നവീൻ മോഹൻ
അതോമസ് പെയ്ൻ: അമേരിക്കൻ സ്വാതന്ത്ര്യസമര ചരിത്രത്തോടൊപ്പം അത്രയേറെ
പ്രാധാന്യത്തോടെ ചേർത്തു നിർത്തേണ്ട പേര്. പക്ഷേ മരണശേഷം അദ്ദേഹത്തെക്കുറിച്ച് ഒരു
പത്രത്തില്‍ വന്ന ചരമക്കുറിപ്പിലെ വാക്കുകളിങ്ങനെ: ‘അദ്ദേഹം ഒരുപാടുനാൾ ജീവിച്ചു.
കുറച്ച് നല്ല കാര്യങ്ങൾ ചെയ്തു, അതിലേറെ ദോഷകരമായ കാര്യങ്ങളും...’ അമേരിക്കൻ
സ്വാതന്ത്ര്യസമര സേനാനികളെ തന്റെ തൂലികയിൽ നിറച്ച വിപ്ലവതീജ്വാല കൊണ്ട് ആവേശം
കൊള്ളിച്ച തോമസ് പെയ്ൻ എന്ന സൈദ്ധാന്തികന് എന്താണു സംഭവിച്ചത്? ലോകം മാതൃകയാക്കേണ്ട
ഒരു ജീവിതം എവിടെ വച്ചാണ് വഴി തെറ്റിപ്പോയത്?
അബദ്ധങ്ങളില്‍ നിന്നു തുടക്കം
ഇംഗ്ലണ്ടിൽ 1737 ജനുവരി 29നാണ് തോമസ് പെയ്ന്റെ ജനനം. പന്ത്രണ്ടാം വയസ്സിൽ പഠനം
നിർത്തേണ്ടി വന്നു. അന്ന് ആകെ കൈമുതലായുള്ളത് എഴുതാനും വായിക്കാനും അൽപം
കണക്കുകൂട്ടാനുമുള്ള കഴിവ്. പിന്നീട് അച്ഛനൊപ്പം വസ്ത്രനിർമാണത്തൊഴിലിൽ
പങ്കാളിയായി. പിന്നെയും ഒട്ടേറെ ജോലികൾ പക്ഷേ വിജയം മാത്രം കയ്യെത്താദൂരത്ത്.
അങ്ങനെ എക്സൈസ് വകുപ്പിൽ നികുതി പിരിക്കുന്ന ജോലിക്ക് കയറി. കള്ളക്കടത്തുകാരെ
പിടികൂടുകയും മദ്യത്തിന്റെയും പുകയിലയുടെയുമെല്ലാം എക്സൈസ് തീരുവ
പിരിക്കുകയുമായിരുന്നു ജോലി. പക്ഷേ കാര്യമായ ശമ്പളമുണ്ടായിരുന്നില്ല. കിട്ടുന്ന
പണമാകട്ടെ അദ്ദേഹം ചെലവഴിച്ചത് പുസ്തകങ്ങളും വിവിധ ശാസ്ത്രപരീക്ഷണങ്ങൾക്കുള്ള
ഉപകരണങ്ങളും വാങ്ങാനും. പഠനം പാതിവഴിയിൽ നിന്നെങ്കിലും ശാസ്ത്രത്തോടുള്ള കൗതുകവും
വായനയോടുള്ള ഭ്രമവും അദ്ദേഹത്തെ വിട്ടുപോയിരുന്നില്ല. അതിനിടെ രണ്ടു തവണ
വിവാഹിതനായി; രണ്ടും പരാജയം. ശമ്പളം കുറവായതിനാൽ അഴിമതിയും വകുപ്പിൽ
വ്യാപകമായിരുന്നു. അഴിമതി തടയാനുള്ള ഏകവഴി തൊഴിലാളികൾക്ക് മതിയായ വേതനം
ലഭ്യമാക്കുകയെന്നതാണെന്ന് പെയ്ൻ എഴുതി. അതോടെ ജോലിയും തെറിച്ചു-1772ലായിരുന്നു അത്.
ഇനിയെന്ത് എന്നാലോചിച്ചിരിക്കെയാണ് ലണ്ടനിൽ വച്ച് അമേരിക്കയുടെ സ്ഥാപക
പിതാക്കളിലൊരാളായ ബെഞ്ചമിൻ ഫ്രാങ്ക്ളിനെ കണ്ടുമുട്ടുന്നത്. ഫിലാഡൽഫിയയിലേക്ക്
കുടിയേറാനായിരുന്നു ഫ്രാങ്ക്ളിന്റെ നിർദേശം. അങ്ങനെ 1774 നവംബർ 30ന് തന്റെ
മുപ്പത്തിയേഴാം വയസ്സിൽ പെയ്ൻ ഫിലാഡൽഫിയയിലെത്തി. ഫ്രാങ്ക്ളിനായിരുന്നു വേണ്ട
സഹായങ്ങളെല്ലാം നൽകിയത്.
