ജയിംസ് വർഗീസ്
241 വർഷം മുൻപു ബ്രിട്ടീഷുകാരിൽ നിന്നും അമേരിക്കയുടെ സ്വാതന്ത്ര്യത്തിനു
വേണ്ടിയുള്ള പ്രയത്നം വിജയിച്ചപ്പോൾ ലഭ്യമായ സ്വാതന്ത്ര്യം അന്നത്തെ അമേരിക്കൻ
കോളനികൾക്ക് മാത്രമായിരുന്നില്ല. പക്ഷെ വരാനിരിക്കുന്ന തലമുറയുടെയും
കുടിയേറ്റക്കാരുടെയും സ്വാതന്ത്ര്യം കൂടിയായിരുന്നു. കുടിയേറ്റക്കാർക്ക്
ലോകത്തെവിടെയും ലഭ്യമല്ലാത്ത നിലയിൽ സമത്വവും സ്വാതന്ത്ര്യവും ലഭ്യമാവുന്ന ഏക
രാജ്യവും അമേരിക്ക തന്നെ.
അതുകൊണ്ട് തന്നെ എല്ലാ വർഷവും സ്വാതന്ത്ര്യദിനം
ആഘോഷിക്കുന്ന ജൂലൈ 4 ന് അമേരിക്കൻ ജനതയോടൊപ്പം മറ്റു രാജ്യങ്ങളിൽ നിന്നും കുടിയേറി
അമേരിക്കയിൽ സ്ഥിര താമസമാക്കിയവരും ഈ ദിനം തങ്ങൾക്ക് ലഭ്യമായിരിക്കുന്ന
സ്വാതന്ത്ര്യവും സമത്വവും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യദിന വേളയിൽ പ്രൗഢഗംഭീരമായി
ആഘോഷിക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, സമാധാനപരമായി
എവിടെയും ഒത്തുചേരാനുള്ള സ്വാതന്ത്ര്യം സംഘടിക്കാനുള്ള സ്വാതന്ത്ര്യം എന്നുവേണ്ട
ലോകത്തിലെ മറ്റേതു രാജ്യങ്ങളിലേക്കാൾ ഏറെ സ്വാതന്ത്ര്യത്തണലിൽ കഴിയുന്നവരാണ്
അമേരിക്കയിലെ ഇന്ത്യക്കാരുൾപ്പെടുന്ന കുടിയേറ്റക്കാർ. മിക്ക രാജ്യങ്ങളിലും
കുടിയേറ്റം രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കു ദോഷമാവുമ്പോൾ അമേരിക്കയിൽ
മറിച്ചാണ് സംഭവിക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നും കുടിയേറിയവരുടെ സംഭാവനകൾ
രാജ്യത്തിന്റെ വികസനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും നിദാനമാകുന്നു.
കുടിയേറ്റക്കാരുടെ സംഭാവനകൾ കൊണ്ട് ശക്തി പ്രാപിച്ച ഒരു രാജ്യമാണ് അമേരിക്ക എന്നു
പറയുന്നതിൽ അതിശയോക്തിയില്ല. ഉദാഹരണത്തിന് ജർമ്മനിയിൽ ജനിച്ച് നോബൽ സമ്മാനം നേടിയ
ലോകത്തിന്റെ വെളിച്ചമായ ആൽബട്ട് ഐൻസ്റ്റീൻ, ചൈനയിൽ ജനിച്ച് ലോകത്തിലെ പ്രമുഖ
വാസ്തുശില്പിയായി മാറിയ ലിയോ മിംഗ് പൈ, അമേരിക്കയുടെ മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റ്
മേഡ് ലൈൻ ഓൾ ബ്രൈറ്റ് (ചെക്കോശ്ലോവാക്യ), പ്രമുഖ പ്രകൃതിശാസ്ത്ര പണ്ഡിതനായിരുന്ന
ജോൺ മ്യൂവർ (സ്കോട്ട്ലന്റ്), പ്രമുഖ പ്രസാധകനായിരുന്ന ജോസഫ് പുലിറ്റ് സർ (ഹങ്കറി)
സുപ്രീം കോർട്ട് മെമ്പറായിരുന്ന ഫെലിക്സ് ഫ്രാങ്ക് ലിൻ (ഓസ്ട്രിയ), പ്രമുഖ
ബാസ്കറ്റ് ബോൾ കളിക്കാരനായ ഹക്കിം ഒളാജുവോൻ (നൈജീരിയ), പ്രമുഖ കായിക താരമായിരുന്ന
മാർട്ടീന നവരത്തിലോവ (ചെക്കോശ്ലോവാക്യ), ഫിസിക്സിൽ നോബൽ സമ്മാനാർഹനായ ഇന്ത്യാക്കാരൻ
സുബ്രഹ്മണ്യൻ ചന്ദ്രശേഖരൻ, പ്രമുഖ ചിത്രകാരൻ എഡ്വാർഡ് ബാനിസ്റ്റർ (കാനഡ),
വിശുദ്ധയായി പ്രഖ്യാപിച്ച സെന്റ് ഫ്രാൻസിസ് കബറീനി(ഇറ്റലി) എന്നു തുടങ്ങി
അമേരിക്കയ്ക്കും ലോകത്തിനും വൻ സംഭാവനകൾ നൽകിയ അമേരിയ്ക്കയിൽ കുടിയേറിയവരുടെ
ലിസ്റ്റിന് അവസാനമില്ല.
