണത്തിലും ഒരു സമഗ്ര മാറ്റം ആഗ്രഹിക്കുന്നവരാണ്
ജനങ്ങളിലെ വലിയൊരു വിഭാഗമെന്ന തിരിച്ചറിവാണ് ട്രംപിന്റെ വിജയമായത്. പയറ്റിത്തെളിഞ്ഞ
രാഷ്ട്രീയക്കാർക്കു മനസിലാക്കാൻ പറ്റാതിരുന്ന വസ്തുത ട്രംപ് ഉൾക്കൊണ്ടു.
പ്രചാരണത്തിന്റെ തുടക്കം മുതൽ വാഷിങ്ടൻ ഡിസിയെ അടിമുടി ഉടച്ചുവാർക്കാൻ കഴിയുന്ന
കരുത്തനായ ഒരു ഔട്ട്സൈഡർ (Outsider) എന്ന പ്രതിച്ഛായയാണ് ട്രംപ് വളര്ത്തിയതും
അദ്ദേഹത്തെ പ്രചാരണത്തിന്റെ മുൻപിൽ നിർത്തിയതും.
ആദ്യം അമേരിക്ക (America
First) എന്ന മുദ്രാവാക്യമാണ് മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ എന്ന പ്രചാരണ
വാചകത്തിലൂടെ ട്രംപ് കൊണ്ടുവന്നതും പിന്നീട് ട്രംപ് ഭരണകൂടത്തിന്റെ
നയരൂപവൽവരണത്തിന് അടിസ്ഥാനമായതും. ഇടക്കാലത്ത് ഇടിവുവന്ന അമേരിക്കയുടെ സാമ്പത്തിക,
സൈനിക ശക്തി പുനഃസ്ഥാപിക്കുക എന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ മുഖ്യ അജണ്ട.
അമേരിക്കൻ തൊഴിലവസരങ്ങൾ അന്യ നാടുകളിലേക്കു പോകുന്നതും വിദേശ തൊഴിലാളികളെ
കൊണ്ടുവന്ന് അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുന്നത് തടയുമെന്നും ട്രംപ്
വാഗ്ദാനം ചെയ്യുന്നു. അനാവശ്യ ചെലവുകൾ വെട്ടിക്കുറച്ചുകൊണ്ട് അമേരിക്കയുടെ
കുമിഞ്ഞുകൂടുന്ന ദേശീയ കടം നിയന്ത്രിച്ചുകൊണ്ടുവരുക, നികുതി വെട്ടിക്കുറയ്ക്കുക,
അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാത്ത രാജ്യാന്തര കരാറുകളിൽ നിന്നു പിന്മാറുക,
ഭീകരവാദം ഉന്മൂലനം ചെയ്യുക, അനധികൃത കുടിയേറ്റം തടയുക തുടങ്ങിയവയെല്ലാം ട്രംപ്
ജനങ്ങൾക്കു നൽകിയിരിക്കുന്ന ഉറപ്പുകളാണ്.
രാഷ്ട്രീയ പശ്ചാത്തലം ഇല്ലാതെ
ട്രംപ് വരുമ്പോൾ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് രാഷ്ട്രീയത്തിൽ ഏറെ
പരിചയ സമ്പന്നനാണ്. ഇന്ത്യാന ഗവർണറായും യുഎസ് കോൺഗ്രസ് അംഗമായും
പ്രവർത്തിച്ചിട്ടുള്ള പെൻസ് റിപ്പബ്ലിക്കൻ, കൺസർവേറ്റീവ് പക്ഷത്തെ ശക്തനായ
നേതാവാണ്. ഗവർണറായി ഭരണപാടവം തെളിയിച്ചിട്ടുള്ള പെൻസിന്റെ സാന്നിധ്യം ട്രംപ്
ഭരണകൂടത്തിന് മുതൽക്കൂട്ടാവുമെന്നുള്ളതിനു സംശയമില്ല. ഇന്ത്യയും ഏറെ
പ്രതീക്ഷകളോടെയാണ് ട്രംപ് ഭരണകൂടത്തെ നോക്കിക്കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള
സൗഹൃദം ട്രംപ് ഭരണത്തിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.