അമേരിക്കയ്ക്കു വേണ്ടി....
തുടക്കത്തിൽ
പെൻസിൽവാനിയ മാഗസിന്റെ പ്രസാധനത്തിൽ സഹായിക്കുകയായിരുന്നു ജോലി. അതോടൊപ്പം തന്നെ പല
പേരുകളിൽ ലേഖനങ്ങളും കവിതകളുമെസ്സാം എഴുതി. ആഫ്രിക്കൻ അടിമകളെ കൊണ്ടു വന്ന്
അമേരിക്കയിൽ വിൽക്കുന്നതിനെതിരെ അക്കാലത്ത് അദ്ദേഹമെഴുതിയ ‘ആഫ്രിക്കൻ സ്‌ലേവറി ഇൻ
അമേരിക്ക’ എന്ന ലേഖനം ശ്രദ്ധേയമായിരുന്നു. പെയ്ൻ അമേരിക്കയിലെത്തിയ അതേസമയത്തു
തന്നെയാണ് ഇംഗ്ലണ്ടിന്റെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ചെറുസമരങ്ങൾ 13
അമേരിക്കൻ കോളനികളിലും പൊട്ടിപ്പുറപ്പെട്ടു തുടങ്ങിയത്. കാർഷിക വിഭവങ്ങളാൽ
സമ്പന്നമായിരുന്നു ഇംഗ്ലണ്ടിനു കീഴിലുള്ള 13 കോളനികളും. പ്രത്യേകിച്ച് പുകയില.
പക്ഷേ പുതുതായി ചില നികുതി നിർദേശങ്ങൾ വന്നതോടെ ജനം പ്രതിഷേധിക്കാൻ തുടങ്ങി.
പാർലമെന്റിൽ തങ്ങൾക്ക് പ്രാതിനിധ്യമില്ലാതെ നികുതി ചുമത്താൻ ബ്രിട്ടണ് എന്തവകാശം
എന്നതായിരുന്നു ചോദ്യം. ബ്രിട്ടന്റെ നികുതി നയത്തിനെതിരെ മൂന്നു കപ്പൽ നിറയെ തേയില
കടലിലെറിഞ്ഞു നശിപ്പിച്ച ‘ബോസ്റ്റൺ ടീ പാർട്ടി’യും ആ സമയത്താണു നടക്കുന്നത്.
മാസച്യുസിറ്റിസ് പ്രവിശ്യയിലെ ബോസ്റ്റൺ തുറമുഖത്ത് നടന്ന ആ പ്രതിഷേധം
കോളനിവാസികൾക്ക് ഏറെ ഊർജം പകരുന്നതുമായിരുന്നു. അതിന്റെ ബാക്കിപത്രമായി നടന്ന
പോരാട്ടങ്ങളിൽ ചോര ചിന്തുകയും കൂടി ചെയ്തതോടെ സ്വാതന്ത്ര്യസമരത്തിന്റെ സ്വഭാവം
തന്നെ മാറി. ആ സമയത്താണ് എന്തിനു വേണ്ടിയാണ് ഈ പോരാട്ടം എന്ന ചിന്തയുടെ ഗതി
മാറ്റിക്കൊണ്ട് പെയ്ന്റെ ഇടപെടൽ.
പോരാട്ടം സ്വാതന്ത്ര്യത്തിനു വേണ്ടി...
