സ്വാതന്ത്യ്രത്തിന്റെ പ്രതീകം; ഫ്രഞ്ചുകാരുടെ സമ്മാനം

അമേരിക്കൻ സ്വാതന്ത്യ്രത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായി തലയുയർത്തി നിൽക്കുന്ന സ്റ്റാച്യൂ ഓഫ് ലിബർട്ടി അമേരിക്കക്കാർക്കുള്ള ഫ്രഞ്ച് ജനതയുടെ സ്നേഹോപഹാരമാണ്. എഡ്വേർഡ് ഡേ ലബോളായ് എന്ന ഫ്രഞ്ചുകാരന്റെ മനസിലുദിച്ച ആശയമായ ലിബർട്ടി സ്റ്റാച്യുവിന് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. വിപ്ലവ കാലഘട്ടത്തിൽ ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുണ്ടായിരുന്ന സൗഹൃദമാണ് ഇത്തരമൊരു ശിൽപത്തിന് പ്രേരണയായത്.

പക്ഷേ, അടുത്ത ഒരു നൂറ്റാണ്ട് കൊണ്ട് അതു സ്വാതന്ത്യ്രത്തിന്റെയും വിമോചനത്തിന്റെയും ആഗോള പ്രതീകമായി മാറുകയായിരുന്നു. അമേരിക്കയിലെ ജനാധിപത്യ സംവിധാനം അനുകരണീയ മാതൃകയാണെന്നു കണ്ട ഫ്രഞ്ചുകാരനായ എഡ്വേർഡ് ഡേ ലബോളായ്ക്ക് 1865 കളിലാണ് ഇത്തരമൊരു ശിൽപ നിർമാണത്തിന് ആശയം ഉരുത്തിരിയുന്നത്. സ്വന്തം രാജ്യമായ ഫ്രാൻസിലും ജനാധിപത്യത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ ഈ ഉപഹാരം ഇടയാക്കുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. ഫ്രഡറിക് അഗസ്റ്റസ് ബാർത്തോൾഡി എന്ന ശിൽപിക്കായിരുന്ന നിർമാണച്ചുമതല. കുറെക്കാലം ഇതു സംബന്ധിച്ച് അനക്കമുണ്ടായില്ല. എന്നാൽ 1874 ൽ സ്മാരകം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം അന്വേഷിച്ച് ബാർത്തോൾഡി അമേരിക്കയിലെത്തി. ന്യൂയോർക്ക് തീരത്തേയ്ക്ക് കപ്പൽ അടുക്കുന്നതിനിടയിൽ കണ്ട ബെഡ് ലോസ് ഐലൻഡ് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.

സ്റ്റാച്യുവിനുള്ള ധനസമാഹരണവും വളരെ ജനകീയമായിരുന്നു. സംയുക്ത സംരംഭം എന്ന നിലയിൽ സ്റ്റാച്യുവിന്റെ തറ ഒരുക്കുന്നതിനുള്ള ചുമതലയായിരുന്നു അമേരിക്കക്കാർക്ക്. സ്റ്റാച്യുവും മറ്റു ഘടകങ്ങളും ഫ്രഞ്ചുകാർ നൽകും. ഫ്രാൻസിലാണെങ്കിൽ വിഭവ സമാഹരണം വളരെ ജനകീയമായിത്തന്നെ നടത്തുകയും ചെയ്തു. വിഖ്യാത അമേരിക്കൻ പത്രാധിപർ ജോസഫ് പുലിത്സറും സംരംഭത്തിന്റെ വിജയത്തിനായി ഇറങ്ങി. ഫ്രാൻസിൽ 1884 ജൂലൈയിൽ സ്റ്റാച്യുവിന്റെ പണി പൂർത്തിയായി. തുടർന്ന് കപ്പൽ കയറ്റിയ സ്റ്റാച്യു 1885 ജൂണിൽ ന്യൂയോർക്കിൽ എത്തിച്ചു. ആയിരങ്ങളെ സാക്ഷിയാക്കി 1886 ഒക്ടോബർ 28 നാണ് സ്റ്റാച്യു സമർപ്പിക്കപ്പെട്ടത്.

സ്റ്റാച്യുവിന് ലഭിച്ച പ്രാധാന്യം കണക്കിലെടുത്ത് ലിബർട്ടി ഐലൻഡ് എന്ന പേരിൽ 1956 ൽ ബെഡ് ലോസ് ഐലൻഡ് പുനർനാമകരണം ചെയ്യപ്പെട്ടു. 1982 ൽ ആഗോള പൈതൃക സ്മാരകമായി സ്റ്റാച്യു ഓഫ് ലിബർട്ടിയെ യുഎൻ പ്രഖ്യാപിച്ചു. ഇതോടൊപ്പം ശതാബ്ദിയോടനുബന്ധിച്ചുള്ള നവീകരണ പദ്ധതികൾക്കും തുടക്കമിട്ടിരുന്നു. പുതുമോഡിയോടെ നവീകരിക്കപ്പെട്ട സ്റ്റാച്യു ഓഫ് ലിബർട്ടി ശതാബ്ദി വർഷമായ 1986 ജൂലൈ അഞ്ചിന് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. ന്യൂയോർക്കിൽ സഞ്ചാരികളുടെ മുഖ്യ ആകർഷണമായ സ്റ്റാച്യു ഓഫ് ലിബർട്ടി അമേരിക്കക്കാരുടെ അഭിമാന സ്തംഭമായാണ് നിലകൊള്ളുന്നത്..

Related Articles
ജൂലൈ 4 ; അമേരിക്കൻ വിമോചന പ്രഖ്യാപനത്തിന്റെ 241 വർഷങ്ങൾ
അമേരിക്കൻ ഡ്രീം എന്ന സങ്കൽപം
അമേരിക്കയ്ക്കു വേണ്ടി പോരാടിയ ഒരു ഇംഗ്ലീഷുകാരന്റെ കഥ
പ്രവാസി ഇന്ത്യക്കാരന് രണ്ടു സ്വാതന്ത്യ്ര ദിനാഘോഷം
ലിബർട്ടി ബെൽ
സ്വാതന്ത്ര്യപ്പോരാട്ടത്തിന്റ ചരിത്രം പതിഞ്ഞ ഇൻഡിപെൻഡൻസ് ഹാൾ
സ്വാതന്ത്യ്രത്തിന്റെ പ്രതീകം; ഫ്രഞ്ചുകാരുടെ സമ്മാനം
കാപ്പിറ്റോളിനു മുകളിൽ മലയാളിക്കായി പതാക;ചരിത്രമായി മലയാളി വനിത വിമല പത്മനാഭൻ
പ്രസിഡന്റ് ട്രംപിന്റെ ആദ്യ ജൂലൈ 4
അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷം ഡാലസിൽ ജൂലൈ 4 ന്
© Copyright 2017 Manoramaonline. All rights reserved.