ജയിംസ് വർഗീസ്
അമേരിക്കയിലെ ഇന്ത്യക്കാർക്ക് രണ്ട് സ്വാതന്ത്യ്ര ദിനാഘോഷാവസരങ്ങളാണ് ഓരോ വർഷവും
വന്നു ചേരുന്നത്. ജന്മനാടായ ഇന്ത്യയുടെ സ്വാതന്ത്യ്രദിനാഘോഷം ഓഗസ്റ്റ് 15നോടു
ചേർന്നുവരുന്ന ആഴ്ചാവസാനം മിക്ക യുഎസ് നഗരങ്ങളിലും ഇന്ത്യക്കാർ വിപുലമായി
ആഘോഷിക്കുന്നു. അമേരിക്കൻ സ്വാതന്ത്യ്രദിനമായ ജൂലൈ നാലും അമേരിക്കൻ ഇന്ത്യക്കാർക്ക്
ആഘോഷത്തിന്റെ ദിനമാണ്.
പൗരസ്വാതന്ത്യ്രത്തിന്റെ ഈ ആഘോഷദിനം
അമേരിക്കക്കാർക്കൊപ്പം ഇന്ത്യക്കാരും പങ്കിടുന്ന പതിവിന് പ്രചാരം കൂടിവരുന്നു.
ജന്മരാജ്യത്തെ സ്നേഹിക്കുന്നതിനൊപ്പം കുടിയേറി പാർത്ത രാജ്യത്തെയും ജനങ്ങളെയും
ബഹുമാനിക്കാനും സ്നേഹിക്കാനുമുള്ള ഇന്ത്യക്കാരുടെ വിശാലമനസ്കതയാണ് ഇതു
സൂചിപ്പിക്കുന്നത്. അമേരിക്കൻ പതാക വീടിനു മുന്നിൽ സ്ഥാപിച്ചും, പതാകയുടെ പോലെ
മുദ്രണമുളള വസ്ത്രങ്ങൾ ധരിച്ചും സ്വാതന്ത്യ്രദിന പരേഡുകളിൽ പങ്കെടുത്തും
പൂത്തിരികളും പടക്കങ്ങളും കത്തിച്ചും സ്വാതന്ത്യ്രദിന സന്തോഷങ്ങളിൽ അമേരിക്കൻ
മലയാളികളും പങ്കുചേരുന്നു. അമേരിക്കയിൽ ഇന്ത്യക്കാരുടെ രണ്ടാം തലമുറ വളരുന്നതോടെ
ഇത്തരം ആഘോഷങ്ങൾക്ക് ഇന്ത്യക്കാരിൽ പ്രാധാന്യമേറും.
ജൂലൈ 4 പൊതു
അവധിയായതിനാലും, ഇതിനോടു ചേർന്നുവരുന്ന ദിവസങ്ങളിൽ മിക്ക സ്ഥാപനങ്ങളും അവധി
നൽകുന്നതിനാലും ഫാമിലി പിക്നിക്ക്, ബാർബിക്യു, വനമേഖലകളിൽ ടെന്റു കെട്ടി ക്യാംപിങ്
തുടങ്ങിയവയും ആഘോഷങ്ങളുടെ ഭാഗമാണ്.