നികുതിചുമത്തലിനെതിരെയല്ല തങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് ഇനി 13
കോളനികളും പോരാടേണ്ടതെന്ന ആഹ്വാനമാണ് തന്റെ എഴുത്തുകളിലൂടെ പെയ്ൻ ഉന്നയിച്ചത്. 1776
ജനുവരി 10ന് പുറത്തിറങ്ങിയ ‘കോമൺ സെൻസ്’ എന്ന ലഘുലേഖയിലൂടെയായിരുന്നു
അദ്ദേഹത്തിന്റെ വാദങ്ങള്‍. 50 പേജുണ്ടായിരുന്ന ഈ പത്രികയുടെ അരലക്ഷത്തിലേറെ
കോപ്പികളാണ് ഏതാനും മാസങ്ങൾക്കകം വിറ്റു പോയത്. വാങ്ങിയവരെല്ലാം മറ്റനേകം
പേരിലേക്ക് അതിന്റെ ആശയങ്ങൾ എത്തിക്കുകയും ചെയ്തു. 13 കോളനികളിലും കാട്ടുതീ
പോലെയാണ് ‘കോമൺ സെൻസ്’ ആളിപ്പടർന്നത്. സ്വാതന്ത്ര്യസമരത്തിന്റെ ആവശ്യം എന്താണെന്ന്
സാധാരണക്കാരനും ധിഷണാശാലികള്‍ക്കും ഒരുപോലെ മനസിലാകുന്ന വിധത്തിലായിരുന്നു
അദ്ദേഹത്തിന്റെ എഴുത്ത്. കടുകട്ടിയായ വാദങ്ങളില്ല, അമേരിക്കയുടെ കാര്യത്തിൽ കോമൺ
സെൻസ്-സാമാന്യബോധം- മാത്രം മതി അവരുടെ സ്വാതന്ത്ര്യം എത്രമാത്രം
അത്യന്താപേക്ഷിതമാണ് എന്നു മനസിലാക്കാൻ എന്ന ആശയമായിരുന്നു ലഘുലേഖയിലൂടെ മുന്നോട്ടു
വച്ചത്. 1776 ജൂലൈ നാലിന് അംഗീകരിച്ച സ്വാതന്ത്ര്യപ്രഖ്യാപനത്തിലേക്ക് വഴിതെളിച്ച
പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തിൽ മുൻപന്തിയിൽത്തന്നെയുണ്ടായിരുന്നു ‘കോമൺ സെൻസ്’.
വാഷിങ്ടണും വീണു പോയ വാക്കുകൾ
സമരകാലത്ത് ‘കോണ്ടിനെന്റൽ ആർമി’യിലും
അദ്ദേഹം പങ്കാളിയായിരുന്നു. അതിന്റെ ഭാഗമായി ഒട്ടേറെ യാത്രകളും നടത്തി. അങ്ങനെ
ലഭിച്ച വിവരങ്ങളിൽ നിന്നുരുത്തിരിഞ്ഞ ആശയങ്ങളാണ് ‘ക്രൈസിസ് പേപ്പേഴ്സ്’ എന്ന
പേരിൽപ്രസിദ്ധീകരിച്ചത്. 1776 മുതൽ 1783 വരെ 16 എണ്ണമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
1776 ഡിസംബർ 19ന് പ്രസിദ്ധീകരിച്ച ‘ദി അമേരിക്കൻ ക്രൈസിസ്, നമ്പർ 1’ ഏറെ
പ്രശസ്തമായിരുന്നു. ജോർജ് വാഷിങ്ടണിന്റെ നേതൃത്വത്തിലുള്ള പോരാട്ടം തകർച്ചയുടെ
വക്കിലായിരുന്നു. ‘These are the times that try men’s souls’ എന്ന് ആരംഭിക്കുന്ന
പെയ്ന്റെ ആദ്യ ‘ക്രൈസിസ്’ ലഘുലേഖ തന്റെ പോരാളികളെല്ലാം നിർബന്ധമായും വായിക്കണമെന്ന്
ചട്ടം കെട്ടിയിരുന്നു വാഷിങ്ടൺ. അത്രയേറെ ഊർജം പകരുന്നതായിരുന്നു അതിലെ വാക്കുകള്‍.
1777ൽ കോൺഗ്രസ് തോമസ് പെയ്നെ വിദേശകാര്യ സമിതിയുടെ സെക്രട്ടറിയാക്കി. രണ്ടു
വർഷം ആ സ്ഥാനത്തിരുന്നു. പിന്നീട് രഹസ്യരേഖകൾ ചോർത്താൻ കൂട്ടുനിന്നു എന്ന
ആരോപണത്തിന്റെ പേരിൽ സ്ഥാനം ത്യജിക്കേണ്ടി വന്നു. അതിനിടെ ആവശ്യത്തിലേറെ
ശത്രുക്കളെയും അദ്ദേഹം സമ്പാദിച്ചിരുന്നു. 1779 നവംബറിൽ പെനിസിൽവാനിയ ജനറൽ
അസംബ്ലിയിൽ ക്ലെർക്കായി നിയമിക്കപ്പെട്ടു. അക്കാലത്താണ് സൈനികരുടെ ശമ്പളം
കുറവായതിന്റെയും അവർ അനുഭവിക്കുന്ന ദാരിദ്ര്യത്തെപ്പറ്റിയും അറിയുന്നത്. അവരെ
സഹായിക്കാനുള്ള നടപടികളിലും അദ്ദേഹം വ്യാപൃതനായി. എല്ലാ സ്റ്റേറ്റുകളും ഒരൊറ്റ
രാജ്യമെന്ന ആശയത്തിനു വേണ്ടി ഒത്തുചേരേണ്ടതിന്റെ ആവശ്യകതയും പെയ്ൻ മുന്നോട്ടു
വച്ചു. 1780ൽ അദ്ദേഹമെഴുതിയ ‘പബ്ലിക് ഗുഡി’ൽ ഊന്നിപ്പറഞ്ഞിരുന്നു കൃത്യമായ
ഭരണഘടനയ്ക്കു കീഴിൽ ഒരു കരുത്തുറ്റ കേന്ദ്രസർക്കാർ ഉണ്ടാകേണ്ടതിന്റെ ആവശ്യം.