അമേരിക്കയിൽ സ്റ്റാർട്ടപ്പ് കമ്പനികളിൽ 40
ശതമാനത്തിലേറെയും കുടിയേറ്റക്കാരുടെ തന്നെ.
ജൂലൈ 4 ന്റെ പ്രത്യേകത:
അമേരിക്കൻ സ്വാതന്ത്ര്യദിനമായ ജൂലൈ 4 ഏറ്റവും സുപ്രധാനമായ അവധി ദിനങ്ങളിലൊന്നാണ്.
1776 ൽ ജൂലൈ 4 ന് ബ്രിട്ടീഷ് ഭരണാധികാരികളിൽ നിന്നും സ്വാതന്ത്ര്യ പ്രഖ്യാപനം
നടത്തിയതിന്റെ ഓർമ്മ ആഘോഷിക്കുന്ന ദിനം. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ചൂഷണത്തിനെതിരെ
1587 മുതൽ സംഘടിച്ച് 13 അമേരിയ്ക്കൻ കോളനികൾ ഫലം കണ്ട ദിനം.
ഡെലവെയർ,
പെൻസിൽവാനിയ, ന്യൂജഴ്സി, ജോർജിയ, കണക്ടിക്കട്ട്, മാസാച്യുസെറ്റ്സ്, മേരിലാന്റ്,
സൗത്ത് കരോലിന, ന്യുഹാംഷെയർ, വെർജീനിയ, ന്യുയോർക്ക്, നോർത്ത് കരോലിന, റോഡ് ഐലന്റ്,
പ്രൊവിഡൻസ് എന്നീ 13 കോളനികളാണ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ ഉൾപ്പെട്ടിരുന്നത്.
സ്വാതന്ത്ര്യദിനാഘോഷം എങ്ങനെ?
അമേരിക്കയിൽ എങ്ങനെയും സ്വാതന്ത്ര്യദിനം
ആഘോഷിക്കാം. ഓരോ വിഭാഗക്കാരും തങ്ങൾക്കു ലഭ്യമായ സ്വാതന്ത്ര്യത്തിൽ സന്തോഷിക്കാൻ
അവരവർക്ക് പറ്റിയ രീതി തിരഞ്ഞെടുക്കുന്നു.
നിറപ്പകിട്ടാർന്ന വെടിക്കെട്ടുകൾ,
പ്രമുഖ നഗരങ്ങളിലെല്ലാം തന്നെ ആഘോഷത്തിന്റെ ഭാഗമായി നടത്തും. സുരക്ഷിതമല്ലാത്ത
രീതിയിൽ നടത്തുന്ന സ്വകാര്യ വെടിക്കെട്ടുകൾക്ക് പലയിടത്തും നിയന്ത്രണങ്ങൾ ഉണ്ട്.
രാജ്യത്തെ നല്ലൊരുഭാഗം ജനങ്ങളും വർഷത്തിലൊരിക്കലെങ്കിലും വീട് വിട്ട് പാർക്കുകളും
വനത്തിലും ടെന്റ്കെട്ടി ക്യാംപിങ് നടത്തുന്നതും ആഘോഷത്തിന്റെ ഭാഗമാണ്. ചെറുതും
വലുതുമായ ടൗണുകളിൽ നിറപ്പകിട്ടാർന്ന സ്വാതന്ത്ര്യദിന പാരേഡുകളും കുടുംബാംഗങ്ങളും
സുഹൃത്തുക്കളുമൊക്കെ ചേർന്നുള്ള പിക്നിക്കുകൾ, ബൈക്ക് പരേഡ്, കോസ്റ്റ്യൂ മത്സരങ്ങൾ,
പ്രായമായവർക്കും ചെറുപ്പക്കാർക്കുമൊക്കെ ബിംഗോ മത്സരങ്ങൾ, ബാർബിക്യു, ഹോട്ട് ഡോഗ്
തുടങ്ങിയ ഭക്ഷണങ്ങളും അതിലേറെ മദ്യപാനവും ജൂലൈ 4 ന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ
പ്രത്യേകതയാണ്.