കാപ്പിറ്റോളിനു മുകളിൽ മലയാളിക്കായി പതാക;ചരിത്രമായി മലയാളി വനിത വിമല പത്മനാഭൻ

വിമല പത്മനാഭൻ

യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിനു മുകളിൽ ഒരു ദിവസം 24 മണിക്കൂർ നേരം പറന്ന യുഎസ് പതാകകളിലൊന്ന് മലയാളി വനിതയുടെ പേരിൽ. തിരുവനന്തപുരം തൈക്കാട്ട് വിമല പത്മനാഭൻ എന്ന മലയാളി വീട്ടമ്മയുടെ പേരിൽ ഡെഡിക്കേറ്റ് ചെയ്തതായിരുന്നു ആ പതാക. ഒരു ഇന്ത്യൻ വനിതയുടെ പേരിൽ കാപ്പിറ്റോളിനു മുകളിൽ യുഎസ് പതാക പറന്നത് ചരിത്രത്തിലാദ്യമായിരുന്നു. ഈ ആദരം ലഭിച്ച ആദ്യ മലയാളിയും വിമല പത്മനാഭൻ തന്നെ.

മരണാനന്തര ആദരം എന്ന നിലയിലാണ് വിമലയുടെ പേരിൽ പതാക ഉയർന്നത്. 2017 ഫെബ്രുവരി 26നാണ് വിമല പത്മനാഭൻ തിരുവനന്തപുരത്ത് അന്തരിച്ചത്. ഫെബ്രുവരി 28ന് കാപ്പിറ്റോളിൽ വിമലയുടെ പേരിലുള്ള പതാക ഉയർന്നു. ഇതിനായി പ്രയത്നിച്ചത് യുഎസ് പാർലമെന്റ് അംഗവും റിപ്പബ്ലിക്കൻ പാർട്ടി നേതാവുമായ ജോർജ് ഹോൾഡിങ് ആണ്.

ഇന്ത്യയെയും ഇന്ത്യക്കാരെയും സംബന്ധിച്ച കോൺഗ്രഷനൽ കോക്കസ് കോ–ചെയർമാൻ കൂടിയായ ജോർജ് ഹോൾഡിങ്ങിന്, വിമല പത്മനാഭന്റെ മകനും യുഎസിലെ മലയാളി സംരംഭകനുമായ വിമൽ കോലപ്പയുമായുള്ള വ്യക്തിബന്ധമാണ് കാപ്പിറ്റോളിനു മുകളിലെ പതാക വരെ എത്തിയത്. ഈസ്റ്റ് കോസ്റ്റ് ഹോസ്പിറ്റാലിറ്റിയുടെ സിഇഒ ആണ് വിമൽ. നോർത്ത് കാരലൈന രണ്ടാം കോൺഗ്രഷനൽ ഡിസ്ട്രിക്ടിൽനിന്നുള്ള കോൺഗ്രസ് അംഗമാണു ഹോൾഡിങ്. നോർത്ത് കാരലൈന കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിമൽ, ഹോൾഡിങ്ങിന്റെ വിശ്വസ്തനാണ്. വിമലിന്റെ അമ്മയുടെ മരണവാർത്ത അറിഞ്ഞയുടൻ കാപ്പിറ്റോളിൽ അനുസ്മരണപതാകയ്ക്കുള്ള അഭ്യർഥന ഹോൾഡിങ് നടത്തി. കാപ്പിറ്റോൾ ഫ്ലാഗ് പ്രോഗ്രാം വഴിയായിരുന്നു ഇത്. ഹോൾഡിങ്ങിന്റെ അഭ്യർഥന അതിവേഗം അംഗീകരിക്കപ്പെടുകയും 28നു തന്നെ പതാകയ ഉയരുകയും ചെയ്തു. തിരുവനന്തപുരത്ത് അമ്മയുടെ സംസ്കാരച്ചടങ്ങുകളൊക്കെ കഴിഞ്ഞു യുഎസിൽ തിരിച്ചെത്തിയപ്പോഴാണ് വിമൽ കോലപ്പ ഈ വിവരം അറിയുന്നത്. അധികം വൈകാതെ, കാപ്പിറ്റോളിനു മുകളിൽ അമ്മയ്ക്കായി പറത്തിയ ആ പതാകയും അനുസ്‌മരണഫലകവും അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.

യുഎസിന്റെ ആദരമാണു ലഭിച്ചതെങ്കിലും വിമല പത്മനാഭൻ എന്നും ഒരു തനി മലയാളി ആയിരുന്നു. തിരുവനന്തപുരം ശക്തി തിയറ്റർ ഉടമയായിരുന്ന പരേതനായ പത്മനാഭന്റെ ഭാര്യയാണു വിമല. ഇവരുടെ മകൻ വിമൽ 1976ലാണ് യുഎസിലെത്തിയത്. ഹോസ്പിറ്റാലിറ്റി രംഗത്തു വിജയം കൊയ്ത വിമലിന് യുഎസിൽ ഇരുപതോളം ഹോട്ടലുകളുണ്ട്. അമ്മ 28 തവണ യുഎസിൽ മകന്റെ അടുത്തെത്തിയെങ്കിലും എപ്പോഴും തിരുവനന്തപുരത്തേക്കു തന്നെ തിരിച്ചുവരുമായിരുന്നു. ഒടുവിൽ മരണവും തിരുവനന്തപുരത്തുതന്നെ.