‘ലാഭകരമല്ലാത്ത’ ജീവിതം
അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ അവസാനത്തോടെ
പക്ഷേ തോമസ് പെയ്ൻ വിസ്മരിക്കപ്പെടുകയായിരുന്നു. വിപ്ലവവീര്യം ജ്വലിക്കുന്ന
അദ്ദേഹത്തിന്റെ പ്രസിദ്ധീകരണങ്ങൾ ലക്ഷക്കണക്കിനു കോപ്പികൾ വിറ്റെങ്കിലും അതിൽ
നിന്നുള്ള ലാഭമൊന്നും അദ്ദേഹം വാങ്ങിയിരുന്നില്ല. പിന്നീട് ജോർജ് വാഷിങ്ടൺ മുഖേന
കോൺഗ്രസിനോട് തന്റെ ദയനീയ സ്ഥിതിയെപ്പറ്റി പെയ്ൻ ബോധിപ്പിച്ചു. പക്ഷേ അവിടെയും
എതിരാളികൾ തടസ്സം നിന്നു. അതേസമയം പെൻസിൽവാനിയ അദ്ദേഹത്തിന് 500 പൗണ്ടും
ന്യൂയോർക്ക് ഒരു ഫാമും സമ്മാനിച്ചു. ഇവിടെയുള്ള ജീവിതം ശാസ്ത്രപരീക്ഷണങ്ങൾക്കാണ്
അദ്ദേഹം ചെലവഴിച്ചത്. തൂണുകളില്ലാത്ത ഇരുമ്പുപാലവും പുകയില്ലാത്ത
മെഴുകുതിരിയുമെല്ലാം നിർമിക്കുന്നതിനെപ്പറ്റിയായിരുന്നു അക്കാലത്തെ അദ്ദേഹത്തിന്റെ
ചിന്ത!
പാലം നിർമാണത്തിലെ തന്റെ ആശയം പ്രചരിപ്പിക്കാനായി 1787ൽ അദ്ദേഹം
യൂറോപ്പിലേക്ക് കടന്നു. അതിനിടെ എഴുത്തും തുടർന്നു. ഫ്രഞ്ച് വിപ്ലവത്തിൽ
പങ്കാളിയായി ലൂയി പതിനാറാമന്റെ വധശിക്ഷയെ എതിര്‍ക്കുക കൂടി ചെയ്തതോടെ തടവിലുമായി.
1793 ഡിസംബർ 28 മുതൽ 1794 നവംബർ നാലു വരെ ജയിലിൽ കിടന്നു. അതിനിടെയുണ്ടായ
എഴുത്തിലെല്ലാം സംഘടിതമായ മതശക്തികളെ അദ്ദേഹം തീവ്രമായി വിമർശിച്ചു. സ്വത്ത് വീതം
വയ്ക്കുന്നതിലെ അസന്തുലിതത്വത്തിനെതിരെ കൂടി പേന ചലിപ്പിച്ചതോടെ ശത്രുക്കളുടെ
എണ്ണമേറിക്കൊണ്ടേയിരുന്നു. 1802 സെപ്റ്റംബർ ഒന്നു വരെ അദ്ദേഹം ഫ്രാൻസിൽ തുടർന്നു.
പിന്നീട് കനത്ത ദാരിദ്ര്യവും പേറി യുഎസിലേക്ക് തിരിച്ച്. അമേരിക്കൻ
സ്വാതന്ത്ര്യസമരത്തിനു മുൻപന്തിയിലുണ്ടായിരുന്ന തോമസ് ജെഫേഴ്സണിന്റെ
ക്ഷണപ്രകാരമായിരുന്നു അത്. അപ്പോഴേക്കും പെയ്ന്റെ ആരോഗ്യവും ക്ഷയിച്ചു
തുടങ്ങിയിരുന്നു. കനത്ത മദ്യപാനവും. അപ്പോഴും മതത്തിന്റെ പേരിലുള്ള
അന്ധവിശ്വാസങ്ങള്‍ക്കെതിരെ ഉൾപ്പെടെ എഴുത്തുപോരാട്ടം തുടരുന്നുണ്ടായിരുന്നു പെയ്ൻ.
