അമേരിക്കൻ ഡ്രീം എന്ന സങ്കൽപം

അമേരിക്ക എന്ന രാജ്യത്തോടൊപ്പം ഇഴ ചേർന്നു കിടക്കുന്നതാണ് അമേരിക്കൻ ഡ്രീം എന്ന സങ്കൽപം. സ്രഷ്ടാവിനും കീഴിൽ എല്ലാ മനുഷ്യരും
സമന്മാരാണെന്നും ജീവിതത്തിനും സന്തോഷത്തിനും ഉളള അവകാശം എല്ലാവർക്കും ഉണ്ടെന്നും അമേരിക്കയുടെ സ്ഥാപക പിതാക്കന്മാർ ദർശനം കണ്ടിരുന്നു. അവസര സമത്വത്തിന്റെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അടിത്തറയിൽ പുതിയൊരു ദേശ രാഷ്ട്രത്തിന്റെ പരീക്ഷണത്തിന് അവർ അടിത്തറയിട്ടു. ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആധുനിക രൂപത്തിനും തുടക്കമിടുകയായിരുന്നു. ലോകം അന്നു വരെ കാണാത്ത പുതിയൊരു രാഷ്ട്രീയ പരീക്ഷണം അവിടെ ആരംഭിച്ചു. സ്വാതന്ത്ര്യം ഉണർത്തിയ മനുഷ്യചേതനയിൽ അമേരിക്കൻ നിർമിതി ഉദ്ഘാടനം ചെയ്യപ്പെട്ടു.

കോളനി വാഴ്ചയും രാജഭരണവും മാത്രം പരിചിതമായിരുന്ന ഒരു കാലഘട്ടത്തിലാണ് മൂന്നു നൂറ്റാണ്ടുകൾക്കു മുമ്പ് (1776) അമേരിക്കൻ വിപ്ലവം നടക്കുന്നതും ഒരു സ്വതന്ത്ര ജനാധിപത്യ രാഷ്ട്രം ഉടലെടുക്കുന്നതും. രക്ത രൂക്ഷിതമായ ഒരു യുദ്ധത്തിലൂടെയാണ് ബ്രിട്ടീഷ് രാജഭരണത്തിൽ നിന്ന് അമേരിക്ക സ്വതന്ത്രമാകുന്നത്. ജനറൽ ജോർജ് വാഷിങ്ടണിന്റെ നേതൃത്വത്തിലുളള അമേരിക്കൻ സേന ബ്രിട്ടീഷ് സൈന്യത്തെ തുരത്തുകയായിരുന്നു. പിന്നീട് 13 കോളനികൾ ചേർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയ്ക്ക് രൂപം നല്കി.br>
അമേരിക്കൻ വിപ്ലവത്തിനു (1776) നു ശേഷം 13 വർഷങ്ങൾ കഴിയുമ്പോഴാണ് ഫ്രഞ്ച് വിപ്ലവം(1789). ജനാധിപത്യവും സോഷ്യലിസവും പ്രഖ്യാപിക്കുന്ന ഫ്രഞ്ച് വിപ്ലവം പിന്നീടുളള പല തലമുറകളെ ലോകമെങ്ങും ഇളക്കി മറിച്ചെങ്കിലും അതിന്റെ സ്വന്തം വേദിയായിരുന്ന ഫ്രാൻസിൽ നിലംപതിക്കാൻ അധികകാലം
വേണ്ടിയിരുന്നില്ലെന്നുളളതാണ് ചരിത്രം. സോഷ്യലിസവും ജനാധിപത്യവും സ്വാതന്ത്ര്യവും ഒക്കെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളായിരുന്നെങ്കിലും പലതും പ്രവർത്തിയിൽ വന്നപ്പോൾ അമ്പേ പരാജയപ്പെട്ടു. പക്ഷേ, അമേരിക്കൻ വിപ്ലവം അതിന്റെ അനന്തര ഫലമായ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്ന രാഷ്ട്രവും ഇന്നും 241 വർഷങ്ങൾക്കു ശേഷവും. ലോകത്ത് തലയുയർത്തി നിൽക്കുന്നു.

എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാൻ അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുന്ന അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം വലിയ മോഹന സുന്ദര വാഗ്ദാനങ്ങളൊന്നും വൃഥാ നൽകുന്നില്ല. അതുകൊണ്ടാവാം ഫ്രഞ്ച് വിപ്ലവത്തിനു ലഭിച്ച സ്വീകാര്യതയും സൗന്ദര്യാത്മകതയും അമേരിക്കൻ വിപ്ലവത്തിന് ആഗോള തലത്തിൽ ലഭിക്കാതെ പോയതും. ലളിതവും ഹ്രസ്വവുമാണ് അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനവും ഭരണ ഘടനയും. വലിയ വാചകമടിയൊന്നും ഇവ രണ്ടും നടത്തുന്നില്ല. ഈ അവകാശങ്ങൾ ഭരണഘടനയോ അമേരിക്കൻ വിപ്ലവമോ സ്ഥാപക പിതാക്കളോ എന്തിനു രാഷ്ട്രം തന്നയെ തന്നതാണെന്നും അവകാശപ്പെടുന്നില്ല. ദൈവത്തിൽ നിന്ന് മനുഷ്യർക്ക് ലഭിക്കുന്ന മൗലിക അവകാശങ്ങളായാണ് അവയെ അമേരിക്കൻ ഭരണഘടന പ്രഖ്യാപിക്കുന്നത്. ദൈവം തന്നിട്ടുളള അവകാശങ്ങൾ എടുത്തുമാറ്റാൻ ആർക്കും അധികാരവുമില്ല. സർവ ശക്തനായ ദൈവത്തിൽ സമർപ്പിതമായ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം സെക്യൂലർ ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് വേറിട്ടു നിൽക്കുന്നു.

സ്വാതന്ത്ര്യവും സുരക്ഷിതത്വവും നല്കിയാൽ മനുഷ്യനും സമൂഹവും സ്വയം വളർന്നുകൊളളും എന്നുളളതാണ് അമേരിക്കൻ സങ്കല്പം. അതാണ് അമേരിക്കൻ ഡ്രീം. കഠിനാധ്വാനത്തെ അതു പ്രോത്സാഹിപ്പിക്കുന്നു. അവസര സമത്വത്തിന് അത് ആഹ്വാനം ചെയ്യുന്നു. കഠിനാധ്വാനത്തിലൂടെ വിജയിക്കാം എന്നതാണ് അമേരിക്ക നൽകുന്ന പാഠം. കഠിനാധ്വാനവും കഷ്ടപ്പാടും കൈമുതലായ നിരവധി തലമുറകൾ അമേരിക്കയിൽ എത്തി.‌‌ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുളളവരാണ് അമേരിക്ക എന്ന പുതിയ ഭൂമിയിലേക്ക് കഴിഞ്ഞ നൂറ്റാണ്ടുകളിലായി കുടിയേറിയത്. അമേരിക്കൻ ഡ്രീം ആയിരുന്നു അവരുടെ മനസിൽ. അതു സാക്ഷാത്കരിക്കുക അവരുടെ ലക്ഷ്യവും. പതിറ്റാണ്ടുകളിലായി അമേരിക്കയിലേക്ക് കുടിയേറിയിട്ടുളള നമ്മുടെ സ്വന്തം മലയാളി സഹോദരങ്ങളും ഈ അമേരിക്കൻ ഡ്രീമിൽ പങ്കാളിത്തം ലഭിച്ചവരും ഗുണഭോക്താക്കളുമാണ്. പ്രതിസന്ധികളുണ്ടെങ്കിലും ഇന്നും ലോകത്തെ മോഹിപ്പിക്കുന്നതാണ് അമേരിക്കൻ ഡ്രീം, പ്രതീക്ഷയും..

Related Articles
ജൂലൈ 4 ; അമേരിക്കൻ വിമോചന പ്രഖ്യാപനത്തിന്റെ 241 വർഷങ്ങൾ
അമേരിക്കൻ ഡ്രീം എന്ന സങ്കൽപം
അമേരിക്കയ്ക്കു വേണ്ടി പോരാടിയ ഒരു ഇംഗ്ലീഷുകാരന്റെ കഥ
പ്രവാസി ഇന്ത്യക്കാരന് രണ്ടു സ്വാതന്ത്യ്ര ദിനാഘോഷം
ലിബർട്ടി ബെൽ
സ്വാതന്ത്ര്യപ്പോരാട്ടത്തിന്റ ചരിത്രം പതിഞ്ഞ ഇൻഡിപെൻഡൻസ് ഹാൾ
സ്വാതന്ത്യ്രത്തിന്റെ പ്രതീകം; ഫ്രഞ്ചുകാരുടെ സമ്മാനം
കാപ്പിറ്റോളിനു മുകളിൽ മലയാളിക്കായി പതാക;ചരിത്രമായി മലയാളി വനിത വിമല പത്മനാഭൻ
പ്രസിഡന്റ് ട്രംപിന്റെ ആദ്യ ജൂലൈ 4
അമേരിക്കൻ സ്വാതന്ത്ര്യദിനാഘോഷം ഡാലസിൽ ജൂലൈ 4 ന്
© Copyright 2017 Manoramaonline. All rights reserved.