വിമലിന്റെ മകൻ ഡോ. കമലിന്റെ വിവാഹച്ചടങ്ങിൽവച്ചാണ് അമ്മ വിമലയെ ഹോൾഡിങ് ആദ്യമായി കണ്ടതും അവരുടെ വ്യക്തിത്വത്തിൽ ബഹുമാനം തോന്നിയതും. മരണശേഷം പതാക പറത്തിയത് തന്റെ അമ്മയ്ക്കു മാത്രമല്ല, യുഎസിലുള്ള 14 ലക്ഷം ഇന്ത്യക്കാർക്കുമുള്ള ആദരമാണെന്നു വിമൽ കോലപ്പ പറഞ്ഞു. യുഎസിൽ ഇന്ത്യക്കാർക്കു ലഭിക്കുന്ന സ്നേഹത്തിന്റെയും കരുതലിന്റെയും അടയാളമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കാപ്പിറ്റോളിൽ വ്യക്തികൾക്കായി പതാക ഉയരുന്നതെങ്ങനെ?

1937ൽ ആരംഭിച്ചതാണ് കാപിറ്റോൾ പതാക പദ്ധതി (ഫ്ലാഗ് പ്രോഗ്രാം). കാപ്പിറ്റോളിനു മുകളിൽ പറത്തിയ ഒരു പതാക തനിക്കു കിട്ടാൻ ഒരു കോൺഗ്രസ് അംഗം നടത്തിയ അഭ്യർഥനയിൽനിന്നാണ് ഈ പദ്ധതിക്കു തുടക്കം. ക്രമേണ അനുസ്മരണങ്ങൾക്കും അനുമോദനങ്ങൾക്കുമൊക്കെ പതാക പറത്തുന്ന പതിവ് വന്നു. യുഎസ് ജനപ്രതിനിധി സഭയിലെയും സെനറ്റിലെയും എല്ലാ അംഗങ്ങളുടെയും ഫ്ലാഗ് റിക്വസ്റ്റ് അംഗീകരിക്കപ്പെടാറുണ്ട്. ആർക്കിടെക്റ്റ് ഓഫ് കാപ്പിറ്റോളിനു (എഒസി) കീഴിലാണ് ഈ പദ്ധതി. പുതുവൽസര ദിനം, സ്തോത്രദിനം (താങ്ക്സ്‌ ഗിവിങ് ഡേ), ക്രിസ്മസ് ദിനം എന്നിവ ഒഴികെ എല്ലാ ദിവസവും ഇത്തരം പതാകകൾ കാപ്പിറ്റോളിൽ ഉയരും. ലോകനേതാക്കൾ മുതൽ ശ്രദ്ധനേടിയ വിശിഷ്ടവ്യക്തികൾ വരെയുള്ളവർക്കായി പതാക പറത്താം. 24 മണിക്കൂർ കാപിറ്റോളിനു മുകളിൽ പറത്തിയശേഷം ഈ പതാക, ആ വ്യക്തിയുടെ കുടുംബത്തിനു സമ്മാനിക്കും. ഒപ്പം സർട്ടിഫിക്കറ്റും. ആർക്കിടെക്റ്റ് ഓഫ് കാപ്പിറ്റോളിനാണ് ഇതിന്റെ ചുമതല. കാപ്പിറ്റോൾ ഫ്ലാഗ് പ്രോഗ്രാമിന്റെ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വെബ്‌സൈറ്റ്: www.aoc.gov/flags .

Related Articles
ജൂലൈ 4 ; അമേരിക്കൻ വിമോചന പ്രഖ്യാപനത്തിന്റെ 241 വർഷങ്ങൾ
അമേരിക്കൻ ഡ്രീം എന്ന സങ്കൽപം
അമേരിക്കയ്ക്കു വേണ്ടി പോരാടിയ ഒരു ഇംഗ്ലീഷുകാരന്റെ കഥ
പ്രവാസി ഇന്ത്യക്കാരന് രണ്ടു സ്വാതന്ത്യ്ര ദിനാഘോഷം
ലിബർട്ടി ബെൽ
സ്വാതന്ത്ര്യപ്പോരാട്ടത്തിന്റ ചരിത്രം പതിഞ്ഞ ഇൻഡിപെൻഡൻസ് ഹാൾ
സ്വാതന്ത്യ്രത്തിന്റെ പ്രതീകം; ഫ്രഞ്ചുകാരുടെ സമ്മാനം
കാപ്പിറ്റോളിനു മുകളിൽ മലയാളിക്കായി പതാക;ചരിത്രമായി മലയാളി വനിത വിമല പത്മനാഭൻ
പ്രസിഡന്റ് ട്രംപിന്റെ ആദ്യ ജൂലൈ 4
അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷം ഡാലസിൽ ജൂലൈ 4 ന്
© Copyright 2017 Manoramaonline. All rights reserved.