യുക്തിവാദിയായിട്ടാണ് അദ്ദേഹത്തെ പലരും കണ്ടതു തന്നെ. പക്ഷേ ആത്യന്തികമായ ഒരു
‘ശക്തി’യിൽ തനിക്കു വിശ്വാസമുണ്ടെന്ന് അദ്ദേഹം കുറിച്ചിട്ടുണ്ട്.
‘ദി
ഇംഗ്ലിഷ് വോൾട്ടയർ’
1809 ജൂൺ എട്ടിന് ന്യൂയോർക്ക് സിറ്റിയിൽ വച്ചായിരുന്നു
തോമസ് പെയ്ന്റെ അന്ത്യം. അവിടെയുള്ള അദ്ദേഹത്തിന്റെ ഫാമിൽത്തന്നെയായിരുന്നു
സംസ്കാരം. വളരെക്കുറച്ചു പേർ മാത്രമേ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന് എഴുത്തിലൂടെ
തീപിടിപ്പിച്ച ആ മഹാന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയുള്ളൂ. 72 വർഷത്തെ
ജീവിതത്തിനിടെ തന്റെ തീവ്രനിലപാടുകൾ കൊണ്ട് അത്രയേറെ ശത്രുക്കളെ അദ്ദേഹം
സൃഷ്ടിച്ചിരുന്നു. കാലക്രമേണ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ യാതൊരു
പ്രാധാന്യവുമില്ലാത്ത വ്യക്തിയെന്ന വിധത്തിൽ ചരിത്രപാഠങ്ങളിലും അദ്ദേഹം
വിസ്മരിക്കപ്പെട്ടു. 10 വർഷങ്ങൾക്കു ശേഷം വില്യം കോബെറ്റ് എന്ന മാധ്യമപ്രവർത്തകൻ
പെയ്ന്റെ ഭൗതികാവശിഷ്ടങ്ങൾ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകാനൊരു ശ്രമം നടത്തി.
മാന്യമായൊരു സംസ്കാരമായിരുന്നു ലക്ഷ്യം. പക്ഷേ പിന്നീടൊരിക്കലും തിരിച്ചുകിട്ടാത്ത
വിധം പെയ്ന്റെ ശേഷിപ്പുകൾ ആ യാത്രയ്ക്കിടെ നഷ്ടപ്പെട്ടു പോകുകയായിരുന്നു.
ഗുണത്തെക്കാളേറെ ദോഷങ്ങളാണു പെയ്ൻ ചെയ്തതെന്ന ‘ന്യൂയോർക്ക് സിറ്റിസൺ’ പത്രത്തിന്റെ
ചരമക്കുറിപ്പിലെ വാക്കുകളായിരുന്നു പിന്നീട് ഒരു നൂറ്റാണ്ടു കാലത്തോളം ലോകം തോമസ്
പെയ്നെ വിലയിരുത്താനായി ഉപയോഗിച്ചിരുന്നത്. പക്ഷേ 1937 ജനുവരി 30ന് ‘ദ് ടൈംസ് ഓഫ്
ലണ്ടനി’ൽ വന്ന ലേഖനത്തിൽ ‘ദി ഇംഗ്ലിഷ് വോൾട്ടയർ’ എന്നായിരുന്നു പെയ്നെ
വിശേഷിപ്പിച്ചത്. പിന്നെയും 15 വർഷം കഴിഞ്ഞപ്പോൾ മറ്റനേകം മഹാന്മാർക്കൊപ്പം തോമസ്
പെയ്ന്റെ പ്രതിമയും ന്യൂയോർക്ക് യൂണിവേഴ്സിറ്റി ഹാൾ ഓഫ് ഫെയ്മിൽ സ്ഥാനം പിടിച്ചു.
സ്വാതന്ത്ര്യസമരത്തിലെ തോമസ് പെയ്ന്റെ പങ്കാളിത്തത്തെപ്പറ്റി ഡോക്യുമെന്ററികളും
പുസ്തകങ്ങളുമിറങ്ങി. ഒന്നുമല്ലാതെ മാഞ്ഞുപോകേണ്ടിയിരുന്ന ആ മഹാനായ മനുഷ്യന് കാലം
വീണ്ടെടുത്ത് നൽകിയ ഏറ്റവും അനുയോജ്യമായ സ്ഥാനം. .